പുസ്തക വെളിച്ചം
ആരമ്മേ, ഗാന്ധി?
  • പ്രഫ. എം. ഹരിദാസ്
  • 10:37 AM
  • 29/08/2016

ആഗസ്റ്റ് 29 വെണ്ണിക്കുളത്തിന്‍െറ 
36ാം ചരമവാര്‍ഷിക ദിനം

ഇരുപതാം നൂറ്റാണ്ടിന്‍െറ ആദ്യപാതിയിലെ മലയാളകവികളില്‍ ജി. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി ശ്രീധരമേനോന്‍, പി. കുഞ്ഞിരാമന്‍ നായര്‍, ഇടശ്ശേരി തുടങ്ങിയവരാണ് കൂടുതല്‍ പ്രശസ്തര്‍. അവര്‍ക്ക് സമകാലികരായി പ്രതിഭാശാലികളായ വേറെയും ചില കവികളുണ്ടായിരുന്നു. അക്കൂട്ടത്തില്‍ പ്രമുഖനാണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ്. സൗമ്യവും മധുരവുമായ കവിതകള്‍ എഴുതിയ കവി എന്നാണ് വെണ്ണിക്കുളം അറിയപ്പെടുന്നത്. ‘സരസ്വതീഭഗവതിയുടെ സാമാന്യാതീതമായ അനുഗ്രഹത്തിനു പാത്രീഭവിച്ചിട്ടുള്ള കവി’ എന്ന് മഹാകവി ഉള്ളൂര്‍ ഒരിടത്ത് വെണ്ണിക്കുളത്തെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുഷ്പവൃഷ്ടി, സൗന്ദര്യപൂജ, വെള്ളിത്താലം, വസന്തോത്സവം, അമൃതാഭിഷേകം തുടങ്ങി ഗ്രന്ഥനാമങ്ങളില്‍പോലും സ്വന്തം സൗന്ദര്യപക്ഷപാതം പ്രകടമാക്കിയ കവിയാണ് വെണ്ണിക്കുളം. രാഷ്ട്രീയപ്രശ്നങ്ങള്‍ ഉന്നയിക്കാനോ സാമൂഹികസംഘര്‍ഷങ്ങള്‍ ചിത്രീകരിക്കാനോ അദ്ദേഹം അധികമൊന്നും ശ്രമിച്ചിട്ടില്ല. 
എന്നാല്‍, വള്ളത്തോള്‍ മുതല്‍ വയലാര്‍വരെയുള്ള ഇതര മലയാള സാഹിത്യകാരന്മാരിലെന്ന പോലെ, ഗാന്ധിയുടെ സ്വാധീനം അദ്ദേഹത്തിലും ശക്തമായിരുന്നു. മലയാളത്തിലെ ഗാന്ധികവിതകളില്‍ ഏറ്റവും ലളിതവും പുതുതലമുറക്ക് ഗാന്ധിജിയെ ചുരുങ്ങിയ വാക്കുകളില്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിന് പര്യാപ്തവുമായ രചനയാണ് വെണ്ണിക്കുളത്തിന്‍െറ 24 അനുഷ്ടുപ്പ് (ഒരു വരിയില്‍ എട്ട് അക്ഷരങ്ങള്‍ മാത്രമുള്ള ഹ്രസ്വവൃത്തം) ശ്ളോകങ്ങള്‍ അടങ്ങുന്ന ‘ആരമ്മേ, ഗാന്ധി?’ എന്ന കവിത.
 ഗാന്ധിജയന്തി ദിവസം ചര്‍ക്കയില്‍ നൂല്‍നൂറ്റുകൊണ്ടിരിക്കുന്ന അമ്മയോട് മകന്‍ ‘ആരമ്മേ, ഗാന്ധി?’ എന്ന ചോദ്യം ഉന്നയിക്കുന്നിടത്താണ് കവിത ആരംഭിക്കുന്നത്. ചോദ്യം വളരെ ചെറുതാണെങ്കിലും ഉത്തരം വളരെ വലുതാണെന്ന ആമുഖത്തോടെയാണ് അമ്മയുടെ മറുപടി തുടങ്ങുന്നത്. ‘മുന്‍വരിപ്പല്ലു പൊയ്പ്പോയ
മോണ കാട്ടിച്ചിരിച്ചൊരാള്‍
