എന്റെ പേജ്
അമ്പിളിത്തടാകം
  • ആഷിഖ്​ മുഹമ്മദ്​
  • 12:08 PM
  • 26/11/2019

മരുഭൂമിയെന്നു കേൾക്കുമ്പോൾ വിജനമായ ഒരിടമാവും ആദ്യം മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ പലരും കരുതുന്നപോലെ മരുഭൂമി ജീവജാലങ്ങളില്ലാത്ത, സസ്യങ്ങളില്ലാത്ത ഒരിടമല്ല. അവിടെ  മരുഭൂമിക്കനുയോജ്യമായ ആവാസവ്യവസ്ഥയുണ്ട്. ഒട്ടകങ്ങളും  മുയലുകളും പാമ്പുകളും കുറുക്കനും കുറുനരിയുമുണ്ട്. ഇടയ്ക്കിടെ പെയ്യുന്ന മഴയും ചെറുതടാകങ്ങളുമുണ്ട്. അവിടെയും മനുഷ്യരും മൃഗങ്ങളും സുഖമായി ജീവിക്കുന്ന ഇടങ്ങളുണ്ട്. ലോക ജനസംഖ്യയുടെ പത്തിലൊന്നും താമസിക്കുന്നത് മരുഭൂമികളിലാണ്. ഒട്ടകങ്ങൾ വരിവരിയായി പോകുന്ന മരുഭൂമി കവികൾ പാടിയതുപോലെ അത്രയും സുന്ദരമാണ്. 
മരുഭൂമിയിലെ ചിലയിടങ്ങളിൽ സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും ജീവിക്കാനാവശ്യമായ ജലം ലഭ്യമാകുന്നു. അത്തരം പ്രദേശങ്ങളെ നാം മരുപ്പച്ച എന്ന് വിളിക്കുന്നു. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗോബി മരുഭൂമിയിലെ  ഡാൻഹുആങ് നഗരിയിൽനിന്ന്​ ആറ് കി.മീറ്റർ തെക്കോട്ടു മാറി സഞ്ചരിച്ചാൽ  നിങ്ങൾക്കങ്ങനെയൊരു  കാഴ്ച കാണാം. അർധ ചന്ദ്രാകൃതിയിലുള്ളൊരു തടാകമാണ് കക്ഷി. പേര് ക്രസൻറ് തടാകം. ദൂരെ നിന്ന് നോക്കുകയാണെങ്കിൽ വെള്ളം നിറഞ്ഞു കിടക്കുന്ന അർധ ചന്ദ്രൻ  മരുഭൂമിയിൽ വീണു കിടക്കുകയാണെന്നേ തോന്നുകയുള്ളൂ. ഏകദേശം രണ്ടായിരം വർഷം പഴക്കമുള്ള തടാകത്തിന്​ 218  മീറ്റർ നീളവും 54  മീറ്റർ വീതിയുമാണുള്ളത്. തീർത്തും പ്രകൃതിദത്തമായ ശുദ്ധജലം അടങ്ങിയിരിക്കുന്നതിനാൽ ജീവജാലങ്ങൾക്കെല്ലാം അനുഗ്രഹമാണ് ഈ തടാകം. കുളിർമയാർന്ന തടാകത്തി​െൻറ കാഴ്ചയും ഒട്ടകപ്പുറത്ത് കയറിയുള്ള മരുഭൂ യാത്രയുമെല്ലാംതന്നെ സഞ്ചാരികളെ എന്നും ആകർഷിക്കുന്നവയാണ്‌. ടിക്കറ്റ് മുഖേനയാണ് പ്രവേശനം. തടാകത്തിനരികിലായി പുരാതനമായ ഒരു ചൈനീസ് പകോഡയും  നിങ്ങൾക്കവിടെ കാണാവുന്നതാണ്. പ്രകൃതിയുടെ ഈ കൗതുകം കാണാൻ നിരവധി സഞ്ചാരികളാണ് ഓരോ വർഷവും ഇവിടേക്കെത്തുന്നത്.
എന്നാൽ, കാലാവസ്ഥയിലെ വ്യതിയാനങ്ങൾ ക്രസൻറ് തടാകത്തെയും സാരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. വർഷംതോറും തടാകത്തിലെ ജലനിരപ്പ് കുറഞ്ഞുവരുന്നു. 1960ൽ ഏകദേശം അഞ്ച് മീറ്റർ ആഴമുണ്ടായിരുന്ന തടാകത്തിലെ ജലനിരപ്പ് 1990 ആയപ്പോഴേക്കും ഒരു മീറ്ററിൽ താഴെയായി എന്നാണ്​ പഠനങ്ങൾ തെളിയിക്കുന്നത്​. തടാകത്തെ ഇങ്ങനെയൊരു ദുരന്തത്തിൽനിന്നും രക്ഷിക്കുന്നതി​െൻറ  ഭാഗമായി ചൈനീസ് സർക്കാർ 2006 മുതൽ ജലനിരപ്പ് താഴുന്നതിനനുസരിച്ച് കൃത്രിമ ശുദ്ധജലം അതിലേക്ക് ചേർത്ത് ജലനിരപ്പ് വർധിപ്പിക്കുകയാണ്. മരുഭൂവൽക്കരണം തടഞ്ഞ് പച്ചപ്പ് നിലനിർത്തുന്നതിനായി മരങ്ങൾ വെച്ചുപിടിപ്പിക്കാനും പദ്ധതി തയാറാക്കുകയാണ് ചൈനീസ് സർക്കാർ.