ഒാണത്തുമ്പികൾ പാടുന്നു...
  • റെജി മലയാലപ്പുഴ
  • 12:34 PM
  • 28/28/2017
ഫോ​േട്ടാ: പി.ബി. ബിജു

കർക്കടകത്തിലെ കാർമേഘങ്ങളൊഴിഞ്ഞ്​ തെളിഞ്ഞ മാനവും ഇളവെയിലുമായി കടന്നുവരുന്ന 
പൊന്നിൻ ചിങ്ങമാസം. ആ ചിങ്ങപ്പുലരി നമുക്ക്​ സമ്മാനിക്കുന്ന പ്രതീക്ഷകളുടെ ആഘോഷമാണ്​ ഒാണം. പൂവിളിയും ഉൗഞ്ഞാലാട്ടവും പൂക്കളങ്ങളും തുമ്പി തുള്ളലും ആഘോഷങ്ങൾക്ക്​ മാറ്റുകൂട്ടുന്നു. ഒാണത്തെക്കുറിച്ചുള്ള ചില ചരിത്രവിഭവങ്ങളാണ്​ ഇവിടെ വിളമ്പുന്നത്​.
കൊയ്​ത്തുത്സവമാണ്​ ഒാണമെങ്കിലും അതി​െൻറ പിന്നിൽ ധാരാളം ​െഎതിഹ്യങ്ങളുണ്ടെന്ന്​ നമുക്കറിയാം. വാമനാവതാരം പൂണ്ട വിഷ്​ണു മഹാബലി ച​ക്രവർത്തിയെ പാതാളത്തിലേക്ക്​ ചവിട്ടിതാഴ്​ത്തിയെന്നും വർഷംതോറും കേരളത്തിൽ വന്ന്​ പ്രജകളെ കണ്ടോളാൻ അനുമതി കൊടുത്തു​െവന്നും അങ്ങനെ പ്രജകളെ കാണാൻ അദ്ദേഹം എത്തുന്ന ദിവസമാണ്​ ഒാണമെന്നാണ്​ ​െഎതിഹ്യ കഥ.
നമ്മുടെ ദേശീയോത്സവമാണ
ല്ലോ ഒാണം.1961ലാണ്​ സംസ്​ഥാന സർക്കാർ ഒാണത്തെ ദേശീയോത്സവമായി കൊണ്ടാടാൻ ആരംഭിച്ചത്. എന്നുമുതലാണ്​ ഒാണം ആഘോഷിച്ചുതുടങ്ങിയതെന്നു പറയാൻ ചരിത്രത്തിൽ വ്യക്തമായ രേഖപ്പെടുത്തലുകളില്ല. എങ്കിലും സംഘകാലകൃതികളിലൊന്നായ പത്തുപാട്ടിൽ ഉൾപ്പെട്ട ‘മധുരൈക്കാഞ്ചി’ എന്ന കൃതിയിൽ ഒാണത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്​. കേരളത്തിലെ രാജാക്കന്മാരെല്ലാം ആവണി ഒാണത്തിന്​ തൃക്കാക്കരയിൽ എത്താറുണ്ടായിരുന്നു. 28 ദിവസത്തെ ആഘോഷമാണ്​ ഒാണ​േത്താടനുബന്ധിച്ച്​ തൃക്കാക്കരയിൽ നടത്താറുള്ളത്​.

