പൊതുഇടങ്ങൾ സജീവമാവുമ്പോൾ 

ഐ.എം.എ മുൻ ദേശീയ ഉപാധ്യക്ഷൻ ഡോ.ടി.എൻ. ബാബു രവീന്ദ്ര​​െൻറ നേതൃത്വത്തിൽ പൊതുഇടങ്ങൾ എങ്ങനെ തുറന്നുനൽകണമെന്ന് വളരെ ശാസ്ത്രീയമായി വിലയിരുത്തിയ സുപ്രധാന നയരേഖ ഐ.എം.എ സർക്കാറിന് സമർപ്പിച്ചിരുന്നു.

ലോക്ഡൗൺ, രോഗത്തെ നേരിടാനുള്ള തയാറെടുപ്പി​​െൻറ സമയമാണെന്നും ഒരിക്കലും ഒരു രോഗപ്രതിരോധ പദ്ധതിപോലുമല്ല എന്ന നിലപാടാണ് ആ മാർഗരേഖ. പൊതുഇടങ്ങൾ തുറക്കണമെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നുമുള്ള പൊതുനിലപാടിനോട് ചേർന്നുനിൽക്കുകയാണ് ഐ.എം.എ.  

പക്ഷേ, അത്  എങ്ങനെ വേണമെന്ന വൈരുധ്യങ്ങളും ആശങ്കകളും നിറഞ്ഞ വിഷമമേറിയ അവസ്ഥാവിശേഷത്തെയാണ് ആ നയരേഖ ശാസ്ത്രീയമായി അഭിസംബോധന ചെയ്യുന്നത്​. മറ്റു പൊതുഇടങ്ങളിൽനിന്ന് പാടേ വ്യത്യസ്തമായ ഇടമാണ് ആരാധനാലയങ്ങൾ. മാളുകളിലോ മാർക്കറ്റുകളിലോ 

തിയറ്ററുകളിലോ എത്തുന്ന ആളുകൾ നിശ്ചയമായും അമ്പലങ്ങളിലും പള്ളികളിലുമെത്തുന്ന ഭക്തരിൽനിന്ന് തികച്ചും വ്യത്യസ്തരാണ്. ദൈവവും ഭക്തനും / ഭക്തയും തമ്മിൽ നടക്കുന്ന അങ്ങേയറ്റം വ്യക്തിപരമായ സംവേദനങ്ങളിൽ ശാസ്ത്രത്തിനും സമൂഹ നിയമങ്ങൾക്കും താരതമ്യേന ചെറിയ റോൾ മാത്രമാണുള്ളത്.

ഭക്തിയുടെ സങ്കീർണവും മാന്ത്രികവുമായ വൈകാരികതയുടെ മൂർധന്യത്തിൽ ഭക്തർക്കുമുന്നിൽ സാമൂഹിക അകലമോ, രോഗപ്പകർച്ചയോ ഒരു ചെറിയ വിഷയം പോലുമാവുന്നില്ല. ലോകമെമ്പാടും ഏറ്റവും വലിയ രോഗീസമൂഹങ്ങൾ (clusters) സൃഷ്​ടിക്കപ്പെട്ടിട്ടുള്ളത് ഭക്തസമൂഹങ്ങളുമായി ബന്ധപ്പെട്ടാണ് എന്ന ശാസ്ത്രീയസത്യം ഇവിടെ ചേർത്തുവായിക്കണം. 

മാർക്കറ്റ്​ തുറക്കുംമുമ്പ്​ കോയ​േമ്പടിനെ ഒാർക്കുക
ചെ​െന്നെയിലെ കോയമ്പേട് മാർക്കറ്റ് ആ സംസ്ഥാനത്തിനു മാത്രമല്ല, ഇന്ത്യക്കുതന്നെ ഗുരുതര ആഘാതമാണ്​ ഏൽപിച്ചത്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ക്ലസ്​റ്ററുകളിലൊന്നാണത്​. ഒന്നര ലക്ഷത്തിലധികം പേർ ദിനംപ്രതി സന്ദർശിക്കുന്ന ആ മാർക്കറ്റ് സൃഷ്​ടിച്ച ആഘാതം മനസ്സിൽവെച്ചിട്ടുവേണം ഏതു മാർക്കറ്റും തുറന്നുകൊടുക്കാൻ.

