സ്കൂൾ പച്ച
ഐക്യരാഷ്ട്രം പറയുന്നു...
  • വി.കെ. ഹരിദാസ്
  • 06:12 PM
  • 25/10/2016

ആദ്യത്തെ ലോക സംഘടനയായ അഖിലലോക രാഷ്ട്രങ്ങളുടെ (League of Nations) സഖ്യത്തിന്‍െറ പ്രവര്‍ത്തനം 1920 ജനുവരി 10ന് ആരംഭിച്ച് 1946 ഏപ്രില്‍ 18ന് അവസാനിച്ചതിന്‍െറ പിന്തുടര്‍ച്ചയെന്നോണമാണ് ഐക്യരാഷ്ട്ര സംഘടന (United Nations Organisation) 1945 ഒക്ടോബര്‍ 24ന് നിലവില്‍വന്നത്. അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റ് ആണ് ഐക്യരാഷ്ട്ര സംഘടന എന്ന പേര് നിര്‍ദേശിച്ചത്. 1945 ജനുവരി ഒന്നിന് സഖ്യശക്തികളില്‍പെട്ട 26 രാജ്യങ്ങള്‍ ചേര്‍ന്ന് ‘ഐക്യരാഷ്ട്ര പ്രഖ്യാപനം’ ഒപ്പുവെച്ചതോടെ സാര്‍വദേശീയ അംഗീകാരം ലഭിച്ചു. 1945 ഏപ്രിലില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ ചേര്‍ന്ന 50 രാജ്യങ്ങളിലെ പ്രതിനിധികള്‍ ഐക്യരാഷ്ട്ര ചാര്‍ട്ടര്‍ എഴുതിയുണ്ടാക്കുകയും 1945 ജൂണ്‍ 26ന് അതില്‍ ഒപ്പുവെക്കുകയും ചെയ്തു. 1946 ജനുവരി ഒന്നിന്  ലണ്ടനില്‍ ചേര്‍ന്ന ജനറല്‍ അസംബ്ളിയുടെ ഒന്നാം സമ്മേളനത്തോടെ ഐക്യരാഷ്ട്ര സംഘടന ഒൗപചാരികമായി പ്രവര്‍ത്തിച്ചുതുടങ്ങി. 
 

ഭരണനിര്‍വഹണ ഘടകങ്ങള്‍
ഐക്യരാഷ്ട്ര സംഘടനയുടെ മുഖ്യ ഭരണനിര്‍വഹണ ഘടകങ്ങള്‍ ആറെണ്ണമാണ്. ജനറല്‍ അസംബ്ളി, സെക്യൂരിറ്റി കൗണ്‍സില്‍, ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍, ട്രസ്റ്റിഷിപ് കൗണ്‍സില്‍, ഇന്‍റര്‍നാഷനല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്, സെക്രട്ടേറിയറ്റ് എന്നിവയാണ് അവ. 

സംഘടനയിലെ അംഗത്വം
ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായി ചേരുന്നതിനുള്ള അപേക്ഷ രക്ഷാസമിതി ശിപാര്‍ശചെയ്യുകയും ജനറല്‍ അസംബ്ളി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അതംഗീകരിക്കുകയും ചെയ്താല്‍ ഏതു രാജ്യത്തിനും അംഗത്വം ലഭിക്കും. അംഗമാകാനാഗ്രഹിക്കുന്ന രാജ്യം ചാര്‍ട്ടറിലെ ലക്ഷ്യങ്ങള്‍ അംഗീകരിക്കണം. ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ ബലപ്രയോഗമോ പ്രതിരോധനടപടിയോ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ രക്ഷാസമിതിയുടെ ശിപാര്‍ശയനുസരിച്ച് ആ രാജ്യത്തിന്‍െറ അംഗത്വം റദ്ദുചെയ്യാന്‍ ജനറല്‍ അസംബ്ളിക്ക് അധികാരമുണ്ട്. സംഘടനയുടെ തത്ത്വങ്ങള്‍ സ്ഥിരമായി ലംഘിക്കുന്ന രാജ്യത്തെ രക്ഷാസമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഐക്യരാഷ്ട്ര സംഘടനയില്‍നിന്ന് പുറത്താക്കാനും ജനറല്‍ അസംബ്ളിക്ക് അധികാരമുണ്ട്. 

