ഇ.എം.എസ്​ പറഞ്ഞ അതേ നില തന്നെ ഇപ്പോഴും

  • സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എസ്​. രാമച​ന്ദ്രൻ പിള്ളയുടെ അഭിമുഖം രണ്ടാം ഭാഗം

srp

ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി തീവ്ര ഹിന്ദുത്വമാണ്. രണ്ടാമത്തേത് നവഉദാരീകരണ സാമ്പത്തിക നയവും. ബി.ജെ.പിയെ തോൽപിക്കാന്‍ സംസ്ഥാനതലത്തില്‍ വോട്ടുകള്‍ ഏകോപിപ്പിക്കുമെന്ന് പറയുമ്പോഴും ഈ രണ്ട് വിഷയങ്ങളില്‍ എന്തെങ്കിലും ചര്‍ച്ചകള്‍ പ്രാദേശിക കക്ഷികളുമായും കോണ്‍ഗ്രസുമായും നടക്കുന്നതായി കാണുന്നില്ല?
കോണ്‍ഗ്രസിനും പല പ്രാദേശിക രാഷ്​ട്രീയകക്ഷികള്‍ക്കും ഒട്ടേറെ ദൗര്‍ബല്യമുണ്ട്. നവഉദാരീകരണ സാമ്പത്തിക നയം തുടങ്ങിവെച്ചത് കോണ്‍ഗ്രസാണ്. അമേരിക്കയുമായി തന്ത്രപരമായ സഖ്യം തുടങ്ങിവെച്ചതും അവരാണ്. ഇത് ശക്തിയായി നടപ്പാക്കുക മാത്രമാണ് ബി.ജെ.പി. സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ ഇരിക്കുന്ന ഏതാണ്ട് എല്ലാ പ്രാദേശികകക്ഷികളും നടപ്പാക്കുന്നത് നവഉദാരീകരണ സാമ്പത്തിക നയങ്ങളാണ്.

ഈ ദൗര്‍ബല്യങ്ങള്‍ എല്ലാം ഈ രാഷ്​ട്രീയകക്ഷികള്‍ക്കുണ്ട്. എങ്കില്‍പോലും ഇന്ന് നമ്മുടെ രാജ്യത്തിനെ സംബന്ധിച്ച അത്യാപത്ത് ബി.ജെ.പിയും അവരുടെ ഭരണവുമാണ്. പ്രാദേശിക കക്ഷികളില്‍ ചിലര്‍ ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നവരാണ്. പക്ഷേ, ജനവികാരം കണക്കിലെടുത്ത് അവര്‍ മാറിയൊരു നിലപാട് സ്വീകരിക്കാന്‍ തയാറാവുന്നു. മുഖ്യവിപത്തായ ബി.ജെ.പിയെ ഒഴിവാക്കാന്‍ അത്തരം നിലപാട് സഹായിക്കുന്നുണ്ടെങ്കില്‍ എത്രകാലം വരെ അത്തരം നിലപാട് എടുക്കുമോ ആ നിലപാടിന് സി.പി.എമ്മി​​​​​െൻറ പിന്തുണയുണ്ട്. കാരണം, ഈ രാജ്യത്തി​​​​​െൻറ ഇന്നത്തെ മുഖ്യവിപത്തായി സി.പി.എം കാണുന്നത് ബി.ജെ.പിയെയാണ്. ഞങ്ങളുടെ സ്വതന്ത്രനിലപാട് ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കും. ഒപ്പം, ചാഞ്ചാട്ടവും ദൗര്‍ബല്യങ്ങള്‍  ഉള്ളവരും ആണെങ്കില്‍ കൂടി ഈ രാഷ്​ട്രീയ കക്ഷികളെയും അവരുടെ പിന്നില്‍ അണിനിരന്നിട്ടുള്ള ജനങ്ങളെയും ഉപയോഗിച്ച് ബി.ജെ.പി വിരുദ്ധ വോട്ടുകളെ എതെല്ലാം നിലയില്‍ ഒരുമിപ്പിക്കാന്‍ ആവുമോ അവിടെയാവും സി.പി.എം നില്‍ക്കുക. 

തെരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് രാഷ്​ട്രീയനേതൃത്വം ആലോചിക്കുമ്പോള്‍ കര്‍ഷകര്‍ ഉൾപ്പെടെ തെരുവില്‍ തങ്ങളുടെ ദുരിതത്തെക്കുറിച്ച് വിളിച്ചു പറയുകയാണ്. അവരുടെ പ്രതിഷേധങ്ങളെ ഏകോപിപ്പിക്കാന്‍ ഇവരെ ആരെയും കാണുന്നില്ല?
അത് ഈ രാഷ്​ട്രീയപാര്‍ട്ടികളുടെ ദൗര്‍ബല്യമാണ്. അതെല്ലാം പരിഹരിച്ച ശേഷം ബി.ജെ.പിയെ പരാജയപ്പെടുത്തിയാല്‍ മതിയെന്ന നിലപാടിലേക്ക് എത്താനാവില്ല. ഈ ദൗര്‍ബല്യങ്ങളുടെ അടിസ്ഥാനത്തില്‍ എന്ത് പ്രായോഗികം എന്ന് നോക്കും. അതേസമയം, ഇവക്കെല്ലാം എന്താണ് ശാശ്വത പരിഹാരമെന്നത് എപ്പോഴും ജനങ്ങളുടെ മുന്നില്‍ ഉയര്‍ത്തിക്കാട്ടി അവരെ അണിനിരത്താനും പരിശ്രമിക്കും. ഇത് രണ്ടും ഒരുമിച്ചുപോകണം. അതാണ് ഈ പരിശ്രമങ്ങളില്‍ പൂർണമായി കലര്‍ന്നുപോകാന്‍ ഞങ്ങള്‍ക്ക് കഴിയാത്തത്. ഈ വ്യതിരിക്തത നിലനിര്‍ത്തുകയും നിലപാട് ജനങ്ങളോട് പറയുകയും വേണം. പ്രായോഗികമായി ഇതിനെ സമന്വയിപ്പിക്കാന്‍ തെരഞ്ഞെടുപ്പു കാലത്ത് സി.പി.എം ശ്രമിക്കും.

saji-cheriyan

ചെങ്ങന്നൂരിലെ വിജയം

ചെങ്ങന്നൂർ വിജയത്തില്‍ അത്രക്ക് സന്തോഷിക്കാന്‍ വകയുണ്ടോ? സി.പി.എമ്മിന് എതിരെ 55 ശതമാനം ജനങ്ങള്‍ വോട്ട് ചെയ്തിട്ടുണ്ട്. ഒരു ത്രികോണ മത്സരത്തില്‍ നിങ്ങള്‍ ജയിച്ചു. 55 ശതമാനം എതിര്‍പ്പ് ഭരണത്തിന് എതിരായി ഇല്ലേ?
ചെങ്ങന്നൂരില്‍ അപൂർവമായി, ത്രികോണ മത്സരത്തി​​​​​െൻറകാലത്ത് മാത്രമാണ് ഞങ്ങള്‍ വിജയിച്ചിട്ടുള്ളത്. ഇത്തവണ സി.പി.എമ്മിനെ തോൽപിക്കാനാവുമെന്നാണ് ബി.ജെ.പിയും യു.ഡി.എഫും കണക്കാക്കിയത്. അതിന് സഹായകമായ പ്രചാരവേലകള്‍ അവരുടെ സുഹൃത്തുക്കളായ മാധ്യമപ്രവര്‍ത്തകരും ചെയ്തു. ഇതിനെയെല്ലാം അതിജീവിച്ച് ത്രികോണ മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞുവെന്ന സന്തോഷം മാത്രമാണ് സി.പി.എമ്മിന് ഉള്ളത്. കേരളത്തില്‍ മഹാഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയുള്ള മുന്നണിയായി എല്‍.ഡി.എഫ് മാറിയെന്ന് ഞങ്ങള്‍ കണക്കാക്കുന്നില്ല. അങ്ങനെ മാറ്റാന്‍ രാഷ്​ട്രീയ-സംഘടന-ഭരണ രംഗത്തെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍. 

