കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം വർധിപ്പിക്കുന്നതിെൻറ പ്രവൃത്തി തിങ്കളാഴ്ച ആരംഭിക്കും. ആറര കോടി രൂപ ചെലവിൽ നടക്കുന്ന പ്രവൃത്തിക്കായി തിങ്കളാഴ്ച മുതൽ കരിപ്പൂരിലെ റൺവേ വീണ്ടും താൽക്കാലികമായി അടക്കും. നിലവിൽ 90 മീറ്ററാണ് കരിപ്പൂരിലെ റിസയുടെ നീളം. ഇടത്തരം വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിെൻറ നടപടിക്രമങ്ങളുടെ ഭാഗമായാണ് റിസയുടെ നീളം 240 മീറ്ററായി വർധിപ്പിക്കുന്നത്.
പ്രവൃത്തിക്കായി പകൽ 12 മുതൽ 2.30 വരെയും 3.30 മുതൽ വൈകീട്ട് ഏഴ് വരെയും മാർച്ച് 24 വരെയാണ് റൺവേ അടക്കുക. ഉച്ചക്ക് ഒരു മണിക്കൂറിനിടയിൽ നാല് വിമാനങ്ങളുെട സർവിസ് ഉള്ളതിനാലാണ് ഇൗ സമയത്തുമാത്രം റൺവേ പ്രവർത്തിക്കുന്നത്. മൂന്ന് ആഭ്യന്തര സർവിസുകളും ഷാർജയിൽനിന്നുള്ള ഇൻഡിഗോയുടെ സർവിസുമാണ് 2.30നും 3.30നും ഇടയിലുള്ളത്. തുടർന്ന്, പുതിയ വേനൽക്കാല സമയക്രമ പട്ടിക നടപ്പിൽവരുന്ന മാർച്ച് 25 മുതൽ ജൂൺ 15 വരെ ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെ തുടർച്ചയായി റൺവേ അടക്കുന്നതിനുള്ള അനുമതിയും ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ നൽകിയിട്ടുണ്ട്. പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നോട്ടാം (നോട്ടിസ് ടു എയർമാൻ) നേരേത്തതന്നെ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
2,860 മീറ്ററാണ് കരിപ്പൂരിലെ നിലവിലെ റൺവേ. ഇത് 150 മീറ്റർ കുറച്ചാണ് റിസയുടെ നീളം വർധിപ്പിക്കുക. പ്രവൃത്തിക്ക് വേണ്ടി ഡിസംബർ 22 മുതൽ റൺവേയുടെ നീളം 2,700 മീറ്ററായി പുനഃക്രമീകരിക്കുകയും പ്രകാശ സംവിധാനങ്ങൾ മാറ്റിസ്ഥാപിച്ചിട്ടുമുണ്ട്. റൺവേയിലെ പെയിൻറിങ് പ്രവൃത്തിയും പുരോഗമിക്കുകയാണ്.റൺവേയിൽനിന്ന് വിമാനം തെന്നിയാൽ സുരക്ഷിതമായി ചെന്നുനിൽക്കേണ്ട ചതുപ്പ് പ്രദേശമാണ് റിസ. സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലായി ആറ് പ്രവൃത്തിയാണ് റിസയുടെ നീളം വർധിപ്പിക്കുന്നതിെൻറ ഭാഗമായി നടക്കുക. റൺവേയുടെ രണ്ടറ്റത്തും എം സാൻഡ് ഉപയോഗിച്ചാണ് റിസ നിർമിക്കുക. പുതിയ പ്രകാശ സംവിധാനങ്ങൾ ഒരുക്കുക, ഗ്രേഡിങ് ഒരുക്കുന്നതിനായി റൺവേയുടെ രണ്ട് വശത്തും ആയിരക്കണക്കിന് ലോഡ് മണ്ണ് ഉപയോഗിച്ച് ചരിവ് തയാറാക്കുക, വെള്ളം ഒഴുകി പോകുന്നതിന് ഡ്രെയിനേജ് കോൺക്രീറ്റ് ചെയ്യുക തുടങ്ങിയ പ്രവൃത്തികളാണ് നടക്കാനുള്ളത്. മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പിെൻറ അനുമതി വാങ്ങേണ്ടതുണ്ട്.