നാളറിവ്
കണ്ണ​െൻറ സിനിമക്കാഴ്ചകൾ
  • വി.ആർ. വിഷ്​ണുപ്രസാദ്​
  • 10:00 AM
  • 13/04/2018

ഏപ്രിൽ 15 വിഷു

‘ഉദാഹരണം സുജാത’യില്‍ കണക്കുമാഷി​െൻറ കൈയില്‍നിന്നു കിഴുക്കുവാങ്ങുന്ന രാജേഷിനെ ആരും മറക്കാനിടയില്ല. രാജേഷിന് അന്ന് കണക്കുകള്‍ പിഴച്ചെങ്കിലും ആ കഥാപാത്രത്തെ അവതരിപ്പിച്ച അഭിനന്ദിന് ഇന്ന് കണക്കുകള്‍ പിഴച്ചിട്ടില്ല. അതിനുള്ള ഉദാഹരണമാണ് അഭിനന്ദ് സ്വന്തമാക്കിയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. ടി. ദീപേഷ് സംവിധാനം ചെയ്ത ‘സ്വനം’ എന്ന ചിത്രത്തിലൂടെയാണ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഭിനന്ദ് സ്വന്തമാക്കിയത്. കണ്ണൂര്‍ മയ്യില്‍ സ്വദേശിയും പട്ടാന്നൂര്‍ കെ.പി.സി ഹയർ സെക്കന്‍ഡറി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയുമായ അഭിനന്ദ് പുരസ്‌കാര വാര്‍ത്തയറിയുന്നത് ത​െൻറ എസ്.എസ്.എല്‍.സി പരീക്ഷക്കിടയിലാണ്. സ്‌കൂള്‍ കലോത്സവ വേദികളില്‍ മോണോആക്ടില്‍ നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ അഭിനന്ദ് പുരസ്‌കാര തിളക്കത്തോടെ സിനിമയില്‍ ത​െൻറ സാന്നിധ്യം ഉറപ്പിക്കുകയാണ്. ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ‘, ‘ഉദാഹരണം സുജാത’, ‘ആന അലറലോട് അലറല്‍’ തുടങ്ങി എട്ടോളം സിനിമകളില്‍ ഇതിനകം ഈ മിടുക്കന്‍ അഭിനയിച്ചിട്ടുണ്ട്. ത​െൻറ പുരസ്‌കാര നേട്ടത്തെക്കുറിച്ചും വിഷു ഓര്‍മകളെക്കുറിച്ചും സിനിമകളെക്കുറിച്ചും അഭിനന്ദ് സംസാരിക്കുന്നു.

പരീക്ഷാഹാളിലേക്കൊരു പുരസ്‌കാര വാര്‍ത്ത
എസ്.എസ്.എല്‍.സി മലയാളം സെക്കന്‍ഡ് പരീക്ഷ എഴുതുന്നതിനിടയിലാണ് പുരസ്‌കാര വിവരം അറിയുന്നത്. ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല. പരീക്ഷ മലയാളമായതുകൊണ്ട് തരക്കേടില്ലാതെ എഴുതാന്‍ പറ്റി. ആ രണ്ട് മണിക്കൂര്‍ ശരിക്കും ഒരു മായികലോകത്തായിരുന്നു. അവാര്‍ഡ് വാങ്ങുന്നതായിരുന്നു മനസ്സില്‍. വലിയ സ്​റ്റേജും പരിപാടികളും പ്രിയതാരം മോഹന്‍ലാലി​െൻറ സാന്നിധ്യവുമെല്ലാം ആ മണിക്കൂറുകളില്‍ ഞാന്‍ കണ്ടു. മോഹന്‍ലാലിനെ കാണണമെന്ന അതിയായ ആഗ്രഹമുണ്ട്. നാമനിര്‍ദേശം ഉണ്ടെന്ന് സംവിധായകന്‍ ദീപേഷ് മാഷ് പറഞ്ഞിരുന്നെങ്കിലും പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. കൂട്ടുകാരൊക്കെ എനിക്ക് മിഠായി വാങ്ങിത്തന്നു. പരീക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ സംവിധായകന്‍ ദീപേഷ് മാഷും മാധ്യമങ്ങളും സ്‌കൂളിലെത്തിയത് സന്തോഷം ഇരട്ടിയാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, മഞ്ജുചേച്ചി (മഞ്ജു വാര്യര്‍), മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങിയവരൊക്കെ അഭിനന്ദനം അറിയിച്ച് വിളിച്ചിരുന്നു. കഴിഞ്ഞ തവണ ചലച്ചിത്ര അവാര്‍ഡ് വിതരണം കണ്ണൂരായിരുന്നുന്നെങ്കിലും കാണാന്‍ കഴിഞ്ഞില്ല. അതില്‍ വലിയ സങ്കടമുണ്ടായിരുന്നു. ഇത്തവണ വേദിയില്‍ മുന്നിലിരുന്നുതന്നെ കാണാം. ആ വേദിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങാമെന്നതില്‍ അഭിമാനിക്കുന്നു.