മാറുന്ന രാഷ്​ട്രീയ സാഹചര്യത്തിന് അനുസരിച്ച് എല്‍.ഡി.എഫ് ഉടച്ചുവാ ര്‍ക്കേണ്ട അവസരമായില്ലേ?
രാഷ്​ട്രീയ നിലപാടുകള്‍ ഓരോ കക്ഷിയും സ്വീകരിക്കുന്നതി​​​​​െൻറ അടിസ്ഥാനത്തിലാണ് മുന്നണി വികസിപ്പിക്കണമോ എന്ന് തീരുമാനിക്കുന്നത്. എല്‍.ഡി.എഫ് നവഉദാരീകരണ സാമ്പത്തിക നയങ്ങളെ പൊതുവേ എതിര്‍ക്കുന്നു. വര്‍ഗീയതയുടെ കാര്യത്തില്‍ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നു. കേരളത്തി​​​​​െൻറ വികസന കാര്യത്തില്‍ പൊതുനിലപാട് സ്വീകരിക്കാറുണ്ട്. അതുപോലെ യു.ഡി.എഫിനെയും ബി.ജെ.പിയെയും എതിര്‍ക്കുന്ന രാഷ്​ട്രീയ സമീപനം ഉണ്ടാവണം. ഇത്തരം നിലപാടിലേക്ക് കക്ഷികള്‍ വരട്ടെ. അപ്പോഴാണ് വികസിപ്പിക്കാനാവുക. ഇപ്പോള്‍ ഏതെങ്കിലും കക്ഷി വന്നതായി കാണാനാവുന്നില്ല.

​പൊലീസ്​, വികസനം 

ചെങ്ങന്നൂര്‍ വിജയംകൊണ്ടുപോലും മറക്കാന്‍ കഴിയാത്ത വിധം പൊലീസിനെക്കുറിച്ചുള്ള ആക്ഷേപം പെരുകുന്നുണ്ട​ല്ലോ?
ഒട്ടേറെ ദൗര്‍ബല്യങ്ങള്‍ പൊലീസിലുണ്ട്. അത് ഇന്നോ ഇന്ന​െലയോ ഉണ്ടായതല്ല. ഇക്കഴിഞ്ഞ അഞ്ചുകൊല്ലത്തെ യു.ഡി.എഫ് ഭരണത്തില്‍ പൊലീസിന് നല്‍കിയ പരിശീലനം, റിക്രൂട്ട്മ​​​​െൻറില്‍ ഒക്കെ ഒട്ടേറെ അനാരോഗ്യകരമായ പ്രവണതകള്‍ ഉണ്ടായിട്ടുണ്ട്. ഇതാണ് അവിടെയും ഇവിടെയും നിഴലിച്ച് കാണുന്നത്. നാലോ അഞ്ചോ സംഭവം മാത്രം ഉയര്‍ത്തി എല്ലാം ആപത്തിലായി എന്ന പ്രചാരണത്തില്‍ ഒരു അടിസ്ഥാനവുമില്ല. പൊലീസില്‍ അപൂർവം പുഴുക്കുത്തുകളുണ്ട്. അതിനെ ക​െണ്ടത്തി നിലപാട് സ്വീകരിക്കാന്‍ ഇന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാറിന് കരുത്തുണ്ട്.

POLICE-FORCE

രണ്ടു വര്‍ഷമായിട്ടും തിരുത്താന്‍ കഴിയുന്നില്ലല്ലോ?
രണ്ടു വര്‍ഷംകൊണ്ട് ചിലപ്പോള്‍ കഴിയില്ല. 10 വര്‍ഷമെടുത്തുവെന്ന് വരാം. എത്രയോ വര്‍ഷമായി തുടരുന്നതാണ് ഇതൊക്കെ. എല്‍.ഡി.എഫ് സര്‍ക്കാര്‍ വരുന്നു എന്ന ഒറ്റ കാരണംകൊണ്ട് ഇതിന് ആകെ പരിഹാരം കാണാനാവുമെന്ന് ഞങ്ങള്‍ കണക്കാക്കുന്നില്ല. ഇതൊരു ദീര്‍ഘകാല പ്രക്രിയയാണ്. ഇതിന് ശാസ്ത്രീയമായി പൊതുസമീപനം സ്വീകരിക്കണം. അതുണ്ടോ ഇല്ലയോ എന്നതാണ് പ്രധാനമായി പരിശോധിക്കേണ്ടത്. പൊലീസി​​​​​െൻറ ഭാഗത്തുനിന്ന് തെറ്റുകള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ഉടനെ നടപടിയെടുക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. നിയന്ത്രിക്കുന്ന നടപടി തുടരും. പരിശീലനത്തിലെ കുറവും തിരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 

