പുസ്തക വെളിച്ചം
ആരോഗ്യനികേതനം
  • പ്രഫ. എം. ഹരിദാസ്
  • 10:44 AM
  • 02/08/2016

 

ജൂലൈ 23ന് താരാശങ്കറിന്‍െറ 119ാം ജന്മദിനമായിരുന്നു
 

ഏറ്റവും സമ്പന്നമായ നോവല്‍ ശാഖയുള്ള ഭാരതീയ ഭാഷ ബംഗാളി ആണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. 19ാം നൂറ്റാണ്ടിന്‍െറ അന്ത്യദശകത്തില്‍ത്തന്നെ എണ്ണംപറഞ്ഞ നോവലുകള്‍ പലതും ബംഗാളിയിലുമുണ്ടായി. 20ാം നൂറ്റാണ്ടില്‍ മഹാരഥന്മാരായ എഴുത്തുകാരുടെ ഒരു നീണ്ടനിര ബംഗാളില്‍ പ്രത്യക്ഷമായി. അവരില്‍ പ്രഥമ ഗണനീയനായ താരാശങ്കര്‍ ബാനര്‍ജിയുടെ (ബന്ദ്യോപാദ്ധ്യായ, മുഖോപാദ്ധ്യായ, ചതോപാദ്ധ്യായ തുടങ്ങിയ ബംഗാളി ഗോത്രനാമങ്ങള്‍ ഇംഗ്ളീഷിലേക്ക് മാറ്റുമ്പോഴാണ് ബാനര്‍ജി, മുഖര്‍ജി, ചാറ്റര്‍ജി തുടങ്ങിയ രൂപങ്ങളുണ്ടാകുന്നത്). ആരോഗ്യനികേതനത്തിന് (1953) ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലുമായി നിരവധി പരിഭാഷകളുണ്ടായിട്ടുണ്ട്. നിലീന അബ്രഹാമിന്‍െറയും എം.കെ.എന്‍. പോറ്റിയുടേതുമായി മലയാളത്തില്‍ രണ്ട് വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
ദേവീപുരം വില്ളേജിലെ പാരമ്പര്യ വൈദ്യകുടുംബം നടത്തുന്ന ചികിത്സാലയമായ ‘ആരോഗ്യനികേതന’ത്തിലെ വൈദ്യനായ ജീവന്‍ മശായ് ആണ് നോവലിലെ കേന്ദ്ര കഥാപാത്രം. ജീവന്‍െറ അച്ഛനായ ജഗദ് ബന്ധുമശായ് ആണ് നികേതന സ്ഥാപിച്ചത്. സാമ്പ്രദായിക ചികിത്സാ വിധികളിലൂടെ രോഗശമനം വരുത്തുന്നതോടൊപ്പം രോഗിയുടെ നാഡി പരിശോധിച്ച് മരണസമയം കൃത്യമായി പ്രവചിക്കുന്നതിനുള്ള നൈപുണ്യവും ആര്‍ജിച്ചവരുടെ വംശപരമ്പരയില്‍പെട്ട ആളാണ് ജീവന്‍. സൗജന്യമായോ കേവലം നാമമാത്രമായ പ്രതിഫലം സ്വീകരിച്ചോ ചികിത്സ നടത്തിയിരുന്ന അദ്ദേഹം നാട്ടുകാര്‍ക്കെല്ലാം ബഹുമാന്യനായിരുന്നു. മനസ്സിന്‍െറയും വിരലുകളുടെയും സൂക്ഷ്മമായ കേന്ദ്രീകരണത്തിലൂടെ ‘പിംഗള കേശിനി’യായ മരണത്തിന്‍െറ പദവിന്യാസം തൊട്ടറിയുന്നതിനുള്ള കഴിവ് സ്വപുത്രന്‍െറ അകാലചരമം പ്രവചിക്കുന്നതില്‍പോലും പ്രദര്‍ശിപ്പിച്ച ജീവന്‍െറ ചികിത്സാരീതിയിലുള്ള ഏകാഗ്രത, കുടുംബജീവിതത്തില്‍പോലും താളപ്പിഴകള്‍ സൃഷ്ടിച്ചു. എക്സ്റേ തുടങ്ങിയ സാങ്കേതികവിദ്യകളിലൂടെയും ലാബിലെ പരീക്ഷണങ്ങളിലൂടെയും രോഗനിര്‍ണയം നടത്തുവാനും പെന്‍സിലിന്‍ തുടങ്ങിയ ആന്‍റിബയോട്ടിക്കുകളിലൂടെ രോഗശാന്തി വരുത്തുവാനുമുള്ള ആധുനിക ചികിത്സാരീതിയുടെ കഴിവ് മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള വിശാലവീക്ഷണം ജീവന് ഉണ്ടായിരുന്നു. അത് പഠിക്കുന്നതിനുള്ള ശ്രമംപോലും അദ്ദേഹം നടത്തുകയുണ്ടായി. പക്ഷേ, രോഗികളോടുള്ള പ്രതിബദ്ധതയിലും ചികിത്സാവൃത്തിയിലും ആധുനികര്‍ കാണിക്കുന്ന അലംഭാവം അദ്ദേഹത്തെ ദു$ഖിതനാക്കി. നോവലില്‍ മുഖം കാണിക്കുന്ന ആധുനിക ചികിത്സകരുടെ പ്രതിനിധി എന്നു പറയാവുന്ന പ്രദ്യോതിനുപോലും മശായിയുടെ ചികിത്സാ നൈപുണ്യത്തോട് ബഹുമാനമായിരുന്നു. മരണം പ്രവചിക്കുന്നതിനുള്ള മശായിയുടെ താല്‍പര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നത്. എങ്കിലും പരസ്പരാദരത്തില്‍ അധിഷ്ഠിതമായിരുന്നു അവര്‍ തമ്മിലുള്ള ബന്ധം. മരണത്തിന്‍െറ കാലൊച്ച സ്പര്‍ശിച്ചറിഞ്ഞ രോഗികള്‍ക്ക് അലോപ്പതി മരുന്നുനല്‍കി രക്ഷനല്‍കാന്‍ മശായ് പ്രദ്യോതിനോട് അപേക്ഷിക്കുന്നുണ്ട്. സ്വന്തം മരണം പ്രവചിച്ച് മരണത്തെ നേരില്‍കാണാനുള്ള ആകാംക്ഷയോടെ മെല്ളെമെല്ളെ മരണത്തിലേക്ക് മശായി നീങ്ങുന്നതിന് സാക്ഷ്യം വഹിക്കാന്‍ ഭാര്യ അത്തര്‍ ബൗവിനോടൊപ്പം പ്രദ്യോത് ഡോക്ടര്‍ കൂടി ഉണ്ടായിരുന്നു. വൈദ്യപഠനവും ചികിത്സാരംഗവും കേവലം 100 മുടക്കി 1000 കൊയ്യുന്ന കച്ചവടക്കാരുടെ വിഹാരരംഗമായി മാറിയ ഇന്ന് വൈദ്യവൃത്തിയില്‍ വിശുദ്ധിയുടെ ആള്‍രൂപമായ ജീവന്‍ മശായിയുടെ ജീവിതകഥക്ക് മനുഷ്യമനസ്സുകളെ വിമലീകരിക്കുന്ന ഒൗഷധത്തിന്‍െറ പ്രാധാന്യമുണ്ട്.

