മുംബൈ: അനശ്വര വില്ലൻകഥാപാത്രങ്ങളിലൂടെ ഇന്ത്യൻ സിനിമാലോകത്തെ തലയെടുപ്പുള്ള അഭിനേതാവായി പേരെടുത്ത വിഖ്യാത നടൻ അമരീഷ് പുരിക്ക് ഗൂഗിളിെൻറ ആദരം. 14 വർഷം മുമ്പ് അന്തരിച്ച മഹാനടന് അദ്ദേഹത്തിെൻറ 87ാം ജന്മവാർഷിക ദിനത്തിൽ ഗൂഗ്ൾ പ്രത്യേക ഡൂഡ്ൽ ഒരുക്കിയാണ് ആദരമർപ്പിച്ചത്.
ഹിന്ദി, മറാത്തി, കന്നട, പഞ്ചാബി, മലയാളം, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി ഇരുനൂറിലധികം സിനിമകളിൽ അമരീഷ് വേഷമിട്ടിട്ടുണ്ട്. പുണെയിൽനിന്നുള്ള കലാകാരൻ ദേബാൻഷു മൗലിക് ആണ് ഗൂഗ്ൾ തയറാക്കിയ ഡൂഡ്ൽ ഒരുക്കിയത്.
39ാം വയസ്സിൽ ‘രേഷ്മ ഒൗർ ഷേര’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച പഞ്ചാബ് സ്വദേശി, ചുരുങ്ങിയ കാലത്തിനകം പ്രതിനായക വേഷങ്ങളിൽ ബോളിവുഡ് കണ്ട മികച്ച അഭിനേതാക്കളിലൊരാളായി മാറുകയായിരുന്നു. ‘മിസ്റ്റർ ഇന്ത്യ’യിലെ മൊഗാംബോയും ‘ദിൽവാേല ദുൽഹനിയ ലേ ജായേംഗേ’യിലെ ചൗധരി ബൽദേവ് സിങ്ങുമൊക്കെ ഹിന്ദി സിനിമ ചരിത്രം കണ്ട മികച്ച വില്ലൻ കഥാപാത്രങ്ങളായി മാറി.
ഒാസ്കർ നേടിയ ‘ഗാന്ധി’യിൽ വേഷമിട്ട അദ്ദേഹം, സ്റ്റീവൻ സ്പിൽബർഗിെൻറ ‘ഇന്ത്യാന ജോൺസ് ആൻഡ് ദ ടെമ്പിൾ ഒാഫ് ഡൂം’ എന്ന ചിത്രത്തിലും അഭിനയിച്ചു. 2005 ഡിസംബർ 12നായിരുന്നു അന്ത്യം.