അയലത്തെ നെയ്ത്തുകാർ
  • പ്രിൻസ് കെ. ഹരിദാസ്
  • 12:58 PM
  • 21/11/2018

വീടുകളിലും പറമ്പുകളിലുമുള്ള നെയ്ത്തുകാരനെ നിങ്ങൾ കണ്ടിട്ടുണ്ടാകും. ആരാണെന്നല്ലേ... ചിലന്തി അഥവാ എട്ടുകാലി. കുഞ്ഞന്മാരായ ഈ ജീവിവർഗം എങ്ങനെയാണ് ഒരു ചിത്രകാരൻ ചിത്രം വരക്കുന്നതുപോലെ,  ശിൽപി ശിൽപമുണ്ടാക്കുന്നതുപോലെ മനോഹരമായി വലനെയ്യുന്നതെന്ന് നിങ്ങൾക്ക് അത്ഭുതം തോന്നിയിട്ടുണ്ടാകും

കൂട്ടുകാരേ... നിങ്ങളുടെ മനോഹരമായ സ്കൂൾ യൂനിഫോം ആരാണ് ഉണ്ടാക്കിയതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ സ്കൂൾ ബാഗ് വിവിധ വർണങ്ങളോടെ പൂക്കളും ചിത്രങ്ങളുമായി ആകർഷകമാക്കിയതിനു പിന്നിൽ ആരാണെന്ന്  ഒരു നിമിഷം ഓർത്തുനോക്കിയിട്ടുണ്ടോ? എന്നാൽ, കേട്ടോളൂ... അതിനു പിറകിൽ ഒരു ഭാവനാസമ്പന്നനായ നെയ്ത്തുകാര​െൻറ കരങ്ങളാണുള്ളത്. വസ്ത്രം നെയ്യുന്നവരെ കൂട്ടുകാർ കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല. പ​േക്ഷ, നമ്മുടെയെല്ലാം വീടുകളിലും പറമ്പുകളിലുമുള്ള നെയ്ത്തുകാരനെ നിങ്ങൾ കണ്ടിട്ടുണ്ടാകും. ആരാണെന്നല്ലേ... ചിലന്തി അഥവാ എട്ടുകാലി. ഇത്രയും കുഞ്ഞന്മാരായ ഈ ജീവിവർഗം എങ്ങനെയാണ് ഒരു ചിത്രകാരൻ ചിത്രം വരക്കുന്നതുപോലെ,  ശിൽപി ശിൽപമുണ്ടാക്കുന്നതുപോലെ മനോഹരമായി വലനെയ്യുന്നതെന്ന് നിങ്ങൾക്ക് അത്ഭുതം തോന്നിയിട്ടുണ്ടാകും. ഇത്തവണ നമുക്കു ചുറ്റുമുള്ള ഏതാനും ചിലന്തികളെയും അവയുടെ പ്രത്യേകതയും പഠിക്കാം. 

അൻറാർട്ടിക്കയിലേക്ക് ഞങ്ങളില്ല
സ്വന്തമായി വല വിരിച്ച് ഇരയെ പിടിക്കുന്ന നട്ടെല്ലില്ലാത്ത ചെറുജീവിയാണ് ചിലന്തി അഥവാ എട്ടുകാലി. ലോകത്തിെല ഏറ്റവും വലിയ ജന്തു വർഗമായ ‘ആർനോപോഡ’യിൽ ഉൾപ്പെടുന്നവരാണ് ഇക്കൂട്ടർ. എട്ടുകാലുകളും എട്ടു കണ്ണുകളും (അപൂർവമായി ആറു കണ്ണുകൾ) ഇവക്കുണ്ടാകും. അൻറാർട്ടിക്കയിലൊഴികെ ലോകത്തിെല വൈവിധ്യമാർന്ന ആവാസവ്യവസ്ഥയിൽ ഇവ ജീവിക്കുന്നു. ലോകത്തിൽ ഇതുവരെയായി 113 വർഗങ്ങളിലായി (Family) 47,215 തരം ചിലന്തികളെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഇര തേടാനുള്ള മാർഗം അത്ഭുതപ്പെടുത്തുന്നതാണ്. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിൽ ബദ്ധശ്രദ്ധ പുലർത്തുന്നവയാണ് ചിലന്തികൾ.

