Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅതിർത്തി അടയ​െട്ട,...

അതിർത്തി അടയ​െട്ട, അന്നം അകത്തു വിളയിക്കാം

text_fields
bookmark_border
agriculture.jpg
cancel

കോവിഡ്കാലത്ത് അതിർത്തികൾ മണ്ണിട്ട് അടക്കാൻ സഹോദരസംസ്​ഥാനങ്ങൾ തിടുക്കം കാട്ടിയത് കണ്ടല്ലോ. അതിർത്തികൾ നാളെയും അടച്ചുകെട്ടിയെന്നുവരാം. അതിനാൽ, അതിർത്തി കടന്നെത്തുന്ന ചരക്കുലോറികൾക്കായി കാത്തിരിക്കാതെ സ്വന്തം മണ്ണിൽ വിത്തിറക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് നമ്മൾ വേണ്ടത്. നമുക്ക് നല്ല മണ്ണുണ്ട്, വെള്ളമുണ്ട്, മനോഹരമായ കാലാവസ്​ഥയുണ്ട്, ഇവിടെ വിളയാത്ത ഏതു വിളയുണ്ട്​? വിപണിയെ വളരെ കുറച്ചു മാത്രം ആശ്രയിച്ചിരുന്ന ഒരു തലമുറ നമുക്കു മുമ്പ് ഇവിടെ ജീവിച്ചിരുന്നു. സൗകര്യങ്ങൾ കൂടുന്നതോടെ പ്രകൃതിയിൽനിന്നും മണ്ണിൽ നിന്നും പതുക്കെ അകലാനാണ് നമ്മൾ തിടുക്കം കാണിച്ചത്. അതോടെ ജീവിത ശൈലീരോഗങ്ങൾ കടന്നാക്രമിക്കാനുംതുടങ്ങി. ഉണ്ണിപ്പിണ്ടിയും വാഴക്കുടപ്പനും ചേമ്പിൻതാളും ഉൾപ്പെടെയുള്ള നാടൻ വിഭവങ്ങൾ ഈ കൊറോണക്കാലത്ത് തീൻമേശകളിൽ മടങ്ങിയെത്തിയത്​ സന്തോഷം. മലയാളി സമൂഹത്തെ നല്ല ആരോഗ്യവും ശാരീരികക്ഷമതയും ഉള്ളവരാക്കി മാറ്റുക എന്നലക്ഷ്യത്തോടെയാണ് 'ജീവനി'– നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം-എന്ന ബൃഹത്തായ പദ്ധതിക്ക് കൃഷിവകുപ്പ് രൂപം നൽകിയത്.

terrus-agricuture.jpg

ആരോഗ്യവകുപ്പി​​െൻറ കൂടി സഹകരണത്തോടെ ഓരോ പ്രദേശത്തിനും അനുയോജ്യമായ ഭക്ഷണത്തളിക തയാറാക്കി, തളികയിലേക്ക് ആവശ്യമായ പഴങ്ങളും പച്ചക്കറികളും ജനകീയപങ്കാളിത്തത്തോടെ വീട്ടുവളപ്പിൽതന്നെ വിളയിച്ചെടുക്കുകയാണ് 'ജീവനി' പദ്ധതി. 2020 ജനുവരി ഒന്നുമുതൽ ഏപ്രിൽ 15വരെ ഈ കാർഷിക കർമപരിപാടി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം 'കൃഷി പാഠശാല' എന്നപേരിൽ പൊതുജനങ്ങളെ ശാസ്​ത്രീയമായി കൃഷി പഠിപ്പിക്കുന്നതിനും തുടക്കംകുറിച്ചിട്ടുണ്ട്. പദ്ധതി നല്ലനിലയിൽ നടപ്പാക്കിവരുന്നതിനിടയിലാണ് കോവിഡ്-19 രോഗവ്യാപനം ഉണ്ടായത്. ലോക് ഡൗൺകൂടി വന്നതോടെ നടീൽ വസ്​തുക്കളുടെയും വിത്തുകളുടെയും വിതരണം തടസ്സപ്പെട്ടു. എങ്കിലും, സാധ്യതകളുടെ പുതിയ വാതിലുകൾ തുറന്നുതന്നെ കിടക്കുന്നു. നിലവിൽ വീടുകളിൽ പച്ചക്കറി കൃഷിചെയ്യുന്നവർക്ക് അവ പരിപാലിക്കാൻ കൂടുതൽ സമയം ലഭിക്കുന്നു. കൃഷിചെയ്യാൻ മനസ്സുള്ളവർക്ക് സ്​ഥലവും സൗകര്യവും താനേ ഉണ്ടാകും. 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം, നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം' എന്നതാണ് മാറിയകാലത്തി​​െൻറ മുദ്രാവാക്യം. ഭക്ഷണമേശയിൽ വിളമ്പുന്നത് വിഷമാണോ വിഷരഹിതമായ സുരക്ഷിത ഭക്ഷണമാണോ എന്നുതീരുമാനിക്കേണ്ടത്​ നമ്മൾതന്നെ. പ്രതിവർഷം 20 ലക്ഷം മെട്രിക് ടൺ പച്ചക്കറി ആവശ്യമുണ്ട്. ഇതിൽ 40 ശതമാനം പച്ചക്കറികൾ സംസ്​ഥാനത്തിന് പുറത്തുനിന്നാണ് വരുന്നത്. ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചാൽ മാത്രമേ അന്യസംസ്​ഥാനങ്ങളിൽനിന്നുള്ള പച്ചക്കറികളുടെ വരവ് കുറക്കാൻ സാധിക്കുകയുള്ളൂ.

agriculture2.jpg

ഇലക്കറികളുടെയും കിഴങ്ങുവർഗങ്ങളുടെയും വൈവിധ്യംകൊണ്ട് സമ്പന്നമാണ് കേരളം. പരമ്പരാഗത വിത്തിനങ്ങളുടെയും കാർഷിക ജൈവവൈവിധ്യത്തി​​െൻറയും സംരക്ഷണം ഭക്ഷ്യസുരക്ഷയുടെ കാതലാണ്. പരമ്പരാഗതവിത്തുകൾ സംരക്ഷിക്കുന്നതിനും അവയുടെ കൃഷി വ്യാപിപ്പിക്കുന്നതിനും കൃഷിവകുപ്പ് നടപടി സ്വീകരിച്ചുവരുന്നുണ്ട്. വയനാട്ടിലെ കേളു പയർ, കുളത്താട പയർ, കാസർ​കോ​െട്ട ആനക്കൊമ്പൻ വെണ്ട, വെള്ള വെണ്ട, കൂനൻ പീച്ചിൽ, കോഴിക്കോ​െട്ട എടക്കര പാവൽ, തലക്കുളത്തൂർ കക്കിരി, വേങ്ങേരി വഴുതന, കണ്ണൂരിലെ മട്ടന്നൂർ വെള്ളരി, മലപ്പുറത്തെ അരിപ്ര കണിവെള്ളരി, എടയൂർ മുളക്, പാലക്കാ​െട്ട കോട്ടായി വഴുതന, ആനക്കൊമ്പൻ വെണ്ട, വിത്തിനശേരി വെണ്ട, ആട്ട​ക്കൊമ്പൻ അമര, വെള്ള കാന്താരി, തൃശൂരിലെ പൊട്ടുവെള്ളരി, ആലങ്ങാട് ചീര, കോടാലി മുളക്, എറണാകുളത്തെ കക്കാട് പാവൽ, തിരുവാണിയൂർ പടവലം, കോട്ടയത്തെ കാളക്കൊമ്പൻ വഴുതന, ആദിത്യപുരം പാവൽ, ആദിത്യപുരം പടവലം, ഇടുക്കിയിലെ ഇഞ്ചി വെള്ളരി, വട്ടവട മലപ്പൂണ്ട് വെളുത്തുള്ളി, കൊല്ലത്തെ അഞ്ചൽ ലോക്കൽ പയർ, ഒടയൻകൊല്ലി ഉണ്ട മുളക്, ആലപ്പുഴയിലെ കഞ്ഞിക്കുഴി പയർ, പട്ടുചീര, തിരുവനന്തപുരം ജില്ലയിലെ വ്ലാത്തങ്കര ചീര, ആനക്കൊമ്പൻ വെണ്ട തുടങ്ങിയ 35 ഇനം പരമ്പരാഗത വിത്തിനങ്ങളാണ് വിതരണം ചെയ്യുന്നത്. സംസ്​ഥാന കൃഷിവകുപ്പിനു കീഴിലുള്ള വി.എഫ്.പി.സി.കെ വഴിയാണ് ഈ സംരംഭം നടപ്പാക്കുന്നത്. ലോക്ഡൗണിനുശേഷം ജനജീവിതം സാധാരണ നിലയിലേക്ക് മാറു​േമ്പാൾ വിത്തുകൾ ശേഖരിക്കാം.

