ഏപ്രിൽ ഫൂൾ
  • റെജി മലയാലപ്പുഴ
  • 12:04 PM
  • 31/31/2018

വർഷത്തിൽ ഏവരും കാത്തിരിക്കുന്ന ദിവസങ്ങളിൽ ഒന്നാണ് ഏപ്രിൽ 1. കാരണം ആ ദിവസം ആരെയും വിഡ്​ഢിയാക്കാൻ ലൈസൻസ് കിട്ടിയ ദിവസമാണ്. അതിനാൽതന്നെ ആ ദിവസം എത്തും മുന്നേ ഏവരും കരുതലോടിരിക്കുന്നു. തങ്ങൾക്ക് അമളി പിണയാതിരിക്കാനുള്ള കരുതൽ. മറ്റു ചിലരാകട്ടെ പറ്റിക്കാനുള്ള ആശയങ്ങളുടെ പണിപ്പുരയിലുമായിരിക്കും. വിഡ്​ഢിയാക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർക്ക് പറ്റുന്ന അമളിയായിരിക്കും ബഹുരസം.
വിഡ്​ഢി ദിനത്തി​െൻറ തുടക്കം ഫ്രാൻസിലാണെന്നു കരുതപ്പെടുന്നു. 1564ന് മുമ്പ് പലയിടത്തും പുതുവർഷം ആരംഭിച്ചിരുന്നത് ഏപ്രിൽ ഒന്നാം തീയതി ആയിരുന്നു. ചാൾസ് പത്താമൻ ഫ്രാൻസ് ഭരിക്കുന്ന സമയത്ത് ജനുവരി ഒന്ന്​ പുതുവർഷമായി ആചരിച്ചു തുടങ്ങണമെന്ന് കൽപന പുറപ്പെടുവിച്ചു. രാജ്യത്തെ ഭൂരിപക്ഷം പ്രജകളും രാജകൽപന അനുസരിക്കാൻ തയാറായപ്പോൾ കുറച്ചധികംപേർ രാജകൽപനക്കെതിരായി നിലകൊണ്ടു. അവരെല്ലാം ചേർന്ന് ഏപ്രിൽ ഒന്നുതന്നെ വർഷാരംഭമായി നിലനിർത്താൻ തീരുമാനിച്ചു.
രാജകൽപനക്ക്​ വിധേയരായവർ ധിക്കരിച്ചവരെ പരിഹസിച്ചുകൊണ്ട് എല്ലാ ഏപ്രിൽ ഒന്നിനും അവർക്ക് കത്തുകളും, ഒഴിഞ്ഞ സമ്മാനപ്പൊതികളും അയക്കാൻ തുടങ്ങി. അത് കിട്ടി തുറക്കുന്നവർ ഇളിഭ്യരായി.
അങ്ങനെ ഏപ്രിൽ ഒന്ന്​ ലോകം മുഴുവൻ വിഡ്​ഢിദിനമായി ആചരിക്കാൻ തുടങ്ങിയെന്നതാണ് ഈ ദിനത്തെപ്പറ്റി പ്രചരിക്കുന്ന കഥ. ഏതായാലും ഏത് കേമനും ഒരു നിമിഷത്തി​െൻറ അശ്രദ്ധയിൽ വിഡ്​ഢിയാക്കപ്പെടുമെന്നതാണ് രസകരമായ കാര്യം. മറ്റൊന്ന് അന്നേ ദിവസം സത്യം വിളിച്ചു പറഞ്ഞാൽ പോലും ആരും വിശ്വസിക്കാൻ തയാറാവുകയില്ല എന്നതാണ്. 2018 ലെ ഏപ്രിൽ ഒന്നും അടുത്തെത്തി. വിഡ്​ഢിദിനത്തിൽ സൂത്രങ്ങളൊപ്പിക്കുന്നവർ കളി കാര്യമാകാതെ ശ്രദ്ധിക്കണേ...