 

താരാശങ്കര്‍ ബന്ദ്യോപാദ്ധ്യായ
       ജീവിതരേഖ
ജനനം: 1898 ജൂലൈ 23 ബംഗാളിലെ ബീര്‍ഭും ജില്ലയില്‍.
പദവികള്‍: സ്വാതന്ത്ര്യ സമരസേനാനി, നോവലിസ്റ്റ്,          രാജ്യസഭാംഗം.
കൃതികള്‍: 65 നോവലുകള്‍, 53 കഥാസമാഹാരങ്ങള്‍, 
      12  നാടകങ്ങള്‍, നാല് ഉപന്യാസ സമാഹാരങ്ങള്‍, 
      അനുഭവങ്ങള്‍, സ്മരണകള്‍, രണ്ട് യാത്രാ വിവരണങ്ങള്‍.
പുരസ്കാരങ്ങള്‍: പത്മശ്രീ (1962), പത്മഭൂഷണ്‍         (1969), സാഹിത്യ അക്കാദമി ഫെല്ളോഷിപ്, 
        രബീന്ദ്ര പുരസ്കാര്‍,   ഭാരതീയ ജ്ഞാനപീഠം 
        (1969-ഗണദേവത).
മരണം: 1971 സെപ്റ്റംബര്‍ 14.