സ്കൂൾ പച്ച
അക്ഷരവെളിച്ചത്തിന്‍െറ കാല്‍ നൂറ്റാണ്ട്
  • അനൂജ ഇസഡ്.എന്‍
  • 11:09 AM
  • 05/09/2016

ലോക സാക്ഷരതാദിനാഘോഷത്തിന്‍െറ 50ാം വര്‍ഷത്തില്‍ കേരളവും സുപ്രധാനമായ നാഴികക്കല്ല് പിന്നിടുകയാണ്. സമ്പൂര്‍ണ സാക്ഷരത എന്ന ചരിത്രനേട്ടത്തിലേക്ക് കേരളം കാലൂന്നിയിട്ട്  കാല്‍ നൂറ്റാണ്ട് ഈ വര്‍ഷം പൂര്‍ത്തിയായി. ഈ നേട്ടത്തില്‍ മലയാളനാടിന്‍െറ ഖ്യാതി രാജ്യവും കടന്ന് അന്താരാഷ്ട്രതലത്തില്‍ വ്യാപിച്ചതാണ്. കേരളപിറവിക്ക് ശേഷം കണ്ട ഏറ്റവും മികച്ചതും ശ്രദ്ധേയവുമായ ജനകീയ കൂട്ടായ്മയിലൂടെയാണ് ഈ നേട്ടം കേരളം എത്തിപ്പിടിച്ചത്. ജനങ്ങളും ഭരണകൂടവും ഒന്നിച്ചുനിന്നതിന്‍െറ ഫലമാണ് ‘സാക്ഷരകേരളം സുന്ദര കേരളം’ എന്ന് നമ്മുടെ നാടിനെ നോക്കി എല്ലാവരും വിളിക്കുന്നതിലേക്ക് എത്തിച്ചത്. അക്ഷരങ്ങള്‍ വെളിച്ചമാണെന്ന തിരിച്ചറിവില്‍നിന്നാണ് നമ്മള്‍ ഉണരുന്നത്. അതൊരു യജ്ഞമായി നമ്മള്‍ ഏറ്റെടുത്തു. ‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ, പുത്തനൊരായുധമാണു നിനക്കത്, പുസ്തകം കൈയിലെടുത്തോളൂ’ എന്ന മുദ്രാവാക്യവുമായി സാക്ഷരതാപ്രവര്‍ത്തകര്‍ നിരക്ഷരരെ തേടിപ്പോയി. എല്ലാ വിഭാഗം ആളുകളും 15 വയസ്സുതൊട്ട് 90 വയസ്സു വരെയുള്ളവര്‍ സാക്ഷരതാ ക്ളാസുകളില്‍ പങ്കെടുത്തു. സമ്പൂര്‍ണ സാക്ഷരതക്കായി അക്ഷരകേരളം പദ്ധതി സര്‍ക്കാര്‍ നടപ്പാക്കി. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സാക്ഷരതാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 1990 ഏപ്രില്‍ എട്ടിലെ സര്‍വേ അനുസരിച്ച് കേരളത്തിലൊട്ടാകെ 28,20,338 നിരക്ഷരരെ കണ്ടത്തെി. ഇവരെ സാക്ഷരരാക്കാനായി മൂന്നുലക്ഷത്തോളം സന്നദ്ധപ്രവര്‍ത്തകരാണ് യജ്ഞത്തില്‍ പങ്കാളികളായത്.  
1991 ഏപ്രില്‍ 18ന് സ്വപ്നം യാഥാര്‍ഥ്യമായി. കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ നടന്ന മഹാസമ്മേളനത്തില്‍ ചേലക്കോടന്‍ ആയിശ എന്ന പഠിതാവ് കേരളം സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചു. തുടര്‍ന്നിങ്ങോട്ടുള്ള കാല്‍ നൂറ്റാണ്ടുകൊണ്ട് സാക്ഷരതാ-തുടര്‍ വിദ്യാഭ്യാസരംഗത്ത് കേരളം ഏറെ മുന്നോട്ടുപോയി. 2011ലെ സെന്‍സസ് പ്രകാരം കേരളത്തിന്‍െറ സാക്ഷരതാനിരക്ക് 93.91 ശതമാനമാണ്.  2015ല്‍ കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ രാജ്യത്തെ ആദ്യ സംസ്ഥാനം എന്ന അപൂര്‍വ നേട്ടത്തിലുമത്തെി. 