terres-garden.jpg

വീടുകളിൽ മുഴുവൻ സമയവും ചെലവഴിക്കുമ്പോൾ ഉണ്ടാവാനിടയുള്ള മാനസിക സംഘർഷവും സമ്മർദവും കുറക്കാനും ആരോഗ്യപരിരക്ഷക്കും കാർഷികവൃത്തി സഹായിക്കും. ഗ്രാമപ്രദേശങ്ങളിലുള്ളവർ വീട്ടുവളപ്പിൽതന്നെ ലഭ്യമായ സ്​ഥലത്ത് ഏതെങ്കിലും കൃഷി ആരംഭിക്കണം. നഗരങ്ങളിൽ ബാൽക്കണിയോ ടെറസി​​െൻറ റൂഫോ പ്രയോജനപ്പെടുത്താം. ഒരുതരത്തിലും സാധിക്കാത്തവർ, മൈേക്രാ ഗ്രീൻ കൃഷിയെങ്കിലും ചെയ്യണം. ചെറിയ േട്രയിൽ കടലാസോ ടിഷ്യൂ പേപ്പറോ നനച്ച്​ അതിൽ ചെറുപയർ പോലെയുള്ള ധാന്യങ്ങൾ മുളപ്പിച്ചെടുക്കുകയും വളർന്ന് വലുതാകുന്നതിനുമുമ്പുതന്നെ കറിവെക്കുകയും ചെയ്യുന്നതാണ് മൈേക്രാ ഗ്രീൻ സമ്പ്രദായം. സാമൂഹിക അകലം പാലിച്ചും മാനസിക അടുപ്പം കാത്തുസൂക്ഷിച്ചും ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിക്കുമ്പോൾ ലഭ്യമായ സ്​ഥലത്ത്, ലഭ്യമായ സാമഗ്രികൾ ഉപയോഗപ്പെടുത്തി കൃഷി ആരംഭിക്കാം. അങ്ങനെ അരോഗദൃഢഗാത്രരാകട്ടെ മലയാളികൾ. വിഷരഹിതമാകട്ടെ മണ്ണും മനസ്സും. സംസ്​ഥാനത്തെ 50 ലക്ഷം കുടുംബങ്ങൾക്ക് വിത്തുപാക്കറ്റുകളും തൈകളും വിതരണംചെയ്യുകയാണ് കൃഷിവകുപ്പ്. കൃഷിവകുപ്പി​​െൻറ ഫാമുകൾ, കാർഷിക കർമസേന, വി.എഫ്.പി.സി.കെ, കേരള കാർഷിക സർവകലാശാല എന്നീ സ്​ഥാപനങ്ങളുടെ സഹകരണത്തോടെയാണിത്. കർഷകർക്കും പൊതുജനങ്ങൾക്കും കൃഷിസംബന്ധമായ സംശയനിവാരണത്തിനായി കൃഷിഓഫിസർമാരുടെ നമ്പറിൽ നേരിട്ട് ബന്ധപ്പെടാം. ഇതിനായി കൃഷി ഓഫിസർമാർ ഫോൺനമ്പറുകൾ ജനങ്ങൾക്ക്​ ലഭ്യമാക്കണം. ഇതുകൂടാതെ സംശയനിവാരണത്തിനായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കിസാൻ കോൾ സ​​െൻററിലെ 1800–425–1661 എന്ന നമ്പറിലോ 9400022020 എന്നമൊബൈൽ നമ്പറിലോ ബന്ധപ്പെടാം. 9847022929, 9446104347 എന്നീ നമ്പറുകളിൽ ഫാമിങ്​ സിസ്​റ്റം സ​​െൻററുമായി ബന്ധപ്പെട്ടും സംശയം ദൂരീകരിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAgriculture NewsMalayalam ArticleOpinion News
Next Story