ന്യൂഡൽഹി: നെറ്റ്ഫ്ലിക്സ് വെബ് സീരീസായ ‘സേക്രഡ് ഗെയിംസി’ൽ സിഖ് മതവിഭാഗങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ പരാതി. ബി.ജെ.പി ഡൽഹി വക്താവ് തജീന്ദർ പാൽ സിങ് ബാഗയാണ് അനുരാഗ് കശ്യപിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിഖ് മതചിഹ്നങ്ങളെ അവഹേളിച്ചുവെന്ന് കാണിച്ച് പാർലമെൻറ് സ്ട്രീററ് പൊലീസ് സ്റ്റേഷനിലാണ് ബാഗ പരാതി നൽകിയത്. സീരീസിൽ സിഖുകാരനായി അഭിനയിക്കുന്ന സൈഫ് അലി ഖാൻ മതചിഹ്നമായ ഘട (കൈയ്യിലണിയുന്ന ആഭരണം) കടലിൽ വലിച്ചെറിയുന്ന ദൃശ്യത്തിനെതിരെയാണ് പരാതി.
സീരീസിൽ ഹിന്ദു -സിഖ് മതങ്ങളോട് അനാദരവ് കാണിച്ചെന്ന് ബി.ജെ.പി എം.എൽ.എ മജീന്ദർ സിങ് സിർസയും ആരോപിച്ചിരുന്നു. സിഖുകാരുടെ അഭിമാനവും ഗുരു സാഹിബിെൻറ അനുഗ്രഹവുമായ ഘട കടലിലേക്ക് വലിച്ചെറിയുന്ന രംഗം മതത്തോടുള്ള അധിക്ഷേപമാണ്. സിഖ്കാരുടെ അഞ്ച് അടയാളങ്ങളിലൊന്നാണ് ഘട. അനുരാഗ് കശ്യപ് ഇത്തരം രംഗങ്ങൾ മനഃപൂർവ്വമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ബോളിവുഡ് നിരന്തരം മതചിഹനങ്ങളെ അവഹേളിക്കുകയാണെന്നും മജീന്ദർ സിങ് സിർസ നേരത്തെ ആരോപിച്ചിരുന്നു.
അനുരാഗ് കശ്യപിനെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിർസ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.