ചാട്ടക്കാരൻ ചിലന്തികൾ
ഇത്തരം ചിലന്തികൾ വല നെയ്യാറില്ല, എന്നാൽ ഇരകളെ ഓടിച്ച് പിടിച്ച് കൊല്ലുന്നതാണ് ഇവയുടെ രീതി. നമ്മുടെ വീട്ടിലും പരിസരങ്ങളിലും സാധാരണയായി കാണപ്പെടുന്ന ഇവ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ചാടിയാണ് സഞ്ചരിക്കുക. ഏറെ ദൂരെനിന്നുതന്നെ ഇരകളുടെ നിറവും ചലനങ്ങളും മനസ്സിലാക്കാൻ കഴിവുള്ള പാട്ടക്കാരൻ ചിലന്തികൾക്ക് കണ്ണുകൾ 360 ഡിഗ്രി തിരിക്കാനും സാധിക്കും. ചെറുപ്രാണികളാണ് പ്രധാന ഭക്ഷണമെങ്കിലും മറ്റു ചിലന്തികളെയും ഭക്ഷണമാക്കാറുണ്ട്. 

ചെന്നായ്​ ചിലന്തികൾ
അധികം ബഹളമൊന്നുമില്ലാത്ത സ്ഥലങ്ങളിലാണ് ഇവ കാണപ്പെടാറ്. വല നെയ്യാറില്ല. ഇരകളുടെമേൽ ചാടിവീണ് അതിശക്തമായ വിഷം കുത്തിവെച്ച് അവയെ മയക്കിയാണ് ഭക്ഷണമാക്കാറ്. പാറകളിലെ ചെറിയ മാളങ്ങളിലും മരത്തടികളിലെ വിള്ളലുകളിലുമാണ് ഇവയുടെ വാസം. രണ്ടു നിരയിലായി കാണപ്പെടുന്ന ഇവയുടെ കണ്ണുകൾ വ്യത്യസ്​ത വലുപ്പത്തിലാണുള്ളത്. 

വട്ടവല ചിലന്തികൾ
ലോകത്ത് എല്ലായിടത്തും കാണപ്പെടുന്ന ചിലന്തിവർഗമാണ് ഇവ. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ വട്ടത്തിൽ വല നെയ്ത് അതിനുള്ളിലാണ് ഇവയുടെ വാസം. വലയിൽ തലകീഴായി കിടക്കുന്ന ഇവ അതിനുള്ളിൽ ഇര വീഴുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാൻ മിടുക്കരാണ്. വലയിലെ അലങ്കാരപ്പണികൾക്ക് പ്രശസ്തമാണിവ. ഇരകളെ വലക്കുള്ളിലേക്ക് ആകർഷിക്കാനുള്ള തന്ത്രമാണീ സൂത്രപ്പണിക്ക് പിറകിലെ ലക്ഷ്യം. ചിലന്തിയുടെ വലുപ്പവും ഭാരവും അനുസരിച്ച് വലകളുടെ ആകൃതിയും വ്യത്യാസപ്പെട്ടിരിക്കും. 

പൂച്ച ചിലന്തികൾ
ചെടികളിലും കുറ്റിക്കാടുകളിലും കാണപ്പെടുന്ന പൂച്ച ചിലന്തികൾ അതിവേഗ വേട്ടക്കാർകൂടിയാണ്. പൂച്ചയെപ്പോലെ ക്ഷമയോടെ പതുങ്ങിയിരുന്ന് തക്കംകിട്ടിയാൽ ഇരകൾക്കുമേൽ  ചാടിവീഴാനുള്ള വൈദഗ്ധ്യംകൊണ്ടാണ് ഇവക്ക് പൂച്ച ചിലന്തികൾ എന്ന പേര് ലഭിച്ചത്. ഒരു മരത്തിൽനിന്ന് മറ്റൊന്നിലേക്ക് അവയുടെ ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന നാരുകൾ ഉപയോഗിച്ച് ചാടിയാണ് സഞ്ചാരം. കണ്ണുകൾ മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമാണ്. ഇവയുടെ കാലുകളിലും ശരീരഭാഗങ്ങളിലും ഇടവിട്ട് കൂർത്ത മുള്ളുകൾപോലുള്ള രോമങ്ങൾ കാണപ്പെടുന്നു. 

