സ്കൂൾ പച്ച
ആരവത്തിന്‍െറ വഴിയില്‍...
  • ബീന അനിത, ടി.എ. ശിഹാബ്
  • 11:37 AM
  • 02/08/2016

കായിക ലോകത്തിന്‍െറ ആത്യന്തികമായ ആഘോഷദിനങ്ങള്‍ വന്നത്തെുന്നു.
നാലു വര്‍ഷത്തിലൊരിക്കല്‍ ലോകത്തെ 
ഒന്നാകെ ഒരുകുടക്കീഴിലാക്കുന്ന ഏറ്റവും വലിയ കായികോത്സവം ഇത്തവണ ബ്രസീലിന്‍െറ മണ്ണില്‍ റിയോയിലാണ് മേളമൊരുക്കുന്നത്. 
120 വര്‍ഷങ്ങളായി തുടരുന്ന ചരിത്രക്കുതിപ്പിന് ഇത് 31ാം പതിപ്പ്. റെക്കോഡുകളുടെ 
രോമാഞ്ച വഴികളും അദ്ഭുത നിമിഷങ്ങളുടെ അവിസ്മരണീയ ആഹ്ളാദങ്ങളും നിറഞ്ഞ 
ഒളിമ്പിക്സ് ഏതൊരു അത്ലറ്റിന്‍െറയും 
സ്വപ്ന വേദിയാണ്്. 

 

•ഒളിമ്പിക്സ് തുടക്കം
1896ലാണ് ആധുനിക ഒളിമ്പിക്സിന്‍െറ പിറവി. അതിനും നൂറ്റാണ്ടുകള്‍ക്കുമുമ്പ് പുരാതന ഗ്രീക്കുകാര്‍ സിയൂസ് ദേവനോടുള്ള ആരാധനാപുരസ്സരം നാലു വര്‍ഷത്തിലൊരിക്കല്‍ നടത്തിയിരുന്ന അത്ലറ്റിക് മത്സരങ്ങളിലാണ് ഒളിമ്പിക്സിന്‍െറ യഥാര്‍ഥ വേരുകള്‍ കുടികൊള്ളുന്നത്. ഗ്രീസിലെ ഒളിമ്പിയയില്‍ ബി.സി 776 മുതല്‍ സി.ഇ 393 വരെയാണ് പുരാതന ഒളിമ്പിക്സ് നടന്നത്. അന്നത്തെ കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്ന ഒളിമ്പിക്സില്‍ മതാധിഷ്ഠിത ആഘോഷങ്ങളും കലാമത്സരങ്ങളും ഭാഗമായിരുന്നു. ഗ്രീക്കുകാര്‍ക്ക് മാത്രമായിരുന്നു അന്ന് മത്സരിക്കാന്‍ അനുവാദം. തന്‍െറ ഗ്രീക് വംശീയത തെളിയിച്ചതിനു ശേഷമാണ് പുരാതന മാസിഡോണിയയുടെ രാജാവ് അലക്സാണ്ടര്‍ ഒന്നാമനുപോലും ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതെന്നാണ് ചരിത്രം പറയുന്നത്. 
സി.ഇ നാലാം നൂറ്റാണ്ടില്‍ നിന്നുപോയ ഗ്രീക് ഒളിമ്പിക്സില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നൂറ്റാണ്ടുകള്‍ക്കുശേഷം ആധുനികകാല ഒളിമ്പിക്സ് പിറവിയെടുത്തത്. 1894ല്‍ ഫ്രഞ്ച് വിദ്യാഭ്യാസ വിചക്ഷണനും ചരിത്രകാരനുമായ പിയറി ഡി. കുബര്‍ട്ടിന്‍ രൂപവത്കരിച്ച അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയാണ് ഒളിമ്പിക്സെന്ന ആശയത്തെ വീണ്ടും അവതരിപ്പിച്ചത്. ആധുനിക ഒളിമ്പിക്സിന്‍െറ പിതാവായാണ് കുബര്‍ട്ടിന്‍ അറിയപ്പെടുന്നത്്. 