ഒാണത്തുമ്പി
ചിങ്ങം പുലർന്നാൽ നാട്ടിലെങ്ങും കൂട്ടമായി പാറിനടക്കുന്ന ഒാണത്തുമ്പികളെ കാണാം. തിളങ്ങുന്ന കണ്ണാടിച്ചിറകുമായി പറന്നെത്തുന്ന ഒാണത്തുമ്പികൾ ഒാണത്തി​െൻറ വിരുന്നുകാരാണ്​. ഇൗ തുമ്പികളോടൊപ്പം പത്തുനാൾ പൂക്കുടകളുമായി തൊടികൾ
തോറും പൂക്കളിറുക്കുവാൻ കുട്ടികൾ 
പോകാറുണ്ടായിരുന്നു. അങ്ങനെ ഒാരോ ദിവസവും പൂക്കളിറുക്കുവാൻ പോകു​േമ്പാൾ പാടുന്ന പാട്ടാണ്​ പൂപ്പൊലിപ്പാട്ട്​. ഇറുത്തെടുത്ത പൂക്കളേക്കാൾ ധാരാളം പൂവുകൾ നാളെ ​െപാലിയ​െട്ട എന്ന ആശംസയാണ്​ ഇൗ പാട്ടുകളിൽ നിറയുന്നത്​.

ഒാണപ്പൂക്കളം
ചിങ്ങമാസത്തിലെ അത്തം മുതൽ പത്തുദിവസം അതായത്​ തിരുവോണം വരെ വീട്ടുമുറ്റത്ത്​ പൂക്കളം തീർക്കുകയെന്നത്​ ഒാണത്തി​െൻറ മറ്റൊരു പ്രത്യേകതയാണ്​. വാമന​െൻറ പ്രതിഷ്​ഠയുള്ള തൃക്കാക്കരക്ഷേത്രത്തിൽ കർക്കടകത്തിലെ തിരുവോണനാളിൽ തുടങ്ങി 28 ദിവസത്തെ ആഘോഷമുണ്ടായിരുന്നു. അങ്ങനെ തൃക്കാക്കരയപ്പ​െൻറ തിരുനാളായ തിരുവോണം കൊണ്ടാടാൻ തൃക്കാക്കര ഭരിച്ചിരുന്ന മഹാബലിപ്പെരുമാൾ കൽപിച്ചുവെന്നും അത്​ പിന്നീട്​ ഒാണമായി പരിണമിച്ചെന്നും പറയപ്പെടുന്നു. എന്തായാലും ഒാണത്തിന്​ തുടക്കംകുറിക്കുന്നത്​ തൃക്കാക്കരയിൽ നിന്നാണ്​. പറഞ്ഞുവന്നത്​ വീട്ടുമുറ്റത്ത്​ തീർക്കുന്ന പൂക്കളങ്ങൾക്കു നടുവിൽ മണ്ണുകൊണ്ട്​ തീർത്ത തൃക്കാക്കരയപ്പൻ ഇൗ ചരിത്രവസ്​തുതയുടെ ഒാർമപ്പെടുത്തലാവാം.

ഒാണവില്ല്​
ഒാണക്കാലത്ത്​ കൊട്ടിക്കളിക്കാൻ ഉപയോഗിച്ചിരുന്ന ഒന്നാണ്​ ഒാണവില്ല. വില്ലി​െൻറ പാത്തി പനയുടേയോ കവുങ്ങി​െൻറയോ പുറംപാളികൊണ്ട്​ നിർമിച്ചതായിരിക്കും.


ഒാണത്തല്ല്​
ഒാണത്തല്ലിന്​ ഒാണപ്പട എന്നും പേരുണ്ട്​. പെരുമാക്കന്മാരുടെ കാലത്ത്​ നടത്തിവന്ന ആചാരമാണിതെന്നു കരുതപ്പെടുന്നു. കർക്കടകത്തിൽ കളരിയഭ്യസിച്ചതിനുശേഷം ചിങ്ങമാസത്തിൽ അതി​െൻറ പ്രായോഗിക കഴിവ്​ പ്രകടിപ്പിക്കുന്ന ഒരവസരമായിരുന്നു ഇതെന്നും പറയപ്പെടുന്നു.

