ടെലിസ്‌കോപ്പ്
അപ്രത്യക്ഷമായ പോംപേയ്​ നഗരം
  • ആഷിഖ്​ മുഹമ്മദ്​
  • 11:00 AM
  • 12/06/2019
മൺമറഞ്ഞ പോംപേയ്​ നഗരം. ദൂരെ വെസുവിയസ്​ അഗ്​നിപർവതം

1991ൽ തെക്കൻ ഇറ്റലിയിലെ ഒരിടത്ത് പുരാവസ്‌തുഗവേഷകർ ഖനനം നടത്തുകയായിരുന്നു. നൂറുകണക്കിന് വർഷങ്ങൾക്കു മുമ്പ്​ അഗ്​നിപർവത സ്‌ഫോടനത്തിൽ നശിച്ചുപോയ പോംപേയ് എന്ന നഗരമായിരുന്നു അത്. വെസൂവിയസ് അഗ്​നിപർവതം പൊട്ടിത്തെറിച്ച്​​ പോംപേയ് എന്ന റോമൻ നഗരം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായത് എ.ഡി.79 ആഗസ്​റ്റ്​ 24നാണ്.
ഇറ്റലിയിലെ കംപാനിയയിലുള്ള നേപ്പിൾസിലെ പുരാതന റോമൻ നഗരമാണ് പോംപേയ്. ക്രിസ്തുവിനു മുമ്പ്​ ഏഴാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ ഓസി ജനതയോ ഓസ്‌കാൻ ജനതയോ ആണ് ഈ നഗരം സ്ഥാപിച്ചതെന്നാണ് പുരാവസ്തു ഗവേഷകർ കരുതുന്നത്. ‘ഓസ്‌കാൻ’ ഭാഷ സംസാരിച്ചിരുന്നവരായിരുന്നു ഇവിടത്തെ ആദ്യ താമസക്കാർ. പ്രകൃതിവിഭവങ്ങളാൽ അനുഗൃഹീതമായിരുന്ന ഇവിടത്തുകാരുടെ പ്രധാന തൊഴിൽ കന്നുകാലി വളർത്തലും കൃഷിയുമായിരുന്നു. അഗ്​നിപർവതത്തി​െൻറ തെക്കുഭാഗത്തായി സ്ഥിതിചെയ്‌ത പോംപേയ് നഗരത്തി​െൻറ മറുഭാഗത്തുകൂടി സാർനോ നദി ഒഴുകിയിരുന്നു. ബി.സി ഏഴാം നൂറ്റാണ്ടായപ്പോഴേക്കും ഗ്രീക്കുകാർ ഇവിടെ താമസത്തിനെത്തി. എന്നാൽ, കാലാന്തരത്തിൽ സാംനൈറ്റ്സ് എന്നുപേരുള്ള യുദ്ധവീരന്മാരായ ഗോത്രവർഗക്കാർ ഗ്രീക്കുകാരെ അടിയറവു പറയിച്ചു. ഇതിനുശേഷമാണ് റോമാക്കാർ ഇവിടെ ആധിപത്യം സ്ഥാപിക്കുന്നത്. അടുത്ത 200 വർഷത്തിനുള്ളിൽ പോംപേയ് മികച്ച നഗരമായി വളർന്നു. കല്ലുകൾ പാകിയ തെരുവുകളും പാതയോരത്തുകൂടിയുള്ള ഓവുചാലുകളും കുടിവെള്ളമെത്തിക്കുന്നതിന് മണ്ണിനടിയിലൂടെയുള്ള പൈപ്പുകളും പോംപേയ് നഗരത്തി​െൻറ പ്രത്യേകതകളായിരുന്നു. മാർബിളിൽ തീർത്ത ജലധാര യന്ത്രങ്ങളിൽനിന്ന് തെരുവിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർക്കും മൃഗങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഏർപ്പാടുമുണ്ടാക്കിയിരുന്നു. നാടകങ്ങളും സംഗീത പരിപാടികളും ഏറെ ഇഷ്​ടപ്പെട്ടിരുന്ന ഇവിടത്തുകാർ പോരാട്ടമത്സരങ്ങളിലും പ്രിയം കണ്ടെത്തി. അതിനായി ഇരുപതിനായിരം പേർക്കിരിക്കാവുന്ന വൃത്താകൃതിയിലുള്ള ആംഫി തിയറ്ററും നിർമിച്ചിരുന്നു.
