പൗരത്വം ചിന്നിച്ചിതറിക്കുന്ന വിധം

caa

അസമില്‍ 19 ലക്ഷം പേര്‍ ദേശീയ പൗരത്വ രജിസ്​റ്ററില്‍നിന്ന്​ പുറത്താക്കപ്പെട്ട 2019 ആഗസ്​റ്റിനു ശേഷവും പൗരത്വ ഭേദഗതി നിയമം പാര്‍ലമ​​​െൻറ്​ പാസാക്കിയ ഡിസംബറിനു തൊട്ടുമുമ്പായും പ്രസിദ്ധീകരിക്കപ്പെട്ട പുസ്​തകമാണ്​ വിജയ്‌റാവു, ഷംഭാവി പ്രകാശ്, മല്ലരിക സിന്‍ഹ റോയ്, പാപോരി ബോറ എന്നിവര്‍ എഡിറ്റ് ചെയ്ത ‘ഡിസ്​​പ്ലെയ്​സ്‌മ​​​െൻറ്​ ആൻഡ്​ സിറ്റിസണ്‍ഷിപ്: ഹിസ്​റ്ററീസ് ആൻഡ്​ മെമ്മറീസ് ഓഫ് എക്‌സ്‌ക്ലൂഷന്‍’ (സ്ഥലമാറ്റങ്ങളും പൗരത്വവും: പുറത്താക്കലുകളുടെ ചരിത്രവും ഓർമകളും- തൂലിക ബുക്​സ്​ ഡല്‍ഹി). ഇന്നത്തെ ഇന്ത്യയേയും ലോകത്തേയും പ്രവചിക്കുന്ന പുസ്തകംകൂടിയാണിത്.

മനുഷ്യരെ ഭരണകൂടങ്ങള്‍ പുറത്താക്കുന്നതി​​​​െൻറയും ഉപേക്ഷിക്കുന്നതി​​​​െൻറയും ചരിത്രം പറയുന്ന പുസ്തകം. അതിനാൽ, ഇന്നത്തെ ഇന്ത്യൻ ഭരണകൂടത്തി​​​​െൻറ ചെയ്തികളെ തുറന്നുകാട്ടാന്‍ ഈ താളുകള്‍ നമ്മെ വലിയതോതില്‍ സഹായിക്കുന്നു. അപൗരന്മാരെ സൃഷ്​ടിച്ച നിരവധി സന്ദര്‍ഭങ്ങളുടെ ഉൽപന്നങ്ങള്‍ കൂടിയായി പുറത്തുവന്ന സാഹിത്യകൃതികളെ ഉപജീവിച്ചാണ് ഗ്രന്ഥത്തിലെ ലേഖനങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത്. ആത്മകഥകള്‍, ഓർമക്കുറിപ്പുകള്‍, നോവലുകളും ചെറുകഥകളും തുടങ്ങിയ സാഹിത്യരൂപങ്ങള്‍ എന്നിവ ഇവിടെ സമാഹരിക്കപ്പെട്ട ലേഖനങ്ങളില്‍ പഠനസാമഗ്രികളായി മാറുന്നു. രണ്ടു വ്യത്യസ്ത രാജ്യങ്ങളിലെ പൗരത്വപ്രശ്നം അതതിടങ്ങളിലെ സാഹിത്യകൃതികളുടെ താരതമ്യ പഠനത്തിലൂടെ മനസ്സിലാക്കാനുള്ള ശ്രമവും ഇവിടെയുണ്ട്.

