ടെലിസ്‌കോപ്പ്
എന്താണ്​ വാൽനക്ഷത്രങ്ങൾ? അവക്ക്​ ശരിക്കും വാലുണ്ടോ?
  • ഇല്ല്യാസ്​ പെരിമ്പലം
  • 12:18 PM
  • 19/07/2019
ഹാലിയുടെ വാൽനക്ഷത്രം

തിളങ്ങുന്ന ഒരു കൊച്ചു തലയും (ന്യൂക്ലിയസ്​) ചൂലുപോ​െല നീണ്ടവാലുമായി മാനത്ത് അപൂർവമായി വിരുന്നെത്തുന്ന അതിഥികളാണ് വാൽനക്ഷത്രങ്ങൾ. തലക്ക് രണ്ടോ മൂന്നോ, ചിലപ്പോൾ പത്തോ ഇരുപതോ
കിലോ മീറ്റർ വലുപ്പമുണ്ടാകാം. (ഗോളാകൃതിയില്ലാത്തതിനാൽ ഇതിന് വ്യാസം എന്നു പറയാനാവില്ല). വാലിന് ഏതാനും കോടി കിലോമീറ്റർ വരെ നീളമുണ്ടാകാം. ഇത് വളരെ നേർത്തതും സുതാര്യവുമാണ്. തല 70 ശതമാനത്തോളം ഹിമവും ബാക്കി പൊടിയും പാറക്കല്ലുകളും അടങ്ങിയതുമാണ്.
അതിദീർഘ വൃത്തപഥത്തിലാണ് ഇവ സൂര്യനെ ചുറ്റുന്നത്. ഒരു ഭാഗത്ത് സൂര്യ​െൻറ വളരെ അടുത്തുവരുമ്പോൾ മറുഭാഗത്ത് ഇവ വളരെ ദൂരെപ്പോകുന്നു. ദൂരെയായിരിക്കുമ്പോൾ വാൽനക്ഷത്രങ്ങൾക്ക് വാലുണ്ടാവില്ല. സൂര്യനെ സമീപിക്കുമ്പോൾ സൗരവാതം ഏറ്റ് കുറെ ഹിമം ബാഷ്പമാവുകയും ധൂളികൾ വേർപെടുകയും ചെയ്യുന്നു. സൗരവാതം അവയെ പിന്നിലേക്ക് തള്ളിനീക്കുന്നു. ഇതിൽ സൂര്യപ്രകാശം തട്ടി തിളങ്ങുന്നതാണ് നാം കാണുന്ന വാൽ. വാൽ എപ്പോഴും സൂര്യ​െൻറ എതിർദിശയിലായിരിക്കും. സൂര്യനോടടുക്കും തോറും വാലിെൻറ നീളം കൂടിവരുകയും അകന്നുപോകുമ്പോൾ കുറയുകയും ചെയ്യും. പ്ലൂട്ടോ ഉൾപ്പെടുന്ന കുയ്പ്പർ ബെൽറ്റ് മേഖല, സൂര്യനിൽനിന്ന്​  45,000  കോടി കിലോ മീറ്റർ മുതൽ എട്ടു ലക്ഷം കോടി കിലോ മീറ്റർ വരെ ദൂരത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഉൗർട്ട് ക്ലൗഡ് മേഖല എന്നിവിടങ്ങളിൽനിന്നാണ് വാൽനക്ഷത്രങ്ങളുടെ വരവ്. അനേകം കോടി അശുദ്ധ ഹിമപിണ്ഡങ്ങൾ സൂര്യനെ ചുറ്റുന്ന മേഖലകളാണ് കുയ്പ്പർ ബെൽറ്റും ഉൗർട്ട് ക്ലൗഡും. ഈ രണ്ട് മേഖലകളിലും എന്തെങ്കിലും വിക്ഷോഭങ്ങളുണ്ടാകുമ്പോൾ പഥം തെറ്റി സൗരയൂഥത്തിെൻറ ഉൾഭാഗത്തേക്ക് വരാനിടയാകുന്ന ഹിമപിണ്ഡങ്ങളാണ് വാൽനക്ഷത്രങ്ങളാകുന്നത്. ശ്രദ്ധേയമായ വാൽനക്ഷത്രമാണ് 76 വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന ഹാലിയുടെ വാൽനക്ഷത്രം. 