അബൂദബി: നിക്ഷേപരംഗത്ത് വൻ കുതിപ്പിന് കാരണമാകുകയും വിവിധ മേഖലകളിലെ വിദഗ്ധർക്ക് ഏറെ സൗകര്യപ്രദമാവുകയും ചെയ്യുന്ന സ്ഥിരതാമസ വിസ യു.എ.ഇ അവതരിപ്പിച്ചു. ‘ഗോൾഡ് കാർഡ്’ എന്ന പേരിലുള്ള വിസ ആദ്യ ഘട്ട അപേക്ഷകരിലെ 6800 പേർക്കാണ് അനുവദിച്ചത്.
യു.എസിെൻറ ഗ്രീൻ കാർഡ് സംവിധാനവുമായി സാമ്യമുള്ളതാണ് ‘ഗോൾഡ് കാർഡ്’ സ്ഥിരതാമസ വിസ. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ട അപേക്ഷകരിൽനിന്ന് 6800 പേർക്ക് സ്ഥിരതാമസ വിസ അനുവദിച്ചതായും മുഹമ്മദ് ബിൻ റാശിദ് ട്വിറ്ററിൽ വ്യക്തമാക്കി. ഇത്രയും പേരുടെ മൊത്തം നിക്ഷേപം 10000 കോടി ദിർഹമിന് മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വിദേശ നിക്ഷേപം സമാഹരിക്കാനും വിദഗ്ധരായ എൻജിനീയർമാർ, ശാസ്ത്രജ്ഞർ, മികച്ച വിദ്യാർഥികൾ തുടങ്ങിയവരെ ആകർഷിക്കാനുമായാണ് യു.എ.ഇ സ്ഥിരതാമസ വിസ അവതരിപ്പിച്ചത്. നിക്ഷേപകർക്കും ആരോഗ്യപരിചരണം, എൻജിനീയറിങ്, ശാസ്ത്രം, കല തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കും രാജ്യത്ത് സ്ഥിരവാസത്തിന് സൗകര്യമൊരുക്കുന്നതാണ് ഇൗ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.