സ്കൂൾ പച്ച
ഒത്തൊരുമയോടെ സമാധാനത്തിന്
  • സി. റാഫി
  • 10:55 AM
  • 21/09/2016

യുദ്ധവും അക്രമവുമില്ലാത്ത ലോകത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയായി സെപ്റ്റംബര്‍ 21നെ വിശേഷിപ്പിക്കാം. എന്നാല്‍, അക്രമവും രക്തച്ചൊരിച്ചിലുമില്ലാത്ത 24 മണിക്കൂര്‍, സാധ്യതയുടെ എത്രയോ അകലെയാണ് അതെന്ന് സമകാലിക സംഭവങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. ഐ.എസ് ഭീകരത, അക്രമങ്ങളില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന സിറിയ, അസ്ഥിരമായ ഭരണകൂടങ്ങള്‍, തീവ്രവാദി ആക്രമണങ്ങളിലും ചാവേര്‍ സ്ഫോടനങ്ങളിലും കൊല്ലപ്പെടുന്നവരുടെയും അംഗച്ഛേദം സംഭവിക്കുന്നവരുടെയും നിലവിളികള്‍, കശ്മീര്‍ ഉള്‍പ്പെടെയുള്ള രാജ്യാതിര്‍ത്തികളില്‍ തുടരുന്ന സംഘര്‍ഷം, ചെറുതും വലുതുമായ അക്രമങ്ങള്‍... അനവധിയുണ്ട് കൂട്ടത്തില്‍. എങ്കിലും സമാധാനവും സ്വാസ്ഥ്യവും നിറഞ്ഞ ജീവിതക്രമത്തിനു വേണ്ടിയുള്ള പ്രയത്നത്തില്‍ ചെറു ചുവടെങ്കിലുമാകാന്‍ ഇത്തരം ദിനാചരണങ്ങള്‍ക്ക് കഴിഞ്ഞെങ്കിലെന്ന് നമ്മളെല്ലാം ആഗ്രഹിക്കുന്നു. 
1981ലാണ് ലോക സമാധാന ദിനാചരണമെന്ന സങ്കല്‍പവുമായി ഐക്യരാഷ്ട്രസഭ ആദ്യ പ്രമേയം പാസാക്കുന്നത്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നിട്ടില്ലാത്ത ശീതയുദ്ധാനന്തര കാലം. അന്നുമുതല്‍ ഓരോ വര്‍ഷവും യു.എന്‍ ലോക സമാധാനദിനം ആചരിച്ചുവരുന്നുണ്ട്. യു.എന്‍ ജനറല്‍ അസംബ്ളി ഉച്ചകോടിക്ക് തുടക്കം കുറിക്കുന്ന സെപ്റ്റംബറിലെ മൂന്നാമത്തെ ചൊവ്വാഴ്ചകളിലായിരുന്നു ആദ്യഘട്ടത്തില്‍ ദിനാചരണം. 2001ല്‍ പാസാക്കിയ പ്രമേയത്തിലൂടെയാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ലോകസമാധാന ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. അക്രമരാഹിത്യവും വെടിനിര്‍ത്തലും ദിനാചരണത്തിന്‍െറ പ്രധാന അജണ്ടയായി നിശ്ചയിച്ചതും ഈ വര്‍ഷമായിരുന്നു. എന്നാല്‍, ഒരിക്കല്‍പോലും ലക്ഷ്യത്തിലേക്ക് അടുക്കാന്‍ കഴിഞ്ഞില്ല എന്നത് ഖേദകരമായിത്തന്നെ തുടരുന്നു. ഭരണകൂടങ്ങള്‍ക്കു പുറമെ, സമാധാന പ്രസ്ഥാനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാറിതര ഏജന്‍സികള്‍, പൊതുവേദികള്‍ എന്നിവയുടെയെല്ലാം പങ്കാളിത്തം ഈ ലക്ഷ്യത്തിനായി ഉറപ്പാക്കണമെന്ന് യു.എന്‍ പറയുന്നു. സമാധാന ദിനാചരണത്തിന്‍െറ ഭാഗമായി ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സെപ്റ്റംബര്‍ 21ന് പതിവുപോലെ സമാധാന ബെല്‍ മുഴങ്ങും. ലോകസമാധാനം നീണാള്‍ വാഴട്ടെ എന്ന് വശങ്ങളില്‍ എഴുതിച്ചേര്‍ത്ത ആ ബെല്‍ ആഫ്രിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലേയും കുട്ടികള്‍ സമ്മാനിച്ച നാണയത്തുട്ടുകള്‍ കൊണ്ട് നിര്‍മിച്ചതാണ്. 

 

മദര്‍ തെരേസ -ഇന്ത്യ (1979)

യൂഗോസ്ളാവ്യയുടെ ഭാഗമായിരുന്ന മാസിഡോണിയയുടെ തലസ്ഥാനമായ സ്കോപ്ജെയില്‍ പിറന്ന് ഇന്ത്യ പ്രവര്‍ത്തനകേന്ദ്രമാക്കി ലോകശ്രദ്ധ നേടിയ സന്യാസിനിയായിരുന്നു മദര്‍ തെരേസ (യഥാര്‍ഥ പേര് ആഗ്നസ് ഗോംക്സ് ബൊയാക്സ്യു). മിഷനറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനി സഭ സ്ഥാപിച്ച് കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ച മദര്‍ തെരേസയെ 1979ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചു. ജന്മം കൊണ്ട് അല്‍ബേനിയനും പൗരത്വം കൊണ്ട് ഇന്ത്യനും ജീവിതം കൊണ്ട് കത്തോലിക്കാ സന്യാസിനിയുമാണ് താനെന്ന് മദര്‍ തെരേസ പറയുമായിരുന്നു. അശരണര്‍ക്കും അഗതികള്‍ക്കും വേണ്ടി ആയുസ്സ് മാറ്റിവെച്ച മദര്‍ തെരേസയെ 2016 സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിച്ചു. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പ്രഖ്യാപനം നടത്തിയത്.

ഡെസ്മണ്ട് ടുട്ടു -
ദക്ഷിണാഫ്രിക്ക (1984)
ദക്ഷിണാഫ്രിക്കക്കാരനായ വൈദികനും സന്നദ്ധപ്രവര്‍ത്തകനുമാണ് ഡെസ്മണ്ട് ടുട്ടു എന്ന ഡെസ്മണ്ട് പിലൊ ടുട്ടു. 1980കളില്‍ വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. 1984ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടി. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള രണ്ടാമത്തെ നൊബേല്‍ സമ്മാനജേതാവാണ് അദ്ദേഹം.
കറുത്തവര്‍ഗക്കാരനായ ആദ്യത്തെ ആഫ്രിക്കന്‍ ആംഗ്ളിക്കന്‍ ആര്‍ച് ബിഷപ്പാണ് ടുട്ടു. മനുഷ്യാവകാശത്തിനായി പോരാടുന്ന അദ്ദേഹം, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായും ശബ്ദമുയര്‍ത്തുന്നു. ദാരിദ്ര്യം, എയ്ഡ്സ്, വംശീയത, ഹോമോഫോബിയ എന്നിവക്കെതിരെയും പ്രചാരണരംഗത്തുണ്ട്. മാനുഷികസേവന പ്രവര്‍ത്തനത്തിനുള്ള ആല്‍ബര്‍ട്ട് ഷ്വിറ്റ്സര്‍ സമ്മാനം, ഗാന്ധി സമാധാന സമ്മാനം (2005), പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം (2009) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.

മിഖായേല്‍ ഗോര്‍ബച്ചേവ് റഷ്യ (1990)
മിഖായേല്‍ സെര്‍ഗേവിച്ച് ഗോര്‍ബച്ചേവ് എന്നാണ് മുഴുവന്‍ പേര്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂനിയന്‍െറ അവസാനത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. 1985 മുതല്‍ 1991 വരെ ആ പദവി വഹിച്ചു. സോവിയറ്റ് യൂനിയന്‍െറ അവസാനത്തെ പ്രസിഡന്‍റും ഇദ്ദേഹമായിരുന്നു. 1988 മുതല്‍ 1991ല്‍ സോവിയറ്റ് യൂനിയന്‍ തകരുന്നതു വരെ അദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നു. 
1917ലെ ഒക്ടോബര്‍ വിപ്ളവത്തിനു ശേഷം ജനിച്ച കമ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളാണ് ഗോര്‍ബച്ചേവ്. 1990ലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഗോര്‍ബച്ചേവിന് ലഭിച്ചത്.