1910ലും 1986ലും പ്രത്യക്ഷപ്പെട്ട ഇത് ഇനി 2061ൽ വീണ്ടും വരും. ഒരുഭാഗത്ത് സൂര്യ​െൻറ ഒമ്പതു കോടി കിലോ മീറ്റർ അടുത്തു വരുന്ന ഹാലി, മറുഭാഗത്ത് 500 കോടി കിലോ മീറ്റർ വരെ ദൂരെപ്പോകും. നെപ്ട്യൂണിന്​ അപ്പുറത്തുള്ള കുയ്പ്പർ ബെൽറ്റ് മേഖലയിൽനിന്നാണ് ഇതിെൻറ വരവ്. ദൂരെനിന്ന് വരുമ്പോൾ  ഹാലിക്ക് വാലില്ല. വ്യാഴത്തിനു സമീപമെത്തുന്നതോടെയാണ് വാൽ ‘മുളക്കുന്നത്’. സൂര്യനോട്​ അടുക്കും തോറും വാലിന് നീളം കൂടിവരുന്നു. 1910ൽ ഭൂമി ഇതിെൻറ വാലിനെ മുറിച്ചുകടന്നു. ഇതിൽനിന്നും ഈ വാലിന് എത്ര നീളമുണ്ടാവുമെന്ന് ഉൗഹിക്കാവുന്നതാണ്. നഗ്​നനേത്രങ്ങൾകൊണ്ട് കാണാവുന്ന വാൽനക്ഷത്രങ്ങളിൽ അവസാനം വന്നത് 1996ലെ ഹെയ്ൽ ബോപ്പ് ആയിരുന്നു. 1965ൽ വന്ന ‘ഇക്കേയ സകി’ പകൽ സമയത്തുതന്നെ കഷ്​ടിച്ച് കാണാവുന്നതായിരുന്നു. വാൽനക്ഷത്രങ്ങളെക്കുറിച്ച് പഠിക്കാൻ മനുഷ്യൻ പേടകങ്ങൾ അയച്ചിട്ടുണ്ട്. 1985ൽ വിക്ഷേപിച്ച യൂറോപ്യൻ സ്​പേസ്​​ ഏജൻസിയുടെ ‘ജിയാട്ടോ’ 1986ൽ ഹാലിയുടെ 600 കിലോ മീറ്റർ വരെ അടുത്ത് ചെന്ന് ചിത്രങ്ങളെടുത്തു. 1999ൽ നാസ വിക്ഷേപിച്ച ‘സ്​റ്റാർ ഡെസ്​റ്റ്​’ വൈൽഡ്-2 വാൽനക്ഷത്രത്തിെൻറ വാലിൽനിന്നു ധൂളികൾ ശേഖരിച്ച്  2006ൽ ഭൂമിയിൽ തിരിച്ചെത്തി. നാസയുടെ ഡീപ് ഇംപാക്ട്​ എന്ന പേടകം 2005ൽ ടെംപിൾ-1 വാൽനക്ഷത്രത്തിനരികിലെത്തി. ഇതിൽനിന്ന്​ ഇംപാക്ടർ എന്ന ഒരുഭാഗം വാൽനക്ഷത്രത്തിൽ ഇടിച്ചിറങ്ങി. തൽഫലമായി ഉയർന്ന പൊടിപടലങ്ങളുടെയും ചിത്രം മാതൃപേടകം പകർത്തി. ഉൗർട്ട് ക്ലൗഡിലെ വസ്​തുക്കൾ ഗ്രഹങ്ങളുടെ പരിക്രമണ തലത്തിലല്ല സൂര്യനെ ചുറ്റുന്നത്. സൗരയൂഥത്തെ പൊതിഞ്ഞ്​ എല്ലാ ദിശകളിലുമാണ്. അതിനാൽ, ഇവിടെനിന്ന് വരുന്ന വാൽനക്ഷത്രങ്ങൾ ഗ്രഹങ്ങളുമായി കൂട്ടിമുട്ടാൻ നേരിയ സാധ്യതയുള്ളവയാണ്. 1994 ജൂ​ൈലയിൽ ‘ഷൂമാക്കർ ലെവി-9’ എന്ന വാൽനക്ഷത്രം വ്യാഴത്തിൽ ഇടിച്ച് വലിയ ആഘാതം സൃഷ്​ടിച്ചു. ചില വാൽനക്ഷത്രങ്ങൾ സൂര്യനിലും ചെന്നു പതിക്കാറുണ്ട്. 2013 ഡിസംബറിൽ സൂര്യനിൽ ചെന്നു പതിച്ച പ്രസിദ്ധമായ വാൽനക്ഷത്രമാണ് ‘ഐസോൺ’.