പുസ്തക വെളിച്ചം
അറുപതിലേക്കടുക്കുന്ന ‘നിഴൽപ്പാടുകൾ’
  • പ്രഫ. എം. ഹരിദാസ്​
  • 02:41 PM
  • 21/05/2018

പ്രശസ്ത മലയാള നോവലിസ്​റ്റ്​ സി. രാധാകൃഷ്ണ​െൻറ കന്നിനോവലായ ‘നിഴൽപ്പാടുകൾ’ 1960-61ൽ മാതൃഭൂമി നടത്തിയ നോവൽ മത്സരത്തിൽ ഒന്നാംസമ്മാനം ലഭിച്ച കൃതിയാണ്. 1962ൽ ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ച ഈ നോവൽ  രചിക്കപ്പെട്ട് ആറ് പതിറ്റാണ്ടാവുകയാണ്. ആ വർഷത്തെ കേരള സാഹിത്യ അക്കാദമി നോവൽ പുരസ്കാരവും ‘നിഴൽപ്പാടുകൾ’ക്ക് ലഭിച്ചു. 2000ത്തിൽ ഗ്രന്ഥശാലകളിൽ കൂടുതൽ ആവശ്യക്കാരുള്ള 15  കൃതികൾ പ്രസിദ്ധീകരിക്കുന്നതിനായി ഡി.സി ബുക്സ് തയാറാക്കിയ പട്ടികയിൽ ഇടംപിടിച്ച കൃതിയാണിത്.
120 പേജിൽ ഒതുങ്ങുന്ന ഈ കൊച്ചു നോവലി​െൻറ രചനാക്രമം കേന്ദ്രകഥാപാത്രമായ നന്ദിനിക്കുട്ടി എന്ന നമ്പൂതിരി യുവതി ആഖ്യാതാവായി സ്വന്തം കഥപറയുന്ന ​െശെലിയിലാണ്. നന്ദിനിയുടെ ബാല്യത്തിൽനിന്നാണ് കഥ ആരംഭിക്കുന്നത്. ഇല്ലത്ത് സഹായത്തിന് വരാറുള്ള മരക്കാരുടെ മകൻ ഹബീബും ഉണ്യേട്ടൻ എന്ന് നന്ദിനിക്കുട്ടി വിളിക്കുന്ന ജ്യേഷ്ഠൻ പി.എം. കേശവനുണ്ണിയുമായിരുന്നു സ്കൂളിൽ പോകാൻ കൂട്ട്. അഞ്ചാം ക്ലാസ് കഴിഞ്ഞ് സ്കൂളിൽ പോക്ക് അവസാനിപ്പിക്കുകയും, സംഗീത പഠനത്തിനായി വീട്ടിൽ ടീച്ചറെ ഏർപ്പാടാക്കുകയും ചെയ്തതോടെയാണ് നന്ദിനിയുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. വിശ്വസിച്ചിരുന്നതു പോലെ, ഇല്ലത്തെ അച്ഛൻ നമ്പൂതിരിയുടെയും അന്തർജനത്തി​െൻറയും മകളല്ല താൻ എന്നും അകാലത്തിൽ അമ്മ മരിച്ച തന്നെ അവർ  എടുത്തു വളർത്തിയതാണെന്നുമുള്ള അറിവ്​ അവളെ വല്ലാതെ ഉലച്ചു. ഇഷ്​ടങ്ങളെല്ലാം സാധിച്ചു കൊടുത്ത് സ്നേഹം കോരിച്ചൊരിഞ്ഞാണ് അവർ അവളെ വളർത്തിയത്. ഉണ്യേട്ടൻ സ്വന്തം ചേട്ടനല്ല എന്ന അറിവ് അയാളോടുള്ള നന്ദിനിയുടെ ആരാധനയിൽ പ്രണയം കലർത്തുന്നു. ചേട്ടനെ കോളജിൽ ചേർത്തതി​െൻറ അടുത്ത വർഷം ഇല്ലത്തെ കാര്യസ്ഥ​െൻറ സഹോദരിയുടെ പുത്രിയായ സൗമിനി​െയയും അച്ഛൻ നമ്പൂതിരി  കോളജിലയച്ചു. സൗമിനിയും ചേട്ടൻ ഗോപിയും അദ്ദേഹത്തി​െൻറ മക്കളാണെന്ന കാര്യം അധികമാരും അറിയാത്ത രഹസ്യമായിരുന്നു. ഉണ്യേട്ടനും സൗമിനിയും തമ്മിൽ വളർന്ന അടുപ്പം നന്ദിനിയെ അസ്വസ്ഥയാക്കി. അവർ ഒരു അച്ഛ​െൻറ മക്കളാണ് എന്ന വിവരം നന്ദിനി അച്ഛൻ നമ്പൂതിരിയുടെ  പേരിൽ സൗമിനിക്ക് കള്ളക്കത്തെഴുതി അറിയിക്കുന്നു. കത്ത് ഉണ്യേട്ടന്​ കൈമാറിയ ശേഷം സൗമിനി ആത്മഹത്യ ചെയ്തു. വിവാഹിതയായ  നന്ദിനിയാകട്ടെ, ഭർത്താവിനോടൊത്ത്  ബോംബെക്ക് പോകുന്നു. സൗമിനിയുടെ  ദുരന്തത്തിന് കാരണക്കാരൻ ഉണ്ണി നമ്പൂതിരിയാണെന്ന് മനസ്സിലാക്കിയ ഗോപി മദ്യലഹരിയിൽ അയാളെ കുത്തിക്കൊല്ലുന്നു. രണ്ട് കുടുംബങ്ങളുടെ തകർച്ചക്ക്​ കാരണക്കാരിയായി എന്ന കുറ്റബോധത്തി​െൻറ തീവ്രതയിൽ നന്ദിനിയുടെ മനസ്സിൽ ആത്മഹത്യാപ്രവണത വളരുന്നു. ആദ്യശ്രമത്തിൽനിന്ന് ഹബീബ് രക്ഷിക്കുന്നു. മകൾക്ക് സൗമിനി എന്നുപേരിട്ട് പ്രായശ്ചിത്തം ചെയ്തെങ്കിലും അവളോടൊത്ത് സുഖജീവിതം നയിക്കാൻ നന്ദിനിക്കായില്ല. മനസ്സിൽ അസൂയക്ക് ഇടം കൊടുത്ത്​, കള്ളക്കത്തെഴുതി തുടങ്ങിയ തെറ്റുകളിൽനിന്ന്  ജീവിതത്തിൽ തനിക്ക് ഒരിക്കലും മോചനമുണ്ടാകില്ല എന്ന് ബോധ്യമായ നന്ദിനിക്കുട്ടി ആത്മഹത്യയിലഭയം പ്രാപിക്കുന്നിടത്താണ് നോവൽ അവസാനിക്കുന്നത്.
ഒരു കൊച്ചു നോവലിന് ഉൾക്കൊള്ളാനാവുന്നതിലധികം മരണങ്ങളും നാടകീയ സംഭവങ്ങളും നിറഞ്ഞ ഈ കൃതിയിൽ ചില അനൗചിത്യങ്ങൾ കണ്ടെത്താമെങ്കിലും ഭാവിയിലെ ഒരു വലിയ നോവലിസ്​റ്റി​െൻറ പ്രതിഭാസ്പർശത്തി​െൻറ പ്രഥമാങ്കുരങ്ങൾ ദൃശ്യമാക്കിയ രചന എന്ന പ്രാധാന്യം അതിനുണ്ട്. സ്വാഭാവികമായ സംഭാഷണം, പശ്ചാത്തലവർണനകളിലെ ഔചിത്യം, പാത്രസൃഷ്​ടിയിലെ മികവ്, സമൃദ്ധമായ ഇമേജറി, പതിഞ്ഞിരിക്കുന്ന നർമം, ശൈലിയിലെ കാവ്യാത്മകത തുടങ്ങി രാധാകൃഷ്ണ​െൻറ കൃതികളുടെ മുഖമുദ്രകൾ തിരനോട്ടം നടത്തിയ കൃതി എന്ന ചരിത്രപ്രാധാന്യം ‘നിഴൽപ്പാടുകൾ’ക്ക് സ്വന്തമാണ്.

