കായികം
ഇന്ത്യയും ലോകകപ്പും തമ്മിലെന്ത്​?
  • കെ.പി.എം. റിയാസ്​
  • 10:59 AM
  • 09/9/2017

ചരിത്രത്തിലാദ്യമായി ഇന്ത്യ ഒരു ഫുട്ബാൾ ലോകകപ്പിന് വേദിയായിക്കൊണ്ടിരിക്കുന്നു. അണ്ടർ 17 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നുവെന്നതിനേക്കാൾ ടീം കളിക്കാനിറങ്ങുന്നതിെൻറ ആവേശത്തിലാണ് ഫുട്ബാൾ പ്രേമികൾ. സീനിയർ ലോകകപ്പിൽ ഇന്ത്യയുടെ മൂവർണക്കൊടി പാറുന്നതിലേക്കുള്ള സുപ്രധാന ചുവടായി ഇതിനെ കാണുന്നവരുണ്ട്. ഇന്ത്യയും ഫുട്ബാൾ ലോകകപ്പും തമ്മിൽ തീരെ ചെറിയ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. സീനിയർ ലോകകപ്പിൽ ഒരു തവണ പോലും പന്ത് തട്ടാൻ ദേശീയ ടീമിനായിട്ടില്ല. 
എല്ലാ പ്രാവശ്യവും യോഗ്യതാ റൗണ്ടിെൻറ ആദ്യ ഘട്ടത്തിൽ ഇന്ത്യ പുറത്തായി മടങ്ങുകയാണ് പതിവ്. ഒരേയൊരു പ്രാവശ്യം ലോകകപ്പ് കളിക്കാൻ അവസരമൊരുങ്ങിയിരുന്നു, 1950ൽ. ഏഷ്യയിലെ പല വമ്പന്മാരും പിന്മാറിയതോടെ വൻകരയുടെ പ്രതിനിധികളിലൊന്നായി ഇന്ത്യയെയും ഉൾപ്പെടുത്തി. ബ്രസീലിൽ നടന്ന ലോകകപ്പിൽ പക്ഷേ ടീം പങ്കെടുത്തില്ല. ബൂട്ടിടാതെ കളിക്കാൻ അന്താരാഷ്​ട്ര ഫുട്ബാൾ ഫെഡറേഷൻ (ഫിഫ) അനുവദിച്ചില്ലെന്നാണ് ഇതിന് കാരണമായി പൊതുവെ  പറയപ്പെടുന്നത്. എന്നാൽ, അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷ​െൻറ താൽപര്യമില്ലായ്മമൂലമാണ് ടീം പോകാതിരുന്നതെന്ന് ചില മുൻ താരങ്ങൾ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.
1948ലെ ഒളിമ്പിക്സിൽ ബൂട്ടില്ലാത്ത കളിക്കാരെ ഇറക്കി കരുത്തരായ ഫ്രാൻസിനോട് 1^2ന് പൊരുതിത്തോൽക്കുകയായിരുന്നു ഇന്ത്യ. 1956ലെ ഒളിമ്പിക്സിൽ നാലാം സ്ഥാനം നേടിയതാണ് ടീമിെൻറ ഏറ്റവും മികച്ച പ്രകടനം. ഇപ്പോൾ നടക്കുന്ന അണ്ടർ 17 ലോകകപ്പിൽ ആതിഥേയരെന്ന നിലയിലാണ് ഇന്ത്യക്ക് ഇടം ലഭിച്ചിരിക്കുന്നത്. 16 വയസ്സ് വരെയുള്ള കുട്ടികളെ അണിനിരത്തി സിംഗപ്പൂർ ഫുട്ബാൾ അസോസിയേഷൻ നടത്തുന്ന ലയൺ സിറ്റി കപ്പാണ് 1985ൽ ആരംഭിച്ച കൗമാര ലോകകപ്പിെൻറ പ്രചോദനം. 2007വരെ ഇത് അണ്ടർ 16 ലോകകപ്പായിരുന്നു. പിന്നീട് അണ്ടർ 17 ആക്കി. 1998ലും 1999ലും മേൽപ്പറഞ്ഞ ലയൺ സിറ്റി കപ്പിൽ കിരീടം നേടിയതെന്ന് ആരെന്നറിയാമോ? നമ്മുടെ ഇന്ത്യ തന്നെ.