ഗ്രീസില്‍ തന്നെയാണ് ആധുനിക ഒളിമ്പിക്സിനും കുബര്‍ട്ടിനും സംഘവും തുടക്കമിട്ടത്, 1896ല്‍ ആതന്‍സിലെ പനതിനൈകോ സ്റ്റേഡിയത്തില്‍. വെറും 14 രാജ്യങ്ങളില്‍നിന്നുള്ള 245 മത്സരാര്‍ഥികളായിരുന്നു അന്ന് മത്സരക്കളത്തില്‍ മാറ്റുരച്ചത്. 200 പേരും ഗ്രീക്കുകാര്‍. സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ അനുമതിയില്ലായിരുന്നു. രാജ്യങ്ങളുടെയും അത്ലറ്റുകളുടെയും എണ്ണം കുറവായിരുന്നെങ്കിലും മറ്റ് പല പ്രതിസന്ധികളുണ്ടായെങ്കിലും വന്‍ വിജയമായാണ് ആ ഒളിമ്പിക്സ് വിലയിരുത്തപ്പെട്ടത്. സ്റ്റേഡിയം നിറഞ്ഞൊഴുകിയ കാണികളുടെ പ്രവാഹമായിരുന്നു ആതന്‍സില്‍. പിന്നാലെ 1990ല്‍ ഫ്രാന്‍സിന്‍െറ തലസ്ഥാനമായ പാരിസ് ആതിഥ്യമരുളിയ രണ്ടാം ഗെയിംസ് ആയപ്പോഴേക്കും ഒളിമ്പിക്സ് അത്ലറ്റുകളുടെയും രാജ്യങ്ങളുടെയും പങ്കാളിത്തത്തിന്‍െറ കാര്യത്തില്‍ ഏറെ മുന്നേറി. ആദ്യമായി വനിതകള്‍ ലോക കായികവേദിയില്‍ അഭിമാനത്തോടെ ചുവടുവെച്ചതും ഈ ഗെയിംസ് മുതലാണ്. പിന്നീടെല്ലാം ചരിത്രം. നൂറ്റാണ്ടിന്‍െറ സമൃദ്ധമായ ചരിത്രനിമിഷങ്ങളിലൂടെ വളര്‍ന്ന ഒളിമ്പിക്സ് 42 ഇനങ്ങളില്‍നിന്നും 250 ല്‍ താഴെ താരങ്ങളില്‍നിന്നും 14 രാജ്യങ്ങളില്‍നിന്നുമെല്ലാം വളര്‍ന്ന് 300നു മുകളില്‍ ഇനങ്ങളും 10,000ത്തില്‍പരം താരങ്ങളും 205ഓളം രാജ്യങ്ങളുമായി എത്തിനില്‍ക്കുന്നു ഈ 21ാം നൂറ്റാണ്ടില്‍. 
•വേദികള്‍
ദക്ഷിണ അമേരിക്ക ആതിഥ്യമരുളുന്ന ആദ്യ ഒളിമ്പിക്സിനാണ് ഇത്തവണ റിയോ ഡെജനീറോ സാക്ഷ്യംവഹിക്കുന്നത്. ബ്രസീല്‍കൂടി ഉള്‍പ്പെടുമ്പോള്‍ ഒളിമ്പിക്സ് വേദികളായ രാജ്യങ്ങളുടെ എണ്ണം 19 ആകും. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ തവണ ഗെയിംസിന് ആതിഥ്യം വഹിച്ചത്, നാലു പ്രാവശ്യം (1904, 1932, 1984, 1996). ബ്രിട്ടന്‍െറ മണ്ണില്‍ മൂന്നു തവണ ഒളിമ്പിക്സത്തെി. 1908, 1948, 2012 വര്‍ഷങ്ങളില്‍. ഏറ്റവും കൂടുതല്‍ തവണ ഒളിമ്പിക്സ് വേദിയായ ഒരേ ഒരു നഗരമേയുള്ളൂ, ലണ്ടന്‍. രണ്ടു തവണ ഒളിമ്പിക്സിന് വേദിയാകാന്‍ അവസരം ലഭിച്ചത് മൂന്നു നഗരങ്ങള്‍ക്കാണ്. ലോസ് ആഞ്ജലസ് (1932, 1984), പാരിസ് (1900, 1924), ആതന്‍സ് (1896, 2004) എന്നീ നഗരങ്ങളാണവ. 
ബെല്‍ജിയം (1920), ചൈന (2008), കാനഡ (1976), ഫിന്‍ലന്‍ഡ് (1952), ഇറ്റലി (1960), ജര്‍മനി (1936), വെസ്റ്റ് ജര്‍മനി (1972), ജപ്പാന്‍ (1964), മെക്സികോ (1968), നെതര്‍ലന്‍ഡ്സ് (1928), ദക്ഷിണ കൊറിയ (1988), സ്പെയിന്‍ (1992), സോവിയറ്റ് യൂനിയന്‍ (1980), സ്വീഡന്‍ (1912), ആസ്ട്രേലിയ (1956, 2000) എന്നിവയാണ് ഒളിമ്പിക്സിന് ആതിഥ്യം വഹിച്ചിട്ടുള്ള മറ്റു രാജ്യങ്ങള്‍. 