സി. രാധാകൃഷ്ണൻ   
ജീവിത രേഖ

ജനനം: 1939 ഫെബ്രുവരി 15 മലപ്പുറം ജില്ലയിൽ തിരൂരിനടുത്ത് ചമ്രവട്ടത്ത്
പദവികൾ: പുണെയിൽ കേന്ദ്ര ഗവ. സ്ഥാപനത്തിൽ ശാസ്ത്രജ്ഞൻ, മാധ്യമം ചീഫ്​ എഡിറ്റർ, സയൻസ് ടുഡെ, വീക്ഷണം, ഭാഷാപോഷിണി, എന്നീ പ്രസിദ്ധീകരണങ്ങളിൽ എഡിറ്റോറിയൽ ജോലി, എസ്.പി.സി.എസ് പ്രസിഡൻറ്​, സിനിമ സംവിധായകൻ
കൃതികൾ: നോവൽ, കഥാസമാഹാരം, കവിത, നാടകം, വിവർത്തനം, ഉപന്യാസ സമാഹാരം, പഠനം, തിരക്കഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി അമ്പതിലധികം കൃതികൾ
പുരസ്കാരങ്ങൾ: കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, മൂർത്തീ ദേവി പുരസ്കാരം ഏഴുത്തച്ഛൻ പുരസ്കാരം, പത്മപ്രഭ പുരസ്കാരം, വയലാർ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ.