വേറിട്ട വിദ്യാഭ്യാസ കാഴ്ചപ്പാടുകളുമായി തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന സല്‍സബീല്‍ ഗ്രീന്‍ സ്കൂളിലെ വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ചക്കും മറ്റു പരിപാടികള്‍ക്കുമായി കേരളത്തിലെത്തിയ സന്ദീപ് പാണ്ഡെയുമായി നടത്തിയ സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍:

നവംബര്‍ മധ്യത്തില്‍ നടക്കേണ്ടിയിരുന്ന സാര്‍ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കേണ്ടന്ന് തീരുമാനിച്ചിരുന്നു. ഇത് എത്തരത്തില്‍ മേഖലയിലെ സമാധാനത്തെ ബാധിക്കും?
തീര്‍ച്ചയായും ഇന്ത്യയുടെ തീരുമാനം നിര്‍ണായകമായി ബാധിക്കും. ദക്ഷിണേന്ത്യയിലെ വിവിധ രാജ്യങ്ങള്‍ക്കിടയില്‍ സംവാദത്തിന് വഴിയൊരുക്കുന്ന വേദിയാണ് സാര്‍ക്. ഇന്ത്യ -പാകിസ്താന്‍ പ്രശ്നം മറ്റു രാജ്യങ്ങളെയും ബാധിക്കുന്നുണ്ട്. ഇത്തവണ സാര്‍ക് ഉച്ചകോടി പാകിസ്താനില്‍ നടക്കുന്നതുകൊണ്ട് ഒൗപചാരികമല്ലാതെതന്നെ ചര്‍ച്ചകള്‍ക്ക് സാധ്യത ഏറെയായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രശ്നപരിഹാരത്തിന് ഇത് നല്ലൊരവസരവുമായിരുന്നു. അത് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പാകിസ്താന്‍ ഒരു ഭീകരരാഷ്ട്രമാണെന്ന് വിശ്വസിപ്പിച്ച് അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പാകിസ്താനെ ബഹിഷ്കരിക്കാനുള്ള കഠിനപരിശ്രമം.

അതിനായി ഇന്ത്യ അന്താരാഷ്ട്ര ചര്‍ച്ചാവേദികള്‍ സൃഷ്ടിക്കുകയും സാര്‍ക്കില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇതൊരു വിഫല ശ്രമം മാത്രമാണ്. കാരണം, ഇന്ത്യയുടെ ദീര്‍ഘകാല സഖ്യരാജ്യമായ റഷ്യയുള്‍പ്പെടെയുള്ള മറ്റു രാഷ്ട്രങ്ങള്‍ പാകിസ്താനെ ഒരു ഭീകരരാജ്യമായി അംഗീകരിക്കാന്‍ തയാറല്ല. വാസ്തവത്തില്‍ അവര്‍ പാകിസ്താനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. പാകിസ്താനെ വിശകലനംചെയ്യുന്നതില്‍ ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. നാം ഇത് തിരിച്ചറിയേണ്ടിയിരിക്കുന്നു. മറ്റു രാഷ്ട്രങ്ങളുടെ മേല്‍ നമ്മുടെ വീക്ഷണങ്ങള്‍ അടിച്ചേല്‍പിക്കാന്‍ പാടില്ല. പാകിസ്താന്‍ ഭീകരതയുടെ സ്രോതസ്സാണെന്നതില്‍ സംശയമില്ല.

അതിനൊപ്പം പാകിസ്താന്‍ ഇരകൂടിയാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒട്ടേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ബലൂചിസ്താനിലെ പൊലീസ് അക്കാദമിക്കു മേലുള്ള ആക്രമണം ഇതിനുദാഹരണമാണ്. ഇത്തരം സംഭവവികാസങ്ങള്‍ക്ക് മതമായോ ദേശീയതയായോ ഒരു ബന്ധവുമില്ല. പാകിസ്താനില്‍ ഒട്ടനവധി മുസ്ലിം പാകിസ്താനികള്‍ കൊല ചെയ്യപ്പെടുന്നു. ഭീകരതയുടെ പേരില്‍ ഇന്ത്യന്‍ പൗരന്മാരെക്കാള്‍ പാകിസ്താനികളാണ് ദിനംപ്രതി ആക്രമിക്കപ്പെടുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുക എന്നത് ഇന്ത്യയെപോലെ പാകിസ്താന്‍െറയും ശക്തമായ ആവശ്യമാണ്. പരസ്പരം പഴിചാരുകയും കലഹിക്കുകയും ചെയ്യുന്നതിനു പകരം രണ്ടു സര്‍ക്കാറുകളും ഈ പ്രശ്നത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാകണം.