എന്റെ പേജ്
ആമക്കുളവും മുതലയും
  • ഫാത്തിമ നജ Std: VI , മര്‍ക്കസ് ഗേള്‍സ് സ്കൂള്‍, കാരന്തൂർ, കോഴിക്കോട്​
  • 10:44 AM
  • 13/11/2017
വര: പ്രത്യുഷ്​ സി.എം Std: V, ​എ.കെ.കെ.ആർ. ബോയ്​സ്​ എച്ച്​.എസ്​. ചേളന്നൂർ

പണ്ടുപണ്ട് ഒരിടത്ത് കാടിനടുത്തുള്ള ഒരു ഗ്രാമത്തിലെ മനോഹരമായ താമരക്കുളത്തില്‍ കുറെ ആമകള്‍ സന്തോഷത്തോടെ താമസിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം ഒരു മുതല അവിടേക്കു വന്നു. മുതലയും ആ കുളത്തില്‍ താമസമാക്കി. പിന്നീട് മുതല കുളത്തില്‍ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ആമകളെ ഉപദ്രവിക്കാന്‍ തുടങ്ങി. മുതലയുടെ ഉപദ്രവം അടിക്കടി കൂടിവന്നു. ഉപദ്രവം സഹിക്കവയ്യാതായപ്പോള്‍ ആമകള്‍ക്ക് അവരുടെ സ്വന്തം വാസസ്ഥലം വിട്ടുപോകേണ്ടി വന്നു. 
പക്ഷേ, അവര്‍ക്ക് അവരുടെ സ്വന്തം കുളം വിട്ടുപിരിയാന്‍ മനസ്സില്ലായിരുന്നു. അവര്‍ തീരുമാനിച്ചു, ദുഷ്​ടനായ മുതലയെ കുളത്തില്‍നിന്ന് പറഞ്ഞയക്കണം. എന്നിട്ട് നമ്മുടെ വാസസ്ഥലമായ കുളത്തിലേക്ക് നമുക്ക് തിരിച്ചുപോകണം. ആമകളെല്ലാം കൂടിയിരുന്ന് അതിനുവേണ്ട സൂത്രം ആലോചിക്കാന്‍ തുടങ്ങി.
‘‘നേരിട്ട് മുതലയെ എതിര്‍ക്കാന്‍ നമ്മള്‍ക്ക് ശക്തിയില്ലാത്തതുകൊണ്ട് വല്ല സൂത്രത്തിലൂടെ മാത്രമേ എതിരാളിയെ കുളത്തില്‍നിന്ന് തുരത്താന്‍ കഴിയൂ’’ -ആമകളുടെ നേതാവ് പറഞ്ഞു. 
ആമകളെല്ലാം ഓരോ വഴികള്‍ ആലോചിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ബെഞ്ചമിന്‍ എന്ന ആമക്ക് ഒരു ഉപായം തോന്നി. അവന്‍ മറ്റ് ആമകളോടായി പറഞ്ഞു:
‘‘സുഹൃത്തുക്കളെ, എനിക്കൊരു ഉപായം തോന്നുന്നു. നമ്മളില്‍ കുറച്ച് വേഗതയുള്ളയാള്‍ മുതലയുടെ അടുത്തേക്ക് പോവുക. എന്നിട്ട് മുതലയെ ഒരു മത്സരത്തിന് വെല്ലുവിളിക്കുക’’
മറ്റ്​ ആമകള്‍ ബെഞ്ചമി​െൻറ വാക്കുകള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
മത്സരത്തിന് പോകുന്നയാള്‍ മുതലയോടു പറയണം: ‘‘ഞാന്‍ ഓടും. നീ വന്ന് എന്നെ പിടിക്കണം. എന്നെ നിനക്ക് പിടിക്കാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ഇത്രയും കാലം വസിച്ചിരുന്ന ഈ മനോഹരമായ കുളം നിനക്ക് വിട്ടുതരും. നിശ്ചിത സമയം ഞാന്‍ പിടിച്ചു നിന്നാല്‍ നീ ഈ സ്ഥലം വിട്ടു പോകണം’’ -സൂത്രശാലിയായ ബെഞ്ചമിന്‍ ത​െൻറ സൂത്രം മറ്റുള്ളവര്‍ക്ക് വിവരിച്ചുകൊടുത്തു.
അങ്ങനെ അവരുടെ കൂട്ടത്തില്‍ ഏറ്റവും ധൈര്യവും വേഗതയുമുള്ള ഒരു ആമ ആ ദൗത്യം ഏറ്റെടുത്തു. അവന്‍ കുളത്തിനടുത്തുവന്ന് ബെഞ്ചമിന്‍ പറഞ്ഞതുപോലെ മുതലയെ മത്സരത്തിന് വെല്ലുവിളിച്ചു. മുതല മത്സരത്തിന് സമ്മതിച്ചു. 
അവര്‍ മത്സരം ആരംഭിച്ചു. ആമ ബെഞ്ചമിന്‍ നിര്‍ദേശിച്ച ഭാഗത്തേക്ക് സര്‍വശക്തിയുമെടുത്ത് ഓടാന്‍ തുടങ്ങി. ആമ ഒന്നു തിരിഞ്ഞുനോക്കി. പിറകെ മുതല അതിവേഗത്തില്‍ ഓടിവരുന്നു. ആമ ഓടിയോടി ഒരു കാടിനടുത്തെത്തി. പെട്ടെന്ന്, ആമ ഒരു വേട്ടക്കാര​െൻറ മുന്നില്‍പെട്ടു. വേട്ടക്കാരന്‍ ആമയെ പിടികൂടി. 
പക്ഷേ, അതിവേഗത്തില്‍ വന്ന മുതലയെ കണ്ടപ്പോള്‍ വേട്ടക്കാരന്‍ ഓര്‍ത്തു. ഈ ചെറിയ ആമയെ പിടിക്കുന്നതിനേക്കാള്‍ നല്ലത് മുതലയെ പിടിക്കുന്നതാണ്. മുതലയെക്കിട്ടിയാൽ അതിനെ കാഴ്​ച ബംഗ്ലാവിൽ വിറ്റ്​ ധാരാളം പണമുണ്ടാക്കാമല്ലോ... വേട്ടക്കാരന്‍ ആമയെ നിലത്തുവെച്ച് മുതലയെ പിടികൂടി. ഈ സമയം ആമ അവിടെ നിന്ന് രക്ഷപ്പെട്ടു.
ദുഷ്​ടനായ മുതലയില്‍നിന്ന് രക്ഷിച്ച ആമയെ മറ്റുള്ളവര്‍ തോളിലേറ്റി. തങ്ങളുടെ കുളത്തിലേക്കു തിരിച്ചുവന്ന ആമകള്‍ ബെഞ്ചമിനും മത്സരത്തില്‍ പങ്കെടുത്ത ആമക്കും വമ്പിച്ച സ്വീകരണം നല്‍കി. പിന്നീട് ഏറെക്കാലം ആമകള്‍ സ്വസ്ഥമായി ആ കുളത്തില്‍ വസിച്ചു.