ചമ്പ്രം പടിഞ്ഞിരിക്കുന്ന
പടം നീ കണ്ടതില്ലയോ?
അതാണ് ഗാന്ധിയപ്പൂപ്പന്‍’ എന്ന് ഗാന്ധിജിയുടെ ബാഹ്യാകാരത്തിലേക്ക് അവര്‍ മകന്‍െറ ശ്രദ്ധ ക്ഷണിക്കുന്നു. സത്യത്തെ ദൈവമായി കണ്ട പുരുഷോത്തമന്‍, ദയാശീലത്താല്‍ കുരുന്നുനുള്ളാന്‍പോലും കൈ വിറക്കുന്നവന്‍, സ്നേഹം, ധര്‍മം, സദാചാരം എന്നീ സദ്ഗുണങ്ങളുടെയെല്ലാം മൂര്‍ത്തി, സ്വന്തമെന്ന് പറയാന്‍ ഒരു ചില്ലിക്കാശുപോലും ഇല്ലാത്തവന്‍... തുടങ്ങി ഗാന്ധിയുടെ അപദാനങ്ങള്‍ തുടര്‍ന്ന് വാഴ്ത്തുന്നു. പരസ്പരം വഴക്കടിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്കാരെ കീഴടക്കിയ സാമ്രാജ്യശക്തിയെ അഹിംസയാകുന്ന ആയുധത്താല്‍ അടിയറപറയിച്ചവന്‍... ഖാദി,  അക്രമരാഹിത്യം, ഐക്യം, മദ്യവര്‍ജനം തുടങ്ങിയ ആദര്‍ശങ്ങള്‍ക്കായി ധര്‍മയുദ്ധം നടത്തിയവന്‍... വാക്കുകള്‍കൊണ്ട് വിവരിക്കാനാകാത്തതാണ് ഗാന്ധിപ്രഭാവം. ഗാന്ധിജിയെ ബ്രിട്ടീഷുകാര്‍ പല തവണ കാരാഗൃഹത്തിലിടുകയുണ്ടായി. 
പക്ഷേ, അകത്തുകിടക്കുന്ന ഗാന്ധി പുറത്തുനില്‍ക്കുന്ന ഗാന്ധിയെക്കാള്‍ ബലശാലിയാണെന്ന് മനസ്സിലാക്കി ഓരോ തവണയും സ്വതന്ത്രനാക്കുകയും ചെയ്തു. 
‘ഗാന്ധിയപ്പൂപ്പനദ്ഭുതങ്ങളിലദ്ഭുതം’ എന്ന് കവിതയിലെ ശ്രോതാവിനെ മാത്രമല്ല, വായനക്കാരെവരെയും ബോധ്യപ്പെടുത്തിക്കൊണ്ടാണ് കവിത അവസാനിക്കുന്നത്. 
വെണ്ണിക്കുളത്തിന്‍െറ കാവ്യസപര്യയെക്കുറിച്ച് കൂടുതലറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് അദ്ദേഹത്തിന്‍െറ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത 131 കവിതകള്‍ അടങ്ങുന്ന ‘കദളീവനം’ എന്ന സമാഹാരം സഹായകമാണ്.

 

വെണ്ണിക്കുളം 
ഗോപാലക്കുറുപ്പ്
ജീവിതരേഖ
ജനനം: 1902 മേയ് 10, വെണ്ണിക്കുളം, 
            തിരുവല്ല
ജീവിതവൃത്തി: തിരുവല്ല എം.ജി.എസ് സ്കൂളില്‍ അധ്യാപകന്‍, തുടര്‍ന്ന് മാനുസ്ക്രിപ്റ്റ് ലൈബ്രറിയിലും മലയാളം ലക്സിക്കത്തിലും എഡിറ്റര്‍
കൃതികള്‍: മാണിക്യവീണ, വെള്ളിത്താലം തുടങ്ങി നിരവധി കവിതാസമാഹാരങ്ങള്‍, തുളസീദാസരാമായണം, തിരുക്കുറള്‍ എന്നിവയുടെ വിവര്‍ത്തനം
പുരസ്കാരങ്ങള്‍: കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, കൊച്ചി രാജാവില്‍നിന്ന് സാഹിത്യ നിപുണ ബിരുദം
മരണം: 1980 ആഗസ്റ്റ് 29