ആധുനിക കേരളത്തെ കെട്ടിപ്പടുത്തതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ നവോത്ഥാന പ്രസ്ഥാനങ്ങളിലാണ് സാക്ഷരതാപ്രസ്ഥാനത്തിന്‍െറ ആരംഭവും. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിന് തൊട്ടുമുമ്പ് ആരംഭിക്കുകയും നവോത്ഥാന കാലത്ത് സജീവമായി നിലനില്‍ക്കുകയും ചെയ്ത ക്രിസ്ത്യന്‍ മിഷനറിമാരുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും സാക്ഷരതാരംഗത്ത് നല്‍കിയ സംഭാവനകളും പ്രധാനപ്പെട്ടതാണ്. 
സാക്ഷരതാപ്രവര്‍ത്തനത്തിന്‍െറ ആരംഭം
1960കളുടെ അവസാനത്തോടെയാണ് ആസൂത്രിത സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തിലുള്ള സാക്ഷരതാപ്രവര്‍ത്തനം കേരളത്തില്‍ ആരംഭിക്കുന്നത് 1968ലാണ്. ഇതാകട്ടെ ഇന്ത്യയില്‍ ആരംഭിച്ച ഗ്രാമീണ സാക്ഷരതാപദ്ധതിയുടെ ഭാഗമായിരുന്നു. പിന്നീട് 1978ല്‍ സംസ്ഥാന സര്‍ക്കാര്‍ വയോജന വിദ്യാഭ്യാസവകുപ്പിന് നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു. 1978ല്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ദേശീയ വയോജന വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് ഈ കാലഘട്ടത്തില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ സജീവമായത്. സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനകാലത്ത് സാക്ഷരതാ സമിതികള്‍ രൂപവത്കരിച്ച് വിപുലമായ സാക്ഷരതാപ്രവര്‍ത്തനങ്ങളിലേക്ക് പോകുംവരെ വയോജന വിദ്യാഭ്യാസവകുപ്പ് നിലനിന്നു. സര്‍വകലാശാലകളുടെ വയോജന വിദ്യാഭ്യാസ വ്യാപന വിഭാഗങ്ങള്‍, കാന്‍ഫെഡ്, കേരള ഗ്രന്ഥശാല, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മിത്രാനികേതന്‍, കേരള ഗാന്ധി സ്മാരക നിധി, ആകാശവാണി നിലയങ്ങള്‍, കേരള സര്‍വകലാശാലയുടെ ലിറ്ററസി ഫോറം, സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍ തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സാക്ഷരതാ യജ്ഞത്തെ ജനകീയമാക്കി മാറ്റുന്നതിനായി പ്രവര്‍ത്തിച്ചു. 


കോട്ടയവും എറണാകുളവും ഏഴോം പഞ്ചായത്തും മുന്നില്‍ നടന്നവര്‍

`````````````````````````````````````````````````````````````````````````````````````````````
1989ല്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ നാഷനല്‍ സര്‍വിസ് സ്കീമിന്‍െറ സഹകരണത്തോടെ കോട്ടയം നഗരസഭയും ജില്ലാഭരണകൂടവും സംയുക്തമായി നടത്തിയ 100 ദിവസം നീണ്ട സാക്ഷരതാ പ്രവര്‍ത്തനത്തിലൂടെ അതേവര്‍ഷം മാര്‍ച്ച് നാലിന് കോട്ടയം ഇന്ത്യയിലെ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ പട്ടണമായി മാറി. ‘വെളിച്ചമേ നയിച്ചാലും’  എന്ന പേരില്‍ അറിയപ്പെട്ട സാക്ഷരതാ കാമ്പയിനിലൂടെ എറണാകുളം ജില്ല 1990 ഫെബ്രുവരി നാലിന് സമ്പൂര്‍ണ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. ഇതിന്‍െറ തുടര്‍ച്ചയായാണ് കേരളത്തെ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമാക്കാനുള്ള യജ്ഞത്തിലേക്ക് വഴിനടത്തിയത്. സാക്ഷരതാ യജ്ഞത്തിലൂടെ 12.5 ലക്ഷം നിരക്ഷരരെയാണ് അക്ഷരങ്ങളുടെ ലോകത്ത് എത്തിച്ചത്. കണ്ണൂര്‍ ജില്ലയിലെ എഴോം പഞ്ചായത്താണ് ആദ്യമായി സാക്ഷരതനേടിയ ഗ്രാമപഞ്ചായത്ത്. 1986ലാണ് ഇത്്. 