ലക്ഷ്യങ്ങള്‍
അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുകയാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുഖ്യലക്ഷ്യം. മാനവികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രങ്ങളുടെ സഹകരണം നേടിയെടുക്കുന്നതിനും ജനങ്ങളുടെ തുല്യമായ അവകാശം അടിസ്ഥാനമാക്കി രാഷ്ട്രങ്ങള്‍ തമ്മില്‍ സൗഹൃദം വളര്‍ത്തിയെടുക്കുന്നതിനും അന്താരാഷ്ട്ര സാമ്പത്തിക- സാമൂഹിക-സാംസ്കാരിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുംവേണ്ടിയുള്ള കേന്ദ്രമായിട്ടാണ് ഐക്യരാഷ്ട്ര സംഘടന നിലകൊള്ളുന്നത്. 
ഐക്യരാഷ്ട്ര സംഘടനയുടെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി ഏതെങ്കിലും അംഗരാജ്യം ബലംപ്രയോഗിക്കുകയോ ബലം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്.  അന്തര്‍ദേശീയ സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിന് അംഗങ്ങളല്ലാത്ത രാജ്യങ്ങളും സംഘടനയുടെ തത്ത്വങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ബലപ്രയോഗ നടപടികള്‍ ആവശ്യമായിരിക്കുമ്പോയൊഴികെ സംഘടന ഒരു രാജ്യത്തിന്‍െറയും ആഭ്യന്തരാധികാര അതിര്‍ത്തിയില്‍ പെടുന്ന കാര്യങ്ങളില്‍ ഇടപെട്ടുകൂടാ. തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കേണ്ടതാണ്. 


