ക്രിക്കറ്റ് ഇവരോട് കാണിച്ചത് നന്ദികേട്... VIDEO

kaliyattam

ഏറ്റവും മാന്യൻമാരായ മനുഷ്യരുടെ കളിയാണ്​ ക്രിക്കറ്റ്​ എന്നത്​ ക്രിക്കറ്റിനോളം പഴക്കമു​ള്ളൊരു പഴഞ്ചൊല്ലാണ്​...
പ​ഴ​ഞ്ചൊല്ലിൽ പതിരില്ലെന്ന ആ പഴഞ്ചൊല്ല്​ പക്ഷേ, ക്രിക്കറ്റിലെ മാന്യതയുടെ കാര്യത്തിൽ വിലപ്പോവില്ലെന്നു മാത്രം...
അത്ര മാന്യമാണോ ക്രിക്കറ്റിലെ കാര്യങ്ങൾ എന്നതാണ്​ 'കളി ആട്ട'ത്തി​​െൻറ ഈ എപ്പിസോഡിൽ പങ്കുവെക്കുന്നത്​....

കളിക്കളത്തിൽ, വികാരനിർഭരമായ തിരതള്ളലിനിടയിൽ, നിറഞ്ഞു നിൽക്കുന്ന  ആരാധകർക്കു നടുവിൽനിന്ന്​ മാന്യമായി കളി അവസാനിപ്പിച്ച്​ കരയ്​ക്കു കയറണമെന്നാഗ്രഹിക്കാത്ത കളിക്കാരുണ്ടാവില്ല.. 
മാന്യമായ ആ യാത്ര പറച്ചിലാണ്​ ഒത്തിരി കാലം കളംനിറഞ്ഞുനിന്ന ഏതൊരു കളിക്കാര​ൻറെയും ഓർമയിൽ ​പിന്നെ ശേഷിക്കുന്നത്​...

പക്ഷേ, ആ മാന്യത ക്രിക്കറ്റിൽ അത്യപൂർവമായി മാത്രം ലഭിക്കുന്ന സൗഭാഗ്യമാണ്​. സച്ചിൻ തെണ്ടുൽക്കറെയും സുനിൽ ഗാവസ്​കറെയും അനിൽ കുംബ്ലെയെയും പോലെ അത്യപൂർവം ചിലർക്ക്​ മാത്രം കിട്ടുന്ന സൗഭാഗ്യം..
ഇനിയൊരിക്കലും കാണികൾക്കു മുന്നിലേക്ക്​ തിരിച്ചുവരാൻ അവസരമുണ്ടാവില്ലെന്ന നിരാശയുടെ പടുകുഴിക്കരയിലിരുന്ന്​ ​ കളി അവസാനിപ്പിച്ചതായി പ്രഖ്യാപിക്കേണ്ടിവന്നവരാണ്​ ഏറെയും...

ക്രിക്കറ്റിൽ നില നിൽക്കുന്ന വരേണ്യതയെയും പിന്നാമ്പുറ ക്കളികളെയും കടുംവെട്ടുകളെയും കുറിച്ചാണ്​ നിരാശാഭരിതമായ ആ വിരമിക്കലുകൾ പറയുന്നത്​...
ഒരുകാലത്ത്​ ഇന്ത്യൻ ടീമി​​​​െൻറ നെടുംതൂണായിരുന്നുവെന്നതോ, വിജയശിൽപിയായതോ ഒന്നും ആ നന്ദികേടി​​െൻറ കഥാസാരത്തിൽ ഓർക്കപ്പെടുകയേയില്ല...

ഇനിയൊരിക്കലും മടങ്ങിവരാനാവാത്ത ക്രിക്കറ്റ്​ മൈതാനത്തോട്​ ഏറ്റവും ഒടുവിൽ കരയ്​ക്കിരുന്ന്​ യാത്ര ചൊല്ലി പിരിഞ്ഞത്​ ഇർഫാൻ പത്താനാണ്​. കപിൽ ദേവിനു ശേഷം ഇന്ത്യ കണ്ട ലക്ഷണമൊത്ത ആൾറൗണ്ടറെന്ന ഖ്യാതിയിലേക്കുയർന്നുവന്ന ​അതേ ഇർഫാൻ പത്താൻ...