വിഷു അമ്മയെപ്പോലെ ഹൃദ്യം
മറക്കാനാകാത്ത ഒരു വിഷു ഓര്‍മയാണ് ‘സ്വനം’ ലൊക്കേഷനിലേത്. ഷൂട്ടിങ് നടക്കുന്നതിനാല്‍ വിഷുനാളില്‍ വീട്ടിലേക്ക് വരാന്‍ കഴിഞ്ഞില്ല. ആ സങ്കടം മനസ്സിലുണ്ടായിരുന്നു. എന്നാല്‍, രാവിലെ ഞാന്‍ ഉണര്‍ന്നത് വീട്ടില്‍ ഒരുക്കിയ കണികണ്ടുകൊണ്ടായിരുന്നു. എങ്ങനെയെന്നാല്‍, കൂടെയുള്ള മാഷി​െൻറ മൊബൈല്‍ ഫോണിലേക്ക് അമ്മ വീട്ടില്‍ കണിവെച്ച ഫോട്ടോ അയച്ചു കൊടുത്തിരുന്നു, ഞാന്‍ ഉണരുമ്പോള്‍ കാണിക്കാന്‍. എവിടെയായിരുന്നാലും വിഷുവെന്നും അമ്മയുടെ സാന്നിധ്യംപോലെ ഹൃദ്യമാണ്. പിന്നീട് സിനിമയിലെ എല്ലാവര്‍ക്കും കൈനീട്ടം നല്‍കിയും പടക്കം പൊട്ടിച്ചും ഞങ്ങള്‍ ലൊക്കേഷനില്‍ ആഘോഷം കേമമാക്കി. ആദ്യമായായിരുന്നു ലൊക്കേഷനില്‍ ഒരു വിശേഷദിനം ആഘോഷിക്കുന്നത്. ‘സ്വന’ത്തില്‍നിന്നുതന്നെ ഒരു അവാര്‍ഡ് കിട്ടിയത് ഈ വിഷുവിന് ഇരട്ടിമധുരംതന്നെയാണ്. അതൊരു ഭാഗ്യമായി കാണുന്നു. വീട്ടിലെ വിഷു ആഘോഷംതന്നെയാണ് ഏറ്റവും പ്രിയം. ഉറ്റവരോടൊത്ത് പടക്കം പൊട്ടിച്ചും കൈനീട്ടം വാങ്ങിയും നാട്ടിലെ ക്ലബുകളുടെ പരിപാടികളില്‍ പങ്കെടുത്തുമുള്ള ആനന്ദം. മുത്തശ്ശനും മുത്തശ്ശിയും വിഷുവിനായാലും ഓണത്തിനായാലും  സമ്മാനം തനിക്കായി കരുതിവെച്ചിരിക്കും. അതിനായി ഞാന്‍ ഓരോ വിഷുവിനെയും ഓണത്തെയും കാത്തിരിക്കും. 