ഐക്യരാഷ്ട്ര ചാര്‍ട്ടര്‍
രാജ്യങ്ങള്‍ തമ്മില്‍ സഹകരണവും സൗഹൃദവും പ്രോത്സാഹിപ്പിക്കുകയും സമാധാനം നിലനിര്‍ത്തുകയുമാണ് ഐക്യരാഷ്ട്ര ചാര്‍ട്ടറിന്‍െറ മുഖ്യ ലക്ഷ്യങ്ങള്‍. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തിലുള്ള സമത്വം അംഗീകരിക്കുകയും ചാര്‍ട്ടര്‍ അനുസരിച്ചുള്ള തങ്ങളുടെ ബാധ്യതകള്‍ നിറവേറ്റാന്‍ അംഗങ്ങളെ നിര്‍ബന്ധിക്കുകയും തര്‍ക്കങ്ങള്‍ സമാധാനവും നീതിയും അപകടപ്പെടുത്താതെ ഒതുക്കിത്തീര്‍ക്കുകയും ചെയ്യുക എന്നിവയാണ് ചാര്‍ട്ടറിന്‍െറ തത്ത്വങ്ങള്‍. ഭാഷ, മതം, ലിംഗം, വര്‍ണം എന്നിങ്ങനെയുള്ള വേര്‍തിരിവ് കൂടാതെ എല്ലാവരുടെ മൗലികസ്വാതന്ത്ര്യങ്ങളെയും മനുഷ്യാവകാശങ്ങളെയും ബഹുമാനിക്കുന്നതിന് ഐക്യരാഷ്ട്ര സംഘടന ചുമതലപ്പെട്ടിരിക്കുന്നു. ഏതെങ്കിലും രാജ്യത്തിന് മറ്റു രാജ്യങ്ങളുമായുള്ള സാമ്പത്തികബന്ധങ്ങള്‍ തടസ്സപ്പെടുത്താനും നയതന്ത്രബന്ധം വിച്ഛേദിക്കാനും ഐക്യരാഷ്ട്ര സംഘടനക്ക് അതിന്‍െറ അംഗങ്ങളോട് ആവശ്യപ്പെടാം. സമാധാനത്തിന് ഭീഷണിയോ ആക്രമണനടപടിയോ നിലവിലുണ്ടെന്ന് രക്ഷാസമിതി തീരുമാനിക്കുമ്പോള്‍ വേണ്ടുന്ന പ്രവര്‍ത്തനക്രമം എന്തായിരിക്കണമെന്ന് ചാര്‍ട്ടറില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
ജനറല്‍ അസംബ്ളി
എല്ലാ അംഗരാഷ്ട്രങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഏക ഘടകം ജനറല്‍ അസംബ്ളിയാണ്. പ്രധാനപ്പെട്ട എല്ലാ പ്രശ്നങ്ങളിന്മേലും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്‍െറ അടിസ്ഥാനത്തിലാണ് ജനറല്‍ അസംബ്ളിയില്‍ തീരുമാനമെടുക്കുന്നത്. എന്നാല്‍, വളരെ ഗൗരവമല്ലാത്ത പ്രശ്നങ്ങളിന്മേലുള്ള തീരുമാനങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും കേവല ഭൂരിപക്ഷം മതിയാകും. ഓരോ അംഗരാജ്യത്തിനും ജനറല്‍ അസംബ്ളിയിലേക്ക് അഞ്ചു പ്രതിനിധികളെ വീതം അയക്കാം. എന്നാല്‍, ഓരോ അംഗരാഷ്ട്രത്തിനും ഒരു വോട്ട് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ജനറല്‍ അസംബ്ളി സാധാരണയായി വര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കുന്നു. എന്നാല്‍, ഹ്രസ്വമായ നോട്ടീസോടെ പ്രത്യേക സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടാന്‍ ചാര്‍ട്ടര്‍ വ്യവസ്ഥചെയ്യുന്നുണ്ട്. 


സെക്യൂരിറ്റി കൗണ്‍സില്‍
അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുകയാണ് സെക്യൂരിറ്റി കൗണ്‍സിലിന്‍െറ അഥവാ രക്ഷാസമിതിയുടെ പ്രാഥമിക ചുമതല. സെക്യൂരിറ്റി കൗണ്‍സിലില്‍ 15 അംഗങ്ങളാണുള്ളത്. ഓരോ അംഗത്തിന്‍െറയും അംഗത്വ കാലാവധി രണ്ടുവര്‍ഷമാണ്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാവുന്ന ഏതൊരു തര്‍ക്കത്തെയും സംബന്ധിച്ച് രക്ഷാസമിതിക്ക് അന്വേഷണം നടത്താം. എന്നാല്‍, അതിന്‍െറ സമാധാന പരിഹാരത്തിനായുള്ള ശിപാര്‍ശകളേ നടത്താനാവുകയുള്ളൂ. സമാധാനത്തിന് ഭീഷണിയാവുകയോ സമാധാന ലംഘനം നടത്തുകയോ ആക്രമണമാര്‍ഗം സ്വീകരിക്കുകയോ ചെയ്യുന്ന രാജ്യത്തിനെതിരായി നടപടി സ്വീകരിക്കാന്‍ രക്ഷാസമിതിക്ക് അധികാരമുണ്ട്. 
ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ 
ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളെ സമന്വയിപ്പിക്കുന്നത് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലാണ്. ഇതിലെ 27 അംഗങ്ങളെയും ജനറല്‍ അസംബ്ളിയാണ് തെരഞ്ഞെടുക്കുന്നത്. മൂന്നുവര്‍ഷമാണ് അംഗത്വ കാലാവധി. സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങളില്‍ അന്താരാഷ്ട്ര സഹകരണം വളര്‍ത്തുന്നതിന് പഠനങ്ങള്‍ നടത്തുകയും ശിപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു. ‘എക്കോസോക്ക്’ കൊല്ലത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും സമ്മേളിക്കാറുണ്ട്. 