മത്സ്യവും മാംസവും കാണുമ്പോൾ മലയാളിക്കുണ്ടാവുന്ന എക്​സ്​റ്റസി മാനസികാപഗ്രഥനത്തിന് വിധേയമാക്കേണ്ട വിഷയമാണ്. മാർക്കറ്റുകൾക്ക് പുറത്തേക്കും അകത്തേക്കും ഓരോ വഴി മാത്രമായിരിക്കണം. ചുറ്റുപാടും കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയിരിക്കണം.

സി.സി.ടി.വി സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയും ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് കനത്ത പിഴ ചുമത്തുകയും ചെയ്യുന്നത് മാർക്കറ്റുകളെ കൂടുതൽ സുരക്ഷിതമാക്കിയേക്കും. മാർക്കറ്റിൽ കയറുന്നതിനുമുമ്പ് പേര് രജിസ്​റ്റർ ചെയ്യാനും കൈ കഴുകാനും സംവിധാനമുണ്ടാവണം.

മാർക്കറ്റിനകത്തെ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ 50 ശതമാനം മാത്രമേ തുറക്കാവൂ. മാർക്കറ്റ് നടത്തുന്ന ഏജൻസി (തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സൊസൈറ്റികൾ, കോർപറേറ്റുകൾ ) ആൾക്കൂട്ടത്തിനനുസരിച്ച് ‘ഇൻഫെക്​ഷൻ കൺട്രോൾ സൂപ്പർവൈസർ’ മാരെ നിയോഗിക്കുകയും, അവർ അവിടത്തെ രോഗപ്പകർച്ചാ സാധ്യതകൾ നിരന്തരമായി നിരീക്ഷിക്കുകയും ഉത്തരവാദപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യുകയും വേണം.

ഓരോ കടക്കാരനും ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കുകയും മാലിന്യനിർമാർജനം ശാസ്ത്രീയമായി നിർവഹിക്കുകയും വേണം. ഉപഭോക്താവി​​െൻറ വീഴ്ചകളുടെ ഉത്തരവാദിത്തം ഓരോ കടക്കാരനുമായിരിക്കും.

​‘ഡേ ഒൗട്ട്​’ ശീലവും പുറംഭക്ഷണവും
അടുത്ത കാലത്തായി മധ്യവർഗ മലയാളിയുടെ മാറിവന്ന ശീലങ്ങളിൽ പ്രധാനമാണ് ആഴ്ചയിൽ ഒരിക്കലെങ്കിലും പുറത്തുനിന്നുള്ള ഭക്ഷണം. കുടുംബ സമേതമുള്ള അത്തരം ‘ഡേ-ഔട്ടു’കൾ ജോലി സംബന്ധമായും വ്യക്തിപരവുമായ സമ്മർദങ്ങൾ ഒരു പരിധിവരെ ലഘൂകരിക്കുന്നതിന് സഹായകമാണെന്ന് മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൊറോണ കാലത്ത് വളരെ ശ്രദ്ധയോടെ മാത്രം ചെയ്യേണ്ട ഒന്നാണ് റസ്​റ്റാറൻറുകളിലെ ഭക്ഷണം. ഉപഭോക്താക്കൾക്ക് മാസ്ക് ധരിക്കാൻ പറ്റാത്തതിനാൽ പരിചാരകർ കഴിയുന്നതും മുഖാവരണത്തിനൊപ്പം ഫേസ് ഷീൽഡുകളും ഉപയോഗിക്കുന്നത് അഭികാമ്യമാണ്. മേശകൾ തമ്മിൽ ആറ്​ അടി ദൂരക്രമം പാലിക്കണം.  