‘സ്വനം’ സൗഹൃദങ്ങളുടെ ഉള്‍ക്കാഴ്ച
ടി. ദീപേഷ് സംവിധാനം ചെയ്ത ‘സ്വനം’ കാഴ്ചയുടെയും സൗഹൃദത്തി​െൻറയും ആഴങ്ങളെ തിരയുകയാണ്. കാഴ്ചയില്ലാത്ത ‘കണ്ണന്‍’ എന്ന കുട്ടിയെയാണ് ഞാന്‍ അവതരിപ്പിച്ചത്. കണ്ണനും കാഴ്ചയുള്ള ബാലു എന്ന കുട്ടിയും തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് ‘സ്വനം’ പുരോഗമിക്കുന്നത്. അന്ധതയുടെ പേരില്‍ മാറ്റിനിര്‍ത്തുമ്പോള്‍ അവര്‍ക്ക് എന്തുചെയ്യാന്‍ പറ്റുമെന്നതാണ് കണ്ണന്‍ നമുക്ക് പകര്‍ന്നുനല്‍കുന്നത്. ഗ്രാമത്തിലെ കുട്ടിയുടെ മനസ്സും നഗരത്തിലെ കുട്ടിയുടെ മനസ്സും തമ്മിലുള്ള വ്യത്യാസവും ചിത്രം പങ്കുവെക്കുന്നു.

കണ്ണനായി മാറുകയായിരുന്നു
കാഴ്ചയില്ലാത്ത കുട്ടിയെയാണ് അവതരിപ്പിക്കേണ്ടതെന്നും തമാശയായി കാണരുതെന്നും ദീപേഷ് മാഷ് പറഞ്ഞിരുന്നു. അതിനാല്‍ ധര്‍മശാലയിലെ അന്ധവിദ്യാലയത്തില്‍ പോയി കുട്ടികളോടൊപ്പംനിന്ന് അവരുടെ രീതികളും മറ്റും പഠിച്ചു. ഒപ്പം, എ​െൻറ സ്‌കൂളിലെതന്നെ കാഴ്ച പരിമിതിയുള്ള വിജയ് ചേട്ട​െൻറ വീട്ടില്‍പോയിനിന്നും ഇരുളടഞ്ഞ, കാഴ്ചയില്ലായ്മയുടെ വെളിച്ചത്തെ അറിയാന്‍ ശ്രമിച്ചു. കൂടാതെ, സിനിമയിലെ മറ്റ് രണ്ട് കുട്ടികളോടൊപ്പം ചേര്‍ന്ന് ഓരോ സീനും നാട്ടില്‍വെച്ചുതന്നെ ചെയ്തുനോക്കിയ ശേഷമായിരുന്നു ഷൂട്ടിങ്ങിനെത്തിയത്. ഇതിലൂടെയെല്ലാം ഞാന്‍ പതിയെപ്പതിയെ കണ്ണനായി മാറുകയായിരുന്നു. 
 