ഒാണത്താറ്​
മഹാബലിയുടെ സങ്കൽപത്തിലുള്ള ഒരു നാട്ടുദൈവമാണ്​ ഒാണത്താറ്. ചിങ്ങമാസത്തിലെ ഉത്രാടം, തിരു
വോണം നാളുകളിൽ ഒാണത്താറ്​ എന്ന തെയ്യം കെട്ടി വണ്ണാന്മാർ ഒാരോ വീടുതോറും കയറിയിറങ്ങുന്നു. ഒരാൾ ഒാണത്താർ വേഷമണിയുകയും മറ്റുള്ളവർ ചെണ്ട​െകാട്ടി പാട്ടുപാടുകയും ചെയ്യും. ഇൗ തെയ്യക്കോലത്തിന്​ മുഖത്ത്​ തേപ്പും, ചെറിയ മുടിയുമുണ്ടായിരിക്കും. വലതു കൈയിൽ മണിയും ഇടതു കൈയിൽ ഒാണവില്ലും പിടിച്ച്​ മണികിലുക്കിയാണ്​ ഒാണത്താറ്​ ആടുന്നത്​.

ഒാണത്തുള്ളൽ
ഒാണാഘോഷവുമായി ബന്ധപ്പെട്ട്​ ദക്ഷിണ കേരളത്തിൽ നിലനിൽക്കുന്ന കലാരൂപമാണ്​ ഒാണത്തുള്ളൽ. വേലസമുദായത്തിൽപ്പെട്ടവർ നടത്തുന്ന അനുഷ്​ഠാനമായതിനാൽ ഇതിനെ വേലൻ തുള്ളൽ എന്നും വിളിക്കുന്നു. രണ്ടു സ്​ത്രീകളാണ്​ ഒാണത്തുള്ളല്ലിനൊരുങ്ങുന്നത്​. തലയിൽ പ്രത്യേകം കിരീടം ചൂടി, കൈയിൽ കുരുത്തോല വീശി അവർ ആടുന്നു. കൂടെ രണ്ടോ മൂന്നോ വേലന്മാർ തുടികൊട്ടിപ്പാടുകയും ചെയ്യും.

ഒാണപ്പുടവ
ഒാണക്കോടി എന്നറിയപ്പെടുന്ന പുതുവസ്​ത്രം ഒാണത്തി​െൻറ ആകർഷണീയതയാണ്​. വീട്ടിലുള്ളവർക്കും മറ്റ്​ ബന്ധുക്കൾക്കും ഒാണക്കോടി സമ്മാനിക്കുന്നത്​ ഒാണത്തി​െൻറ മറ്റൊരു വിശേഷമാണ്​. കസവ്​ തുണിത്തരങ്ങൾക്കാണ്​ ഇവിടെ പ്രാധാന്യം. മഞ്ഞനിറവും കസവുകരയുമുള്ള ഒാണച്ചിറ്റാടയാണ്​ കുട്ടികൾക്ക്​ ഒാണസമ്മാനമായി ലഭിക്കുക.

ഒാണേശ്വരൻ
ഇദ്ദേഹത്തിന്​ ഒാണപ്പൊട്ടൻ എന്നും പേരുണ്ട്​. ഒാണത്താറിനെപ്പോലെ ചിങ്ങമാസത്തിലെ ഉത്രാടം, തിരുവോണം നാളുകളിലാണ്​ ഇദ്ദേഹത്തി​െൻറയും ഭവന സന്ദർശനം. കുരുത്തോല കൊണ്ട്​ അലങ്കരിച്ച ഒാലക്കുടയും ചൂടിയാണ്​ ഒാണേശ്വര​െൻറ വരവ്​. താടിയും മുടിയും ​െവച്ചുകെട്ടി പ്രത്യേക ആടയാഭരണങ്ങളുമണിഞ്ഞ്​ വീടുകൾ തോറും കയറിയിറങ്ങുന്ന ഒാണേശ്വരനോടൊപ്പം ആർപ്പുവിളികളുമായി കുട്ടികളുമുണ്ടാവും. എന്നാൽ, ഒാണേശ്വരൻ നാവനക്കുകയില്ല. അതിനാലാണ്​ ഒാ​ണേശ്വരന്​ ഒാണപ്പൊട്ടൻ എന്ന പേരുംകൂടി വീണത്​.

