വൈസ്രോയിയുടെയും ട്രംപിന്‍റെയും സന്ദർശനം

Trump-Sabarmati-ashram.

1940കളിലും അമ്പതുകളിലും മലയാള സാഹിത്യരംഗത്ത് സജീവ സാന്നിധ്യമായിരുന്ന കെ. സരസ്വതിയമ്മയുടെ കഥകൾ വായിച്ചവർ ഇന്ന്​ ഏറെപ്പേരുണ്ടാവില്ല. സരസ്വതിയമ്മയുടെ ജന്മശതാബ്​ദി വർഷം കടന്നാണ് നമ്മൾ 2020ൽ എത്തിനിൽക്കുന്നത്. ആരുടെയും കഥകൾ വായിക്കാൻ താൽപര്യമില്ലാത്തവർപോലും ഇപ്പോൾ വായിക്കേണ്ട സരസ്വതിയമ്മയുടെ  ഒരു കഥയുണ്ട്. ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കാൻ വന്നതി​​​െൻറ ഭാഗമായി നടന്ന ഒരുക്കങ്ങൾ നേരിട്ടു കണ്ടുകൊണ്ടിരുന്നപ്പോഴാണ് സരസ്വതിയമ്മയുടെ ‘വൈേസ്രായി സന്ദർശനം’ എന്ന കഥ കൺമുന്നിൽ വന്നുനിന്നത്. കഥയുടെ പ്രസക്തഭാഗം ഇങ്ങനെ:

കല്യാണിയും 10 വയസ്സായ മകനും ഭിക്ഷ യാചിക്കുകയാണ്. തലക്കു മുകളിൽ കത്തിനിന്ന സൂര്യനു താഴെ ഇരുന്ന് വഴിപോക്കരുടെ കരളലിയിക്കാൻ അവർ രണ്ടുപേരും അകത്തും പുറത്തും ഒരുപോലെ വെന്തുരുകുകയാണ്. കാൽവെള്ളപോലും പൊള്ളിപ്പോകുന്ന തറയിൽ മൂടിപ്പുതച്ച് അവനങ്ങനെ നിശ്ചലനായി കിടക്കും. മുന്നിൽ വിരിച്ച പഴന്തുണിയിൽ വല്ല തുട്ടുകളും വീഴണം. ബസ്​സ്​റ്റോപ്പിൽ അവളുടെ വേറെ രണ്ടു ചെറുക്കന്മാർ ‘സ്വാമീ ഇന്നലെ പട്ടിണി. മെനഞ്ഞാന്നേ പട്ടിണി. ഇന്നൊന്നും കുടിച്ചില്ല’ എന്നു പാട്ടുപാടി യാചിക്കുന്നുണ്ട്. പോരെങ്കിൽ ഈ പ്രാരബ്​ധങ്ങൾക്ക് പങ്കുപറ്റാനെന്നപോലെ 10 മാസമെത്തിയ ഒരു കുഞ്ഞ് അവളുടെ വയറ്റിലും. എല്ലാവരും ഒന്നിച്ച് കൂടണയുന്നത് വൈകുന്നേരമാണ്. ഒരടിപൊക്കത്തിൽ മണ്ണുവാരിവെച്ച് ചാണകം മെഴുകിയതി​​​െൻറ മുകളിൽ മെടഞ്ഞ ഓല കെട്ടിത്തൂക്കി മറച്ച ആറുകാൽപ്പുരയിൽ രോഗിയായി അവളുടെ ഭർത്താവുണ്ട്.

അയാൾക്ക് തീപോലെ പനിക്കുന്നു. വീടു പുലർത്താൻവേണ്ടി അവൾ പലതരം വേലകൾ ചെയ്തുനോക്കി. വീട്ടുവേലയും നെല്ലുകുത്തും മരച്ചീനി പൊടിക്കലും മാവരയ്ക്കലും എല്ലാം ചെയ്തുനോക്കി. ആ വേലകളൊക്കെ അവൾക്കു സമ്മാനിച്ചത് നെഞ്ചുവേദനയും ശ്വാസംമുട്ടലും. ഒടുവിൽ മൂത്ത കുഞ്ഞി​​​െൻറ നിർദേശത്തോടെയാണ് അഭിമാനം കളഞ്ഞ് അവൾ ഈ പുതിയ ജോലി ചെയ്യുന്നത്. പാട്ടത്തി​​​െൻറ കാലാവധി തീർന്ന് താമസിച്ചിരുന്ന വീടൊഴിയേണ്ടിവന്നപ്പോഴാണ് കയ്യാലയും വേലിയൊന്നുമില്ലാത്ത ഈ പറമ്പിൽ റോഡിൽനിന്നു കുറെ ഉള്ളിലോട്ടു നീങ്ങി ഒരിടിഞ്ഞ് നിലംപറ്റാറായ ഒരാറുകാൽപ്പുര താമസിക്കാൻ കിട്ടിയത്. അവിടേക്കും ദുരന്തം അവരെ അന്വേഷിച്ചുവരുകയാണ്. ഓലത്തട്ടിയുടെ ദ്വാരങ്ങളിൽക്കൂടി കല്യാണി കസവി​​​െൻറ പ്രകാശം കണ്ടു. അവർ അധികാരികളായിരുന്നു. അവർ വീട്ടുകാരെ വിളിച്ചു. ‘‘നീ തനിച്ചാണോ ഇവിടെ താമസം?’’ ‘‘അല്ല’’ -കല്യാണി ആഗതരോടുള്ള ഭയാദരങ്ങളാൽ തീരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ഞാനും പിള്ളേരും അച്ഛനും.