വഴിയരികിലെ പോസ്​റ്റര്‍ തുറന്ന വഴി
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുത്തശ്ശിയെ കൂട്ടാന്‍ കണ്ണൂരേക്ക് പോകുമ്പോഴാണ് റോഡരികില്‍ ‘സിനിമ^നാടക ക്യാമ്പ്’ എന്ന പോസ്​റ്റര്‍ കണ്ടത്. കത്തിക്കരിഞ്ഞ് കീറിയ ചെറിയൊരംശമേ ഉണ്ടായിരുന്നുള്ളൂ. അതിലെ ഫോണ്‍ നമ്പറിലേക്ക് വിളിച്ച് പങ്കെടുക്കാന്‍ താല്‍പര്യമറിയിച്ചു. എന്നാല്‍, കുട്ടികള്‍ക്കുള്ള ക്യാമ്പല്ലെന്നായിരുന്നു മറുപടി. ഒടുവില്‍ ത​െൻറ അഭ്യര്‍ഥനയും ആഗ്രഹവും മനസ്സിലാക്കിയ അവര്‍ പങ്കെടുക്കാന്‍ അനുവദിച്ചു. ഞാന്‍ മാത്രമേ ക്യാമ്പില്‍ കുട്ടിയായി ഉണ്ടായിരുന്നുള്ളൂ. അവിടെവെച്ചാണ് സിനിമ^നാടക പ്രവര്‍ത്തകന്‍ രാജേന്ദ്രന്‍ തായാട്ട് മാഷിനെ പരിചയപ്പെടുന്നത്. ക്യാമ്പ് ഡയറക്ടറായിരുന്നു അദ്ദേഹം. മാഷാണ് ശരിക്കും എനിക്ക് സിനിമയിലേക്കുള്ള വഴിതുറന്നത്. മാഷ് ഒരുപാടുപേരുടെ ഫോണ്‍ നമ്പര്‍ തന്നു. അതിലേക്ക് വിളിച്ചെങ്കിലും പലരും അവഗണിച്ചു. ഒടുവില്‍ ഒരാള്‍ പിറ്റേന്ന് തൃശൂരില്‍ ഒാഡിഷന്​ എത്തിച്ചേരണമെന്ന് അറിയിച്ചു. ഞാന്‍ കരുതി പത്തിരുപത് പേരെ ഉണ്ടാകൂവെന്ന്. അവിടെ എത്തിയപ്പോള്‍ എന്നെപ്പോലെ ഇരുനൂറോളം കുട്ടികള്‍ ഉണ്ടായിരുന്നു. അതില്‍നിന്ന് 20 പേരെ ഉള്‍പ്പെടുത്തി ക്യാമ്പ് സംഘടിപ്പിക്കുകയും ഞാന്‍ ഉള്‍പ്പെടെ രണ്ടു പേരെ സിനിമയിലേക്ക് തിരഞ്ഞടുക്കുകയും ചെയ്തു. ആ സിനിമയായിരുന്നു പ്രദീപന്‍ മുല്ലനേഴി സംവിധാനം ചെയ്ത ‘നമുക്കൊരേ ആകാശം’. ശേഷമായിരുന്നു ‘സ്വനം’. രാജേന്ദ്രന്‍ മാഷ് തന്നെയാണ് ദീപേഷ് മാഷിനോട് എന്നെക്കുറിച്ച് പറഞ്ഞതും.

സിനിമ സിമ്പിളാണ്, പഠനം പവര്‍ഫുള്ളും
ഇഷ്​ടം സിനിമയാണെങ്കില്‍കൂടി പഠനത്തിന് തന്നെയാണ് പ്രാമുഖ്യം നല്‍കുന്നത്​. ഒരു ജോലിയൊക്കെ സമ്പാദിച്ചശേഷം സിനിമയില്‍ കൂടുതല്‍ സജീവമാകണം. അച്ഛനെയും അമ്മയെയും പോലെ അധ്യാപകനാകണമെന്നാണ് ആഗ്രഹം. അതാകുമ്പോള്‍ നാടകവും മോണോആക്ടും ഒക്കെ പഠിപ്പിച്ച് കുട്ടികള്‍ക്കൊപ്പം നടക്കാമല്ലോ.

മഞ്ജു ചേച്ചി, സ്‌നേഹത്തി​െൻറ ആഴം
‘ഉദാഹരണം സുജാത’ സിനിമയുടെ ലൊക്കേഷനിലാണ് മഞ്ജു ചേച്ചിയെ (മഞ്ജുവാര്യര്‍) പരിചയപ്പെടുന്നത്. വളരെയേറെ കരുതലാണ് നമുക്കൊക്കെ നല്‍കുന്നത്. ഒരു ദിവസം ഷൂട്ടിങ്ങിനിടയില്‍ തിരുവനന്തപുരത്തുനിന്ന് എനിക്ക് കണ്ണൂരേക്ക് വരേണ്ട ആവശ്യമുണ്ടായിരുന്നു. അന്ന് രാത്രി അവിടെനിന്ന് ബസിലാണ് വന്നത്. രാവിലെ ഏഴു മണിയോടെ ഒരു ഫോണ്‍ വന്നു. അതു മഞ്ജു ചേച്ചിയുടേതായിരുന്നു. ‘അഭി അവിടെ എത്തിയോ’ എന്നായിരുന്നു ചോദ്യം. അത്രമാത്രം കരുതലാണ്, കൈത്താങ്ങാണ്. നമ്മളെ ചേര്‍ത്തുനിര്‍ത്തും എപ്പോഴും ഒപ്പം. 