ഓങ്സാന്‍ സൂചി 
മ്യാന്മര്‍ (1991)
ലോകമെമ്പാടും മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമായി നടക്കുന്ന പോരാട്ടങ്ങളിലെ ജ്വലിക്കുന്ന പ്രതീകമാണ് ഓങ്സാന്‍ സൂചി. ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയതിന്‍െറ പേരില്‍ 1989 ജൂലൈ 20 മുതല്‍ വിവിധ കാലയളവുകളിലായി 15 വര്‍ഷം വീട്ടുതടങ്കലില്‍ കഴിഞ്ഞിട്ടുണ്ട്. മ്യാന്മര്‍ ജനതക്കൊപ്പം ലോകരാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും സൂചിയുടെ മോചനത്തിനായി നിരന്തരം ആവശ്യപ്പെട്ടു. ഒടുവില്‍ 2010 നവംബര്‍ 13നാണ് മ്യാന്മറിലെ പട്ടാള ഭരണകൂടം ഇവരെ മോചിപ്പിക്കാന്‍ തയാറായത്.

നെല്‍സന്‍ മണ്ടേല

ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവാണ് നെല്‍സന്‍ മണ്ടേല. വര്‍ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍പ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ടേല 1994 മുതല്‍ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റായിരുന്നു. 1993ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ദേശീയബഹുമതിയായ ഭാരത്രത്ന പുരസ്കാരം നല്‍കി 1990ല്‍ കേന്ദ്ര സര്‍ക്കാര്‍ മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നൊബേല്‍ സമ്മാനം ലഭിക്കുന്നതിനു മുമ്പ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു അദ്ദേഹം.

യാസിര്‍ അറഫാത്ത്

ഫലസ്തീന്‍ നാഷനല്‍ അതോറിറ്റിയുടെയും പി.എല്‍.ഒയുടെയും ചെയര്‍മാനായിരുന്നു യാസിര്‍ അറഫാത്ത്. മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ റഊഫ് അറഫാത്ത് അല്‍ഖുദ്വ അല്‍ഹുസൈനി എന്നാണ് മുഴുവന്‍ പേര്. 1959ല്‍ അറഫാത്തുതന്നെ രൂപവത്കരിച്ച ഫത്ഹ് പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ തലവനുമായിരുന്നു. യാസിര്‍ അറഫാത്ത് തന്‍െറ ജീവിതത്തിന്‍െറ സിംഹഭാഗവും ചെലവഴിച്ചത് ഫലസ്തീന്‍ വിമോചനം ലക്ഷ്യമാക്കി ഇസ്രായേലിനെതിരെ പോരാടാനായിരുന്നു. ഇസ്രായേലിന്‍െറ കണ്ണിലെ കരടായിരുന്ന അദ്ദേഹത്തെ അറബ് ജനത സ്വാതന്ത്ര്യ പോരാളിയെന്ന് വിശേഷിപ്പിച്ചു.

കോഫി  അന്നാന്‍
ഐക്യരാഷ്ട്രസഭയുടെ ഏഴാമത്തെ സെക്രട്ടറി ജനറല്‍ ആയിരുന്നു കോഫി അത്താ അന്നാന്‍. 1997 ജനുവരി ഒന്നുമുതല്‍ 2007 ജനുവരി ഒന്നുവരെയായിരുന്നു അന്നാന്‍ സെക്രട്ടറി ജനറല്‍ പദവി വഹിച്ചിരുന്നത്. ഗ്ളോബല്‍ എയ്ഡ്സ് ആന്‍ഡ് ഹെല്‍ത്ത് ഫണ്ടിന് രൂപം കൊടുത്തതിനാല്‍ ഐക്യരാഷ്ട്രസഭയോടൊപ്പം 2001ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.


ജിമ്മി കാര്‍ട്ടര്‍
ജിമ്മി കാര്‍ട്ടര്‍ എന്നറിയപ്പെടുന്ന ജെയിംസ് ഏള്‍ കാര്‍ട്ടര്‍ ജൂനിയര്‍ 1977 മുതല്‍ 1981 വരെ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്‍റായിരുന്നു. 2002ല്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചു. 

മുഹമ്മദ് യൂനുസ്
ബംഗ്ളാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീണ്‍ ബാങ്കിന്‍െറ സ്ഥാപകനുമാണ് മുഹമ്മദ് യൂനുസ്. പാവങ്ങള്‍ക്ക് ജാമ്യവസ്തു ഇല്ലാതെതന്നെ ചെറുകിട വായ്പകള്‍ നല്‍കി അതിലൂടെ അവരെ സാമ്പത്തിക സ്വയംപര്യാപ്തത നേടാന്‍ സഹായിക്കുന്ന ധനകാര്യസ്ഥാപനമാണ് ഗ്രാമീണ്‍ ബാങ്ക്. 2006ല്‍ മുഹമ്മദ് യൂനുസിനും ഗ്രാമീണ്‍ ബാങ്കിനും സംയോജിതമായി സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചു.