2020ല്‍ ജപ്പാന്‍െറ തലസ്ഥാനമായ ടോക്യോ ആണ് ആതിഥേയര്‍. 2024 ഒളിമ്പിക്സിന്‍െറ വേദി 2017 സെപ്റ്റംബര്‍ 13ന് തെരഞ്ഞെടുക്കും. 2028ലെ വേദി 2021ലായിരിക്കും തെരഞ്ഞെടുക്കുക. 
•ഒളിമ്പിക്സില്ലാ വര്‍ഷങ്ങള്‍
റിയോയില്‍ അരങ്ങേറുന്നത് 31ാം ഒളിമ്പിക്സ് എന്നാണ് ഒളിമ്പിക് ചാര്‍ട്ടര്‍ അനുസരിച്ചുള്ള കണക്കുകള്‍ പറയുക. എന്നാല്‍, യഥാര്‍ഥത്തില്‍ 27 ഗെയിംസുകള്‍ മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. ഇതിനിടയില്‍ നടക്കാതെപോയ മൂന്നു ഗെയിംസുകളുണ്ട്. മറ്റുപല നഷ്ടങ്ങളും ലോകത്തിന് വരുത്തിയ രണ്ടു മഹായുദ്ധങ്ങളാണ് ആ മൂന്ന് ഒളിമ്പിക്സുകളുടെയും നഷ്ടങ്ങള്‍ക്കു പിന്നില്‍. 1916ല്‍ ജര്‍മനിയിലെ ബര്‍ലിന്‍ ആതിഥ്യമരുളേണ്ടിയിരുന്ന ഗെയിംസ് ഒന്നാം ലോകയുദ്ധം കാരണം ഉപേക്ഷിച്ചു. ആധുനിക ഒളിമ്പിക്സ് തുടങ്ങിയിട്ട് ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു റദ്ദാക്കല്‍. 24 വര്‍ഷങ്ങള്‍ക്കുശേഷം അത് ആവര്‍ത്തിച്ചു. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സുകള്‍ -1940, 1944 വര്‍ഷങ്ങളിലേത്-രണ്ടാം ലോകയുദ്ധം കാരണം നഷ്ടമായി. ’40ല്‍ ജപ്പാനിലെ ടോക്യോയും ’44ലേത് ലണ്ടനും ആയിരുന്നു വേദികളാകേണ്ടിയിരുന്നത്. 
മൂന്നു ഗെയിംസുകള്‍ നടന്നില്ളെങ്കിലും ഒളിമ്പിക്സിന്‍െറ എണ്ണം കണക്കാക്കുന്ന റോമന്‍ അക്കങ്ങള്‍ അവയെയും കൂടി കണക്കില്‍ കൂട്ടും. ഒളിമ്പിക്സ് ചാര്‍ട്ടര്‍ പ്രകാരം,  രണ്ട് ഒളിമ്പിക്സുകള്‍ക്കിടയിലുള്ള നാലു വര്‍ഷങ്ങളുടെ ദൈര്‍ഘ്യം അഥവാ ഒളിമ്പ്യാഡാണ് എണ്ണമെടുക്കുമ്പോള്‍ കണക്കാക്കുന്നത്. നടന്ന ഗെയിംസുകള്‍ അല്ല എന്നതാണ് ഇതിന് കാരണം. 
•വളയങ്ങള്‍
ഒളിമ്പിക്സ് എന്ന് കേള്‍ക്കുമ്പോഴേ ഓര്‍മയിലത്തെുന്നതാണ് അഞ്ചു വളയങ്ങള്‍ പരസ്പരം കോര്‍ത്തിരിക്കുന്ന പ്രശസ്തമായ ‘ഒളിമ്പിക് റിങ്സ്’ എന്ന അടയാളം. വെള്ളപ്രതലത്തില്‍ നീല, മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ് നിറങ്ങളിലുള്ള വളയങ്ങള്‍ ഒളിമ്പിക്സിന്‍െറ ആഗോള മുഖമാണ് പ്രതിനിധാനം ചെയ്യുന്നത്. 
