പേടിക്കണം ഈ ആസ്ട്രേലിയയെ
text_fieldsകേപ്ടൗണ്‍: ലോകകപ്പ് മത്സരങ്ങളില്‍ ഇരട്ടിവീര്യത്തോടെ പൊരുതുന്ന ആസ്ട്രേലിയ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ എക്കാലവും ഫേവറിറ്റുകളാണ്. സമീപകാല തളര്‍ച്ചകളൊന്നും ലോകകപ്പില്‍ അവരെ ബാധിക്കില്ല. അഞ്ചുവട്ടം ഏകദിന ലോകകപ്പ് ഉയര്‍ത്തിയ അവര്‍ക്ക് ട്വന്‍റി20 ലോകകപ്പ് ഇപ്പോഴും ബാലികേറാമലയാണ്. അതു തിരുത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന കാഹളം മുഴക്കലാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടത്. ഇന്ത്യക്കെതിരെ സ്വന്തംനാട്ടില്‍ ട്വന്‍റി20 മത്സരങ്ങള്‍ സമ്പൂര്‍ണമായി അടിയറവെച്ചപ്പോള്‍ ട്വന്‍റി20 ലോകകപ്പില്‍ കങ്കാരുപ്പടയുടെ സാധ്യതകള്‍ എഴുതിത്തള്ളിയവര്‍ക്ക് മറുപടിയുമായി ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ട്വന്‍റി20 പരമ്പര സ്വന്തമാക്കി ഓസീസ് മുന്നറിയിപ്പുനല്‍കി.
മൂന്നു മത്സരങ്ങളുടെ പരമ്പര 2-1നാണ് ആസ്ട്രേലിയ സ്വന്തമാക്കിയത്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 179 റണ്‍സ് നാലു വിക്കറ്റില്‍ ആസ്ട്രേലിയ മറികടന്നു. 97 റണ്‍സെടുത്ത ഹാഷിം അംല, 30 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍, 25 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡികോക് എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍, മുന്‍നിരയുടെ മികച്ച ബാറ്റിങ്ങില്‍ ഓസീസ് നിഷ്പ്രയാസം ലക്ഷ്യം മറികടന്നു. ഒന്നാം വിക്കറ്റില്‍ ഉസ്മാന്‍ ഖ്വാജയും (33) ഷെയ്ന്‍ വാട്സണും (42) 8.2 ഓവറില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്ത് അടിത്തറ പാകി. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (44), ഡേവിഡ് വാര്‍ണര്‍ (33) എന്നിവര്‍ സ്കോര്‍ നില ഭദ്രമാക്കിയപ്പോള്‍ വിജയറണ്‍സ് കുറിക്കേണ്ട ചുമതല ഗ്ളെന്‍ മാക്സ്വെല്ലിനും (19*) മിച്ചല്‍ മാര്‍ഷിനുമായിരുന്നു. നാലുപന്ത് ശേഷിക്കെയായിരുന്നു ഓസീസിന്‍െറ ജയം.
രണ്ടാം മത്സരത്തിലും കൂറ്റന്‍ ലക്ഷ്യം അടിച്ചെടുത്താണ് ഓസീസ് പരമ്പരയില്‍ തിരിച്ചുവന്നത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 205 റണ്‍സ് ലക്ഷ്യം 77 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെയും 75 റണ്‍സെടുത്ത മാക്സ്വെല്ലിന്‍െറയും കരുത്തിലാണ് ഓസീസ് മറികടന്നത്.ട്വന്‍റി20 ലോകകപ്പില്‍ ഫേവറിറ്റുകളെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുയര്‍ത്താന്‍ കഴിയുമെന്നുതന്നെയാണ് മാക്സ്വെല്ലിന്‍െറയും വാര്‍ണറുടെയും വാട്സന്‍െറയും സ്മിത്തിന്‍െറയും ബാറ്റുകള്‍ നല്‍കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