ട്രസ്റ്റിഷിപ് കൗണ്‍സില്‍
ജനറല്‍ അസംബ്ളിയുടെ നിയന്ത്രണത്തിലുള്ള രാജ്യങ്ങള്‍ നടത്തുന്ന ട്രസ്റ്റ് പ്രദേശ ഭരണത്തിന് മേല്‍നോട്ടംവഹിക്കുക, ട്രസ്റ്റ് ഭരണാധികാരികള്‍ സമര്‍പ്പിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുക, ട്രസ്റ്റ് രാജ്യങ്ങളില്‍ നിരീക്ഷകസമിതികളെ അയക്കുക, പരാതികള്‍ സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്യുക എന്നിവ ട്രസ്റ്റിഷിപ് കൗണ്‍സിലിന്‍െറ ചുമതലയില്‍പെടുന്നു. ട്രസ്റ്റ് പ്രദേശങ്ങള്‍ ഭരിക്കുന്ന അംഗരാജ്യങ്ങളും ട്രസ്റ്റ് ഭരണമില്ലാത്ത സ്ഥിരം സെക്യൂരിറ്റി കൗണ്‍സിലംഗങ്ങളും പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ട സാധാരണ അംഗങ്ങളും അടങ്ങിയതാണ് ട്രസ്റ്റിഷിപ് കൗണ്‍സില്‍. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ കാലാവധി മൂന്നുവര്‍ഷമാണ്. 

ഇന്‍റര്‍നാഷനല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്
ഐക്യരാഷ്ട്ര സഭയുടെ പ്രധാന നീതിന്യായ ഘടകമാണ് ഇന്‍റര്‍നാഷനല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് അഥവാ ലോക കോടതി. ലോക കോടതിയില്‍ 15 ജഡ്ജിമാരാണുള്ളത്. ജനറല്‍ അസംബ്ളിയും സെക്യൂരിറ്റി കൗണ്‍സിലും പ്രത്യേകമായി നടത്തുന്ന വോട്ടിങ്ങിലൂടെയാണ് ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്. ജഡ്ജിമാരുടെ ഉദ്യോഗ കാലാവധി ഒമ്പത് വര്‍ഷമാണ്. ഒരു രാജ്യത്തില്‍നിന്ന് ഒന്നിലധികം ജഡ്ജിമാരുണ്ടാവാന്‍ പാടില്ളെന്നാണ് നിയമം. നെതര്‍ലന്‍ഡ്സിലെ ഹേഗ് ആണ് ലോക കോടതിയുടെ ആസ്ഥാനം. 

സെക്രട്ടേറിയറ്റ്
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലും ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് സെക്രട്ടേറിയറ്റ്. സെക്യൂരിറ്റി കൗണ്‍സിലിന്‍െറ ശിപാര്‍ശയനുസരിച്ച് ജനറല്‍ അസംബ്ളിക്കാണ് ഇവരെ നിയമിക്കാനുള്ള അധികാരം. അഞ്ചുവര്‍ഷമാണ് സെക്രട്ടറി ജനറലിന്‍െറ ഒൗദ്യോഗിക കാലാവധി. ഐക്യരാഷ്ട്ര സഭയുടെ ഒന്നാമത്തെ സെക്രട്ടറി ജനറല്‍ നോര്‍വേക്കാരനായ ട്രിഗ്വേ ഹാല്‍വ് ദാന്‍ലീ ആണ്. 

