‘വെണ്ണിലാ ചന്ദനക്കിണ്ണം...’ പാടുന്ന പത്തുവയസുകാരിയുടെ കൂടെപ്പാടാത്ത മലയാളികള്‍ നന്നെ കുറവായിരിക്കും. പിന്നീട് ആ പത്തുവയസ്സുകാരി ഒമ്പതാം ക്ലാസിലായപ്പോള്‍ ‘ശുക്രിയാ...’ പാടി പിന്നെയും തരംഗമായി. ഇപ്പോഴിതാ ഖവാലി സംഗീതം മീട്ടുന്ന വനിതാ ബാന്‍ഡുമായി വൈറലാകുകയാണ് ശബ്നം റിയാസ്. സൂഫി സംഗീതത്തിെൻറ ഭാവലയങ്ങളിലേക്ക് ശ്രുതിമീട്ടുകയാണ് ‘ലയാലി സൂഫിയ’ ബാന്‍ഡ്. രാജ്യത്തെ ആദ്യ ഖവാലി വനിതാ ബാന്‍ഡ് തന്നെയാണിത്. നിശ്ശബ്ദതയിലേക്ക് ശബ്ദസൗന്ദര്യമായി പെയ്തിറങ്ങുന്നു ലയാലി സൂഫിയ.
അഴകിയ രാവണനിലെ ‘വെണ്ണിലാ ചന്ദനക്കിണ്ണം’, നിറത്തിലെ ‘ശുക്രിയാ’ എന്നിവക്ക് ശേഷം വിവാഹവും കുടുംബവുമായി സംഗീതത്തിന് താല്കാലിക ഇടവേള നല്കി ശബ്നം. ഒമ്പതു വര്‍ഷത്തിന് ശേഷമാണ് ‘ലയാലി സൂഫിയ’യുമായി മടങ്ങിവരവ്.
‘ലയാലി സൂഫിയ’
ഈശ്വരനോടുള്ള മനുഷ്യെൻറ സംവാദമാണ് ഓരോ ഖവാലിയിലുമെന്ന് ശബ്നം പറയുന്നു. ‘പി.ജിക്ക് പഠിക്കുമ്പോഴാണ് സൂഫി സംഗീതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത്. പ്രോജക്ട് സൂഫി സംഗീതത്തില്‍. വര്‍ഷങ്ങള്‍ നീണ്ട പഠനം പിന്നെ പുസ്തകമായി. ഗസലും ഹിന്ദുസ്ഥാനിയും കര്‍ണാടക സംഗീതവും വേരോടിയ മണ്ണില്‍ ഖവാലിക്കും എങ്ങനെ പുതുയിടം കണ്ടെത്താമെന്ന അന്വേഷണമാണ് ലയാലി സൂഫിയയുടെ പിറവിക്ക് പിന്നില്‍’.
അറബി വാക്കായ ലയാലി സൂഫിയയുടെ മലയാളം ‘ദൈവത്തിെൻറ കാമുകി’ എന്നാണ്. ലയാലി സൂഫിയ ഹിറ്റായതോടെ സൂഫി സംഗീതവും സൂഫി ആര്‍ട്സും മലയാളികളെ പഠിപ്പിക്കണമെന്ന ആഗ്രഹത്തിന് പിന്നാലെയാണ് ഈ 34കാരി. ഇതിനായി ഒരു സൂഫി അക്കാദമി തുടങ്ങാനും പദ്ധതിയുണ്ട്. ഡല്‍ഹി ഇന്ദിരഗാന്ധി യൂനിവേഴ്സിറ്റിയുമായി ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചര്‍ച്ച പൂര്‍ത്തിയായി.
‘ആകാശഗംഗ’യിലെ കുടുംബം
‘ആകാശഗംഗ’യിലൂടെ സംവിധായകന് വിനയെൻറ കണ്ടെത്തലായ റിയാസ് ഹസനാണ് ജീവിതത്തില്‍ ശബ്നത്തിെൻറ നായകന്. ബി.എക്ക് പഠിക്കുമ്പോഴാണ് ഒരു ചാനല്‍ പരിപാടിക്കിടെ ഇരുവരും കണ്ടുമുട്ടുന്നതും ഇഷ്ടപ്പെടുന്നതും.
എട്ടാം ക്ലാസുകാരി നുമയും മൂന്നാം ക്ലാസുകാരി അര്‍മാനുമാണ് മക്കള്‍. 20 വര്‍ഷത്തിനുശേഷം ആകാശഗംഗയുടെ രണ്ടാം ഭാഗത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് റിയാസ്. രണ്ടാംഭാഗത്തിെൻറ കവര്‍ സോങ് പാടിയതും ശബ്നം റിയാസാണ്.