കായികം
അമ്മേ എന്നോട് പൊറുക്കൂ...
  • കെ.പി.എം. റിയാസ്​
  • 12:18 PM
  • 22/01/2018
ധൻരാജ് പിള്ള

നാല് വീതം ഒളിമ്പിക്സുകളിലും ലോകകപ്പുകളിലും രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ ഭാഗ്യം ലഭിച്ച കായികതാരം. അത്രതന്നെ ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറുകളിലും ഏഷ്യൻ ഗെയിംസുകളിലും കളിച്ച് മറ്റാർക്കും അവകാശപ്പെടാനാവാത്ത റെക്കോഡിന് ഉടമയാണ് ഇന്ത്യൻ ഹോക്കി ഇതിഹാസം ധൻരാജ് പിള്ള. തമിഴ്നാട്ടുകാരായ മാതാപിതാക്കളുടെ മകനായി മഹാരാഷ്​ട്രയിലെ ഖഡ്കിയിൽ ജനിച്ച ഇദ്ദേഹം കൗമാരകാലത്ത് ബോംബെയിലേക്ക് നാടുവിട്ടത് പൊലീസിനെ പേടിച്ചായിരുന്നത്രെ. നാട്ടിലെ അടിപിടിക്കേസിൽ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ ധൻരാജിനെ ബോംബെയിൽ കഴിഞ്ഞിരുന്ന ദേശീയ താരം കൂടിയായ ജ്യേഷ്ഠൻ രമേശ് പിള്ള കൂടെകൂട്ടുകയായിരുന്നു.
വടിക്കഷ്ണം ഹോക്കി സ്​റ്റിക്കാക്കി നന്നേ ചെറുപ്പത്തിൽ കൂട്ടുകാർക്കും സഹോദരങ്ങൾക്കുമൊപ്പം കളി തുടങ്ങിയ ധൻരാജ് മുൻ ദേശീയ ടീം ക്യാപ്റ്റൻ മുഹമ്മദ് ഷാഹിദിനെ അനുകരിക്കാനാണ് ശ്രമിച്ചത്. മുംബൈയിലെത്തിയതോടെ ധൻരാജിെൻറ നല്ലകാലം തുടങ്ങി. 1989 മുതൽ 2004 വരെ 339 അന്താരാഷ്​ട്ര മത്സരങ്ങളിൽ ഇദ്ദേഹം ഇന്ത്യൻ ജഴ്സിയണിഞ്ഞു. ധൻരാജ് നേടിയ ഗോളുകളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക കണക്കൊന്നും ഇന്ത്യൻ ഹോക്കി ഫെഡറേഷ​െൻറ പക്കലില്ല. 170 തവണ സ്കോർ ചെയ്തെന്നാണ് താരം സാക്ഷ്യപ്പെടുത്തുന്നത്. 1992, 1996, 2000, 2004 ഒളിമ്പിക്സുകളിലും 1990, 1994, 1998, 2002 ലോകകപ്പുകളിലും ധൻരാജ് കളിച്ചു. 
2000ത്തിൽ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചു ഈ ഫോർവേഡിന്.
1998ലെ ഏഷ്യൻ ഗെയിംസ് സ്വർണവും 2003ലെ ഏഷ്യ കപ്പും ഇന്ത്യ നേടിയത് ധൻരാജിന് കീഴിലായിരുന്നു. 2004ലെ ആതൻസ് ഒളിമ്പിക്സിലായിരുന്നു വിടവാങ്ങൽ മത്സരം. മൂന്ന് മിനിറ്റ് മാത്രമാണ് പക്ഷേ ഇദ്ദേഹത്തിന് കോച്ച് അവസരം നൽകിയത്. 2003ലെ ജന്മദിനാഘോഷം ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളിലൊന്നായി ധൻരാജ് പലയിടത്തും പരാമർശിച്ചിട്ടുണ്ട്. ഹോക്കി സ്​റ്റിക്കിെൻറ മാതൃകയിലുള്ള സ്വർണ മോതിരം നൽകിയാണ് സഹതാരങ്ങൾ ആഘോഷം സംഘടിപ്പിച്ചത്. 
മക്കളെ ഹോക്കി താരങ്ങളാക്കണമെന്ന് ആഗ്രഹിച്ചിരുന്നു മാതാവ് അന്ദലമ്മ. നാല് ഒളിമ്പിക്സുകൾ കളിച്ചിട്ടും ഒരു മെഡൽ പോലും നേടാൻ ധൻരാജിന് കഴിഞ്ഞില്ല. താരത്തിെൻറ ജീവചരിത്രത്തിന് പത്രപ്രവർത്തകനായ സന്ദീപ് മിശ്ര നൽകിയ പേര്, 'അമ്മേ എന്നോട് പൊറുക്കൂ' എന്നാണ്. മെഡൽ നേടാത്തതിന് അമ്മയോട് മാപ്പ് ചോദിക്കുകയാണ് ധൻരാജ് ഇതിലൂടെ.