ഒളിമ്പിക്സിന്‍െറ സഹസ്ഥാപകരിലൊരാളായ  പിയറി ഡി. കുബര്‍ട്ടിനാണ് 1912ല്‍ ഈ ചിഹ്നത്തിന്‍െറ രൂപകല്‍പന നിര്‍വഹിച്ചത്. ഇതുതന്നെയാണ് ഒളിമ്പിക്സ് പതാകയായും മാറിയത്. 
അക്കാലത്ത് ഗെയിംസില്‍ പങ്കെടുത്ത എല്ലാ രാജ്യങ്ങളുടെയും പതാകകളില്‍ ഉള്‍പ്പെട്ടിരുന്ന നിറങ്ങളാണ് അഞ്ചു വളയങ്ങളിലും പ്രതലത്തിലുമായി ഉപയോഗിച്ചതെന്നാണ് കുബര്‍ട്ടിന്‍ വിശദീകരിച്ചത്. 1914ലെ ഗെയിംസ് യുദ്ധംകാരണം ഉപേക്ഷിച്ചതിനാല്‍ 1920ല്‍ ബെല്‍ജിയത്തിലെ ആന്‍റ്വെര്‍പ് വേദിയായ ഒളിമ്പിക്സിലാണ് ഒളിമ്പിക് റിങ്സ് ആദ്യമായി അവതരിക്കപ്പെട്ടത്. 1936ലെ ബര്‍ലിന്‍ ഒളിമ്പിക്സോടെയാണ് ഈ അടയാളം വ്യാപകമായി ഉപയോഗിക്കാനും പ്രശസ്തി നേടാനും തുടങ്ങിയത്. എന്നാല്‍, ഒളിമ്പിക് റിങ്സ് പുരാതന കാലത്തേ ഉണ്ടായിരുന്നു എന്നൊരു മിത്തിന് തുടക്കമിടാനും ഈ ഒളിമ്പിക്സ് കാരണമായി. ആ ഒളിമ്പിക്സിലെ ഓര്‍ഗനൈസിങ് കമ്മിറ്റി പ്രസിഡന്‍റായിരുന്ന കാള്‍ ഡിയെം, ഗ്രീസിലെ ഡെല്‍ഫിയിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍നിന്ന് ദീപശിഖ പ്രയാണം നടത്താന്‍ പദ്ധതിയിട്ടു. ഇതിന്‍െറ ഭാഗമായി ഒളിമ്പിക് റിങ്സ് അടയാളപ്പെടുത്തിയ ഒരു മൈല്‍സ്റ്റോണ്‍ അവിടെ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കി. ശേഷം ദീപശിഖ ഡെല്‍ഫിയില്‍നിന്ന് ബര്‍ലിനിലേക്ക് പ്രയാണവും നടത്തി. ആഘോഷമെല്ലാം കഴിഞ്ഞെങ്കിലും മൈല്‍സ്റ്റോണ്‍ അവിടെ അവശേഷിച്ചു. 1950കളുടെ അവസാനത്തില്‍ ബ്രിട്ടീഷ് എഴുത്തുകാരായ ലിന്‍, ഗ്രേ പൂള്‍ എന്നിവര്‍ ഡെല്‍ഫി സന്ദര്‍ശിച്ചപ്പോള്‍ ഈ കല്ല് ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് ‘പുരാതന ഗെയിംസിന്‍െറ ചരിത്രം’ എന്ന തങ്ങളുടെ പുസ്തകത്തില്‍ ഒളിമ്പിക് റിങ്ങിന്‍െറ ഡിസൈന്‍ വന്നത് പുരാതന ഗ്രീസില്‍നിന്നാണെന്ന് അവര്‍ എഴുതിവെച്ചതാണ് ആ മിത്തിലേക്ക് നയിച്ചത്. ‘കാള്‍ ഡിയെം സ്റ്റോണ്‍’ എന്നാണ് ആ മൈല്‍സ്റ്റോണ്‍ അറിയപ്പെടുന്നത്. 