അച്ഛനോ! അവർക്ക് തമാശയായി. പിന്നെ അവർ കുടിലി​​​െൻറ മേൽക്കൂരയെക്കുറിച്ചാണ് സംസാരിച്ചത്. പല സ്​ഥലത്തും ഓല മുഴുവൻ ദ്രവിച്ച് ഈർക്കിൽ മാത്രം ശേഷിച്ചിടത്ത് പായക്കഷണങ്ങളും ചാക്കിൻതുണ്ടങ്ങളും മെടയാത്ത ഓലകളുംകൊണ്ടാണ് അവരത് മറച്ചുവെച്ചിട്ടുള്ളത്. അച്ഛന് കഞ്ഞികൊടുക്കാൻ പുല്ലരി വാങ്ങി മടങ്ങിവന്ന ചെറുക്കനോട് അധികാരികളിൽ ഒരാൾ പറഞ്ഞു: ‘‘എടാ, ആ വട്ടി താഴെവെച്ച്​ നീ ഇതി​​​െൻറ മുകളിൽ കയറി ഇതിനെ ഒന്നു പൊളിച്ചിട്.’’ മിഴിച്ചുനിന്ന അവ​​​െൻറ തലയിലിരുന്ന വട്ടിയിൽ ബുക്കുകൊണ്ട്​ തട്ടി. അത് തറയിൽ കമിഴ്ന്നുവീണു. കല്യാണി നിലവിളിച്ചു. അവൾ വയറും തൂക്കിപ്പിടിച്ച്​ ഓടിച്ചെന്ന് വട്ടി നേരെ എടുത്തുവെച്ച് മണ്ണുചേരാതെ മീതെനിന്നും ബജറാ വാരി വട്ടിയിലിടാൻ തുടങ്ങി. 

അന്ന് അഞ്ചു മണിക്ക്​ വൈേസ്രായി വരുന്നത് പ്രമാണിച്ച് രാജ്യത്തി​​​െൻറയും പട്ടണത്തി​​​െൻറയും മാനംകെടുത്താൻ റോഡരികിൽ നിൽക്കുന്ന ആ കുടിൽ അവർതന്നെ പൊളിച്ചുമാറ്റി. അധികാരികൾ നഗരത്തി​​​െൻറ പ്രശസ്​തി കാത്തുസൂക്ഷിക്കുന്നവരാണ്. പൊളിച്ചിട്ടതു മുഴുവൻ ഒരിടത്തു കൂട്ടി അവർ തീകൊളുത്തി. കൃത്യം അഞ്ചു മണിക്കുതന്നെ വൈേസ്രായിയുടെ കാർ അതുവഴി പോയി. വൈേസ്രായിയാകട്ടെ, ആ ഭാഗത്തേക്ക് നോക്കിയതുകൂടിയില്ല. 
അന്ന് സന്ധ്യക്ക് സൂര്യൻ അസ്​തമിക്കുകയല്ല, മേഘങ്ങൾക്കിടയിൽ മറയുകയാണ് ചെയ്തത്. സന്ധ്യ കഴിഞ്ഞ് വലിയ മഴ പെയ്തു. കല്യാണിയുടെ ഭർത്താവി​​​െൻറ രോഗം കൂടി. ഈ ലോകത്തുനിന്ന് പോകാൻ പിടയുന്ന ഒരു പ്രാണനെ പിടിച്ചുനിർത്താനും ഈ ലോകത്തിൽ പ്രവേശിക്കാൻ വെമ്പുന്ന ഒരു പ്രാണനെ പുറത്തിറക്കാനും ഒരേ സമയം ശ്രമിക്കുകയാൽ തളർന്നുതുടങ്ങിയ അമ്മയെ സഹായിക്കാൻപോലും കുട്ടികൾക്കു ശക്തികിട്ടിയില്ല. എന്നാലും നാട്ടിന് നന്മ ചെയ്യാൻ വന്ന വിദേശീയ പ്രഭുവി​​​െൻറ മുന്നിൽ നഗരത്തി​​​െൻറ അന്തസ്സ് സംരക്ഷിക്കപ്പെട്ടു. 

