തിരുവനന്തപുരം: ശിവഗിരി-അരുവിപ്പുറം തീർഥാടന സർക്യൂട്ടിൽ 69.47 കോടിയുടെ പദ്ധതികളാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്. ശിവഗിരിക്കും അരുവിപ്പുറത്തിനും പുറമെ ചെമ്പഴന്തി ഗുരുകുലം, കുന്നംപാറ സുബ്രഹ്മണ്യക്ഷേത്രം എന്നിവയും ഉൾപ്പെടുന്നു. ശിവഗിരിക്ക് 39.07 കോടിയും അരുവിപ്പുറത്തിന് 14.67 കോടിയും കുന്നംപാറക്ക് 8.90 കോടിയും ചെമ്പഴന്തിക്ക് 3.51 കോടിയുമാണ് സർക്യൂട്ടിൽ നീക്കിെവച്ചത്.
അരുവിപ്പുറത്തിന് 17 പദ്ധതികളാണ് അനുവദിച്ചത്. ഇതിന് ആകെ 1467 ലക്ഷം രൂപ ചെലവ് വരും. ക്ലോക്ക് റൂം, കഫറ്റീരിയ, സൗന്ദര്യവത്കരണം, നടപ്പാത, നദീതീരത്തെ നടപ്പാത, സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ, ലാൻഡ് സ്കേപ്പിങ്, മെഡിറ്റേഷൻ, യോഗാ സെൻറർ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
കുന്നംപാറയിൽ ആകെ 890.41 ലക്ഷം രൂപയുടെ വികസന പദ്ധികളാണ് അംഗീകരിച്ചത്. ക്രാഫ്റ്റ് ബസാർ ലാൻഡ് സ്കേപ്പിങ്, ആംഫി തിയറ്റർ, പുതിയ നടപ്പാത, സോളാർ സംവിധാനം, വാട്ടർ കിയോസ്ക്കുകൾ അടക്കം 17 പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. 12 പദ്ധതികളാണ് ചെമ്പഴന്തി ഗുരുകുല വികസനത്തിൽ ഉൾപ്പെടുന്നത്. ചെലവ് 351 ലക്ഷം രൂപ. ക്ലോക്ക് റൂം, കഫറ്റീരിയ, റീഡിങ് റൂം, സോളാർ വെളിച്ച സംവിധാനം, മഴക്കൊയ്ത്ത്, പാർക്കിങ് സംവിധാനം അടക്കമുള്ളവ ഇതിൽ ഉൾപ്പെടുന്നു.
ശിവഗിരിയിൽ 39.07 കോടി രൂപയുടെ വികസനമാണ് അംഗീകരിച്ചത്. 21 പ്രധാന പദ്ധതികളും ഉപപദ്ധതികളും ഇതിൽ ഉൾെപ്പടുന്നു. ഭൂമിക്കടിയിൽ കൂടിയുള്ള വൈദ്യുതീകരണം, യാത്രക്കാരുടെ സൗകര്യങ്ങൾ, അന്വേഷണകേന്ദ്രം, വിശ്രമകേന്ദ്രം, ക്ലോക്ക് റൂം, ബസ് ഷെൽറ്റർ, സോളാർ സംവിധാനം, സമൂഹ അടുക്കള, െഡ്രയിനേജ് സംവിധാനം, പുതിയ നടപ്പാതകൾ, കുടിവെള്ള സംവിധാനം, പാർക്കിങ് സൗകര്യം, മൾട്ടിമീഡിയ ഷോ, മുഖമണ്ഡപം, ക്രാഫ്റ്റ് ബസാർ അടക്കമുള്ളവ ഉൾപ്പെടുന്നു. 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിൽ പറയുന്നു.
െഎ.ടി.ഡി.സിക്കാണ് പദ്ധതിയുടെ ചുമതല.