Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഹൃദ്രോഗത്തിന്

ഹൃദ്രോഗത്തിന് വയസില്ല

text_fields
bookmark_border
heart shape in hands
cancel

ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തെ മൊത്തം കണക്കെടുത്താലോ, നമ്മുടെ കൊച്ചു കേരളമാണ് ഏറ്റവും മുന്നില്‍. മറ്റുരാജ്യങ്ങളില്‍ ഉള്ളവരേക്കാള്‍ ഇന്ത്യക്കാര്‍ക്ക് ജനിതകമായി ഹൃദയാഘാതമുണ്ടാകാനുളള സാധ്യത മൂന്നിരട്ടിയോളമാണ്. 1960 മുതല്‍ 1995 വരെ നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം രാജ്യത്ത് ഏറ്റവും വർധിച്ച ഹൃദ്രോഗനിരക്കുള്ള സംസ്ഥാനം കേരളമാണ് (12.7 ശതമാനം). നഗരവാസികളില്‍ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. രാജ്യത്തെ ഗ്രാമീണരില്‍ നടത്തിയ പഠനങ്ങളിലും കേരളം തന്നെയാണ് മുന്നില്‍ (7.4). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരില്‍ ഹൃദ്രോഗ നിരക്ക് 4 ശതമാനത്തില്‍ താഴേയാണ്.

ഒന്നാം നമ്പര്‍ കൊലയാളി
ലോകത്തെ ഒന്നാം നമ്പര്‍ കൊലയാളിയായാണ് ഹൃദ്രോഗത്തെ പൊതുവില്‍ വിശേഷിപ്പിക്കുക. ലോകത്ത് 17.5 മില്യന്‍ ആളുകളാണ് ഹൃദ്രോഗം മൂലം മരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇത് 23 മില്യനായി ഉയരുമെന്നാണ് കണക്ക്. ഏറെ ആശങ്ക ഉയര്‍ത്തുന്ന കണക്കാണിത്. കേരളത്തില്‍ പ്രതിദിനം 3,000 പേരോളം ഹൃദ്രോഗത്തിന് അടിമപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കുക എന്നതാണ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്നും കഴിക്കാനും മടി കാണിക്കേണ്ടതില്ല.

ഹൃദ്രോഗം ഒരു സാധാരണ രോഗമായി മാറിയതായി നേരത്തെ സൂചിപ്പിച്ച പഠനങ്ങളിലൂടെ മനസ്സിലാകും. പണ്ട് പ്രായമായവരില്‍ മാത്രം കാണപ്പെടാറുളള ഹൃദയാഘാതം ഇപ്പോള്‍ ചെറുപ്പക്കാരിലേക്കും വ്യാപിച്ചിരിക്കുന്നു. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുളളവരിലാണ് കൂടുതലായും ഹൃദയ രോഗങ്ങള്‍ കാണപ്പെടുന്നത്. ജീവിത ശൈലിയിലുള്ള മാറ്റം, പിരിമുറുക്കങ്ങള്‍, ഉത്കണ്ഠ എന്നിവയൊക്കെയാണ് ഇതിനു കാരണം. ഫാസ്റ്റ് ഫുഡ്, ഫാസ്റ്റ് ലൈഫ് ശൈലികള്‍ എന്നിവയൊക്കെയാണ് ഹൃദയത്തിന്‍റെ താളം തെറ്റിക്കുന്നത്. ഉറക്കം ജീവിതശൈലിയില്‍ പ്രധാന ഘടകമാണ്. ഏഴു മണിക്കൂര്‍ ശരിയായ ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്.