നീളൻചുണ്ടൻ ചിലന്തികൾ
വെള്ളത്തിെൻറ സാന്നിധ്യം ഇവയുടെ അതിജീവനത്തിന് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ മഴക്കാടുകൾപോലുള്ള സ്ഥലങ്ങളിലാണ് ഇവ സാധാരണയായി കാണാറ്. വൃത്താകൃതിയിലുള്ള വല ഇവയുടെ പ്രത്യേകതയാണ്. പകൽനേരങ്ങളിൽ വലനെയ്യുന്നവയാണ് നീളൻചുണ്ടൻ ചിലന്തികൾ. രണ്ടുനിരകളിലായുള്ള കണ്ണുകളിൽ മുൻനിരയിൽ മധ്യഭാഗത്തെ കണ്ണുകൾ താരതമ്യേന വലുതാണ്. എല്ലാ കണ്ണുകളും രണ്ടുനിരകളിലായി ഒന്നിനുപിറകെ ഒന്നായി കാണപ്പെടുന്നു. 

ഇരട്ടവാലൻ ചിലന്തികൾ
മരത്തടികളിലെ വിടവുകളിലും മാളങ്ങളിലും സാധാരണയായി കാണപ്പെടുന്ന ഇവ വീടിെൻറ ചുവരുകളിലും അപൂർവമായി ഉണ്ടാകാറുണ്ട്. ഇവയുടെ പിൻവശത്ത് രണ്ടു വലനെയ്യൽ ഗ്രന്ഥികൾ സാധാരണയുള്ളതിനേക്കാൻ നീളം കൂടുതലായി, വലപോലെ കാണുന്നു. അതുകൊണ്ടാണ് ഇവക്ക് ഇരട്ടവാലൻ എന്ന പേര് ലഭിച്ചത്. 

വേട്ടക്കാരൻ ചിലന്തികൾ
വീട്ടുചുവരുകളിൽ രാത്രിയിൽ കാണപ്പെടുന്ന ഇവ നല്ല വലുപ്പമുള്ളവയാണ്. വീട്ടിനകത്തു കാണപ്പെടുന്ന ചെറുജീവിക​െളയും പ്രാണികളെയും ഭക്ഷണമാക്കുന്ന ഇവ നിരുപദ്രവകാരിയാണ്. നീളമേറിയ കൈകാലുകൾ പ്രത്യേകതയാണ്. കറുത്ത നിറത്തിലും വരകളോടുകൂടിയ ചാരനിറത്തിലും ഇവയെ കാണാം. പെൺചിലന്തികൾ മുട്ടസഞ്ചി തലയുടെ ഭാഗത്ത് കൊണ്ടുനടക്കുന്നു.

വിറയൽ ചിലന്തികൾ
ചിലന്തി വർഗങ്ങളിലെ അലസരും മടിയന്മാരുമാണ് വിറയൽ ചിലന്തികൾ (മണ്ണാച്ചന്മാർ). അയഞ്ഞ വല നെയ്യുന്ന ഇക്കൂട്ടർ ശല്യപ്പെടുത്തിയാൽ വലപിടിച്ച് ശക്തിയായി വിറപ്പിക്കും. അപ്പോൾ എന്തുകൊണ്ടാണ് ഇവക്ക് വിറയന്മാർ എന്ന പേര് ലഭിച്ചതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അധികം ശല്യമോ ബഹളമോ ഇല്ലാത്തിടങ്ങളിലാണ് ഇവ വലനെയ്യാറ്. വലയിൽ തലകീഴായി കിടന്ന് ഇരകളെ കാത്തിരിക്കുന്ന ഇത്തരം ചിലന്തികളിൽ ചിലതിന് ആറും ചിലതിന് എട്ടും കണ്ണുകളുണ്ട്. 

പുഷ്പ ചിലന്തികൾ
പൂക്കളിലും ഇലകളിലും ചെടികളിലും സാധാരണയായി പുഷ്പ ചിലന്തികളെ (ഞണ്ട് ചിലന്തികൾ) കാണപ്പെടുന്നു. ഇവയും വല നെയ്യാറില്ല. പരിസരങ്ങളുമായി വളരെ ഇണങ്ങിയ നിറങ്ങളിലാണ് ഇവ ജീവിക്കുക. അതുകൊണ്ടുതന്നെ പെട്ടെന്ന് കണ്ടെത്തുക പ്രയാസം. മനുഷ്യർക്ക് ഒരുതരത്തിലുമുള്ള ഉപദ്രവം ചെയ്യില്ല. ഞണ്ടിനെ അനുസ്മരിപ്പിക്കുംവിധം വശങ്ങളിലേക്ക് നടക്കുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. പൂക്കളിൽ തേൻ കുടിക്കാനെത്തുന്ന പ്രാണികളാണ് ഇവയുടെ മുഖ്യ ആഹാരം. 