കേരളത്തിലെ ചെങ്ങറ സമരത്തെക്കുറിച്ച് ഉദയകുമാര്‍ എഴുതിയ ലേഖനത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. സലീന പ്രക്കാനത്തി​​​​െൻറ ആത്മകഥ ‘ചെങ്ങറ സമരവും എ​​​​െൻറ ജീവിതവും’ കേന്ദ്രീകരിച്ചാണ് ഈ പഠനലേഖനം. ചെങ്ങറയുടെ അനുഭവം മലയാളിയെ എന്തെങ്കിലും പഠിപ്പിച്ചുവോ? ഭൂമിയില്ലാത്തവരെ എങ്ങനെയാണ് നമ്മുടെ മുഖ്യധാരയും രാഷ്​ട്രീയവ്യവസ്ഥയും അപൗരരാക്കി മാറ്റിക്കളഞ്ഞത്? ഇന്നത്തെ പൗരത്വപ്രശ്‌നത്തി​​​​െൻറ ഒരു മുഖം ചെങ്ങറയില്‍ കാണാന്‍ പറ്റുമോ? ‘വികസന’ ഇരകളും പൗരത്വപ്രശ്നത്തിലെ ഇരകളും സമാനമായ ചില മുഖാമുഖങ്ങളില്‍ ഉള്‍പ്പെടുകയാണോ? ഉദയകുമാറി​​​​െൻറ ലേഖനം ഇത്തരത്തിലുള്ള ചില ചോദ്യങ്ങള്‍ മലയാളിയോട് ചോദിക്കുന്നുണ്ട്. റബര്‍മരങ്ങളില്‍ കയറി കഴുത്തില്‍ കയറിട്ടും ശരീരത്തില്‍ തീകൊളുത്താന്‍ പന്തങ്ങളുമായും നിന്ന ചെങ്ങറ പോരാളികള്‍ ഇന്ന് നമ്മെ എന്ത് ഓർമിപ്പിക്കുന്നു?  പൗരത്വം നഷ്​ടപ്പെടുമെന്ന് തോന്നുന്ന മനുഷ്യരും ഇന്ന് ഇതേ ആത്മഹത്യമുനമ്പിലേക്കാണോ പോകുന്നത്? ഇത്തരം നിരവധി ചോദ്യങ്ങള്‍ ആദ്യ ലേഖനത്തില്‍ വായനക്കാര്‍ നേരിടുന്നു.  

സമ്മര്‍ദങ്ങളാലും നിര്‍ബന്ധിതാവസ്ഥയാലുമുണ്ടാകുന്ന കുടിയേറ്റങ്ങള്‍, ആഭ്യന്തരമായ പ്രവാസജീവിതം (ഇത് രാഷ്​ട്രീയകാരണങ്ങളാലും ‘വികസന’ കാരണങ്ങളാലുമാകാം) എന്നിവയില്‍ മനുഷ്യര്‍ക്ക് നഷ്​ടമാകുന്ന പൗരത്വത്തെക്കുറിച്ച് പുസ്തകത്തിലെ 17 ലേഖനങ്ങളും ചര്‍ച്ച ചെയ്യുന്നു. ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മനുഷ്യരുടെ പൗരത്വനഷ്​ടത്തെക്കുറിച്ച് പുസ്തകം വിശദമായി പ്രതിപാദിക്കുന്നു. അതോടൊപ്പം ലാറ്റിനമേരിക്കയിലെ പെറു, യൂറോപ്പിലെ ജര്‍മനി, ഒാസ്ട്രിയ, ആഫ്രിക്കയിലെ റീ യൂനിയന്‍ ഐലന്‍ഡ്, നമീബിയ, റുവാണ്ട എന്നീ രാജ്യങ്ങളിലെ അനുഭവങ്ങളും ഇതില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

ദേശരാഷ്​ട്രങ്ങളുടെ പിറവിയോടെയുണ്ടാകുന്ന രാജ്യവിഭജന പ്രശ്​നങ്ങളും അഭയാര്‍ഥികളും അവരുടെ പൗരത്വപ്രശ്‌നങ്ങളും ഇന്ത്യ- പാകിസ്​താന്‍- ബംഗ്ലാദേശ് അനുഭവങ്ങളായി പുസ്തകത്തില്‍ ചുരുള്‍ നിവരുന്നു. ബംഗ്ലാദേശി മുസ്‌ലിം (മിയ) എങ്ങനെയാണ് പൗരരല്ലാതായി പരിവര്‍ത്തിക്കപ്പെട്ടതെന്ന് പുസ്തകത്തിലെ ലേഖനങ്ങള്‍ വ്യക്തമാക്കുന്നു. സ്വന്തം ദേശം, സ്വന്തം രാജ്യം, അതുവഴിയുള്ള പൗരത്വം എന്നിവ നിഷേധിക്കുന്നതിലൂടെ ഓരോ വ്യക്തിയും അനുഭവിക്കുന്ന സങ്കീർണതകള്‍ക്കൊപ്പം അത്തരത്തിലുള്ള നടപടികള്‍ പ്രാവര്‍ത്തികമാക്കുന്ന രാജ്യങ്ങളും ഭരണകൂടങ്ങളും ‘ത​​​​െൻറയിടം’ എന്ന മനുഷ്യരെ സംബന്ധിച്ച ഏറ്റവും പ്രധാന അടിസ്ഥാനാവകാശം നിഷേധിച്ച് ഒഴിവാക്കലുകളുടെ, ഉപേക്ഷിക്കലുകളുടെ സംവിധാനങ്ങള്‍ തീര്‍ക്കുകയാണ്. ഇത്തരം ഒഴിവാക്കലുകള്‍ ഓരോ രാജ്യത്തേയും ചില ശൂന്യതകളിലേക്കുകൂടി എത്തിക്കുന്നു. ബഹുസ്വരതയുടെ വിനാശത്തിനു കാരണമാകുന്നു.  ഇതുസംബന്ധിച്ച ഏറ്റവും മൂര്‍ത്തമായ ഉത്തരങ്ങളും ഉദാഹരണങ്ങളും പുസ്തകത്തിൽനിന്നു ലഭിക്കും. ഇന്ന് രാജ്യമെങ്ങും നടക്കുന്ന സമരങ്ങളുടെ വേരുകള്‍  312 പേജുള്ള ഈ പുസ്തകത്തില്‍ പടര്‍ന്ന് കിടക്കുന്നു.  ഇന്ത്യ ഇന്നെത്തിനില്‍ക്കുന്ന അവസ്ഥയുടെ കൃത്യം ചിത്രം ഇവിടെ, ഈ പേജുകളില്‍ തെളിഞ്ഞുകിടക്കുന്നു.