പലരും കരിയർ തുടങ്ങുന്ന സമയത്ത്​ തനിക്ക്​ കളി അവസാനിപ്പിക്കേണ്ടിവന്നു എന്ന്​ പത്താൻ സങ്കടപ്പെടുമ്പോൾ അവസാനിക്കുകയായിരുന്നില്ല, അവസാനിപ്പിക്കുകയായിരുന്നു എ​ന്നോർക്കണം...

2012 ആഗസ്​റ്റ്​ നാലിന്​ ശ്രീലങ്കയിലെ പല്ലേക്കെല്ലെയിൽ അവസാന മത്സരത്തിൽ പന്തെറിയുമ്പോൾ പത്താന്​ വയസ്സ്​ 28. അവസാനം കളിച്ച ആ മത്സരത്തിൽ നേടിയത്​ അഞ്ച്​ വിക്കറ്റും പുറത്താകാതെ 24 റൺസും. പക്ഷേ, പിന്നീടൊരിക്കലും ഇന്ത്യൻ ടീമിലേക്ക്​ പത്താന്​ വിളി വന്നില്ല...

ഇന്ത്യൻ ടീമിന്​ ലോക  ക്രിക്കറ്റിൽ മേൽവിലാസമുണ്ടാക്കിയത്​ കപിൽ ദേവ്​ എന്ന നായകനായിരുന്നു. 
ക്രിക്കറ്റി​ൻറെ  ചരിത്ര പുസ്​തകങ്ങളിലൊന്നും ​കാര്യമായ പരാമർശങ്ങളില്ലാതിരുന്ന ഒരു ടീമിനെ മുന്നിൽ നിന്ന്​ നയിച്ച്​ കപ്പുയർത്തിയ പടനായകൻ. ഇന്ത്യൻ ക്രിക്കറ്റിൽ ഇന്നും പകരം പറയാനില്ലാത്ത ആൾ റൗണ്ടർ. ലോക ക്രിക്കറ്റിലെ ലക്ഷണമൊത്ത ആൾ റൗണ്ടർമാരിൽ ഒരാൾ...
434 വിക്കറ്റുമായി ഒരുകാലത്ത്​ വിക്കറ്റ്​ വേട്ടയിൽ ഒന്നാമനായിരുന്നയാൾ...

എന്തു പറഞ്ഞി​ട്ടെന്തു കാര്യം. ആരാധകരുടെ നടുവിൽ നിന്ന്​ യാത്ര പറഞ്ഞ്​ കരയ്​ക്കു കയറാനുള്ള മോഹം ബി.സി.സി.ഐ അനുവദിച്ചില്ല...
ഒടുവിൽ അങ്ങനെയൊരു വിളി ഇനി ഒരിക്കലുമുണ്ടാവില്ലെന്നുറപ്പിച്ച കപിൽ പത്രക്കാരുടെ മുന്നിൽ സ്വന്തം വിരമിക്കൽ പ്രഖ്യാപിച്ചു കളി മതിയാക്കി...

പക്ഷേ, സച്ചിൻ തെണ്ടുൽക്കറി​​െൻറ കാര്യം അങ്ങനെയായിരുന്നില്ല..
ലോകം മുഴുവൻ കാത്തുനിൽക്കെ കളിക്കളത്തിൽനിന്ന്​ വിരമിക്കാൻ ബി.സി.​സി.ഐ അവസരമൊരുക്കി. ​അതിനായി വെസ്​റ്റിൻഡീസിനെ വിളിച്ചുവരുത്തി രണ്ട്​ ടെസ്​റ്റുകളുടെ മാത്രം പരമ്പര നടത്തി സ്വന്തം നാട്ടുകാരുടെ മുന്നിൽ, മുംബൈ വാങ്കഡെ സ്​റ്റേഡിയത്തിൽ വെച്ച്​ വികാരനിർഭരമായി വിടപറയാൻ സച്ചിൻ എന്ന ക്രിക്കറ്റ്​ ദൈവത്തിന്​ വേദിയൊരുക്കി കൊടുത്തു....
അതും ക്രിക്കറ്റ്​ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്തത്രയും ഗംഭീരമായ യാത്രയയപ്പ്​...