ഹൃദയാഘാതം എങ്ങിനെ
ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചു കൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാവുന്നത്. 90 ശതമാനം പേരിലും ഹൃദ്രോഗത്തിന് കാരണമാകുന്നത് പ്രധാനമായും അഞ്ച് കാരണങ്ങളാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കൂടിയ കൊളസ്‌ട്രോള്‍, പുകവലി, പാരമ്പര്യം എന്നിവയാണിത്. 25 ശതമാനത്തോളം പേര്‍ക്ക് പുകവലിക്കുന്നത് ഹൃദ്രോഗത്തിന് കാരണമാകുന്നു. ഉയര്‍ന്ന പ്രായം, അമിതവണ്ണം, വ്യായാമമില്ലായ്മ, മെറ്റബോളിക് സിന്‍ഡ്രം, ഉത്കണ്ഠ, പിരിമുറുക്കം തുടങ്ങിയവയും ഹൃദയാഘാതത്തിന് കാരണമാകും.

ഹൃദയത്തെ അറിയാം
നമ്മുടെ ഹൃദയത്തെ കുറിച്ച് അറിയാനായി പ്രാഥമിക പരിശോധന മുതല്‍ ആന്‍ജിയോഗ്രാഫി വരെ നിലവിലുണ്ട്. പെട്ടെന്ന് രോഗം നിര്‍ണയിക്കാന്‍ ഇ.സി.ജി. (ഇലക്ട്രോ കാര്‍ഡിയോഗ്രാം) എന്ന പരിശോധന സഹായിക്കും. രോഗിയെ ക്രമമായ വ്യായാമരീതിക്ക് വിധേയമാക്കിയ ശേഷം ഇ.സി.ജി. പരിശോധിക്കുന്ന ടെസ്റ്റാണ് ടി.എം.ടി. അഥവാ 'ട്രെഡ്മില്‍്' ടെസ്റ്റ്. ശരീരത്തിലെ ഏതെങ്കിലുമൊരു പ്രധാന സിരയില്‍ കൂടി ട്യൂബ് കടത്തിവിടുന്ന ഹൃദയ പരിശോധനയാണ് കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍. റേഡിയോ ആക്ടീവ് തരംഗങ്ങള്‍ ഉപയോഗിച്ച് ഹൃദയ ചിത്രങ്ങളെടുക്കുന്ന റേഡിയോ ന്യൂക്ലൈഡ് ഇമേജിങ്, സി.ടി. സ്‌കാനിങ്, അതിസൂക്ഷ്മ ഭാഗങ്ങളുടെ പോലും ചിത്രമെടുക്കാനുള്ള എം.ആര്‍.ഐ. സ്‌കാനിങ് തുടങ്ങിയ ടെസ്റ്റുകളുമുണ്ട്.

ഹൃദ്രോഗം എങ്ങിനെ നിയന്ത്രിക്കാം
ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുന്നതിലൂടെ ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാം. കാര്‍ബോ ഹൈഡ്രേറ്റ്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുന്നതാവും നല്ലത്. അത്താഴത്തിന് അരിയാഹാരത്തിന് പകരം ചപ്പാത്തിയും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്താം. മീനും കോഴിയിറച്ചിയും ആരോഗ്യത്തിന് നല്ലതാണെങ്കിലും എണ്ണ അധികമാകാതെ സൂക്ഷിക്കുകയും വേണം. റെഡ് മീറ്റ് പൂര്‍ണമായും ഒഴിവാക്കിയേ തീരു. ദിവസവും മുട്ട കഴിക്കുന്നവരാണെങ്കില്‍ മഞ്ഞ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പിലിട്ടത്, പപ്പടം തുടങ്ങിയവ ഭക്ഷണ ശീലത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം.

