‘തീജ്​കാഡ്​’: കശ്​മീരിന്​ വീണ്ടെടുപ്പി​ന്‍റെ ഉത്സവ മേളം

ഞാറു നടീലിന്‍റെ കശ്​മീരി മൊഴിയാണ്​ ‘തീജ്​കാഡ്​’. പല നാടുകളിലും ഇത്​ പതിവു കാർഷിക വൃത്തി മാത്രമാകാം. പക്ഷേ, കശ്​മീരിക്ക്​ അതിൽ പകരംവെക്കാനാവാത്ത ചില സാംസ്​കാരിക മുദ്രകളുണ്ട്​.

 

മതപരമായ ആഘോഷങ്ങൾക്ക്​ കൽപിക്കുന്ന അതേ വികാരതീവ്രതയോടെയാണ്​ ശരാശരി കശ്​മീരി ‘തീജ്​കാഡ്​’ ആഘോഷിക്കുന്നത്​. ഐശ്വര്യവും സമൃദ്ധിയും വിരുന്നെത്തുന്ന പുതിയ സീസൺ കണികാണുന്ന ഉത്സവം. രണ്ടു വാക്കുകൾ ചേർന്നതാണ്​ തീജ്​കാഡ്​ (thaejkaad) എന്ന പദം- നടീൽ വസ്​തുക്കളടങ്ങിയ തീജും കൃഷീവലൻമാരെ കുറിക്കുന്ന ‘കാഡും’.

ഒന്നിച്ചു തൊഴിലെടുക്കുന്നതായിരുന്നു കശ്​മീർ നീണ്ട കാലം പങ്കുവെച്ച സംസ്​കാരം. അയൽക്കാർ ഒത്തുചേർന്നാകും ജോലി. ഇതിൽനിന്ന്​ ഉയിരെടുത്ത പദമാണ്​ ‘കാഡ്​’. പണം കുറവായിരുന്നു അവർക്ക്​, ചില​പ്പോഴെങ്കിലും തീരെയില്ലാത്തവർ. പക്ഷേ, പരസ്​പര സഹായമാകാൻ അവർക്ക്​ ഇതുവഴി സാധിച്ചു. 
പ്രാദേശിക വിദ്യാലയത്തിൽ പഠിക്കുന്ന കാലത്ത്​ ഒരു സുഹൃത്ത്​ സ്​ഥിരമായി എന്നെ ‘തീജ്​കാഡി’ന്​ ക്ഷണിക്കുമായിരുന്നു. ഞങ്ങൾക്ക്​ കൃഷിഭൂമിയില്ല. അതിനാൽ തന്നെ ‘തീജ്​കാഡി’നെ കുറിച്ച്​ അറിവുമില്ല. പക്ഷേ, അന്നു മുതൽ ഞാനേറെ അറിഞ്ഞു, പഠിച്ചു.

സുഹൃത്തിനും എനിക്കും ‘തീജ്​കാഡ്​’ എന്നാൽ ‘തീജ്​കാഡ്​ ബറ്റേ’ അഥവാ, ഇടക്കുള്ള സദ്യയെന്നേ അർഥമുണ്ടായിരുന്നുള്ളൂ. ഇടവേളയിൽ ‘ദൂദ്​ ഖഹ്​വ’ (പാൽച്ചായ) കുടിക്കാനുള്ള ഇടവേള കൂടിയുണ്ട്​. അതിനാൽ, അതും.
ചെളിമണ്ണ്​ കുതിർന്ന വെള്ളം പരസ്​പരം അടിച്ചുതെറിപ്പിക്കലായിരുന്നു ‘തീജ്​കാഡി’​നിടെ ഞങ്ങളുടെ ഹോബി. പറിച്ചെടുത്ത ഞാറ്​ കെട്ടാക്കിയത്​ ചുമന്ന്​ വയലിൽ എത്തിച്ചാൽ കുട്ടികളുടെ ജോലി തീർന്നു. അൽപം ദൂരെ വേറൊരിടത്തായിരുന്നു വിത്ത്​ പാകി ഞാറ്​ ഒരുക്കിയിരുന്നത്​. 
പൊള്ളുന്ന ചൂടിൽ ആശ്വാസം തേടി വെള്ളവും നാരങ്ങ വെള്ളവും കുടിക്കാൻ ഇടക്ക്​ വിശ്രമമുണ്ടാകും. ഉച്ചയാകു​േമ്പാൾ മെടഞ്ഞുണ്ടാക്കിയ ​കൊട്ടകളിൽ ‘വസ്​വാൻ’ അഥവാ ഉച്ചഭക്ഷ​ണമെത്തും. പ്രധാനപ്പെട്ട എല്ലാ വിഭവങ്ങളും കാണും.