തിരിയണക്കാതെ അക്ഷരവെളിച്ചം

``````````````````````````````````````````````````````````
സമ്പൂര്‍ണ സാക്ഷരതാ നേട്ടത്തോടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതിരുന്നതും കേരളത്തിന് നേട്ടമായി. 1993-‘97 കാലഘട്ടത്തില്‍ സാക്ഷരതാനന്തര പരിപാടികള്‍ നടന്നു. കേവല സാക്ഷരത നേടിയവര്‍ക്ക് തുടര്‍പഠനത്തിന് അവസരം സൃഷ്ടിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 1991ല്‍ കേരളം സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയെങ്കിലും ആദിവാസി, തീരദേശ മേഖലകളില്‍ സാക്ഷരതാനിരക്ക് 90 ശതമാനത്തിന് താഴെ ആയത് വലിയ വിമര്‍ശങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ 1993ല്‍ കൊല്ലം ജില്ലയിലെ കൊളത്തൂപ്പുഴയില്‍വെച്ച് ആദിവാസി മേഖലയിലെ സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപനം നടന്നു. 
സാക്ഷരതാനന്തര പരിപാടിക്കുശേഷം കേരളത്തില്‍ ആരംഭിച്ച അനൗപചാരിക വിദ്യാഭ്യാസ പരിപാടിയാണ് തുടര്‍വിദ്യാഭ്യാസ പദ്ധതി. അടിസ്ഥാന സാക്ഷരതാ പരിപാടി, തുല്യതാ പരിപാടി, വരുമാന വര്‍ധക പരിപാടി, ജീവിത ഗുണനിലവാര വര്‍ധക പരിപാടി, വ്യക്തിഗത താല്‍പര്യ പരിപോഷണ പരിപാടി എന്നിങ്ങനെ അഞ്ച് ലക്ഷ്യാധിഷ്ഠിത പരിപാടികളാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. 
1998 ഒക്ടോബര്‍ രണ്ടിന് തുടര്‍വിദ്യാഭ്യാസ പദ്ധതിക്ക് കേരളത്തില്‍ തുടക്കംകുറിച്ചു. സംസ്ഥാന സര്‍ക്കാറിന്‍െറ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി എന്ന സ്വയംഭരണ സ്ഥാപനത്തിന് രൂപം നല്‍കിയാണ് പദ്ധതി നടപ്പാക്കിയത്. 
കേരളത്തില്‍ നടന്ന സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള ജനകീയ കാമ്പയിന്‍ സ്വഭാവത്തിലുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. എന്നാല്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ആവിഷ്കരിച്ച തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ ദീര്‍ഘകാല പദ്ധതികളാണ്. എന്നാല്‍, ജനകീയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. സമീപകാലത്ത് നടത്തിയ അതുല്യം പരിപാടി ഈ വഴിക്കുള്ളതായിരുന്നു. 
അവശേഷിക്കുന്ന നിരക്ഷരരെക്കൂടി സാക്ഷരര്‍ ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷരതാ മിഷന്‍ പരിഗണന നല്‍കുന്നു. വിദ്യാകേന്ദ്രങ്ങള്‍ മുഖേന ദൈനംദിന സാക്ഷരതാ ക്ളാസുകള്‍, തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള സാക്ഷരതാ പരിപാടികള്‍, പ്രാഥമിക വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായുള്ള സാക്ഷരതാ ക്ളാസുകള്‍, കേരള രൂപവത്കരണത്തിന്‍െറ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക സാക്ഷരതാ പരിപാടികള്‍, മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ അക്ഷരലക്ഷം പദ്ധതി തുടങ്ങിയവയും സാക്ഷരതാ മിഷന്‍ ഏറ്റെടുത്തു നടത്തുന്ന പരിപാടികളാണ്. 
വയനാട് ജില്ലയില്‍ അക്ഷരദീപം പദ്ധതി, പാലക്കാട് ജില്ലയില്‍ ആദിവാസി സാക്ഷരതാ പരിപാടി, മലപ്പുറം ജില്ലയില്‍ നടന്ന തീരജ്യോതി, പട്ടിക വര്‍ഗ സാക്ഷരതാ പരിപാടികള്‍, കോഴിക്കോട് ജില്ലയില്‍ നടന്നുവരുന്ന ഉണര്‍വ്, ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍ നടന്നുവരുന്ന സാക്ഷരതാ പ്രോജക്ട്, കാസര്‍കോട് ജില്ലയില്‍ നടന്നുവരുന്ന സാക്ഷരതാ പരിപാടി, തിരുവനന്തപുരം ജില്ലയിലെ തീരമേഖലയില്‍ നടന്നുവരുന്ന സാക്ഷരതാ പരിപാടി എന്നിവയെല്ലാം ശ്രദ്ധേയപ്രവര്‍ത്തനങ്ങളാണ്. മലപ്പുറം ജില്ലയില്‍ നടന്ന ബ്രയില്‍ സാക്ഷരതാ പരിപാടി രാജ്യത്തെ സാക്ഷരതാ പ്രവര്‍ത്തനത്തിലെ മികവുറ്റ പ്രവര്‍ത്തനങ്ങളിലൊന്നാണ്. വയനാട് ജില്ലയില്‍ നടന്നുവരുന്ന ആദിവാസി സാക്ഷരതാപരിപാടിയും ശ്രദ്ധേയമാണ്. 