കടുവ ചിലന്തികൾ
ശരീരം മുഴുവൻ രോമങ്ങളോടുകൂടിയ സാധാരണയിൽ കവിഞ്ഞ് വലുപ്പമുള്ള പുരാതന ചിലന്തികൾ എന്നറിയപ്പെടുന്നവയാണിവ. മരപ്പൊത്തിലും പാറമടകളിലെ വിടവുകളിലും ജീവിക്കുന്നു. വീടിെൻറ പരിസരങ്ങളിലും അപൂർവമായി കാണപ്പെടുന്നു. ഇവയുടെ രോമങ്ങൾ മനുഷ്യശരീരത്തിൽ വീണാൽ അലർജിക്ക് കാരണമാകും. ഇവയുടെ വിഷം ചിലപ്പോൾ അപകടവുമാകാം. ഇവയുടെ വിഷപ്പല്ലുകൾ താഴോട്ടും മേലോട്ടും എന്ന രീതിയിലാണ് ചലിപ്പിക്കുക. 

ചിലന്തിയുടെ ഉപയോഗങ്ങൾ
നമ്മുടെ വീടും പരിസരവും ഉദ്യാനങ്ങൾ, കൃഷിസ്ഥലങ്ങൾ തുടങ്ങിയവയും പ്രാണിമുക്തമാക്കുന്നു. പ്രാണിവർധന തടഞ്ഞ് കൃഷിനാശം സംഭവിക്കാതെ കാക്കുന്നു. ചിലന്തിവിഷം പല രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നതിനുള്ള ശ്രമം ഗവേഷണ ലോകത്ത് നടക്കുന്നു. ഉദാഹരണത്തിന്: ക്രമരഹിതമായ ഹൃദയമിടിപ്പ്, മറവിരോഗം, ഹൃദയസ്തംഭനം എന്നിവക്ക് ചിലന്തിവിഷം പരീക്ഷിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലാണ്. ചിലന്തിനാരുകൾ ഉറപ്പേറിയതും വലിയൽ ശേഷിയുള്ളവയും ആയതുകൊണ്ട് അവ ഉപയോഗിച്ച് പാരച്യൂട്ട്, വെടിയുണ്ട കവചം, വസ്ത്രം എന്നിവ നിർമിക്കുന്നു. പാപ്വന്യൂഗിനിയിലെ നാടോടികൾ ചിലന്തിനാര്​ ഉപയോഗിച്ച് മീൻപിടിക്കുന്നുണ്ട്. 

ചില ചിലന്തി വിശേഷങ്ങൾ
ചിലന്തികളെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ കൊടുമൺ എന്ന സ്ഥലത്താണ്.  ഇന്ത്യയിലെതന്നെ ഏക ക്ഷേത്രമെന്ന് പറയപ്പെടുന്ന ഇവിടെ ചിലന്തി കടിയേറ്റുള്ള വിഷബാധയും രോഗങ്ങളും അമ്പലത്തിലെ കിണർവെള്ളത്താൽ ഭേദമാക്കും എന്നു വിശ്വസിക്കുന്നു  ●ചിലന്തികളോടുള്ള ഭയത്തെ ‘അരാക്നോ ഫോബിയ’ എന്നു പറയുന്നു ●ഖ​ുർആനിലെ 29ാം അധ്യായത്തിെൻറ പേര് ചിലന്തി എന്നാണ്   ●കടുവ ചിലന്തികൾ മനുഷ്യനെ കടിച്ചാൽ ശരീരം കോച്ചിപ്പിടിക്കും   ●പെറുവിലെ ‘മോസ്കേ’ വിഭാഗക്കാരുടെ ആരാധനയിൽ ചിലന്തികൾക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു   ●കംബോഡിയ, തായ്​ലൻഡ്​ തുടങ്ങിയ രാജ്യങ്ങൾ ഭക്ഷണമായും ഇവയെ ഉപയോഗിക്കുന്നു
 

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ഇ. സുനീഷ്, അസിസ്​റ്റൻറ് പ്രഫസർ, 
ഡിപ്പാർട്​മെൻറ് ഓഫ് സുവോളജി, തൃശൂർ കേരളവർമ 
കോളജ് (മധ്യമലബാറിലെ ചിലന്തികളുടെ വർഗീകരണം
എന്ന വിഷയത്തിലാണ് 
ഡോക്ടറേറ്റ് നേടിയത്)