Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightരോഗാതുര കേരളം

രോഗാതുര കേരളം

text_fields
bookmark_border
രോഗാതുര കേരളം
cancel

ദേശീയ ശരാശരിയേക്കാള്‍ 250 ശതമാനം അധികമാണ് കേരളത്തിന്‍െറ രോഗാതുരത എന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫിസ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത് അമ്പരപ്പിക്കുന്നതും കണ്ണുതുറപ്പിക്കേണ്ടതുമാണ്. ആരോഗ്യരംഗത്ത് വികസിത രാജ്യങ്ങളോടൊപ്പമത്തെിയ സംസ്ഥാനമാണ് കേരളം എന്ന നമ്മുടെ മേനിപറച്ചിലിനേറ്റ കനത്ത തിരിച്ചടിയാണ് സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടിലെ കണ്ടത്തെല്‍. ആശുപത്രികളുടെയും കിടക്കകളുടെയും എണ്ണവും ശരാശരി മനുഷ്യായുസ്സിന്‍െറ ഉയര്‍ച്ചയും മുന്‍നിര്‍ത്തിയാണ് നമ്മുടെ അവകാശവാദം. എന്നാല്‍, അറുപത് കഴിഞ്ഞ പത്തില്‍ ഏഴുപേരും രോഗബാധിതരാണെന്ന് പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. രണ്ടാഴ്ചകൊണ്ട് ആയിരത്തില്‍ 310 പേര്‍ ഗ്രാമങ്ങളിലും 306 പേര്‍ നഗരങ്ങളിലും  രോഗികളാവുന്നുണ്ടത്രെ. ആശുപത്രികളില്‍ ചികിത്സ തേടിയത്തെുന്നവരെയും പ്രവേശിപ്പിക്കപ്പെടുന്നവരെയും കണക്കാക്കിയാവാം ഈ പഠനം. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡോക്ടര്‍മാരുടെയും ആശുപത്രിക്കിടക്കകളുടെയും മറ്റ് ആരോഗ്യപരിപാലന സംവിധാനങ്ങളുടെയും കാര്യത്തില്‍ ഏറെ മുമ്പിലായ കേരളത്തില്‍, ചികിത്സതേടുന്ന രോഗികളുടെ എണ്ണം സ്വാഭാവികമായും കൂടിയിരിക്കും എന്ന വസ്തുത പരിഗണിക്കപ്പെടേണ്ടതുതന്നെ. താരതമ്യേന മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ നിലവിലുള്ള തമിഴ്നാടാണ് രോഗികളുടെ എണ്ണത്തില്‍ കേരളത്തിന്‍െറ തൊട്ടുപിന്നിലെന്നത് ഈ വസ്തുതയെ ബലപ്പെടുത്തുന്നു. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് മുതലായ പിന്നാക്ക സംസ്ഥാനങ്ങള്‍ രോഗികളുടെ അനുപാതത്തില്‍ ഏറെ പിന്നിലാണെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ അഞ്ചിലൊരാള്‍ പ്രസവിക്കുന്നത് വീട്ടിലാണെങ്കില്‍, കേരളത്തില്‍ 3.7 ശതമാനം സ്ത്രീകള്‍ മാത്രമേ വീടുകളില്‍ പ്രസവിക്കുന്നുള്ളൂ. ഇതൊക്കെ ശരിയായിരിക്കത്തെന്നെ, കേരള ജനസംഖ്യയില്‍ 30 ശതമാനവും രക്തസമ്മര്‍ദമുള്ളവരാണെന്നതും ഒന്നേമുക്കാല്‍ ലക്ഷത്തോളം അര്‍ബുദബാധിതര്‍ സംസ്ഥാനത്തുണ്ടെന്നതും നിസ്സാര പ്രശ്നമല്ല.

രോഗാതുര കേരളത്തിലെ ജീവിതശൈലിയാണ് ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത് എന്ന് നിരന്തരം ചൂണ്ടിക്കാണിക്കപ്പെടുന്നതാണ്. ഒപ്പം ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ പുറത്തുനിന്നുവരുന്ന ഭക്ഷ്യവസ്തുക്കളില്‍ ഏതാണ്ടെല്ലാം മായം ചേര്‍ത്തതും മാരകമായ കീടനാശിനി പ്രയോഗിക്കപ്പെട്ടതുമാണെന്നതും ആശങ്കാജനകമായ സത്യമാണ്. ആശുപത്രികളെയും ഡോക്ടര്‍മാരെയും അഭയം പ്രാപിക്കുകയല്ലാതെ മലയാളിക്ക് ഗത്യന്തരമില്ല. പക്ഷേ, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഗ്രാമീണരില്‍ നാലിലൊരാളും നഗരവാസികളില്‍ അഞ്ചിലൊരാളും ബില്ലടക്കാനായി കടം വാങ്ങേണ്ടിവരുന്നു എന്നാണ് സര്‍വേ റിപ്പോര്‍ട്ട്. കിടത്തി ചികിത്സക്കായി 60 ശതമാനവും ഒ.പി സേവനത്തിനായി 70 ശതമാനവും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളേക്കാള്‍ നാലിരട്ടിയാണ് സ്വകാര്യ ആശുപത്രികള്‍ ചികിത്സക്കായി ഈടാക്കുന്നത് എന്നാണ് സര്‍വേയിലെ കണ്ടത്തെലെങ്കിലും യഥാര്‍ഥ സംഖ്യ എത്രയോ കൂടുതലാവാനാണ് സാധ്യത. കഷ്ടപ്പെട്ടും കടംവാങ്ങിയും ഭീമമായ  സംഖ്യ ചെലവാക്കി നേടുന്ന ചികിത്സയുടെ സ്ഥിതിയോ?
രോഗങ്ങളല്ല അമിത മരുന്നുപയോഗവും മരുന്നുകളുടെ പാര്‍ശ്വഫലങ്ങളുമാണ് മരണകാരണമാവുന്നതെന്ന് കാര്‍ഡിയോളജിസ്റ്റും മണിപ്പാല്‍ സര്‍വകലാശാല മുന്‍ വി.സിയുമായ ഡോ. ബി.എം. ഹെഗ്ഡെ, ഗ്ളോബല്‍ ഹോമിയോ കണ്‍വെന്‍ഷനെ അഭിമുഖീകരിക്കെ കഴിഞ്ഞ ദിവസം കോഴിക്കോട്ട് വെളിപ്പെടുത്തുകയുണ്ടായി. നിലവാരമില്ലാത്ത മരുന്നുകള്‍ -വ്യാജ മരുന്നുകള്‍ പോലും- വന്‍ വില കൊടുത്തു വാങ്ങി കഴിച്ചു മുടിയുകയാണ് മലയാളികള്‍ എന്ന് ചുരുക്കം. ആരോഗ്യമാണ് സമ്പത്ത് എന്നൊക്കെ കുട്ടികളെ പഠിപ്പിക്കുന്ന നമ്മുടെ അനാരോഗ്യകരമായ ജീവിത ശൈലിയും ചികിത്സാ രീതികളും ആരോഗ്യരംഗം ചൂഷകര്‍ക്ക് തീറെഴുതിക്കൊടുത്ത വര്‍ത്തമാനകാല സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ ഉടനെയൊന്നും ഈ വിഷമവൃത്തത്തില്‍നിന്ന് മോചനം പ്രതീക്ഷിക്കാന്‍ വയ്യ. സര്‍ക്കാറും ജനങ്ങളും ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ സ്ഥിതി മെച്ചപ്പെടുത്താം എന്നുമാത്രം.

Show Full Article
TAGS:
Next Story