സകലകലാ വല്ലഭന്‍
രണ്ടാം ക്ലാസ് മുതല്‍ മോണോആക്ട് ചെയ്യുന്നുണ്ട്. കെ.പി. ശശികുമാര്‍ നീലേശ്വരത്തി​െൻറ കീഴിലാണ് പഠനം. കഴിഞ്ഞവര്‍ഷം ഉള്‍പ്പെടെ സംസ്ഥാനതല കലോത്സവത്തില്‍ ഒന്നാം സ്ഥാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ശാസ്ത്ര നാടകത്തില്‍ 2016ല്‍ ഒന്നാം സ്ഥാനം നേടാന്‍ സാധിച്ചു. രാജേഷ് കീഴത്തൂരി​െൻറ ശിക്ഷണത്തിലായിരുന്നു ആ നേട്ടം. അതിനും കുറെ ക്ലാസുകള്‍ നഷ്​ടപ്പെട്ടു. കൂട്ടുകാരും അധ്യാപകരുമാണ് ആ ഘട്ടത്തില്‍ സഹായിച്ചത്. അമ്മ രണ്ടു വര്‍ഷം കെമിസ്ട്രി പഠിപ്പിക്കാന്‍ ഉണ്ടായിരുന്നു. ക്ലാസില്‍ മകന്‍ എന്ന പരിഗണനയൊന്നും നല്‍കാറില്ല. തല്ലും നുള്ളുമൊക്കെ കിട്ടും. ഏട്ടന്‍ അഭിഷേകി​െൻറ പാതയിലൂടെയാണ് ചെസിലേക്കും താല്‍പര്യം ഉണ്ടാകുന്നത്. ഏട്ടന്‍ ചെസില്‍ ഏഷ്യന്‍ സ്‌കൂള്‍ ചാമ്പ്യനായിരുന്നു. സംസ്ഥാനതലത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യന്‍ എന്ന റെക്കോഡും ഏട്ടനാണ്. ഇപ്പോള്‍ ബി.ടെക് വിദ്യാര്‍ഥിയാണ്. നാലുവര്‍ഷമായി ‘ജയകേരള കളരി സംഘ’ത്തില്‍ കളരി പഠിക്കുന്നുണ്ട്. ആദ്യ സിനിമ ‘നമുക്കൊരേ ആകാശ’ത്തിലേക്ക് തിരഞ്ഞെടുക്കപ്പെ​െട്ടന്ന് അറിയുന്നത് കളരിയില്‍ പോയി മടങ്ങിവരുമ്പോഴാണ്. ആ സിനിമയുടെ ഒാഡിഷന് സര്‍ക്കസ് കാണിക്കാന്‍ അറിയാമോ എന്നായിരുന്നു അവര്‍ ചോദിച്ചത്. കളരി പഠിക്കുന്നതുകൊണ്ട് അത് അവതരിപ്പിച്ച് കാണിക്കാന്‍ എളുപ്പമായി.

കുടുംബം
പിതാവ് വിനോദ് കുമാര്‍ കുറ്റിയാട്ടൂര്‍ എ.ഐ.പി സ്‌കൂളിലെ അസിസ്​റ്റൻറ്​ എച്ച്.എമ്മാണ്. മാതാവ് സി.കെ. പ്രീത പട്ടാന്നൂര്‍ കെ.പി.സി ഹയർ   സെക്കന്‍ഡറി സ്‌കൂളിലെ കെമിസ്ട്രി അധ്യാപികയും.