കിവീസിന് രക്ഷകരായി ഫിലിപ്സും ജേക്കബ്സും; ഇന്ത്യയ്ക്ക് 181 റൺസ് വിജയലക്ഷ്യം
text_fieldsക്രൈസ്റ്റ് ചർച്ച്: രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് മുമ്പിൽ 181 റൺസിന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലാൻഡ്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 180 റൺസാണ് എടുത്തത്. തുടക്കത്തിൽ പതറിയ ടീമിനെ സെഞ്ച്വറി കൂട്ടുകെട്ടുയർത്തിയ ഗ്ലെൻ ഫിലിപ്സ് - ബെവോൺ ജേക്കബ്സ് സഖ്യത്തിന്റെ ചെറുത്തുനിൽപ്പാണ് മികച്ച സ്കോർ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരുന്നു. രണ്ടാം ഓവറിൽ തന്നെ അർഷ്ദീപ് സിങ് ഓപ്പണറായ ടിം സീഫെർട്ടിനെ (ആറ് പന്തിൽ ഏഴ്) മടക്കി. അടുത്ത് ഓവറിൽ വൺ ഡൗണായി ഇറങ്ങിയ ഡാരൽ മിച്ചലിനെ (അഞ്ച് പന്തിൽ ആറ്) പുറത്താക്കി ഭുവനേശ്വർ കുമാറും പ്രഹരമേല്പിച്ചു. പവർ പ്ലേയിലെ അവസാന ഓവറിൽ ഫിൻ അലനെയും (14 പന്തിൽ 16) കിവീസിന് നഷ്ടമായി. പ്രിൻസ് യാദവിനാണ് വിക്കറ്റ്.
പിന്നാലെ ഗ്ലെൻ ഫിലിപ്സും ബെവോൺ ജേക്കബ്സും ഒന്നിച്ചു. ഇരുവരും നാലാം വിക്കറ്റിൽ 116 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി കിവീസിനെ പിടിച്ചുയർത്തി. 43 പന്തിൽ 73 റൺസെടുത്ത അപകടകാരിയായ ഗ്ലെൻ ഫിലിപ്‌സിനെ പുറത്താക്കി അർഷ്ദീപ് സിങ്ങാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
അടുത്ത ഓവറിൽ 46 പന്തിൽ 58 റൺസെടുത്ത ബെവോൺ ജേക്കബ്സിനെ നിതീഷ് കുമാർ റെഡ്ഡി പുറത്താക്കി. അതോടെ ക്രീസിലെത്തിയ ക്യാപ്റ്റൻ മിച്ചൽ സാന്റ്നറും (നാല്) മൈക്കൽ ബ്രേസ്‌വെല്ലും (പത്ത്) ചേർന്ന് ടീം സ്കോർ 180ൽ എത്തിക്കുകയായിരുന്നു.