വെസൂവിയസി​െൻറ സ്ഫോടനാത്മക സ്വഭാവത്തെക്കുറിച്ച് പുരാതനകാലത്തെ ആളുകൾക്ക് വ്യക്തമായ അറിവുകളൊന്നുമില്ലായിരുന്നു. ആറായിരം അടി പൊക്കത്തിലുള്ള വെസൂവിയസ് അപകടകാരിയുടെ ലക്ഷണമൊന്നും കാണിച്ചതുമില്ല. എ.ഡി 79 ആഗസ്​റ്റ്​ ആദ്യം വെസൂവിയസി​െൻറ സമീപപ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. കിണറുകൾ വറ്റുകയും നീരുറവകൾ നിലക്കുകയും ചെയ്‌തു. ആഗസ്​റ്റ്​ 20ന് ഭൂമി ഒന്നുകൂടി വിറച്ചു. പരിഭ്രാന്തരായ ജനങ്ങളിൽ കുറെപേർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങി. അപ്പോഴേക്കും വെസൂവിയസിൽനിന്ന് പുക ഉയരാൻ തുടങ്ങിയിരുന്നു. ആഗസ്​റ്റ്​ 24ന് ഉച്ചകഴിഞ്ഞ് അഗ്​നിപർവതം പൊട്ടിത്തെറിച്ചു. തിളക്കുന്ന ലാവ അന്തരീക്ഷത്തിൽ 28  കിലോമീറ്ററോളം ഉയരത്തിൽ തെറിച്ചു. ചെറുതരികളായി മുകളിലേക്കുയർന്ന ലാവ മേഘമായി രൂപംകൊള്ളുകയും പോംപേയ് നഗരത്തിനു മേൽ പൊഴിഞ്ഞു വീഴാനും തുടങ്ങി. അതോടൊപ്പം തീക്കൊള്ളികളും അഗ്​നിപർവത ശിലകളും താഴേക്കുവീണുകൊണ്ടിരുന്നു. ഒരുമണിക്കൂറിൽ ആറിഞ്ച് കനത്തിലെന്നകണക്കിന് നഗരത്തിൽ അഗ്​നിപർവത ശിലകൾ നിറഞ്ഞു. നഗരത്തെ ഒന്നാകെ മൂടിയ അഗ്​നിപർവത ചാരത്തിനു മുകളിൽ മഴ പെയ്‌തതോടെ ചാരം ഉറച്ചു​ കട്ടിയായി. ആയിരങ്ങൾ അതിനുള്ളിൽ പിടഞ്ഞുമരിച്ചു. നഗരം അക്ഷരാർഥത്തിൽ മൺമറഞ്ഞു. കാലങ്ങൾക്കുശേഷം പുരാവസ്‌തു ഗവേഷകർ പോം​േപയെ വീണ്ടും കണ്ടെത്തി. പ്രതിമകളും പാത്രങ്ങളും മൃതദേഹങ്ങളും കെട്ടിടങ്ങളുമെല്ലാം കേടുപാടുകളൊന്നും കൂടാതെ ആ ചാര കോൺക്രീറ്റിനടിയിലുണ്ടായിരുന്നു. പോംപേയ് നഗരത്തെ മൂടിയിരിക്കുന്ന അഗ്​നിപർവത ശിലകളും ലാവാ അവശിഷ്​ടങ്ങളും മറ്റും നീക്കി കെട്ടിടങ്ങൾ പുനർനിർമിക്കാൻ ഇറ്റലിയിലെ സർക്കാർ 2.3 കോടി അനുവദിച്ചിരുന്നു. ഇ​തേത്തുടർന്നാണ് പുരാവസ്തു ഗവേഷകരുടെ മേൽനോട്ടത്തിൽ ജോലിക്കാർ ഖനനം തുടങ്ങിയത്. പുരാവസ്തു ശാസ്ത്ര ചരിത്രത്തിലെതന്നെ പ്രധാന സംഭവങ്ങളിൽ ഒന്നാണ് പോം​േപയ്​ നഗരത്തി​െൻറ ഈ തിരിച്ചുവരവ്​.