ഒളിമ്പിക്സിന്‍െറ അന്താരാഷ്ട്ര മുഖവും ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും പങ്കെടുക്കാനുള്ള അവസരം നല്‍കുന്നു എന്നതുമാണ് ഈ അടയാളത്തിന്‍െറ നിര്‍വചനമായി അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി മുന്നോട്ടുവെക്കുന്നത്. അഞ്ചു ഭൂഖണ്ഡങ്ങളുടെ ഒത്തുചേരലിനെയാണ് ഈ ചിഹ്നം പ്രതിനിധാനം ചെയ്യുന്നതെന്ന് ഒളിമ്പിക്സ് ചാര്‍ട്ടറില്‍ വായിക്കാം. എന്നാല്‍, ഓരോ ഭൂഖണ്ഡത്തിനായി പ്രത്യേക നിറം പറയുന്നില്ല. 1951നുമുമ്പ് വരെ യൂറോപ്പിന് നീല, ഏഷ്യക്ക് മഞ്ഞ, ആഫ്രിക്കക്ക് കറുപ്പ്, ആസ്ട്രേലിയ-ഓഷ്യാനിയക്ക് പച്ച, അമേരിക്കകള്‍ക്ക് ചുവപ്പ് എന്നിങ്ങനെ ഒൗദ്യോഗിക ഭാഷ്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കി. 
•ദീപശിഖ
പുരാതന ഒളിമ്പിക്സിന്‍െറ കേന്ദ്രമായ ഗ്രീസില്‍നിന്ന് ഒളിമ്പിക്സ് വേദികളിലേക്ക് ദീപശിഖ എത്തിക്കുകയെന്ന ആചാരത്തിന് തുടക്കമിട്ടത് 1936ലെ ബര്‍ലിന്‍ ഗെയിംസ് മുതലാണ്. ഒളിമ്പിക്സിന് മാസങ്ങള്‍ക്കുമുമ്പ് ഗ്രീസിലെ ഒളിമ്പിയയില്‍ നടക്കുന്ന ചടങ്ങില്‍ പാരാബോളിക് റിഫ്ളക്ടര്‍ ഉപയോഗിച്ച് സൂര്യരശ്മികളില്‍നിന്നുള്ള തീനാളം ജ്വലിപ്പിക്കുകയാണ് ചെയ്യുക. ഇത് ഒളിമ്പിക്സ് ടോര്‍ച്ചില്‍ തെളിയിച്ച് കെടാനാളമായി ഗെയിംസ് വേദിയിലേക്ക് ആനയിക്കപ്പെടും. നിരവധി രാജ്യങ്ങളിലൂടെയും ആളുകളിലൂടെയും സഞ്ചരിച്ച് ടോര്‍ച് റിലേ അവസാനിക്കുന്നത് ഒളിമ്പ്ക്സ് ആരംഭിക്കുന്ന ദിവസം ഗെയിംസ് വേദിയിലായിരിക്കും. പ്രത്യേകമായി തയാറാക്കിയ ദീപസ്തംഭത്തിലേക്ക് ആ തീനാളം പകരുന്നതോടെ ഒൗദ്യോഗികമായി ഗെയിംസിന് തുടക്കമാകും. 
•ഭാഗ്യചിഹ്നങ്ങള്‍
ഒളിമ്പിക്സിന് ഭാഗ്യചിഹ്നങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയത് 1972ലെ മ്യൂണിക് ഒളിമ്പിക്സോടെയാണ്. ഗെയിംസിന് വേദിയാകുന്ന നാടിന്‍െറ ഭാഗമായ മൃഗങ്ങളുടെ അനിമേഷന്‍ രൂപങ്ങളായിരിക്കും മിക്കവാറും ഭാഗ്യചിഹ്നങ്ങളാകുക. 1980ലെ മോസ്കോ ഒളിമ്പിക്സിലെ ‘മിഷ’ എന്ന ഭാഗ്യചിഹ്നമാണ് വന്‍തോതില്‍ പ്രശസ്തി നേടിയ ആദ്യത്തെ ചിഹ്നം. ‘വിനിഷ്യസ്’ ആണ് റിയോ ഒളിമ്പിക്സില്‍ ഭാഗ്യദാതാവായി എത്തുന്നത്.  

