സ്കൂൾ പച്ച
ഉറുമ്പിൻകൂട്ടിലെ തേൻകുടങ്ങൾ
  • ആഷിഖ്​ മുഹമ്മദ്​
  • 02:33 PM
  • 10/04/2019

ജാഥപോലെ, ഒന്നിനുപിറകെ ഒന്നായി വരി തെറ്റാതെ നടക്കുന്ന കുഞ്ഞനുറുമ്പുകൾ എന്നും കൗതുകമുണർത്തുന്ന കാഴ്ചയാണ്. ചെറുതെങ്കിലും അധ്വാനശീലരായ ഈ കൊച്ചു ജീവികൾ തങ്ങളു​െടതായ ഒരു സാമ്രാജ്യം പടച്ചുണ്ടാക്കി അതിൽ സാമൂഹിക ജീവിതം നയിച്ചുവരുന്നു. ഉറുമ്പുകൾ കാണപ്പെടാത്ത രാജ്യങ്ങളോ സ്ഥലങ്ങളോ ലോകത്തില്ലെന്നുതന്നെ പറയാം.  സാധാരണഗതിയില്‍ ശൈത്യമേഖല രാജ്യങ്ങളില്‍ താരതമ്യേന കുറവായും ഉഷ്ണമേഖല രാജ്യങ്ങളില്‍ കൂടുതലായുമാണ് ഉറുമ്പുകളെ കണ്ടുവരാറുള്ളത്. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലായി ഉറുമ്പ് കുടുംബത്തിലെ ആറായിരത്തിലധികം വിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. തേൻ ശേഖരിച്ചുവെക്കുന്നവരും ഈ കൂട്ടത്തിലുണ്ടത്രെ. ഹണി പോട്ട് ഉറുമ്പുകൾ (Honeypot Ant) എന്നറിയപ്പെടുന്ന ഈ വിരുതന്മാർ തേൻ സൂക്ഷിച്ചു വെക്കുന്നത് കൂട്ടിലെ അറകളിലല്ല, മറിച്ച് സ്വന്തം അടിവയറ്റിലാണെന്നുമാത്രം.
ഇവയുടെ കൂട്ടത്തിൽ രണ്ടുതരം ഉറുമ്പുകളുണ്ടാവും. ജോലിക്കാർ എന്ന ആദ്യത്തെ കൂട്ടർ മറ്റ്​ ഉറുമ്പുകളെ ധാരാളമായി  തേൻ കുടിപ്പിക്കുന്നു. തേൻ കുടിച്ച അവയുടെ വയർ വീർത്ത് ശരീരത്തി​െൻറ പല മടങ്ങാകും. പിന്നീട് അനങ്ങാൻ വയ്യാത്ത ഇവർ കൂട്ടിനുള്ളിൽ അങ്ങനെ തൂങ്ങിക്കിടപ്പാണ്. അടുത്ത ക്ഷാമകാലത്താണ് ഇവയുടെ ഉപയോഗം ഉണ്ടാവുന്നത്. അപ്പോൾ ഭക്ഷണം ലഭിക്കാത്ത മറ്റ്​ ഉറുമ്പുകൾ ഇവയുടെ വായിലൂടെ തേൻ ഊറ്റിയെടുത്ത് കുടിക്കുന്നു. തേൻ കാലിയാവുന്നതോടെ ഈ ചങ്ങാതിയുടെ  കഥ കഴിയും എന്നതാണ് ദുഃഖകരം. ക്ഷാമകാലത്തേക്ക് ജീവനുള്ള ഒരു കലവറ ആയി ഇവ പ്രവർത്തിക്കുന്നു.
ആസ്‌​ട്രേലിയയിലെ ആദിമവാസികൾക്ക് തേനൂറുന്ന ഭക്ഷണവിഭവമായ ഇവയുടെ ജീവിതം പൊതുവിൽ അക്രമാസക്തമാണ്. തേൻ കൈക്കലാക്കുന്നതിനായി മറ്റ്​ ഉറുമ്പിൻകൂട്ടങ്ങൾ ഇവയെ ആക്രമിക്കാറുണ്ട്.  മാത്രമല്ല മറ്റ്​ ഉറുമ്പുകളുടെ വീടുകൾ കൊള്ളയടിക്കുകയും മുട്ടകൾ മോഷ്​ടിച്ച് കൊണ്ടുപോവുകയും അവ വിരിഞ്ഞ് പുറത്തു വരുന്ന കുഞ്ഞുങ്ങളെ അടിമകളാക്കി മാറ്റുകയും ചെയ്യുന്നു. ഇതൊന്നും പോരാഞ്ഞിട്ട്​ ഉറുമ്പുതീനിയുടെയും കരടിയുടെയും ആക്രമണവും. നിറം മാറാനുള്ള കഴിവാണ് ഈ കുഞ്ഞന്മാരുടെ മറ്റൊരു പ്രത്യേകത. ചുവപ്പ്, പച്ച, മഞ്ഞ, നീല തുടങ്ങിയ നിറങ്ങളിലാണ് ഇവ കൂടുതലായും കണ്ടുവരുന്നത്.