വ്യായാമത്തിന്‍റെ പ്രാധാന്യം
ആരോഗ്യമുള്ള ഹൃദയത്തിന് ഏറ്റവും നല്ലത് ചിട്ടയായ വ്യായാമമാണ്. അതിനാല്‍ ഹൃദയത്തെ സംരക്ഷിക്കാന്‍ വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കിയേ തീരൂ. വ്യായാമം ചെയ്യാത്തവരില്‍ ഹൃദ്രോഗസാധ്യത ഇരട്ടിയായിരിക്കും. ഒരു പ്രാവശ്യം അറ്റാക്ക് ഉണ്ടായ വ്യക്തിക്ക് വ്യായാമത്തിലൂടെ രണ്ടാമതൊന്ന് വരാനുള്ള സാധ്യത 25 ശതമാനം വരെ കുറയ്ക്കാനാവും. ഹൃദയമിടിപ്പിന്‍റെ വേഗം പരിഗണിച്ചാണ് വ്യായാമം ചെയ്യേണ്ടത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം, ശ്വാസംമുട്ടല്‍, സന്ധിവേദന, തലകറക്കം തുടങ്ങിയ രോഗമുള്ളവര്‍ ഡോക്ടറുടെ വിദഗ്‌ധോപദേശം തേടിയ ശേഷം മാത്രമേ വ്യായാമ രീതികള്‍ തിരഞ്ഞെടുക്കാവൂ.

ഒരിക്കല്‍ ആഘാതമുണ്ടായവര്‍ എന്തു ചെയ്യണം
ഹൃദയാഘാതമുണ്ടായാല്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഭക്ഷണവും വ്യായാമവും ക്രമീകരിക്കാതെ തരമില്ല. രക്തത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. പ്രമേഹമുള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം കുറച്ചേ മതിയാവൂ. ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്രമമായി വ്യായാമത്തിലേര്‍പ്പെടണം. പുകവലി, മദ്യപാനം തുടങ്ങിയവ പൂര്‍ണമായി ഒഴിവാക്കേണ്ടി വരും. മാനസിക പിരിമുറുക്കം കുറയ്ക്കാനായി യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുന്നത് നല്ലതാണ്. തുടര്‍ പരിശോധനകളും മുടങ്ങാതെ നടത്തണം.

വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍
ഹൃദയത്തെപ്പറ്റി നമ്മെ ഓര്‍മ്മപ്പെടുത്താന്‍ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് ലോക ഹൃദയാരോഗ്യ ദിനമായി (World Heart Day) ആചരിക്കുന്നത്. വ്യായാമ രഹിതമായ ജീവിതത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വേള്‍ഡ് ഹാര്‍ട്ട്‌ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയും.

ഹൃദ്രോഗ സാധ്യത അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു തന്നെ ആരംഭിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഗര്‍ഭാശയത്തിലായിരിക്കുമ്പോള്‍ സംഭവിക്കുന്ന പോഷകാഹാരക്കുറവ്, കുട്ടികള്‍ക്ക് ശാരീരിക വൈകല്യങ്ങള്‍ക്കും അതിലൂടെ ഭാവിയില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യതകളിലേക്കും വഴിതെളിക്കും. കുറഞ്ഞ തൂക്കവുമായി ജനിക്കുന്ന കുട്ടികള്‍ക്ക് പില്‍ക്കാലത്ത് ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, മസ്തിഷ്‌കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലുമാണ്. ഗര്‍ഭാശത്തില്‍ കഴിയുന്ന കുട്ടികളുടെ സുരക്ഷയും ഹാര്‍ട്ട് ഫെഡറേഷന്‍റെ പ്രഖ്യാപിത ലക്ഷ്യത്തിലൊന്നാണ്.

ഷെയര്‍ ദ പവര്‍ എന്നതാണ് 2017ലെ ലോക ഹൃദയദിനത്തിലൂടെ ഹാര്‍ട്ട് ഫെഡറേഷന്‍ നല്‍കുന്ന സന്ദേശം. നിത്യ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഹൃദ്രോഗത്തെ ഒരു പരിധി വരെ തടയാനാകും. ഈ ബോധവത്ക്കരണം ലോകം മുഴുവന്‍ വ്യാപിപ്പിക്കുകയാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍. നാം ഓരോരുത്തര്‍ക്കും ആ ലക്ഷ്യത്തിനായി കൈകോര്‍ക്കാം. ഇന്നു മാത്രമല്ല, എന്നും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:messageMalayalam ArticleWorld Heart DayHeartHeart Attack
News Summary - World Heart Day Message - Malayalam Article
Next Story