സമാധാനം, സുരക്ഷിതത്വം
അന്താരാഷ്ട്ര തലത്തില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതോടൊപ്പം വരുംതലമുറകളെ യുദ്ധത്തിന്‍െറ കെടുതിയില്‍നിന്ന് രക്ഷിക്കുകയുമാണ് ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപിത ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിനുള്ള ചുമതല രക്ഷാസമിതിക്കാണ്. സമാധാനപരമായ മാര്‍ഗങ്ങള്‍ പരാജയപ്പെട്ടാല്‍ സാമ്പത്തികവും നയതന്ത്രപരവുമായ വിലക്കുകള്‍ തുടങ്ങി, കര-വ്യോമ-നാവിക സേന നടപടികള്‍ വരെയുള്ള പരിപാടികള്‍ രക്ഷാസമിതിക്ക് കൈക്കൊള്ളാം. ഏതു തര്‍ക്കത്തെയും അല്ളെങ്കില്‍ സാഹചര്യത്തെയുംകുറിച്ച് രക്ഷാസമിതിക്ക് അന്വേഷണം നടത്താവുന്നതാണ്. 

പ്രത്യേക സമിതികള്‍
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതികള്‍ ഇവയാണ്: 1. ഇന്‍റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എന്‍.ഒ) 2. യുനൈറ്റഡ് നേഷന്‍സ് എജുക്കേഷനല്‍ സയന്‍റിഫിക് ആന്‍ഡ്  കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്കോ), 3. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ള്യൂ.എച്ച്.ഒ) 4. ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) 5. ഇന്‍റര്‍നാഷനല്‍ ബാങ്ക് ഫോര്‍ റീ-കണ്‍സ്ട്രക്ഷന്‍  ആന്‍ഡ് ഡെവലപ്മെന്‍റ് (ലോക ബാങ്ക്) 6. ഇന്‍റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്), 7. ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ മാരിറ്റൈം കണ്‍സല്‍ട്ടേറ്റിവ് ഓര്‍ഗനൈസേഷന്‍ (ഐ.എം.സി.ഒ), 8. ഇന്‍റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ-ഇക്കാവോ), 9. ഇന്‍റര്‍നാഷനല്‍ ടെലി കമ്യൂണിക്കേഷന്‍ യൂനിയന്‍ (ഐ.ടി.യു), 10. യൂനിവേഴ്സല്‍ പോസ്റ്റല്‍ യൂനിയന്‍ (യു.പി.യു), 11. വേള്‍ഡ് മീറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ള്യൂ.എം.ഒ), 12. ഇന്‍റര്‍നാഷനല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (ഐ.എ.ഇ.എ), 13. ഇന്‍റര്‍നാഷനല്‍ ഡെവലപ്മെന്‍റ് അസോസിയേഷന്‍ (ഐ. ഡി.എ) 14. ഇന്‍റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ (ഐ.എഫ്.സി) 15. ജനറല്‍ എഗ്രിമെന്‍റ് ഓണ്‍ താരിഫ്സ് ആന്‍ഡ്് ട്രേഡ് (ഗാട്ട് -GATT).

യു.എന്‍ ആസ്ഥാനം
ജനറല്‍ അസംബ്ളി അതിന്‍െറ ആദ്യ സമ്മേളനത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം ന്യൂയോര്‍ക് നഗരമായിരിക്കണമെന്ന് തീരുമാനിച്ചു. ന്യൂയോര്‍ക്കില്‍ ലോങ് ഐലന്‍ഡിലുള്ള ‘ലേക് സക്സസില്‍’ ആയിരുന്നു താല്‍ക്കാലിക ആസ്ഥാനം പ്രവര്‍ത്തിച്ചിരുന്നത്. മന്‍ഹാട്ടനില്‍ ജോണ്‍ ഡി റോക്ക് ഫെയര്‍ ജൂനിയര്‍ നല്‍കിയ സ്ഥലത്ത് 1951ല്‍ സ്ഥിരം സെക്രട്ടേറിയറ്റ് മന്ദിരം പൂര്‍ത്തിയാക്കി ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. ഐക്യരാഷ്ട്ര സഭ ഒൗദ്യോഗികമായി സ്ഥാപിതമായ ഒക്ടോബര്‍ 24, ഐക്യരാഷ്ട്ര ദിനമായി ജനറല്‍ അസംബ്ളി പ്രഖ്യാപിച്ചു.