സാക്ഷരതയില്‍നിന്ന് സമ്പൂര്‍ണ 
പ്രാഥമിക വിദ്യാഭ്യാസത്തിലേക്ക്

```````````````````````````````````````````````

അനൗപചാരിക വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പാണ് സാക്ഷരതാ മിഷന്‍ വഴി നടപ്പാക്കുന്ന തുല്യതാ പരിപാടി. നാലാംതരം തുല്യത, ഏഴാംതരം തുല്യത, പത്താംതരം, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെയുള്ള തുല്യതാ കോഴ്സുകളാണ് നടത്തിവരുന്നത്. ലക്ഷദ്വീപിലേക്ക് പത്താംതരം തുല്യതാ കോഴ്സ് വ്യാപിപ്പിക്കുന്നതിനും ഗള്‍ഫ് നാടുകളില്‍ കോഴ്സ് ആരംഭിക്കുന്നതിനും സാക്ഷരതാ മിഷന് കഴിഞ്ഞു. തമിഴ്, കന്നഡ മീഡിയത്തിലും പത്താംതരം തുല്യതാ കോഴ്സ് ആരംഭിച്ചു. ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിന്‍െറ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. 
സംസ്ഥാനത്തെ അനൗപചാരിക വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായിരുന്നു സാക്ഷരതാമിഷന്‍ നടത്തിയ അതുല്യം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടി. ഈ പദ്ധതിയിലൂടെ കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. തിരുവനന്തപുരത്ത് 2016 ജനുവരി 13ന് നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയാണ് ചരിത്രപരമായ ഈ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്താകെ 2,40,804 പഠിതാക്കളെ കണ്ടത്തെി നടത്തിയ പൊതുപരീക്ഷയില്‍ 2,02,862 പേര്‍ വിജയിച്ചതോടെയാണ്  കേരളം മറ്റൊരു ചരിത്രനേട്ടം കൂടി കൈവരിച്ചത്.   

ഇറാന്‍ സമ്മേളനത്തിന്‍െറ ഓര്‍മയില്‍ 

``````````````````````````````````````````
1965ല്‍ നിരക്ഷരതാ നിര്‍മാര്‍ജനത്തെക്കുറിച്ച് ആലോചിക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ യോഗം ചേര്‍ന്നു. ഇറാനിലെ തെഹ്റാനില്‍ ചേര്‍ന്ന ഈ സമ്മേളനം സെപ്റ്റംബര്‍ എട്ടിനാണ് ആരംഭിച്ചത്. 
ഇതിന്‍െറ സ്മരണ നിലനിര്‍ത്താനും ലോകവ്യാപകമായി സാക്ഷരതയുടെ പ്രാധാന്യം വിശദീകരിക്കുന്നതിനുമായി 1966 മുതല്‍ സെപ്റ്റംബര്‍ എട്ട് ലോക സാക്ഷരതാദിനമായി ആചരിക്കുന്നു. യുനെസ്കോ പ്രത്യേക മുദ്രാവാക്യത്തോടെയാണ് ലോക സാക്ഷരതാദിനാഘോഷത്തിന്‍െറ അരനൂറ്റാണ്ട് ആഘോഷിക്കുന്നത്. ‘Reading the Past, Writing the Future’  എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ലോകാടിസ്ഥാനത്തില്‍ സാക്ഷരതാനിരക്ക് ഉയര്‍ത്താനുള്ള പരിശ്രമങ്ങളോടെയാണ് യുനെസ്കോ ദിനാഘോഷം നടത്തുന്നത്. ഭാവിയില്‍ സാക്ഷരതാപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനുള്ള നൂതന  പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. 
സാക്ഷരത വ്യക്തിയുടെയും സമൂഹത്തിന്‍െറയും ശാക്തീകരണത്തിനുള്ള ഉപകരണമായാണ് യുനെസ്കോ നോക്കിക്കാണുന്നത്. വിദ്യാഭ്യാസ, സാക്ഷരതാ മേഖലകളിലെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലോക സാക്ഷരതാ പുരസ്കാരവും പാരിസില്‍ യുനെസ്കോ ആസ്ഥാനത്ത്  നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.