അതിര്‍ത്തികളും അതിലൂടെ കടന്നു പോകുന്ന മനുഷ്യരും ഇവിടെ സമാഹരിക്കപ്പെട്ട ലേഖനങ്ങളില്‍നിന്ന്​ എഴുന്നേറ്റുവന്ന് നമ്മോട് സംസാരിക്കുന്നു. പ്രത്യേകിച്ചും അപമാനിതരായ സ്ത്രീകള്‍. എന്തു കൊണ്ടാണ് ഞങ്ങള്‍ക്ക് അതിര്‍ത്തി താണ്ടേണ്ടി വന്നതെന്ന് അവര്‍ ഓരോരുത്തരും വ്യക്തമാക്കുന്നു. എന്നാല്‍, ആധുനിക ദേശരാഷ്​ട്രം പൗരത്വം നല്‍കിയ, സ്വന്തം പൗരന്മാരെ എങ്ങനെയാണ് അപൗരന്മാരാക്കുന്നത്, അതിനുവേണ്ടി എന്തൊക്കെയാണ് ചെയ്യുന്നത് എന്നത് ‘ഡിസ്​പ്ലെയ്​സ്‌മ​​​െൻറ്​ ആൻഡ്​ സിറ്റിസണ്‍ഷിപ്പി’ലെ ലേഖനങ്ങള്‍ വ്യക്തമാക്കുന്നു. മനുഷ്യരെ ‘അമനുഷ്യരാ’ക്കുന്ന പ്രവൃത്തിയുടെ ബ്ലൂപ്രിൻറ്​ നമ്മെ ഞെട്ടിപ്പിക്കുകതന്നെ ചെയ്യും. അതിനാല്‍തന്നെ ഇതിലെ വാക്കുകളും അക്ഷരങ്ങളും ഇപ്പോള്‍ ഏറ്റവും സൂക്ഷ്മമായി വായിക്കപ്പെടേണ്ടതാണ്​. ഇന്ത്യൻ പൗരത്വമുള്ളവര്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന ‘വാഗ്ദാനം’ എന്തുമാത്രം പൊള്ളയാണെന്നും നമുക്ക് വേഗത്തില്‍ മനസ്സിലാക്കാന്‍ ഈ ഒരൊറ്റ പുസ്തകം മാത്രം മതിയാവും.

ഇന്ത്യ- പാക്​- ബംഗ്ലാദേശ്‌ വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ ആഖ്യാനങ്ങളെ, സാഹിത്യത്തെ, വിശദമായി പരിശോധിക്കുന്ന ലൈല ഈസയുടെ ലേഖനം വായനക്കാര്‍ക്ക് ഒരു കാളിമ നല്‍കുന്നു. എങ്ങനെയാണ് അപരവത്​കരണങ്ങള്‍ നടന്നത്, അതിനെ എങ്ങനെയാണ് ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും ചരിത്രസത്യംതന്നെ എന്ന നിലയില്‍ പ്രചരിപ്പിച്ച് സ്ഥാപിച്ചത്, ഇന്നത്തെ പുറത്താക്കല്‍ രാഷ്​​ട്രീയ​ത്തി​​​െൻറ ഇന്ധനംതന്നെയായി മാറ്റിയത് എന്നതിലേക്ക് ഈ ലേഖനം നിരവധി വാതിലുകള്‍ തുറന്നിടുന്നു. ‘ഔദ്യോഗിക ഓർമകള്‍’, ‘അനൗദ്യോഗികവും അനധികൃതവുമായ ഓർമകള്‍’  എന്നിവയുടെ ഏറ്റുമുട്ടല്‍ ഓരോ കാലത്തും എങ്ങനെ സാധ്യമാക്കപ്പെട്ടു, ഭൂരിപക്ഷവിജയം എന്നപോലെ ഓർമകളുടെ ഭൂരിപക്ഷവത്​കരണം (ചരിത്രപരമായി തീര്‍ത്തും തെറ്റായവയായിട്ടും) എങ്ങനെ അപരവത്​കരണത്തിനായി ഉപയോഗിച്ചു, അതില്‍ സാഹിത്യകൃതികള്‍ ഏതു വിധത്തിലുള്ള പങ്കുവഹിച്ചു, അവയില്‍ ചിലത് എങ്ങനെ പ്രതിരോധിച്ചു- ഇതിനെ അഭിസംബോധന ചെയ്യുന്നതിലേക്ക്  ഓരോ വായനക്കാരനും നയിക്കപ്പെടുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മനുഷ്യരെ ‘മംഗോളിയന്‍ അപരര്‍’ ആക്കി മാറ്റിയതെങ്ങനെ എന്ന ചോദ്യത്തെ പിന്തുടരുന്ന ലേഖനം നിരവധി ഉള്‍ക്കാഴ്​ചകള്‍ തരുന്നു.