മധുരം കിനിയുന്ന ഈ കൃഷി ഓർമകൾ വിസ്​മരിക്കാൻ എങ്ങനെ സാധിക്കാനാണ്​? എന്നിട്ടും, അതേ കുറിച്ച്​ ഇപ്പോൾ എഴുതുമെന്ന്​ ഞാൻ ആലോചിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.

‘ബിസ്​മില്ല’ എന്ന്​ മൊഴിഞ്ഞ്​ ആദ്യ ഞാറ്​ അമ്മായി നടുന്നത്​ ഓർക്കുന്നുണ്ട്​. കൂടെയുള്ള മറ്റു സ്​ത്രീകളും ഉറക്കെ ‘ബിസ്​മില്ല’ ചൊല്ലും. 
അതോടെ, ‘താലി’ (ഞാറു നടീൽ)ക്ക്​ നാന്ദിയാകും. താളം മുറുക്കി നാടൻ പാട്ടുകൾ മുഴങ്ങിതുടങ്ങും. കുരുന്നുകളായ ഞങ്ങൾക്ക്​ എല്ലാം ആഘോഷം.
മൂന്നു ഘട്ടങ്ങളിലായുള്ള പ്രക്രിയയാണ്​ ഞാറു നടീൽ. വിത്തുവിതക്കൽ പൂർത്തിയായാൽ അവശേഷിച്ച നെല്ല്​ ഉപയോഗിച്ച്​ ‘ബേൽ തൊമുൽ’ (വറുത്ത അരി) ഉണ്ടാക്കും. അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ- എല്ലാവർക്കും കിട്ടും ബേൽ തൊമുലിൽ ഒരു പങ്ക്​. 
വിത്തുപാകാൻ ‘തീജ്​വാൻ’ അഥവാ, നിലം ഒരുക്കലാണ്​ കാർഷിക വൃത്തിയിലെ ആദ്യ പ്രക്രിയ. ഏപ്രിൽ അവസാന വാരത്തിലാണ്​ സമയം. അതിനു മുമ്പ്​ വിത്ത്​ പൊതിർത്ത്​ മുളപൊട്ടാൻ കാക്കണം. മുളവലുതായ ശേഷമാണ്​ ‘തീജ്​വാനി’ൽ പാകുന്നത്​.

30-40 ദിവസത്തെ മൂപ്പെത്തുന്നതോടെ  7-8 ഇഞ്ച്​ വലിപ്പമുള്ള ഞാറ്​ റെഡി. പ്രാവ്​, കുരുവി പോലുള്ള കിളികൾ വരാതെ നോക്കാൻ ‘നോക്കുകുത്തി’കൾ സഹായിക്കും. ​അതുമതിയാകാതെ വരുന്നിടത്ത്​ മറ്റു സുരക്ഷാ മാർഗങ്ങളുമുണ്ടാകും. 
വിത്തുകൾ ഞാറായി പാകമെത്തിയാൽ ‘തീജ്​കാഡ്​’ രണ്ടാം ഘട്ടമായി. ദിവസങ്ങളെടുത്ത്​ ചാണകവും മറ്റുവളവുമിട്ട വയൽ ഉഴുതുമറിക്കുന്നു. ട്രാക്​ടറും ടില്ലറും വയൽ കീഴടക്കും മുമ്പ്​ കാള, പോത്ത്​ തുടങ്ങിയവയായിരുന്നു ആശ്രയം​. ​വയലിൽ നിശ്​ചിത അളവിൽ വെള്ളം നിറച്ചിടലാണ്​ അടുത്ത പണി. നിലം വെള്ളം കൃത്യമായി നിൽക്കാൻ സമമാക്കാനുമുണ്ട്​ പ്രത്യേക ഉപകരണം.