എത്രയോ വർഷം ഇന്ത്യൻ ബാറ്റിങ്ങി​​െൻറ നെടുംകോട്ടയായിരുന്ന ​രാഹുൽ ദ്രാവിഡിന്​ ത​ൻറെ വിരമിക്കൽ മൈതാനത്തിനു പുറത്തിരുന്ന്​ പ്രഖ്യാപിക്കേണ്ടിവന്നു...

ദ്രാവിഡി​ന്‍റെ അതേ ഗതിയായിരുന്നു വിശ്വസ്​ത ബാറ്റ്​സ്​മാനായിരുന്ന വി.വി.എസ്​ ലക്ഷ്​മണിന്‍റെയും...

ആധുനിക ക്രിക്കറ്റിൽ ഇന്ത്യൻ ടീം ലോക കപ്പ്​ അടക്കം നേടിയ വൻ വിജയങ്ങളുടെയൊക്കെ പിന്നിൽ കരുത്തോടെ നിന്ന മികച്ച മാച്ച്​ വിന്നർമാരായിരുന്നു വീരേന്ദ്ര സെവാഗും യുവ്​രാജ്​ സിങും...
മൈതാന മധ്യത്തിൽനിന്ന്​ വിരമിക്കൽ പ്രഖ്യാപിക്കാൻ അവസരമില്ലാതെ മാധ്യമ ​പ്രവർത്തകർക്കും ടി.വി ക്യാമറകൾക്കും മുന്നിൽ നിന്നുകൊണ്ട്​ വിരമിക്കൽ പ്രഖ്യാപിക്കേണ്ടിവന്നു ഇരുവർക്കും...

ഈ മഹാരഥന്മാരിൽ പലർക്കും മൈതാനത്തിന്​ പുറത്തിരുന്ന്​ വിരമിക്കേണ്ടിവന്നത്​ മഹേന്ദ്ര സിങ്​ ധോണി നായകനായ കാലത്തായിരുന്നു എന്നത്​ ഓർക്കുക...
പ്രായമായ താരങ്ങൾ ടീമിനു ഭാരമാകുന്നുവെന്നും അവ​ർ കളി അവസാനിപ്പിക്കണമെന്നുമുള്ള ധോണിയുടെ സന്ദേശം ഈ വിരമിക്കലുകൾക്ക്​ പിന്നിലുണ്ടായിരുന്നു...
സെവാഗും യുവ്​രാജ്​ സിങും ഗൗതം ഗംഭീറും അത്​ തുറന്നുപറഞ്ഞിട്ടുമുണ്ട്​....
പക്ഷേ, പത്താനെ പുറത്താക്കിയത്​ എന്തിനായിരുന്നുവെന്ന്​ പത്താനുപോലുമറിയില്ല...

ഇന്നലെകളിൽ ക്രിക്കറ്റിന്​ വലിയ വലിയ സംഭാവനകൾ നൽകിയതൊന്നും കളി മൈതാനത്ത്​ വിലപ്പോവില്ല എന്ന്​ നായകൻ ധോണി പോലും തിരിച്ചറിഞ്ഞിട്ട്​ നാളുകളായി...
ആസ്​ട്രേലിയൻ പരമ്പരയുടെ മധ്യത്തിൽ നിന്ന്​ ടെസ്​റ്റ്​ ക്രിക്കറ്റിനോട്​ അപ്രതീക്ഷിതമായി വിരമിച്ച ധോണി കഴിഞ്ഞ ജൂലൈയിൽ ലോക കപ്പ്​ സെമിഫൈനലിനു ശേഷം കളത്തിലിറങ്ങിയിട്ടില്ല... 

വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ധോണി കളി മതിയാക്കി എന്നു തന്നെയാണ്​ ക്രിക്കറ്റ്​ ലോകം വിശ്വസിക്കുന്നത്​...

കപിലിനും ദ്രാവിഡിനും ലക്ഷ്​മണിനും സെവാഗിനും യുവ്​രാജിനുമൊന്നും നൽകാത്ത ഔദാര്യം ധോണിക്ക്​ ഇന്ത്യൻ ക്രിക്കറ്റ്​ ബോർഡ്​ നൽകാൻ സാധ്യത കാണുന്നുമില്ല....
ക്രിക്കറ്റിൽ അങ്ങനെയും ചിലതുണ്ട്​....
എല്ലാ കാലവും രാജാവായിരിക്കുക സാധ്യമല്ല.. എന്നെങ്കിലുമൊരിക്കൽ കളിയോട്​ വിട പറഞ്ഞേ മതിയാകൂ...
ധോണിയും ഏതാണ്ട്​ വിട പറഞ്ഞു കഴിഞ്ഞു...
ഇനി ഐ.പി.എല്ലിൽ കണ്ടെങ്കിലായി....

ലോക ​ക്രിക്കറ്റിൽ സമീപകാലത്ത്​ വൻകിട ടീമുകൾക്കൊക്കെ ഭീഷണിയുയർത്തുന്ന ടീമാണ്​ ബംഗ്ലാദേശ്​. ഏത്​ വമ്പൻ ടീമിനെയും തറപറ്റിക്കാൻ പോന്ന ടീമായി ബംഗ്ലാദേശ്​ വളർന്നിരുന്നു... ഭാവിയിൽ തങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ്​ ബംഗ്ലാദേശി​ൻറെ യുവനിര ലോകത്തിന്​ നൽകുന്നത്​...

അണ്ടർ 19 ലോക കപ്പ്​ ക്രിക്കറ്റിൽ നാല്​ തവണ കിരീടമണിഞ്ഞ ഇന്ത്യയെ കലാശപ്പോരിൽ മൂന്നു വിക്കറ്റിന്​ തറപറ്റിച്ച്​ ലോക കപ്പിന്​ പുതിയ അവകാശികളായി തീർന്നിരിക്കുകയാണ്​ ബംഗ്ലാ യുവത്വം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും കളംനിറഞ്ഞ ടീം വമ്പൻ ടീമുകളെ പരാജയപ്പെടുത്തിയാണ്​ ഫൈനലിൽ കടന്നത്​...

അപ്രതീക്ഷിത ജയങ്ങളുമായി എതിരാളികളെ ഞെട്ടിക്കുകയും അട്ടിമറികൾ സൃഷ്​ടിക്കുകയും ചെയ്​തിട്ടുണ്ടെങ്കിലും ഇത്രയും കാലത്തിനിടയിൽ ഒരു ഐ.സി.സി കിരീടവും സ്വന്തമാക്കാൻ കഴിയാത്ത നിർഭാഗ്യവാന്മാരായിരുന്നു ബംഗ്ലാദേശ്​ ടീം...

ആ തലവിധിയാണ്​ ബംഗ്ലാദേശിൻറെ പുതുനിര തിരുത്തിയെഴുതിയത്​...
യശസ്വി ജയ്​സ്വാളി​​െൻറയും രവി ബിഷ്​ണോയിയുടെയും ഒപ്പം പർവേസ്​ ഹുസൈൻ ഇമാ​​െൻറയും അക്​ബർ അലിയുടെയും കാലമായിരിക്കും ലോക ക്രിക്കറ്റിൻറെ ഭാവി എന്ന്​ ബംഗ്ലാദേശിൻറെ യുവരക്​തങ്ങൾ ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്​ ഈ വിജയത്തിലൂടെ...
 

Loading...
COMMENTS