കെ. സരസ്വതിയമ്മ ‘വൈേസ്രായി സന്ദർശനം’ കഥയെഴുതി, ഏഴു പതിറ്റാണ്ടിനുശേഷം കഴിഞ്ഞ ദിവസം ഇന്ത്യ സന്ദർശിച്ചുപോയ ലോകത്തിലെതന്നെ ഏറ്റവും അമിതാധികാരരൂപമായ സത്യാനന്തരകാല  വൈേസ്രായിയാണ് ഡോണൾഡ് ട്രംപ്. സാമ്രാജ്യത്വാധികാരത്തി​​​െൻറയും വർണ വംശീയ ദേശീയത താൽപര്യത്തി​​​​െൻറയും മൂർത്തരൂപമായ ഈ അമേരിക്കൻ പ്രസിഡൻറി​​​െൻറ സന്ദർശനത്തിനു മുന്നോടിയായി അഹ്​മദാബാദിലെ മൊട്ടേറ സ്​റ്റേഡിയത്തിലേക്കുള്ള യാത്രാവഴിയിൽ റോഡരികെയുള്ള ചേരിയിൽ താമസിക്കുന്ന  ദരിദ്രരെ ട്രംപി​​​െൻറ കാഴ്ചയിൽനിന്ന് മറയ്ക്കാൻ അതേ അമിതാധികാരരൂപങ്ങളായ ഇന്ത്യൻ ഭരണാധികാരികൾ കൂടുതൽ വ്യഗ്രരുമായിരുന്നു. ഏതാണ്ട് 2500 മനുഷ്യരുടെ കുടിലുകളും ദാരിദ്യ്രവുമാണ് ഇവർ യുദ്ധകാലാടിസ്​ഥാനത്തിൽ മതിൽ കെട്ടി മറച്ചത്. നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ ദാരിദ്യ്രം  ട്രംപ് മാത്രമല്ല, ലോകം മുഴുവനും കാണാതിരിക്കാനുള്ള പരാക്രമമാണ് ഗുജറാത്ത് മുനിസിപ്പൽ അധികാരികളിലൂടെ നടപ്പാക്കിയത് എന്ന് എല്ലാവരും പറയുന്നു. 

ട്രംപ് സന്ദർശനവേളയിൽ അത്രത്തോളംതന്നെ നടുക്കവും പ്രതിഷേധവുമുണ്ടാക്കിയ കാഴ്ചയായിരുന്നു ട്രംപി​​​െൻറയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സബർമതി ആശ്രമ സന്ദർശനം. മഹാത്മാ ഗാന്ധി എങ്ങനെയാണ് വധിക്കപ്പെട്ടത്, ആരാണ് കൊന്നത്, എന്തിനാണ് കൊന്നത് എന്നീ ഉത്തരമുള്ള ചോദ്യങ്ങൾ തീർച്ചയായും ആ സന്ദർശനം മാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരുന്ന ജനങ്ങളുടെ മനസ്സിൽനിന്നുയരുന്നുണ്ടായിരുന്നു. എന്നാൽ, മഹാത്മാ ഗാന്ധിയുടെ, സുഭാഷ് ചന്ദ്രബോസി​​​െൻറ, ഡോ. അംബേദ്കറി​​​െൻറ, നെഹ്​റുവി​​​െൻറ, ഇന്ത്യൻ ഭരണഘടനയുടെ, ചർക്കയുടെ, യഥാർഥ ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ കൃത്യമായി അറിയാൻ താൽപര്യമോ അറിവോ ഉള്ളയാളല്ല ട്രംപ്. അദ്ദേഹത്തിന് ഇന്ത്യ എന്നാൽ മോദിയാണ്. അമേരിക്ക എന്നാൽ ട്രംപാണ് എന്ന് സ്വയം കരുതുന്നതുപോലെതന്നെയുള്ള ഒരു വലിയ മിഥ്യ. 

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അഹിംസയുടെയും സമാധാനത്തി​​​​െൻറയും സന്ധിയില്ലാസമരങ്ങളെ വിജയിപ്പിച്ച മഹാത്മാ ഗാന്ധിയെക്കുറിച്ച് ട്രംപിന്​ സബർമതി ആശ്രമത്തിലെ സന്ദർശകപുസ്​തകത്തിൽ ഒരു വരിപോലും എഴുതാൻ കഴിയാതിരുന്നത് യാദൃച്ഛികമല്ല; അസാധ്യമായതുകൊണ്ടുതന്നെയാണ്. മാത്രമല്ല, പൂമാലയിട്ട ഗാന്ധിജിയുടെ ചിത്രത്തിലെ വെളിച്ചമുള്ള ​െഫ്രയിമിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി സ്വന്തം മുഖം കൃത്യമായി പോസ്​ ചെയ്ത് പിടിച്ച് മറ്റൊരു ബിംബനിർമിതിക്കു ശ്രമിച്ചാലും വഴങ്ങുന്നതല്ല,  ഇന്ത്യയുടെ യഥാർഥ രാഷ്​ട്രപിതാവി​​​െൻറ അസ്​തിത്വം. ഭാഗ്യം! ത​​​െൻറ ഇന്ത്യൻ സുഹൃത്തിനെ ഇന്ത്യയുടെ രാഷ്​ട്രപിതാവായി പ്രഖ്യാപിച്ചിട്ടല്ലല്ലോ ട്രംപ് തിരിച്ചുപോയത് എന്ന് ഇന്ത്യക്കാർ ഈ ദിവസങ്ങളിൽ ഒന്നാശ്വസിക്കട്ടെ. 

പ്രതിരോധമടക്കം, ഇന്ത്യയുടെ വ്യാപാര മേഖല അമേരിക്കക്ക് തുറന്നുകൊടുക്കുന്ന കരാറുകൾ ഒപ്പുവെച്ചാണ്​ ട്രംപ് തിരിച്ചുപോകുന്നത്. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഒരുപോലെ അവകാശപ്പെട്ട  നമ്മുടെ വിഭവങ്ങൾ ഇന്ത്യൻ കോർപറേറ്റുകൾക്ക് നേരത്തേതന്നെ ഏതാണ്ട് മുഴുവനായും വിറ്റുകൊണ്ടിരിക്കുന്നു. ബാക്കിയുള്ള മുഴുവൻ  മൂലധന വിഭവങ്ങളും, പ്രകൃതി മൂലധനമടക്കം ഈ കേന്ദ്ര സർക്കാർ സ്വന്തം കുടുംബസ്വത്ത്​ വിൽക്കുന്നതുപോലെ സ്വന്തം അമേരിക്കൻ സുഹൃത്തി​​​െൻറ കോർപറേറ്റുകൾക്കുകൂടി പങ്കുവെച്ചുകൊടുക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമൊന്നുമില്ല. കോർപറേറ്റ് മുതലാളിത്ത സമ്പദ്​വ്യവസ്​ഥയുടെ സൗഹൃദാലിംഗനത്തിൽ ഹിന്ദുത്വ ഫാഷിസം തഴച്ചുവളരുമ്പോൾ ഇന്ത്യയിൽ ദിവസേന കൂടിക്കൂടിവരുന്ന ദരിദ്രരുടെ ജീവിതം കൂടുതൽ അരക്ഷിതമാവുകയാണ്.

ഭരണകൂടങ്ങളുടെ മാത്രം സൃഷ്​ടിയായ ദരിദ്രരെയും ഭീകരവാദത്തെ തുടച്ചുനീക്കാനെന്ന പേരിൽ പൗരത്വമില്ലെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താനാഗ്രഹിക്കുന്ന സാമൂഹിക മതവിഭാഗങ്ങളെയും എ​െന്നന്നേക്കുമായി സമ്പന്ന, വർണ, വംശീയ ദേശീയതാ വാദികളുടെ കാഴ്ചകളെ അലോസരപ്പെടുത്താതിരിക്കാൻ കൂറ്റൻ മതിലുകൾക്കുള്ളിലാക്കി ഒഴിവാക്കാം എന്നാണ് ഇന്ത്യൻ ഭരണകൂടം സ്വപ്നംകാണുന്നത്. ഇന്ത്യയാകെ നടക്കുന്ന, ഡൽഹിയിൽതന്നെ നടക്കുന്ന സമരങ്ങളെയോ സമരങ്ങളുടെ നേർക്ക് നടത്തുന്ന വംശഹത്യയുടെ സ്വഭാവമുള്ള കലാപങ്ങളെയോ ട്രംപ് കാണുകയില്ല എന്നവർക്കുറപ്പാണ്. എന്നാൽ, ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യവും അടിസ്​ഥാന ജീവിതസൗകര്യങ്ങളും സമാധാനവും ആഗ്രഹിക്കുന്ന ഇന്ത്യയിലെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്.  

Loading...
COMMENTS