പിന്നീട്​, ഞാറ്​ കെട്ടുകളാക്കി തീജ്​കാഡിനായി വയലിലെത്തിക്കും.  നെൽകൃഷി വളർന്ന്​ മൂപ്പെത്തിയാൽ വിളവെടുപ്പിനാകും. മെതി (ചോംബുൻ), ഉണക്കൽ (ടപസ്​-ട്രാവുൻ), കുത്തൽ (മുനുൻ), പതിര്​ കളയാൻ കാറ്റത്തിടൽ (സാതുൻ) എന്നിവ ചേർന്നതാണ്​ ആ പ്രക്രിയ. 
പക്ഷേ, കഴിഞ്ഞ പതിറ്റാണ്ടിൽ കാര്യങ്ങളെല്ലാം മാറിയിട്ടുണ്ട്​. ഞങ്ങളുടെ മുതിർന്നവർക്ക്​ ‘തീജ്​കാഡ്​’ ഒരു ഉത്സവമായിരുന്നു. മറ്റു  സംസ്​ഥാനങ്ങളിൽനിന്ന്​ കൂട്ടംകൂട്ടമായി തൊഴിലാളികൾ ഞങ്ങളുടെ നാട്ടിലെത്തിയതോടെ ചില ​തൊഴിലുകൾ ബിഹാറിൽനിന്നും പഞ്ചാബിൽനിന്നുമുള്ള തൊഴിലാളികൾക്ക്​ പുറംകരാർ നൽകി.

ഇപ്പോൾ, നെൽവയലുകൾ തരിശിട്ടുകിടക്കുകയാണ്​. ‘തീജ്​കാഡു’കളിൽ നാടൻ പാട്ടുകളുടെ ഈണം മുഴങ്ങുന്നില്ല. അയൽക്കാർക്ക്​ ‘തീജ്​കാഡ്​ ബാറ്റേ’യുമില്ല. പരസ്​പര സഹായം തീരെയില്ല. ‘വംശനാശ’ ഭീഷണി നേരിടുന്ന ‘ബീൽ തോമുലി’​​െൻറ രുചി ഇപ്പോഴും നാവിൽ പറന്നുനടക്കുന്നുണ്ട്​. 
പുതിയ തലമുറയെ കുറിച്ച്​ ഇതേ കുറിച്ചൊന്നും ഒരു ചുക്കുമറിയില്ല.

ഈ വർഷം കോവിഡ്​ ലോകത്തെ നിശ്​ചലമാക്കുകയും, അന്യ സംസ്​ഥാന തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക്​ വണ്ടികയറുകയും ചെയ്​തതോടെ കശ്​മീരിലും തൊഴിലാളികൾക്ക്​ ക്ഷാമമാണ്​. ജില്ലകൾക്കിടയിലെ യാത്ര പോലും ദുഷ്​കരം.

ഇത്​ അനുഗ്രഹമായി കണ്ട്​ ‘തീജ്​കാഡ്​’ തിരികെ കൊണ്ടുവരാനുളള തയാറെടുപ്പിലാണ് ഞങ്ങൾ​. വർഷങ്ങളായി പലയിടത്തും മുടങ്ങിക്കിടക്കുന്നതാണ്​ തിരികെയെത്തുന്നത്​. തൊഴിലില്ലാതെ അലയുന്ന ചെറുപ്പക്കാർക്ക്​ ജോലി മാത്രമല്ല, അടുത്ത തലമുറയിലേക്ക്​ ഈ പൈതൃകം പേറുന്നവരാകാനും അവർക്ക്​ ഭാഗ്യമുണ്ടാകും.

സ്വന്തമായി​ കൃഷിയിടമില്ലാത്തതിനാൽ കൂട്ടുകാരെ സഹായിക്കാനാണ്​ ഇത്തവണയും എന്‍റെ തീരുമാനം. കൃഷി സമൃദ്ധിയുടെ കഥ പറയുന്ന വയലേലകൾ കാറ്റേറ്റു നൃത്തം ചെയ്യുന്ന കാഴ്​ച എന്തു മനോഹരമായിരിക്കും. കാലം പോകെ ‘തീജ്​കാഡ്​’ അപ്രത്യക്ഷമാകാതെ തലമുറകളുടെ ആഘോഷമായി നിലനിൽ​ക്ക​ട്ടെയെന്ന്​ പ്ര​ത്യാശിക്കാം...

കടപ്പാട്: thewire.in
ചിത്രങ്ങൾ: Muneeb Ul Islam / The Wire
മൊഴിമാറ്റം: കെ.പി മൻസൂർ അലി

Loading...
COMMENTS