ജയ്പുർ: അച്ഛെൻറ പാരമ്പര്യം പിന്തുടർന്ന് മാന്ത്രികനാവേണ്ടിയിരുന്ന അശോക് ഗെഹ്ലോട്ട് രാഷ്ട്രീയത്തിലും മാന്ത്രികസിദ്ധി കാത്തുസൂക്ഷിക്കുന്നുവെന്ന് പാർട്ടിക്കാർ അടക്കം പറയുന്നത് വെറുതെയല്ല. അഞ്ചു ലക്ഷം കി.മീറ്റർ താണ്ടി സാധാരണക്കാരുടെ മനമറിഞ്ഞ് വിയർപ്പൊഴുക്കി രാജസ്ഥാനെ ബി.ജെ.പിയിൽനിന്ന് മോചിപ്പിച്ച് ഉള്ളംകൈയിലൊതുക്കിയത് സച്ചിൻ പൈലറ്റെന്ന യുവതുർക്കിയാണെങ്കിലും മൂന്നാംവട്ടവും മുഖ്യമന്ത്രിയായി പഴയ മാന്ത്രിക സിദ്ധി കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു ഗെഹ്ലോട്ട്. ’98ലും 2008ലും മുഖ്യമന്ത്രിയായ ഗെഹ്ലോട്ട് മൂന്നാം അങ്കത്തിന് വിയർപ്പൊഴുക്കേണ്ടി വന്നെന്ന് മാത്രം.
രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞതിന് ഇൗ മാന്ത്രികൻ ഇന്ദിര ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു. പശ്ചിമ ബംഗാളിലെ അഭയാർഥികൾക്കുവേണ്ടിയുള്ള ഗെഹ്ലോട്ടിെൻറ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായ ഇന്ദിരയാണ് രാഷ്ട്രീയത്തിൽ വഴിവെട്ടിത്തെളിച്ചത്. എൻ.എസ്.യു രാജസ്ഥാൻ നേതൃത്വത്തിലൂടെ ഗാന്ധി കുടുംബവുമായി കൂടുതൽ അടുത്തു. അപ്പോഴും അച്ഛനിൽനിന്ന് കിട്ടിയ മാന്ത്രിക സിദ്ധിയുടെ ബലത്തിൽ പാർട്ടിയിൽ ‘ഗില്ലി ബില്ലി’ എന്നാണ് അറിയപ്പെട്ടത്.
ലളിതജീവിതം നയിച്ച് രാജസ്ഥാൻ ഗാന്ധിയെന്ന കൈയൊപ്പ് സമ്പാദിച്ചതോടെയാണ് പാർലമെൻററി രാഷ്ട്രീയത്തിൽ സ്ഥാനം ഉറച്ചത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. നാലുതവണ പാർട്ടിയുടെ നേതൃസ്ഥാനം അലങ്കരിച്ച അദ്ദേഹം പിന്നീട് നിരവധി തവണ നിയമസഭയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ എ.െഎ.സി.സി ജന. സെക്രട്ടറിയായ ഗെഹ്ലോട്ടിനെയാണ് പലപ്പോഴും ദേശീയതലത്തിൽ പാർട്ടിയുടെ പ്രതിസന്ധിയുടെ കെട്ടഴിക്കാൻ നിയോഗിക്കാറുള്ളത്.
‘82-93 കാലത്ത് കേന്ദ്രത്തിൽ ടൂറിസം, സിവിൽ ഏവിയേഷൻ, സ്പോർട്സ്, ടെക്സ്റ്റൈൽസ് വകുപ്പുകളുടെ ചുമതലയിൽ മന്ത്രിയുമായി. സയൻസിൽ ബിരുദവും സാമ്പത്തിക ശാസ്ത്രത്തിൽ പി.ജിയുമുള്ള ഗെഹ്ലോട്ട് നിയമവും പഠിച്ചിട്ടുണ്ട്. സുനിത ഗെഹ്ലോട്ടാണ് ഭാര്യ. ഒരു മകളും മകനുമുണ്ട്.
മുഖ്യമന്ത്രി പദം; മുമ്പും പ്രതിസന്ധി അതിജീവിച്ച് ഗെഹ്ലോട്ട്
ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച അശോക് ഗെഹ്ലോട്ട് സമാന പ്രതിസന്ധിയിലൂടെ മുമ്പ് കടന്നുപോയത് രണ്ട് തവണ. 1998ലും 2008ലുമായിരുന്നു അത്. കോൺഗ്രസിനകത്തെ ജാട്ട് വിഭാഗക്കാരായ നേതാക്കളായിരുന്നു അന്ന് ഗെഹ്ലോട്ടിനെ എതിർത്ത് രംഗത്തുവന്നത്. രണ്ടു തവണയും ഗെഹ്ലോട്ട് എതിർപ്പ് അതിജീവിച്ച് മുഖ്യമന്ത്രിയായി. എന്നാൽ, ഇത്തവണ രാജസ്ഥാൻ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറായ സചിൻ പൈലറ്റിനെ മറികടക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല.
2008ലെ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ജാട്ട് നേതാക്കളായ കേന്ദ്ര മന്ത്രി സിസ് റാം ഒാല, മുൻ രാജസ്ഥാൻ സപീക്കർ പരശ്രാം മദേർന എന്നിവരായിരുന്നു ഗെഹ്ലോട്ടിനെതിരെ രംഗത്തുവന്നത്. ഗെഹ്ലോട്ട് മാലി സമുദായത്തിൽപെട്ടതാണെന്നായിരുന്നു കാരണം. ഗെഹ്ലോട്ടിെൻറയും ഒാലയുടെയും അനുയായികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒടുവിൽ പ്രശ്നപരിഹാരത്തിെൻറ ഭാഗമായി നിയോഗിച്ച ദിഗ്വിജയ് സിങ്ങിെൻറ നേതൃത്വത്തിലുള്ള നിരീക്ഷണ കമ്മിറ്റി അന്ന് പാർട്ടി പ്രസിഡൻറായിരുന്ന സോണിയക്ക് റിപ്പോർട്ട് സമർപ്പിക്കുകയും അവർ ഗെഹ്ലോട്ടിന് അനുകൂലമായി തീരുമാനമെടുക്കുകയുമായിരുന്നു.
1998ൽ 150 സീറ്റുനേടിയാണ് കോൺഗ്രസ് ജയിച്ചത്. അന്നായിരുന്നു ഗെഹ്ലോട്ടിനെ ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. ആ സമയത്തും പരശ്രാം മദേർനക്കുവേണ്ടി ജാട്ട് വിഭാഗക്കാർ രംഗത്തുവന്നു. ഒടുവിൽ ഗെഹ്ലോട്ട് തന്നെ മുഖ്യമന്ത്രിപദത്തിൽ എത്തി. ഇത്തവണ സചിൻ പൈലറ്റിനെ പിന്തുണക്കുന്ന ഗുജ്ജർ വിഭാഗക്കാർ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.