ഒാണക്കിളി
ഒാണത്തുമ്പിയെപ്പോലെ തന്നെ മലയാളി മനസ്സിലേക്ക്​ പറന്നിറങ്ങുന്ന ദേശാടനപ്പക്ഷിയാണ്​ ഒാണക്കിളി. യുറേഷ്യൻ ഗോൾഡൻ ഒാറിയോൾ എന്ന മഞ്ഞക്കിളിയെയാണ്​ നമ്മൾ ഒാണക്കിളി എന്നുവിളിക്കുന്നത്​. വാലിട്ടു കണ്ണെഴുതി മഞ്ഞത്തൂവലണിഞ്ഞ്​, കറുപ്പു പൂശിവരുന്ന ഇൗ സുന്ദരിപ്പക്ഷിയെ കണ്ടാൽ വയറുനിറയുമെന്ന വിശ്വാസം നമ്മുടെ നാട്ടിലുണ്ട്​.
ഒാണത്തെപ്പറ്റിയുള്ള ചൊല്ലുകളും ധാരാളമുണ്ട്​
•കാണം വിറ്റും ഒാണം ഉണ്ണണം
•ഒാണം കഴിഞ്ഞാൽ ഒാലപ്പുര ഒാട്ടുപ്പുര
•ഒാണം കഴിഞ്ഞാൽ ഒാട്ടക്കലം
ഇൗ ചൊല്ലുകൾ തമ്മിൽ നല്ല ബന്ധമാണുള്ളത്​. കിടപ്പാടം വിറ്റാണെങ്കിലും ഒാണം നന്നായി ആഘോഷിക്കണം. ഒാണം ചെലവു ചെയ്യാനുള്ള മാസം കൂടിയാണ്​. ആഘോഷങ്ങൾ കഴിയു​േമ്പാഴേക്കും കൈയിൽ സമ്പത്തു മിച്ചമുണ്ടാവില്ല.
•‘ഒാണംവന്നാലും ഉണ്ണിപിറന്നാലും
കോരന്​ കുമ്പിളിൽ തന്നെ കഞ്ഞി’
ദരിദ്രന്മാർ എന്നും ദരി​ദ്രന്മാർ എന്ന സൂചനയാണ്​ ഇതിൽനിന്നും ലഭിക്കുക.
•‘ഉള്ളതുകൊണ്ട്​ ഒാണംപോലെ’
അൽപമേ കൈയിൽ ഉള്ളതെങ്കിൽ അതുകൊണ്ട്​ ഒാണം ആഘോഷിക്കണം. അതിൽ പൂർണത കണ്ടെത്തുക. ഇങ്ങനെ നിരവധി ഒാണച്ചൊല്ലുകൾ ഉണ്ട്. അവയൊക്കെ വിശദീകരിച്ചു പഠിക്കുക.
•ഒാണമുണ്ടവയറേ ചൂളം പാടിക്കിട
•ഒാണം മുഴക്കോലുപോലെ
•ഒാണത്തിനിടക്ക്​ പുട്ടുകച്ചവടം
•അത്തം കറു​ത്താൽ ഒാണം വെളുക്കും
•കിട്ടു​േമ്പാൾ തിരുവോണം കിട്ടാഞ്ഞാൽ ഏകാദശി
•ഒാണംപോലെയാണോ തിരുവാതിര
ഒാണാഘോഷത്തി​െൻറ ചടങ്ങുകൾ പലതും വിസ്​മൃതിയിൽ ആണ്ടുകഴിഞ്ഞു. എങ്കിലും ഒാണം നമുക്ക്​ സമ്മാനിക്കുന്ന ഒരു പാട്​ നന്മകളുണ്ട്.​കാർഷിക സമൃദ്ധി, സാമൂഹിക കൂട്ടായ്​മ, കുടുംബ കൂട്ടായ്​മ അങ്ങനെ സമൃദ്ധമായ നല്ല നാളെ, അതാണ്​ ഒാണസങ്കൽപം.