ബാന്ദ്ര (യു.പി): കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് സംശയിച്ച് എഴുപതുകാരനെ ഒരു സംഘം ആളുകൾ അടിച്ചുകൊന്നു. ഉത്തർപ്രദേശിൽ ചിത്രകൂട് ജില്ലയിലെ പിനായ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഷാജഹാൻപൂർ ജില്ലക്കാരനായ രാം ഭരോസ് ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷനകത്തുണ്ടായിരുന്ന വയോധികനെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് തെറ്റിദ്ധരിച്ച് ബുധനാഴ്ച ആളുകൾ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് മാണിക്പൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.കെ. മിശ്ര പറഞ്ഞു.
സ്റ്റേഷൻ മാസ്റ്റർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച മരിച്ചു. ചില യാത്രക്കാർ തന്നെ മർദിച്ചുവെന്ന് മരിക്കുന്നതിനു മുമ്പ് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.