ഏഴാം സ്വർഗത്തിൽ വനിത വോളി
text_fieldsകേരള വനിത വോളിബാളിനിത് സുവർണകാലമാണ്. ഒരുകാലത്ത് കേരള താരങ്ങളാൽതന്നെ സമ്പുഷ്ടമായ റെയിൽവേ ടീമുകൾക്കു മുന്നിൽ പാളംതെറ്റുന്നത് പതിവായിരുന്ന കേരള വനിത വോളിബാൾ ടീമിതാ നാലു വർഷത്തിനിടയിലെ ഏഴാം കിരീടവുമായി ഇന്ത്യൻ വോളിബാളിൽ തലയുയർത്തിനിൽക്കുന്നു. തുടർച്ചയായ നാലാം ദേശീയ സീനിയർ കിരീടത്തിനു പിന്നാലെ ഹാട്രിക് ഫെഡറേഷൻ കപ്പ് വിജയവുമായാണ് കേരള വനിത വോളിബാൾ ടീം ചരിത്രമെഴുതിയത്.
ഭുവനേശ്വറിൽ നടന്ന ഫെഡറേഷൻ കപ്പിൽ റെയിൽവേയെ തുടർച്ചയായ മൂന്നു സെറ്റുകൾക്കാണ് കേരള വനിതകൾ തകർത്തത്. സ്കോർ: 25-19, 25-19, 25-16. തൊട്ടുമുമ്പ് നടന്ന ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് ഫൈനലിലും റെയിൽവേയെ തോൽപിച്ചാണ് കേരളം കിരീടമുയർത്തിയിരുന്നത്. അന്ന് ഫൈനലിൽ ഒരു സെറ്റ് നഷ്ടമായിരുന്നെങ്കിൽ ഫെഡറേഷൻ കപ്പിൽ നേരിട്ടുള്ള സെറ്റുകൾക്കായി വിജയം. 10 ദിവസത്തിനുള്ളിലാണ് കേരളത്തിന്റെ രണ്ടു ദേശീയ കിരീട വിജയങ്ങൾ. ഈമാസം 13നായിരുന്നു സീനിയർ വോളിബാളിൽ കേരള വനിതകൾ കപ്പുയർത്തിയത്. 21ന് ഫെഡറേഷൻ കപ്പിലും വിജയം നേടി. എസ്. സൂര്യയാണ് ടീമിന്റെ നായിക.
കെ.എസ്. ജിനി, എൻ.എസ്. ശരണ്യ, എം. ശ്രുതി, ആൽബി തോമസ്, മേരി അനീന, കെ.പി. അനുശ്രീ, എം.പി. മന്യ, അശ്വതി രവീന്ദ്രൻ, മെറിൻ സാജൻ, കെ. അമിത, മായ തോമസ് എന്നിവരാണ് ടീമിലെ മറ്റുള്ളവർ. ഡോ. സി.എസ്. സദാനന്ദന്റെ മുഖ്യപരിശീലനത്തിലാണ് ടീമിന്റെ വിജയഭേരി. പി. ശിവകുമാറും രാധിക കപിൽദേവുമാണ് സഹപരിശീലകർ. സുനിൽ സെബാസ്റ്റ്യൻ മാനേജറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

