ഇരവി​െൻറ കൂട്ടുകാരൻ
  • റെജി മലയാലപ്പുഴ
  • 01:09 PM
  • 12/12/2018

കൊച്ചു കൂട്ടുകാരേ, നിങ്ങൾക്ക്​ രാത്രിയിൽ ഇറങ്ങി നടക്കാൻ ഭയമാണല്ലേ? മാത്രമല്ല, വെളിച്ചമില്ലെങ്കിൽ നമുക്ക്​ രാത്രിയിൽ ഒന്നും കാണാനുമാവില്ലല്ലോ. എന്നാൽ, ഇതൊക്കെ സാധിക്കുന്ന ചിലരുണ്ട്​. രാത്രിയിൽ ഒരു ഭയവും കൂടാതെ നമ്മൾ പകൽ എങ്ങനെ സഞ്ചരിക്കുന്നുവോ അതുപോലെ അവരും; അക്കൂട്ടത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ആളാണ്​ മൂങ്ങ. സൂര്യൻ അസ്​തമിക്കുന്ന സമയം വരെയും ഇവർ ഏതെങ്കിലും മരക്കൊമ്പിൽ ചിറകൊതുക്കി കൂനിക്കൂടിയിരിക്കും. നേരം ഇരുണ്ടുകഴിഞ്ഞാൽ മെല്ലെ അവർ ഇര തേടാനിറങ്ങും. മൂങ്ങയെപ്പോലെ രാത്രിയിൽ ഇരതേടി ഇറങ്ങുന്ന എല്ലാവരെയും ​െപാതുവിൽ വിളിക്കുന്ന പേര്​ ‘നിശാചരന്മാർ’ എന്നാണെന്ന്​ കൂട്ടുകാർ അറിഞ്ഞിരിക്കണം. രാത്രിയിൽ ഇവർ ഇറങ്ങു​േമ്പാൾ പൊതുവിൽ പക്ഷിമൃഗാദികളും മനുഷ്യരും നല്ല ഉറക്കത്തിലായിരിക്കുമല്ലോ. മനുഷ്യരായ നമ്മുടെയൊക്കെ കാഴ്​ചശക്​തി ഇരുട്ടിൽ വളരെ കുറവാണല്ലോ. എന്നാൽ, മൂങ്ങയുടേത്​ നമ്മുടേതിനേക്കാൾ പത്തിരട്ടി ശക്​തിയുള്ള കാഴ്​ചയാണ്​.
രാത്രിയിൽ ഇരതേടാനിറങ്ങുന്ന മൂങ്ങകൾക്ക്​ ശബ്​ദമുണ്ടാക്കാതെ പറക്കാൻ സാധിക്കും. അതി​െൻറ ശരീരത്തിലുള്ള പഞ്ഞിപോലെ നനുത്ത കുഞ്ചിരോമങ്ങളാണ്​ അതിനെ ഇൗ വിധത്തിൽ പറക്കാൻ സഹായിക്കുന്നത്​.
മൂങ്ങകൾക്ക്​ കണ്ണുകൾ ചലിപ്പിക്കാൻ ആവുകയില്ല. പകരം അവക്ക്​ കഴുത്ത്​ പൂർണ വൃത്തരൂപത്തിൽ തിരിക്കാൻ കഴിയും. മൂങ്ങയുടെ വളഞ്ഞുകൂർത്ത നഖങ്ങൾ ഇരകളെ വളരെ എളുപ്പത്തിൽ പിടിക്കാനും കൊല്ലാനും സഹായകമാണ്​. ഇത്രയൊക്കെ അറിഞ്ഞപ്പോഴും ഒരു ഉത്​കണ്​ഠ കൂട്ടുകാർക്ക്​ ഉണ്ടല്ലേ! മൂങ്ങയെ കാണണമെങ്കിൽ രാത്രി ഇറങ്ങണമല്ലോ എന്നോർത്ത്​. വിഷമിക്കേണ്ട. ചുറ്റുപാടുമുള്ള മരങ്ങളിൽ പകൽ ഒന്നു മിനക്കെട്ടു നിരീക്ഷിച്ചാൽ ഒരു ശല്യവുമില്ലാതിരിക്കുന്ന അവയെ കണ്ടെത്താൻ സാധിക്കും.
മൂങ്ങകൾ വിവിധ വിഭാഗങ്ങൾ ഉണ്ടെന്ന്​ കൂട്ടുകാർക്കറിയാമോ? ആകൃതി വ്യത്യാസമനുസരിച്ച്​ മൂങ്ങകൾ വിവിധതരം വർഗങ്ങളുണ്ട്​.
കളപ്പുര മൂങ്ങ, കഴുകൻ മൂങ്ങ, കുട്ടിച്ചാത്തൻ മൂങ്ങ, മുയൽച്ചെവിയൻ മൂങ്ങ എന്നീ പേരുകളിൽ അറിയപ്പെടുന്നവ ഇവയിൽ ചില വർഗക്കാരാണ്​. മൂളിയിരിക്കുന്ന മൂങ്ങകളുടെ ചില വർത്തമാനങ്ങൾ കൂട്ടുകാർക്ക്​ ഇഷ്​ടമായെങ്കിൽ മൂങ്ങയെക്കുറിച്ച്​ കവിതയെഴുതാം, മൂങ്ങയുടെ ചിത്രം വരക്കാം, മൂങ്ങകൾക്കൊപ്പം നിശാചരന്മാരായവരുടെ പട്ടിക തയാറാക്കാം.