ന്യൂഡൽഹി: രാജ്യത്ത് പുതിയ കാറുകളുടെ വിൽപന റെക്കോഡ് ഇടിവ് നേരിടുേമ്പാൾ ഉപയോഗിച്ച കാറുകൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്. പഴയ വാഹനങ്ങൾ വിൽക്കുന്ന പ്രമുഖ ഓൺലൈൻ കമ്പനിയായ ഒ.എൽ.എക്സ് നടത്തിയ പഠനത്തിലാണ് വാഹനവിപണിക്ക് ഏറെ പ്രതീക്ഷ നൽകുന്ന റിപ്പോർട്ട് ലഭിച്ചത്.
2019ൽ പഴയ വാഹനങ്ങളുടെ വിൽപന 10 ശതമാനം വർധിച്ച് 4.4 ദശലക്ഷം യൂനിറ്റിലെത്തുമെന്ന് റിപ്പോർട്ട് പറയുന്നു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകൾപ്രകാരം 2018ൽ നാലു ദശലക്ഷം പഴയ വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. അതായത്, പുതിയ വാഹനവിപണിയേക്കാൾ 1.4 ഇരട്ടി വർധന. 2020ൽ ഇത് അഞ്ചു ദശലക്ഷമായും 2023ൽ 6.6 ദശലക്ഷമായും വർധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിൽ നിരവധി ഘടകങ്ങൾ വാഹനവിപണിയെ സ്വാധീനിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം വിലക്കുറവുതന്നെയാണ്. കുറഞ്ഞ കിലോമീറ്ററുകൾ മാത്രം ഓടിയ വാഹനങ്ങൾ പുതിയതിനെ അപേക്ഷിച്ച് 20 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്കുന്നുവെന്നതാണ് ഇതിൽ പ്രധാനം.
കൂടാതെ, ഇന്ത്യയിലെ ജനസംഖ്യാപരമായ കാരണങ്ങളും പഴയ വാഹനവിപണിയെ സ്വാധീനിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 40 കോടിയിലധികം യുവാക്കളാണ്. ഇവരാണ് വാഹനവിപണിയെ പിടിച്ചുനിർത്തുന്നതും പിടിച്ചുലക്കുന്നതും. പുതിയ തലമുറകളിലെ പ്രവണതകൾ മാറുന്നതും വാഹനവിപണിയെ സ്വാധീനിക്കുമെന്ന് ഒ.എൽ.എക്സ് ഇന്ത്യ വൈസ് പ്രസിഡൻറ് സണ്ണി കതാരിയ പറഞ്ഞു.