ഇന്ത്യക്കാരനല്ല എന്ന നിഗമനം എങ്ങനെയാണ് ഇന്ത്യന്‍ഭരണകൂടം സ്ഥാപിച്ചെടുത്തിട്ടുള്ളത്? ഇവരുടെ മുഖം ഇന്ത്യൻ മുഖമല്ല, ഇത് മംഗോളിയൻ മുഖമാണ്, അവര്‍ ബര്‍മക്കാരോ (മ്യാന്മര്‍) അല്ലെങ്കില്‍ അതിനപ്പുറമുള്ളവരോ ആണ്. ഇത്തരമൊരു ആശയം സ്ഥാപിച്ചാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ അപരവത്​കരണം സാധ്യമാക്കിയത്. ഇസ്​ലാം  ഇന്ത്യന്‍ മതമല്ല, അതിനാല്‍ മുസ്​ലിംകൾ ഇന്ത്യക്കാരല്ല എന്ന ആശയവും ഇതേ മൂശയില്‍തന്നെയാണ് വാര്‍ക്കപ്പെട്ടിട്ടുള്ളത്. കമ്യൂണിസം ഒരു ഇന്ത്യന്‍ ദര്‍ശനമല്ല, അതിനാല്‍ കമ്യൂണിസ്​റ്റുകാര്‍, മാര്‍ക്‌സിസ്​റ്റുകള്‍ ഇന്ത്യക്കാരല്ല എന്ന സമീപനം സംഘ്പരിവാര്‍  രൂപവത്​കരിച്ചതും ഇതേ അപരവത്​കരണ സിദ്ധാന്തത്തില്‍നിന്നാണ്. ഹിന്ദിഭാഷയിലുള്ള ഇതര പൗരത്വമുള്ള (പേര്‍ഷ്യന്‍, അറബി വാക്കുകളുള്‍പ്പെടെ) വാക്കുകളെ മാറ്റി ഭാഷയും ഇന്ത്യയെപ്പോലെ ശുദ്ധീകരിക്കണമെന്ന വാദത്തിലേക്ക് ഇന്ത്യന്‍ ഭരണകൂട വക്താക്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതും യാദൃച്ഛികമായല്ല. അതിനുള്ള നിരവധി തെളിവുകള്‍ ഈ പുസ്തകത്തില്‍നിന്ന്​ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. അപരന്മാരെ സൃഷ്​ടിക്കുന്ന ഫാക്ടറിയായി ഇന്ത്യന്‍ഭരണകൂടം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയായിരുന്നു, അതിനു പല സത്യവാങ്​മൂലങ്ങളും ഈ താളുകളില്‍നിന്ന് സാക്ഷ്യം പറയുന്നു.