 

    ഒളിമ്പിക്സ് ചരിത്രവഴിയിലൂടെ

```````````````````````````````````````````````````````````

•പുരാതന ഒളിമ്പിക്സ്
വളരെ പണ്ട്, സാങ്കേതികവിദ്യകളെക്കുറിച്ച് മനുഷ്യന്‍ ചിന്തിച്ച് തുടങ്ങുന്ന കാലത്തിന് മുമ്പേ പുരാതന ഗ്രീസില്‍ ഒരു ഓട്ടമത്സരം നടന്നു. കൃത്യമായ ദിവസമോ വര്‍ഷമോ വ്യക്തമല്ളെങ്കിലും ബി.സി 776ലാണ് ഈ മത്സരം നടന്നതെന്ന് ചരിത്രരേഖകള്‍ പറയുന്നു. കൃത്യമായ ട്രാക്കൊന്നുമില്ലായിരുന്നെങ്കിലും 182 മീറ്ററായിരുന്നു ദൈര്‍ഘ്യം നിശ്ചയിച്ചിരുന്നത്. ഗ്രീക്ക് ഉത്സവങ്ങളുടെ ഭാഗമായി നടന്ന ഈ ഓട്ടമത്സരമാണ് ആദ്യത്തെ ഒളിമ്പിക്സായി കണക്കാക്കുന്നത്. സ്റ്റാഡിയന്‍ എന്നായിരുന്നു ഈ മത്സരത്തെ അന്ന് വിളിച്ചത്. ബി.സി 728 വരെ നടന്ന ഒളിമ്പിക്സുകളിലെല്ലാം സ്റ്റാഡിയന്‍ മാത്രമായിരുന്നു മത്സരയിനം. 14ാം ഒളിമ്പിക്സിലാണ് ആദ്യമായി പുതിയൊരിനം പരീക്ഷിക്കപ്പെട്ടത്. അരമൈല്‍ ഓട്ടം. തൊട്ടടുത്ത ഒളിമ്പിക്സില്‍ രണ്ടര മൈലിലേക്കത്തെി. 23ാം ഒളിമ്പിക്സില്‍  ആദ്യമായി ബോക്സിങ്ങിന് സ്ഥാനം ലഭിച്ചു.  33ാം ഒളിമ്പിക്സില്‍ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ പോലുള്ള മത്സരയിനങ്ങള്‍ അരങ്ങേറി. നാലുവര്‍ഷത്തെ ഇടവേളകളില്‍ ആല്‍ത്തേ നദീതീരത്താണ് ഒളിമ്പിയാസ് എന്ന പേരില്‍ മത്സരങ്ങള്‍ നടന്നത്.  ഗ്രീസില്‍ മാത്രം 
ഒതുങ്ങിനിന്ന ഒളിമ്പിക്സില്‍ ബി.സി 576 മുതലാണ് മറ്റ് രാജ്യങ്ങളെയും പങ്കെടുപ്പിച്ച് തുടങ്ങിയത്. ഇത് കായികലോകത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. 
ആദ്യ കാലങ്ങളില്‍ മത്സരം എന്നതിലുപരി മതപരമായ ചടങ്ങ് എന്ന രീതിയിലാണ് ഒളിമ്പിക്സ് നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഒളിമ്പിക്സിന്‍െറ ഉല്‍പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും കഥകളുമുണ്ട്. ഗ്രീക്ക് നഗരമായ ഒളിമ്പ്യയില്‍ സീയൂസ് ദേവനെ ആദരിക്കാനാണ് ഒളിമ്പിക്സ് നടത്തിയിരുന്നതെന്നും പറയപ്പെടുന്നു. ബലിരക്തത്തില്‍ കൈമുക്കി പ്രതിജ്ഞയെടുത്തവരായിരുന്നു ‘റഫറി’മാര്‍. പുരുഷന്മാര്‍ മാത്രമാണ് മത്സരിച്ചിരുന്നത്. ഇവര്‍ നഗ്നരായാണ് പങ്കെടുത്തിരുന്നത്. എ.ഡി 394ഓടെ പുരാതന ഒളിമ്പിക്സിന് തിരശ്ശീല വീണു. റോമന്‍ ചക്രവര്‍ത്തിയായ തിയാഗോഷ്യസ് ഗ്രീസ് പിടിച്ചെടുക്കുകയും ക്രിസ്ത്യന്‍ രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ഗ്രീസിലെ മതാനുഷഠാനങ്ങള്‍ നിരോധിക്കപ്പെട്ടു. മതാനുഷ്ഠാനം എന്ന പേരിലാണ്  ഒളിമ്പിക്സിനും വിലക്കേര്‍പ്പെടുത്തിയത്. ഇതിനിടെ 293 ഒളിമ്പിക്സിന് ഗ്രീസ് ആതിഥ്യം വഹിച്ചിരുന്നു. 
•വീണ്ടും ഒളിമ്പിക്സ്
ഒളിമ്പിക്സ് ഇല്ലാത്ത 1500 വര്‍ഷങ്ങള്‍ക്കുശേഷം 1896ലാണ് മത്സരങ്ങള്‍ക്ക് പുനര്‍ജന്മം കിട്ടുന്നത്. ഇതാണ് ആധുനിക ഒളിമ്പിക്സ് എന്ന പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഫ്രഞ്ച് പ്രഭുവായ പിയറി ഡി കുംബര്‍ട്ടാണ് ഒളിമ്പിക്സിന് പുനര്‍ജന്മം നല്‍കിയത്. 1870കളില്‍ ജര്‍മന്‍ പുരാവസ്തു ഗവേഷകര്‍ ഒളിമ്പിയായില്‍ നടത്തിയ ഉത്ഖനനമാണ് ആധുനിക ഒളിമ്പിക്സിന് വഴിവെട്ടിയത്. ഭൂകമ്പവും പ്രളയവുംമൂലം ഒളിമ്പിയ മൂടപ്പെട്ട് പോയെങ്കിലും ഖനനം നടത്തിയപ്പോള്‍ ഒളിമ്പിക് ജേതാക്കളുടെ ശില്‍പവും കിരീടവും ലഭിച്ചു. 1870ല്‍ നടന്ന യുദ്ധത്തില്‍ ഫ്രഞ്ച് നിരയുടെ പരാജയത്തിന് കാരണം കായികശേഷിയില്ലായ്മയാണെന്ന് കണ്ടത്തെിയ കുംബര്‍ട്ടാ, ഒളിമ്പിക്സ് മത്സരങ്ങള്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഒളിമ്പിക് കമ്മിറ്റിയുമുണ്ടാക്കി. അങ്ങിനെ 1896 ഏപ്രില്‍ ആറിന് ഏതന്‍സിലെ പന്നതി നയ്ക്കോ സ്റ്റേഡിയത്തില്‍ ആധുനിക ഒളിമ്പിക്സിന് മണിമുഴങ്ങി. പിയറി ഡി കുംബര്‍ട്ടാണ് ആധുനിക ഒളിമ്പിക്സിന്‍െറ പിതാവായി അറിയപ്പെടുന്നത്. 
14 രാഷ്ട്രങ്ങളില്‍ നിന്നായി 241 കായികതാരങ്ങളാണ് ഈ ഒളിമ്പിക്സില്‍ മാറ്റുരച്ചത്്. ട്രിപ്പ്ള്‍ ജംപില്‍ ജേതാവായ ഹാര്‍വാഡ് സര്‍വകലാശാല വിദ്യാര്‍ഥി ജയിംസ് ഒ. കോണേലിയാണ് ആദ്യ ഒളിമ്പിക്സ് മെഡല്‍ സ്വന്തമാക്കിയത്. നാല് വര്‍ഷത്തിനപ്പുറം പാരീസില്‍ രണ്ടാം ഒളിമ്പിക്സ് നടന്നു. ഈവര്‍ഷം ക്രിക്കറ്റും മത്സര ഇനമായി. ഒളിമ്പിക്സ് ചരിത്രത്തില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത് 1900ല്‍ മാത്രമായിരുന്നു. നാല് വര്‍ഷങ്ങളുടെ ഇടവേളകളില്‍ ഒളിമ്പിക്സ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍, പത്താം വാര്‍ഷികത്തോടനുബന്ധിച്ച് 1906ല്‍ പതിവുതെറ്റിച്ച് ഒളിമ്പിക്സ് എത്തി. ഈ മേളക്ക് ഒളിമ്പിക്സ് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടില്ല. രാജ്യങ്ങള്‍ക്ക് ദേശീയ ടീമുകള്‍ എന്ന ആശയം പ്രാവര്‍ത്തികമായത് ഈ ഒളിമ്പിക്സ് മുതലാണ്. 

•ഒളിമ്പിക്സും 
    യുദ്ധവും
ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് 1916ലാണ് ഒളിമ്പികസിനു മേല്‍ ആദ്യമായി യുദ്ധത്തിന്‍െറ കരിനിഴല്‍ വീഴുന്നത്. ജര്‍മനിയിലെ ബര്‍ലിനിലാണ് മത്സരങ്ങള്‍ തീരുമാനിച്ചിരുന്നതെങ്കിലും അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. യുദ്ധം അവസാനിച്ചെങ്കിലും ഇതിന് കാരണക്കാരായ ജര്‍മനി, ഓസ്ട്രിയ, ഹംഗറി, തുര്‍ക്കി, ബള്‍ഗേറിയ എന്നീ രാജ്യങ്ങളെ ഒഴിവാക്കിയാണ് അടുത്ത രണ്ട് ഒളിമ്പിക്സും നടന്നത്. 
രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് 1940ലെയും 44ലെയും ഒളിമ്പിക്സുകള്‍ ഉപേക്ഷിക്കപ്പെട്ടു. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ജപ്പാനും ലണ്ടനും ഒരുക്കങ്ങള്‍ നടത്തിയെങ്കിലും കായികപ്രേമികള്‍ക്ക് നിരാശയായിരുന്നു ഫലം. യുദ്ധത്തിന്‍െറ ഇടവേളക്കൊടുവില്‍ 1948ല്‍ നടന്ന ഒളിമ്പിക്സില്‍ സാമ്പത്തിക പരാധീനത വ്യക്തമായിരുന്നു. കായിക താരങ്ങള്‍ സ്വന്തം ചെലവില്‍ ഭക്ഷണം കൊണ്ടുവന്ന് കഴിക്കുന്നതിന് ഈ ഒളിമ്പിക്സ് സാക്ഷിയായി. പട്ടാളക്ക്യാമ്പിലും കോളജ് മുറികളിലുമായിരുന്നു താരങ്ങളുടെ താമസം. യുദ്ധത്തിന് പ്രധാന കാരണക്കാരായ അമേരിക്കയെയും ജപ്പാനെയും ഒളിമ്പിക്സിന് ക്ഷണിച്ചില്ല. 

•ചോരവീണ മ്യൂണിക്
1972ലെ മ്യൂണിക് ഒളിമ്പിക്സിന് ചോരയുടെ മണമുണ്ടായിരുന്നു. ഒളിമ്പിക്സ് തുടങ്ങുന്നതിന്‍െറ തലേദിവസം ഒളിമ്പിക് വില്ളേജില്‍ നുഴഞ്ഞുകയറിയ ഫലസ്തീന്‍ ഗറിലകള്‍ 11 ഇസ്രായേല്‍ കായികതാരങ്ങളെ ബന്ദികളാക്കി. 234 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. താരങ്ങളെ മോചിപ്പിക്കാന്‍ സൈന്യം നടത്തിയ ശ്രമത്തിനിടെ 11 മത്സരാര്‍ഥികളും അഞ്ച് ഗറിലകളും കൊല്ലപ്പെട്ടു. 1996ലെ അറ്റ്ലാന്‍ഡ ഒളിമ്പിക്സിനിടെ സെന്‍റിനെന്‍റല്‍ ഒളിമ്പിക് പാര്‍ക്കില്‍ പൈപ്പ് ബോംബ് പൊട്ടി രണ്ട് പേര്‍ മരിച്ചിരുന്നു. 

 

പ്രധാന നാഴികക്കല്ലുകള്‍ 

 1896 ആതന്‍സ്: ആദ്യമായി മാരത്തണ്‍ മത്സരങ്ങള്‍ തുടങ്ങി
 1908 ലണ്ടന്‍: ശീതകാല മത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു
 1912 സ്റ്റോക്ഹോം: ഇലക്ട്രോണിക് ടൈമിങ് സിസ്റ്റം ഉപയോഗിച്ചു
 1920 ബെല്‍ജിയം: ഇന്ത്യ ആദ്യമായി ഒളിമ്പിക്സിന് ടീമിനെ അയച്ചു
 1924 ചാമോണിക്സ്: ആദ്യമായി ഒളിമ്പിക്സിന് ഒൗദ്യോഗിക  പതാക ഉയര്‍ത്തി
 1928 ആംസ്റ്റര്‍ഡാം: ഒളിമ്പിക്സ് ജ്വാല അവതരിപ്പിക്കപ്പെട്ടു
       1932 ലോസ് ആഞ്ജലസ്: ഒളിമ്പിക്സ് വില്ളേജ് എന്ന ആശയം  യാഥാര്‍ഥ്യമായി
 1936 ബെര്‍ലിന്‍: ദീപശിഖാ പ്രയാണം തുടങ്ങി
 1960 റോം: പൂര്‍ണമായി ടെലിവിഷനില്‍ സംപ്രേഷണം ചെയ്തു,  ബോക്സിങ്ങില്‍ മുഹമ്മദ് അലി സ്വര്‍ണം നേടി
 1964 ടോക്യോ: ഫലപ്രഖ്യാപനത്തിന് കമ്പ്യൂട്ടര്‍
 1968 മെക്സികോ: ഉത്തേജക മരുന്ന് പരിശോധനക്ക്  തുടക്കം
  2004 ആതന്‍സ്: ഇന്‍റര്‍നെറ്റ് വഴി ഒളിമ്പിക്സ് വിഡിയോ  സംപ്രേഷണം തുടങ്ങി
 

 

                                                                              `