ബറാക് ഹുസൈന്‍ ഒബാമ
ബറാക് ഹുസൈന്‍ ഒബാമ അമേരിക്കന്‍ ഐക്യനാടുകളുടെ 44ാമത് പ്രസിഡന്‍റായി ഇപ്പോള്‍ ചുമതല വഹിക്കുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം അധികാരത്തിലത്തെുന്നത്. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പേ ഇലനോയ് സംസ്ഥാനത്തുനിന്നുള്ള അമേരിക്കന്‍ സെനറ്റ് അംഗമായിരുന്നു. 2009 ജനുവരി 20ന് സ്ഥാനമേറ്റതോടെ അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കന്‍ പ്രസിഡന്‍റായിത്തീര്‍ന്നു ഒബാമ. 2009ലാണ് ഒബാമക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.

തവക്കുല്‍ കര്‍മാന്‍
പത്രപ്രവര്‍ത്തകയും രാഷ്ട്രീയപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയും അല്‍ഇസ്ലാഹിന്‍െറ നേതാവുമാണ് തവക്കുല്‍ കര്‍മാന്‍. സ്ത്രീകളുടെ സുരക്ഷക്കും സമാധാന പാലനത്തിനുള്ള പൂര്‍ണപങ്കാളിത്തം ഉറപ്പാക്കാനുള്ള അവരുടെ അവകാശത്തിനും വേണ്ടിയുള്ള അഹിംസാത്മകമായ സമരങ്ങള്‍ മുന്‍നിര്‍ത്തിയാണ് തവക്കുല്‍ കര്‍മാന് നൊബേല്‍ സമ്മാനം നല്‍കിയത്. 
അറബ് വസന്തത്തിന്‍െറ ഭാഗമായി യമനില്‍ അരങ്ങേറിയ പ്രക്ഷോഭങ്ങളാണ് തവക്കുല്‍ കര്‍മാനെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. യമനിലെ ഉരുക്കു വനിതയെന്നും വിപ്ളവത്തിന്‍െറ മാതാവെന്നും ഇവര്‍ അറിയപ്പെടുന്നു.

മലാല യൂസുഫ് സായി
പാകിസ്താന്‍ പെണ്‍കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസം നിരോധിച്ച താലിബാന്‍ നടപടിക്കെതിരെ പ്രതിഷേധിച്ചതിലൂടെയാണ് മലാല യൂസുഫ് സായി ലോകപ്രശസ്തയാകുന്നത്. 2012 ഒക്ടോബര്‍ ഒമ്പതിന് നടന്ന ഒരു വധശ്രമത്തില്‍ മലാലയുടെ തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. സ്കൂള്‍ കഴിഞ്ഞ് സ്കൂള്‍ ബസില്‍ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ മലാലയുടെ സ്ഥിതി ക്രമേണ ഭേദപ്പെട്ടു. 
സ്വാത്ത് താഴ്വരയില്‍ താലിബാന്‍ നിയന്ത്രണത്തിലുള്ള ജീവിതപശ്ചാത്തലത്തെ സംബന്ധിച്ച് 2009ല്‍ 11 വയസ്സുള്ളപ്പോള്‍ ബി.ബി.സിക്കു വേണ്ടി എഴുതാന്‍ തുടങ്ങിയ ബ്ളോഗാണ് മലാലയെ ആദ്യം ശ്രദ്ധയില്‍ കൊണ്ടുവന്നത്. പാകിസ്താന്‍െറ ആദ്യത്തെ ദേശീയ സമാധാന പുരസ്കാരം ഈ പെണ്‍കുട്ടി നേടി. മലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബര്‍ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു. നൊബേല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.

കൈലാഷ് സത്യാര്‍ഥി
2014ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനാര്‍ഹനായ ഇന്ത്യന്‍ വംശജനാണ് കൈലാഷ് സത്യാര്‍ഥി. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ബാലവേലക്കെതിരെ രൂപവത്കരിച്ച ‘ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍’ എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാര്‍ഥി.