അസമിലെ 19 ലക്ഷം ജനങ്ങള്‍ എന്‍.ആര്‍.സിയില്‍നിന്ന്​ പുറത്താക്കപ്പെട്ടതിനെക്കുറിച്ച് ഗ്രന്ഥത്തി​​​​െൻറ ആമുഖത്തില്‍ ആയിശ കിദ്വായി എഴുതുന്നുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തെ ദേശീയ- വിദേശീയ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വിമര്‍ശിച്ചു. പക്ഷേ,  ഭരണകൂടം ഒന്നും കാണാനോ കേള്‍ക്കാനോ തയാറായില്ല. ഭരണഘടനയില്‍ എന്തുപറഞ്ഞാലും പൗരത്വം തങ്ങള്‍ നിശ്ചയിക്കുന്ന തരത്തിലായിരിക്കുമെന്നതാണ് ഇന്ത്യന്‍ സര്‍ക്കാറി​​​​െൻറ തീരുമാനം എന്നതിന്​ അസം അനുഭവം അടിവരയിട്ടിരിക്കുകയാണെന്നു കിദ്വായി പറയുന്നു. അതുതന്നെയാണ് പ്രാവര്‍ത്തികമാക്കപ്പെടുന്നത്. ഭരണഘടനയെ വിലയില്ലാത്തതാക്കി, പാര്‍ലമ​​​െൻറ്​ ഭൂരിപക്ഷത്താല്‍ എന്തും ചെയ്യാമെന്ന നില. ഭൂരിപക്ഷ ഭീകരത എങ്ങനെയാണ് പൗരത്വംപോലുള്ള കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആമുഖം സുതാര്യമാക്കിയിരിക്കുന്നു.

20ാം നൂറ്റാണ്ട് ലോകത്തെ പഠിപ്പിച്ച പ്രധാന കാര്യങ്ങളിലൊന്നിനെക്കുറിച്ച് ആമുഖത്തില്‍ എഴുതുന്നു: രണ്ടു ലോകയുദ്ധങ്ങള്‍, കൂട്ടക്കുടിയേറ്റം, കൂട്ടപ്രതിരോധങ്ങള്‍, സാമൂഹിക, രാഷ്​​​ട്രീയ വിപ്ലവങ്ങൾ‍ -ഇതെല്ലാം പൗരത്വം എന്ന ആശയത്തെ വിശാലമാക്കി, സങ്കുചിതമാക്കിയില്ല. എന്നാല്‍, 21ാം നൂറ്റാണ്ടില്‍ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും 20ാം നൂറ്റാണ്ടിനും പിറകിലേക്ക് സഞ്ചരിക്കുകയാണ്. സാംസ്‌കാരിക പൗരത്വം എന്ന ആശയം മുതല്‍ ആഗോള പൗരത്വം എന്ന സങ്കൽപംവരെ ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നു. ഇതിലൊന്നും പെടാതെ പുറത്താക്കപ്പെടുന്ന മനുഷ്യര്‍ അഭയാര്‍ഥികളോ അടിമകളോ ആയി മാറുന്നു ഈ നൂറ്റാണ്ടിലും. അതിലേക്കുള്ള വെളിച്ചംവീശലുകള്‍ ബലം പ്രയോഗിച്ച് കുടിപ്പിക്കുന്ന വിഷ- ആസിഡ് പാനീയങ്ങളെ ഓർമിപ്പിക്കുന്നു.

ഇക്കാലത്ത് എന്തു വായിക്കണമെന്ന ചോദ്യത്തിനുള്ള ഉത്തരമായി അതിനാല്‍തന്നെ ഈ ഗ്രന്ഥം മാറിയിരിക്കുന്നു. ജൂതന്മാരുടേയും ആഫ്രിക്കന്‍ ആദിവാസികളുടേയും പൗരത്വ നിഷേധങ്ങളെക്കുറിച്ചുള്ള പഠനങ്ങളും പ്രധാനപ്പെട്ടവയാണ്. പൗരത്വ നിഷേധത്തിനു പറയുന്ന കാരണങ്ങള്‍ക്ക് എല്ലായിടത്തും സമാനതകള്‍ കാണാം. അപൗരരെ സൃഷ്​ടിക്കുന്നതില്‍ ആധുനിക ദേശ രാഷ്​ട്ര യുക്തി ഒന്നുതന്നെയെന്ന് പുസ്​തകം ഓർമിപ്പിക്കുന്നു. ഈ ഓർമപ്പെടുത്തല്‍ ദിശാബോധം പകരുന്നതും സമരമാര്‍ഗങ്ങളെ കൂടുതല്‍ പ്രകാശമാനമാക്കുന്നതുമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇത് ഏറെ പ്രധാനപ്പെട്ടതുമാണ്. ആസാദി രാഷ്​ട്രീയ മുദ്രാവാക്യമാണ്, അത്രതന്നെ സ്വാഭിമാനത്താലും സംസ്‌കാരത്താലും കത്തിപ്പടര്‍ന്നു നില്‍ക്കുന്നതും. മറ്റൊരു തരത്തില്‍ ഈ ഗ്രന്ഥം അതിനെ ഓർമിപ്പിക്കുകയാണ് ചെയ്യുന്നത്.

Loading...
COMMENTS