ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങളിൽ വ്യാപക ക്രമക്കേട് നടത്തിയാണ് ഭോപ്പാൽ എം.പി പ്രജ്ഞ സിങ് ഠാക്കൂർ ഉൾപ്പെടെയുള്ള ബി.ജെ.പി സ്ഥാനാർഥികൾ ജയിച്ചതെന്ന് ആരോപിച്ച് മധ്യപ്രദേശ് ഹൈകോടതിയിൽ ഫയൽ ചെയ്യപ്പെട്ടത് 19 ഹരജികൾ. സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് നടത്തിയാണ് ബി.ജെ.പി സ്ഥാനാർഥികൾ ജയിച്ചതെന്നാരോപിച്ചാണ് ഹരജികൾ നൽകിയിരിക്കുന്നത്. ഇതിൽ 17 ഹരജികൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥികൾ ഫയൽ ചെയ്തതാണ്. രണ്ടെണ്ണം സംസ്ഥാനത്തെ വോട്ടർമാർ നൽകിയതാണ്.
സംഘ് പരിവാർ നേതാവായ പ്രജ്ഞ സിങ് തെരഞ്ഞെടുപ്പ് വിജയത്തിനായി വർഗീയതയും അഴിമതിയും നടത്തിയെന്നാരോപിച്ച് ഭോപ്പാലിലെ മാധ്യമപ്രവർത്തകനായ രാകേഷ് ദീക്ഷിത്തും ഹൈകോടതിയിൽ ഹരജി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിൽ പ്രജ്ഞ സിങ് വർഗീയ പരാമർശങ്ങളും മതവിദ്വേഷം പടർത്തുന്നതരം പരാമർശങ്ങളും നടത്തി. ഇത് ജനപ്രാതിനിധ്യ നിയമത്തിന് എതിരാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
സിദ്ധി മണ്ഡലത്തിൽ ബി.ജെ.പി എം.പിയായി തെരഞ്ഞെടുക്കപ്പെട്ട റിതി പഥക്കിെൻറ ജയം വോട്ട് തിരിമറിയിലൂടെയാണെന്നും വോട്ടിങ് യന്ത്രങ്ങളിൽ നടത്തിയ ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് വോട്ടറായ രാജ്കുമാർ ചൗഹാൻ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
മേയ് 23ന് നടന്ന വോട്ടെടുപ്പിന് എത്തിച്ച വോട്ടിങ് യന്ത്രങ്ങളിലെ ബാറ്ററി ചാർജ് കുറവായിരുന്നുവെന്നും വോട്ടിങ് പകുതിയാകുന്നതിന് മുമ്പ് യന്ത്രങ്ങൾ കേടായിട്ടുണ്ടെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് ഗുലാബ് സിങ് തെരെഞ്ഞടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.