ലണ്ടൻ: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറിെൻറ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂട ി. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്തെ (2000-2020) ഏറ്റവും മഹത്തരമായ കായിക മുഹൂർത്തത്തിനുള്ള ലോറസ് അവാർഡ് പട്ടികയിലാണ് സചിനും 20ൽ ഒരാളായി ഇടംപിടിച്ചത്. ഇന്ത്യയുടെ 2011 ഏകദിന ലോകകപ്പിനു ശേഷം സഹതാരങ്ങൾ സചിനെ തോളിലേറ്റി വാംഖഡെ സ്റ്റേഡിയം വലംവെച്ച നിമിഷമാണ് ‘രാഷ്ട്രത്തിെൻറ തോളിലേറി’യെന്ന തലക്കെട്ടിൽ അവാർഡിന് പരിഗണിക്കുന്നത്.
കായിക രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് സ്പോർട്സ് അവാർഡ്സിെൻറ അണിയറപ്രവർത്തകരായ ലോറസ് ഫൗണ്ടേഷൻ അതിെൻറ 20ാം വാർഷികത്തോടനുബന്ധിച്ചാണ് പുരസ്കാരം സമ്മാനിക്കുന്നത്.
ക്രിക്കറ്റ് ചരിത്രത്തിലെ അസുലഭ മുഹൂർത്തങ്ങളിലൊന്നെന്നാണ് അതിനെ മുൻ ആസ്ട്രേലിയൻ നായകനും ലോറസ് ഫൗണ്ടേഷൻ അംഗവുമായ സ്റ്റീവ് വോ വിശേഷിപ്പിച്ചത്. 20 മുഹൂർത്തങ്ങളെ മൂന്ന് നോക്കൗട്ട് റൗണ്ടുകളിലൂടെ 10, അഞ്ച് എന്നീ എണ്ണത്തിലേക്ക് ചുരുക്കിയ ശേഷമാണ് വിജയിയെ തിരഞ്ഞെടുക്കുക.
ജനുവരി 10ന് തുടങ്ങുന്ന പൊതു വോട്ടെടുപ്പ് ഫെബ്രുവരി 16ന് അവസാനിക്കും. ഫെബ്രുവരി 17ന് ബെർലിനിൽ നടക്കുന്ന ലോറസ് ലോക കായിക അവാർഡ് ഷോ പരിപാടിയിൽ വിജയിയെ പ്രഖ്യാപിക്കും.