കായികം
ഇറ്റലി, ഈ സമയവും കടന്നുപോവും
  • കെ.പി.എം. റിയാസ്​
  • 12:51 PM
  • 20/20/2017
സൂപ്പർഗ വിമാനാപകടം

മുൻ ചാമ്പ്യന്മാരായ ഇറ്റലി 2018ൽ റഷ്യയിൽ നടക്കുന്ന ഫുട്ബാൾ ലോകകപ്പിന് യോഗ്യത നേടാത്തത് വലിയ വാർത്തയായിരിക്കുന്നു. 175 മത്സരങ്ങളിൽ ടീമിെൻറ ജഴ്സിയണിഞ്ഞ് റെക്കോഡ് സ്ഥാപിച്ച ഗോൾ കീപ്പറും നായകനുമായ ഗിയാൻലൂഗി ബുഫൺ, മധ്യനിരയിലെ പ്രധാനി ഡാനി‍യേല ഡിറോസി, പ്രതിരോധക്കാരൻ ആന്ദ്രെ ബെർസാഗ്ലി എന്നിവർ വിരമിക്കുകകൂടി ചെയ്തത് ദേശീയ ടീമിന് കനത്ത ആഘാതമായി. എന്നാൽ, ഇതിലും വലിയ ദുരന്തങ്ങൾ നേരിട്ടാണ് ഇറ്റലി പലവട്ടം അന്താരാഷ്​ട്ര ഫുട്ബാളിലെ രാജാക്കന്മാരായി വാണതെന്നത് ചരിത്രം.
1910ലാണ് ഇറ്റാലിയൻ ദേശീയ ടീം നിലവിൽ വരുന്നത്. ഇറ്റാലിയൻ ഭാഷയിൽ അസൂറോ എന്നാൽ നീല. ഇതാണ് നീലക്കുപ്പായക്കാർ അസൂറികളെന്ന് അറിയപ്പെടാൻ കാരണം. 1910 മേയ് 15ന് മിലാനിൽ നടന്ന അന്താരാഷ്​ട്ര മത്സരത്തിൽ ഫ്രാൻസിനെ 6^2ന് തോൽപിച്ചായിരുന്നു തുടക്കം. നാല് ലോകകപ്പുകളും ഒരു യൂറോ കപ്പുമാണ് ഇറ്റലിയുടെ പ്രധാന നേട്ടങ്ങൾ. ഇവയിൽ രണ്ട് തവണ വീതം റണ്ണറപ്പായി. 1934ലെ രണ്ടാം ലോകകപ്പിന് ആതിഥ്യമരുളിയത് ഇറ്റലിയായിരുന്നു. ഫൈനലിൽ ചെക്കോസ്​​േലാവാക്യയെ തോൽപിച്ച് പ്രഥമ കിരീടം.
1938ലും ഇറ്റലി കിരീട നേട്ടം ആവർത്തിച്ചു. 1950ലാണ് പിന്നെ ലോകകപ്പ് നടക്കുന്നത്. ഇതിനിടെ വലിയൊരു ദുരന്തം ടീമിനെ പിടികൂടിയിരുന്നു. ദേശീയ സംഘത്തിലെ ഭൂരിഭാഗം താരങ്ങളും മരണത്തിലേക്ക് വീണ സൂപ്പർഗ വിമാനാപകടം. 1949 മേയ് 
നാലിന് ടൊറീനൊ ക്ലബിെൻറ കളിക്കാര്‍ പോർചുഗലിലെ ലിസ്ബണില്‍നിന്നും ബെന്‍ഫിക്കയുമായുള്ള മത്സരം കഴിഞ്ഞ് മടങ്ങവെ ഫിയറ്റ് ജി 212 വിമാനം സൂപ്പര്‍ഗ പര്‍വതത്തിലെ ബസലിക്കയുടെ മതിലിലിടിച്ചു. 18 ടീം അംഗങ്ങളും ഒഫിഷ്യൽസുമടക്കം 31 പേരാണ് മരിച്ചത്. ദേശീയ ടീമിലെ പ്രമുഖർതന്നെയായിരുന്നു ടൊറീനൊ താരങ്ങൾ.
ഉ‍യിർത്തെഴുന്നേൽപിന് പിന്നെ വർഷങ്ങൾ വേണ്ടിവന്നു. 1950, 54, 62, 66 ലോകകപ്പുകളിൽ ആദ്യ റൗണ്ടിൽ പുറത്തായ ഇറ്റലി 1958ൽ യോഗ്യത നേടിയത് പോലുമില്ല. തലമുറ മാറ്റം ദുരന്തത്തിെൻറ മുറിവുണക്കിയപ്പോൾ 1970ൽ ശക്തമായി തിരിച്ചുവന്ന് അവർ രണ്ടാം സ്ഥാനത്തെത്തി. 1982ലും 2006ലും വീണ്ടും കിരീടം. 2010ലും 2014ലും പക്ഷേ, ആദ്യ റൗണ്ടിൽ മടങ്ങി. 1958ന് ശേഷം ഇതാദ്യമാണ് ഇറ്റലിയില്ലാത്ത ലോകകപ്പ്. ഇപ്പോഴത്തെ തിരിച്ചടിയെയും അവർ അതിജീവിക്കുമെന്നുതന്നെയാണ് ഫുട്ബാൾ പ്രേമികളുടെ പ്രതീക്ഷ.