ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തോടെ സമാധാന സംഭാഷണങ്ങളുടെ കാലം കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം ഇനി നോക്കിയിരിക്കരുത്. ഭീകരതക്കും അതിന് പിന്തുണ നൽകുന്നവർക്കുമെതിരെ നടപടി എടുക്കാൻ മടിക്കുന്നത് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ് -മോദി പറഞ്ഞു. അർജൻറീനയുടെ പ്രസിഡൻറ് മൗറീഷ്യോ മക്രിയുമായി നടത്തിയ പ്രതിനിധിതല ചർച്ചക്കുശേഷം സംസാരിക്കുകയായിരുന്നു മോദി.
ഭീകരതക്കെതിരെ വ്യക്തമായ നടപടിയെടുക്കാൻ ലോകം ഒന്നിക്കണമെന്ന് മോദി പറഞ്ഞു. ഭീകരത ലോകസമാധാനത്തിനും സുസ്ഥിരതക്കും ഗുരുതര ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുൽവാമ ആക്രമണത്തിനുശേഷം അന്താരാഷ്ട്ര തലത്തിൽ പാകിസ്താൻ ഒറ്റപ്പെട്ടതായി വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് വിലയിരുത്തി. 40ൽപരം രാജ്യങ്ങൾ പാകിസ്താനെതിരെ ശക്തമായ പ്രസ്താവന നടത്തി. അത് വലിയൊരു നേട്ടമാണ്. മുംബൈ ഭീകരാക്രമണം നടന്നപ്പോൾ പിന്തുണച്ചതിനേക്കാൾ കൂടുതൽ രാജ്യങ്ങളാണ് ഇപ്പോൾ പിന്തുണ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പുൽവാമ ആക്രമണത്തിന് തിരിച്ചടി നൽകേണ്ട സമയവും സ്ഥലവും ഇന്ത്യ നിശ്ചയിക്കും. ശരിയായ ആസൂത്രണത്തോടെ നടപ്പാക്കും. എന്താണ് ചെയ്യാൻ പോകുന്നതെന്ന് സിങ് വിശദമാക്കിയില്ല. എന്നാൽ, ഏതൊരു യുദ്ധവും, യുദ്ധസമാനമായ നടപടിയും ശിക്ഷാ നീക്കവും വിജയിക്കാനുള്ള ആസൂത്രണത്തോടെയാണ് നടപ്പാക്കുക. തിരക്കിട്ട് ഒന്നും ചെയ്യേണ്ട കാര്യമില്ല.
പാകിസ്താനിൽ ഒളിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞിട്ടും ഉസാമ ബിൻ ലാദിനെ വധിച്ചത് ഒറ്റ ദിവസം കൊണ്ടല്ല. കാത്തിരുന്നു കാണുക. നമ്മുടെ സേനകൾക്ക് പിന്തുണ നൽകുക. ഇൻറലിജൻസ് വീഴ്ച, രാജ്യത്തിനകത്തു നിന്ന് ലഭിച്ച പിന്തുണ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി വരുന്നു. തെക്കൻ കശ്മീരിൽ ഭീകരതാ പ്രവർത്തനങ്ങൾ വർധിച്ചതും വിശകലനം ചെയ്യുന്നതായും കരസേനാ മുൻമേധാവി കൂടിയായ കേന്ദ്രമന്ത്രി പറഞ്ഞു.
പാകിസ്താനും ഹൈകമീഷണറെ ചർച്ചക്ക് വിളിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യ-പാക് നയതന്ത്ര ഏറ്റുമുട്ടലിെൻറ തുടർച്ചയായി ഇന്ത്യയിലെ പാകിസ്താൻ ഹൈകമീഷണർ സുഹൈൽ മുഹമ്മദിനെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഇസ്ലാമാബാദിലേക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച രാവിലെ അദ്ദേഹം ഡൽഹിയിൽ നിന്ന് പോയി.
പുൽവാമ ആക്രമണത്തിനു പിറ്റേന്ന് പാകിസ്താനിലെ ഇന്ത്യൻ ഹൈകമീഷണർ അജയ് ബിസാരിയയെ ചർച്ചകൾക്ക് ഡൽഹിക്ക് വിളിച്ചിരുന്നു. തത്തുല്യ പ്രതിഷേധ നടപടിയാണിത്. സുഹൈൽ മുഹമ്മദിനെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചു വരുത്തി കടുത്ത അമർഷം അറിയിക്കുകയും ചെയ്തിരുന്നു. അന്നു തന്നെ ഇന്ത്യൻ െഡപ്യൂട്ടി ഹൈകമീഷണറെ പാകിസ്താനും വിളിച്ചു വരുത്തി.