വാഷിങ്ടണ്‍: ചൊവ്വയുടെ അന്തരീക്ഷ പഠനത്തിനാവശ്യമായ ഭാരമേറിയ ചരക്കുകള്‍ ഇറക്കാന്‍ സര്‍വകലാശാല, കോളജ് വിദ്യാര്‍ഥികളില്‍നിന്ന് നാസ പുത്തന്‍ ആശയങ്ങള്‍ ക്ഷണിച്ചു. 22 ടണ്‍വരെ ഭാരവുമായി ചൊവ്വയിലേക്ക് പറക്കാനാകുന്ന ഹൈപര്‍സോണിക് എയ്റോ ഡൈനാമിക് ഡിസലേറ്റര് സാങ്കേതികവിദ്യ (എച്ച്.ഐ.എ.ഡി) ഉപയോഗിച്ചുള്ള സംവിധാനമാണ് നിലവില്‍ നാസ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്‍െറ ആദ്യ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്‍െറ തുടര്‍ച്ചയായാണ് ശാസ്ത്ര ഗവേഷക രംഗത്തുള്ളവരുടെ ആശയങ്ങള്‍കൂടി ക്ഷണിക്കുന്നത്. താല്പര്യമുള്ളവര്ക്ക് മൂന്നോ നാലോ പേരോ അടങ്ങുന്ന സംഘമായി ആശയങ്ങള്‍ നവംബര്‍ 15നകം അയച്ചുകൊടുക്കാം.
ഇതില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടുത്തഘട്ടത്തില്‍ പ്രവേശിക്കാം. പരമാവധി നാലു ടീമുകള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ 2016 ഏപ്രിലില്‍ നടക്കുന്ന ബിഗ് ഐഡിയ വേദിയില്‍ അവതരിപ്പിക്കാം. ഫൈനലിലത്തെുന്ന ടീമിന് 6000 യു. എസ് ഡോളര്‍ സ്റ്റൈപന്‍ഡായി ലഭിക്കും. ചൊവ്വയിലിറങ്ങിയ മാഴ്സ് റോവര്‍ ഒരു ടണ്‍ ഭാരമുള്ള ചരക്കുമായാണ് ചൊവ്വയിലേക്ക് പറന്നിരുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിലൂടെ ഭാരമുള്ള സാമഗ്രികളും വഹിച്ച് കുറഞ്ഞ വേഗത്തില്‍ യാത്ര ചെയ്യുന്നതും സുരക്ഷിതമായി എത്തുന്നതുമാണ് പ്രധാന വെല്ലുവിളി. പുതിയ പരീക്ഷണത്തിലൂടെ ഇതിനെ മറികടക്കാനാണ് ശ്രമം.