നാളറിവ്
എന്തിനാ അപ്പൂപ്പാ ഈ മുഖംമൂടികൾ?
  • റെജി മലയാലപ്പുഴ
  • 03:48 PM
  • 23/12/2017

ഡിസംബർ 25 ​ക്രിസ്​മസ്​

അപ്പൂപ്പനുമൊത്ത്​ നഗരം കാണാനിറങ്ങിയ അപ്പുവിന്​ കടകളിൽ തൂങ്ങിയാടുന്ന മുഖംമൂടികൾ ആശ്ചര്യമുണ്ടാക്കി. വിവിധ വർണങ്ങളിലും രൂപങ്ങളിലുമുള്ള മുഖംമൂടികൾ. ക്രിസ്​മസ് കാലമായതുകൊണ്ടുതന്നെ ക്രിസ്​മസ്​ പാപ്പയുടെ മുഖംമൂടികളാ​ണേറെയും. മുഖംമൂടികൾ എന്തിനാണെന്ന അപ്പുവി​െൻറ ചോദ്യത്തിന്​ മുത്തച്ഛൻ മുഖംമൂടി ഉണ്ടായ ചരിത്രകഥ പറഞ്ഞുകൊടുത്തു.
ശത്രുവിനെ പേടിപ്പിക്കാനുള്ള ആയുധമായാണ്​ മുഖംമൂടി ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്​. ഇന്നത്തെക്കാലത്ത്​ മുറിവേൽപിക്കാനാണ്​ ആയുധങ്ങളെങ്കിൽ അക്കാലത്ത്​ മുഖംമൂടി ധരിച്ച്​ എത്തു​േമ്പാൾ ആളുകൾ ഭയന്നോടും. അതുപോലെത്തന്നെ ശത്രുവിന്​ മനസ്സിലാകാതെ ഒളിച്ചു നടക്കാനും ശത്രുവിനെ ഭയപ്പെടുത്തി ആക്രമിക്കാനും മുഖം മൂടി ഉപയോഗിച്ചിരുന്നു.
മുഖംമൂടി ആദ്യമായി എവിടെയാണ്​ ഉണ്ടായത്​ അപ്പൂപ്പാ? മുഖംമൂടി ആദ്യമായി ഉണ്ടായത്​ ആഫ്രിക്കയിലാണെന്ന്​ കരുതപ്പെടുന്നു. ആഫ്രിക്കയിലെ ആദിവാസികൾ വിചിത്രമായ ഒരു രൂപമുണ്ടാക്കി മുഖത്തു​െവച്ചുകെട്ടി ചോരച്ചുവപ്പുള്ള വട്ടക്കണ്ണുകളും കൊമ്പൻ പല്ലുകളും വമ്പൻ മീശയും ഉള്ളതായിരുന്നു അത്​. അവർ ഭൂതപ്രേത വിശ്വാസങ്ങൾ ഉള്ള ആൾക്കാരായിരുന്നു. ഭൂതങ്ങളെ ഭയപ്പെടുത്താൻ ഉപകരിക്കുമെന്നു കരുതിയാണ്​ അവർ ഇൗ മുഖംമൂടി ധരിച്ച്​ പുറത്തിറങ്ങിയിരുന്നത്​. അന്ന്​ നിർമിക്കപ്പെട്ട മുഖംമൂടിയാണ്​ ഇന്ന്​ ഇൗ രൂപങ്ങളിൽ എത്തി നിൽക്കുന്നത്​.
മോനറിയാമോ, മൃഗങ്ങളുടെയും വൃക്ഷങ്ങളുടെയും തൊലി കൊണ്ടുണ്ടാക്കിയ മുഖംമൂടികളും അക്കാലത്ത്​ ഉണ്ടായിരുന്നു. പിന്നീട്​ അവയിൽ തൂവലുകളും കൊമ്പുകളും ചേർത്തുവെച്ച്​ രൂപത്തിൽ വ്യത്യാസം വരുത്തി; ആകർഷകമാക്കി. മണ്ണുകൊണ്ടുള്ള മുഖംമൂടികൾ നിർമിച്ചിരുന്നുവെങ്കിലും അതൊക്കെ മതപരമായ ചില ചടങ്ങുകൾക്ക്​ മാത്രമായി ഉപയോഗിച്ചിരുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്​.
നാടകങ്ങളിൽ മുഖംമൂടി അണിഞ്ഞിട്ടുള്ളത്​ മോൻ ശ്രദ്ധിച്ചിട്ടുണ്ടോ? 16ാം നൂറ്റാണ്ടിൽ നാടകവേദി കൂടുതൽ പ്രചാരമായപ്പോൾ അതിന്​ ആവശ്യമായ മുഖംമൂടികൾ നിർമിക്കപ്പെട്ടുതുടങ്ങി. നാടകത്തിലെ മൃഗങ്ങളുടെയും ഭൂതങ്ങളുടെയും കഥാപാത്ര നിർവഹണത്തിന്​ മുഖത്തണിയാൻ ഇവ ഉപയോഗപ്പെടുത്തിയിരുന്നു. നടന്മാരു​െട അഭിനയവൈദഗ്​ധ്യത്തോടൊപ്പം കഥാപാത്രത്തെ വ്യക്തമായി അവതരിപ്പിക്കാൻ മുഖം മൂടികൾ സഹായകമായി. അതുപോലെത്തന്നെ പുരുഷന്മാർക്ക്​ സ്​ത്രീ വേഷമണിയാൻ സ്​ത്രീകളുടെ മുഖരൂപമാണ്​ തയാറാക്കി ഉപയോഗിച്ചിരുന്നത്​.
കരയുകയും ചിരിക്കുകയുംചെയ്യുന്ന മുഖംമൂടികളും ഉണ്ടായിരുന്നതായി അപ്പൂപ്പൻ പറഞ്ഞപ്പോൾ അത്​ എന്തെന്നറിയാൻ അപ്പുവിന്​ ആകാംക്ഷയായി. പാശ്ചാത്യ നാടകങ്ങളിൽ നടന്മാർക്ക്​ അഭിനയ​െത്തക്കാളുപരി മുഖംമൂടികൾകൊണ്ട്​ സൃഷ്​ടിക്കുന്ന രംഗാവിഷ്​കാരങ്ങൾക്കായിരുന്നു പ്രാധാന്യം. അതിനായി ദുഃഖ ഭാവം പ്രകടിപ്പിക്കുന്നവയും സന്തോഷം ജനിപ്പിക്കുന്നവയുമായ മുഖംമൂടികൾ രൂപപ്പെടുത്താൻ ആരംഭിച്ചു. അതാതി​െൻറ സന്ദർഭങ്ങളിൽ നടൻ ഒാരോന്നും ഉപയോഗപ്പെടുത്തും. 
അതി​െനക്കാൾ രസകരമായ കാര്യം മോനറിയണ്ടേ? സന്തോഷത്തോടെ അരങ്ങിൽ തകർത്താടുന്ന സന്ദർഭത്തിനിടക്ക്​ ദുഃഖവാർത്ത എത്തുകയാണെങ്കിൽ നടൻ സന്തോഷത്തിലുള്ള മുഖംമൂടി വലിച്ചെറിഞ്ഞ്​ സങ്കട മുഖംമൂടി വേഗത്തിൽ എടുത്ത്​ ധരിക്കും.
അപ്പൂപ്പാ സിനിമയിലൊക്കെ കരയുന്ന രംഗത്തിന്​ ഗ്ലിസറിനാണ്​ ഉപയോഗിക്കുന്നതെന്ന്​ കേട്ടിട്ടുണ്ട​ല്ലോ? അത്​ സിനിമയിലാണ്​ മോനേ ! ഇത്​ നാടകമാണ്​. പാശ്ചാത്യ നാടകകൃതികളുടെ പുറം ചട്ട മോൻ ശ്രദ്ധിച്ചിട്ടുണ്ടോ? അതിൽ രണ്ടു മുഖം മൂടികളുടെ ചിത്രങ്ങൾ ആലേഖനം ചെയ്​തിട്ടുണ്ട്​. നാടകവേദിയുടെ അടയാളപ്പെടുത്തലാണ്​ മോനേ അത്​.
നമ്മുടെ നാട്ടിലും ഉണ്ട്​ ധാരാളം മുഖം മൂടിക്കഥകൾ. കഥകളിയുടെ പൂർവരൂപമായ​ രാമനാട്ടം ഉണ്ടായ 17ാം നൂറ്റാണ്ടി​െൻറ പകുതിയിൽ രാമനാട്ട കലാകാരന്മാർ മുഖംമൂടി ഉപയോഗിച്ച്​ ആടിയിരുന്നു. കൊട്ടാരക്കര രാജാവി​െൻറ സദസ്സിൽ രാമനാട്ട കലാകാരന്മാർ കവുങ്ങിൻ പാളകളിൽ കരിയും കുമ്മായവും ചെങ്കല്ലും ചേർത്ത്​ വരച്ചുണ്ടാക്കിയ മുഖംമൂടികൾ ധരിച്ചാണ്​ രാമനാട്ടം അവതരിപ്പിച്ചിരുന്നത്​. രാമനാട്ടം കഥകളിയായി രൂപാന്തരപ്പെട്ടപ്പോഴാണ്​ മുഖത്ത്​ ‘ചുട്ടികുത്തുന്ന’ സ​മ്പ്രദായം ആരംഭിക്കുന്നത്​. അപ്പൂപ്പാ, മുഖം മൂടിയില്ലെങ്കിലും മുഖത്ത്​ ചായം പൂശി പുരുഷന്മാർ കഥകളിയിൽ സ്​ത്രീ വേഷം കെട്ടിയാടുന്നത്​ ഞാൻ കണ്ടിട്ടുണ്ട്​.
ഇപ്പോൾ എന്താണ്​ മുഖംമൂടി കൂടുതൽ കടകളിലെത്തിയതെന്ന്​ അറിയില്ലേ?
ക്രിസ്​മസ്​ കാലമാണ്​. സാന്താേക്ലാസി​െൻറ മുഖംമൂടിയണിഞ്ഞ്​ നാടെങ്ങും ക്രിസ്​തുദേവ​െൻറ തിരുപ്പിറവി അറിയിക്കാൻ കരോൾ സംഘങ്ങൾ ഇറങ്ങും. അപ്പോൾ ഇന്ന്​ മോനൊരു ക്രിസ്​മസ്​ അപ്പൂപ്പ​െൻറ മുഖംമൂടി വാങ്ങിത്തരാം. അത്​ ധരിച്ച്​ കൂട്ടുകാരെയെല്ലാം ആകർഷിക്കാം.