ഇതുപോലെ വിമര്‍ശനം നേരിടുന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാറി​​​​​െൻറ വികസന നയവും. ഇവിടെ റോഡും റെയിലും ജലപാതയും വ്യവസായവും ഉണ്ടാവണം. അത് പരിസ്ഥിതിയും പൊതുസ്ഥിതിയും ജനങ്ങളെയും സംരക്ഷിച്ച് എങ്ങനെ നടപ്പാക്കാനാവും എന്നാണ് നോക്കുന്നത്. കേരളത്തില്‍ പ്രകൃതിയില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ല എന്ന് പറയുന്ന ഫണ്ടമ​​​​െൻറലിസ്​റ്റുകള്‍ ഉണ്ട്. ഞങ്ങള്‍ക്ക് അവരോട് വിയോജിപ്പാണ്. ജനങ്ങളുടെ ഇന്നത്തെ നിലനിൽപും നാളത്തെ വളര്‍ച്ചയുടെ ആവശ്യങ്ങളും കണക്കിലെടുത്ത് എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാനാവുമോ അതില്‍ ശാസ്ത്രീയ സമീപനം സ്വീകരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. വിദേശ കോർപറേറ്റുകളില്‍നിന്ന് പണം പറ്റുന്ന ചില എന്‍.ജി.ഒകള്‍ എല്ലാ വികസനത്തിനും എതിരായ പ്രചാരവേല കേരളത്തില്‍ നടത്തുകയാണ്.  അതില്‍ ചിലര്‍ പെട്ടിട്ടുമുണ്ട്. 

pinarayi-vijayan

ദേശീയതലത്തില്‍ സി.പി.എം നിയോ ലിബറലിസത്തിന് എതിരു പറയുന്നു. കോണ്‍ഗ്രസ് നയങ്ങളെ എതിര്‍ക്കുന്നു. പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതേ നിയോ ലിബറല്‍ സാമ്പത്തിക നയമാണ് നടപ്പാക്കുന്നതെന്ന വിമര്‍ശമുണ്ടല്ലോ? 
വ്യവസായം വരുന്നത്, കാര്‍ഷിക രംഗത്തെ പുരോഗതിയും റോഡും തോടും റെയില്‍വേയും വരുന്നത് നിയോ ലിബറല്‍ നയത്തി​​​​​െൻറ ഭാഗമാണെന്ന് ഞങ്ങള്‍ കാണുന്നില്ല. മാത്രമല്ല, കേരളത്തില്‍ മുതലാളിത്തത്തിനോ നിയോ ലിബറലിസത്തിനോ വ്യത്യസ്തമായ നയസമീപനം ആവിഷ്കരിച്ച് ഇന്ത്യന്‍ ഭരണഘടനയുടെയും കേന്ദ്രത്തി​​​​​െൻറ ചട്ടക്കൂടി​​​​​െൻറയും അടിസ്ഥാനത്തിലും മുന്നോട്ടുപോകാമെന്ന് സി.പി.എമ്മിന് വ്യാമോഹമില്ല. മുതലാളിത്ത ചട്ടക്കൂടിനും നിയോലിബറല്‍ ചട്ടക്കൂടിന് അകത്തും നിന്ന് ജനങ്ങള്‍ക്ക് പരമാവധി ആനുകൂല്യം നല്‍കാന്‍ മാത്രമാണ് ഞങ്ങള്‍ക്ക് കഴിയുക. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ മാത്രമാണ് നിയോ ലിബറല്‍, മുതലാളിത്ത ചട്ടക്കൂടിനെ പൊളിക്കാന്‍ സി.പി.എമ്മിനാവുക. 1957ല്‍ കേരളത്തില്‍ കമ്യൂണിസ്​റ്റ്​ സർക്കാർ അധികാരത്തില്‍ വന്നപ്പോള്‍ അന്ന് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് പറഞ്ഞു, ‘കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയുടെ നയപരിപാടികള്‍ നടപ്പാക്കാന്‍ ഈ ഗവണ്‍മ​​​​െൻറിന് ആവില്ല. ഞങ്ങള്‍ക്ക് കോണ്‍ഗ്രസി​​​​​െൻറ നയപരിപാടികള്‍  ജനങ്ങള്‍ക്ക് അനുകൂലമായി നടപ്പാക്കാന്‍ മാത്രമാണ് കഴിയുക’ എന്ന്. ആ സ്ഥിതിയാണ് ഇന്നും കേരളത്തിലുള്ളത്.

Loading...
COMMENTS