നാലിൽ കൂടുതൽ പേർ ഒരു മേശ ഉപയോഗിക്കരുത്. ആരോഗ്യസുരക്ഷ നിയമങ്ങൾ കർശനമായി പാലിക്കപ്പെടണം. മെനു കാർഡുകൾ ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കപ്പെടരുത്. ഉപഭോക്താക്കളുടെ രജിസ്​റ്റർ, മാലിന്യനിർമാർജനം, ഇൻ​െഫക്​ഷൻ കൺട്രോൾ സൂപ്പർവൈസറുടെ സേവനം, ജീവനക്കാരുടെ ആരോഗ്യപരിശോധന എന്നിവ കൃത്യമായി പാലിക്കപ്പെടണം.

തുണിക്കടകൾ, ആഭരണക്കടകൾ
ടെക്​​സ്​റ്റൈൽ കടകളിലും ആഭരണക്കടകളിലും 300 ചതുരശ്ര അടിയിൽ ഒരു കുടുംബം, 4-5 പേർ, മാത്രമേ പാടുള്ളൂ. തുണിത്തരങ്ങളും ആഭരണങ്ങളും ഉപഭോക്താക്കൾ സ്പർശിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം.

കസ്​റ്റമർ രജിസ്​റ്റർ, ഇൻ​െഫക്​ഷൻ കൺട്രോൾ സൂപ്പർവൈസറുടെ സേവനം, ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ, ജീവനക്കാരുടെ ആരോഗ്യ പരിശോധന എന്നിവ കടയുടമയുടെ ഉത്തരവാദിത്തമായിരിക്കും. ബാർബർ ഷോപ്പുകളിലും സമാനമായ ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കപ്പെടേണ്ടതുണ്ട്.

കസ്​റ്റമറെ പുതപ്പിക്കുന്ന തുണി ഒറ്റ പ്രാവശ്യം മാത്രം ഉപയോഗിക്കുന്ന രീതിയാണ് അഭികാമ്യം. അല്ലെങ്കിൽ കസ്​റ്റമർ കൊണ്ടുവരുന്ന തുണി ഉപയോഗിക്കാം. കൂടെ വരുന്ന ആളുകൾക്ക് പ്രവേശനമുണ്ടാവില്ല. ഒരു മീറ്ററിലധികം അകലം പാലിച്ച്​ സ്ഥലസൗകര്യത്തിനനുസരിച്ച് ഒരു കടയിൽ മൂന്നു ജോലിക്കാർ വരെയാവാം. മാസ്കും ഫേസ്​ഷീൽഡും ജോലിക്കാർ ഉപയോഗിക്കണം. ഓരോ ഉപയോഗത്തിനുശേഷവും കസേരയും മറ്റും ഒരു ശതമാനം ഹൈപോ ക്ലോറൈറ്റ് ലായനി കൊണ്ട് ശുചിയാക്കണം. 

ഇൻ​െഫക്​ഷൻ കൺട്രോൾ സൂപ്പർവൈസർ അടക്കമുള്ള എല്ലാ ആരോഗ്യസുരക്ഷരീതികളും തുണിക്കടയിലും ആഭരണശാലയിലും ബാർബർ ഷോപ്പിലും ബാധകമാണ്.

ഇവിടെയെല്ലാം ഉപഭോക്താക്കളുടെ എണ്ണം സ്ഥാപനത്തി​​െൻറ വലുപ്പമനുസരിച്ച്, സമയബന്ധിതമായി നിയന്ത്രിക്കപ്പെടുകയും വേണം. എ.സി കഴിയുന്നതും ഒഴിവാക്കുകയും എക്സ്ഹോസ്​റ്റ്​ ഫാനുകൾ ഉപയോഗിക്കുകയുമാണ് ഉത്തമം.

ബസ്​സ്​റ്റാൻഡുകൾ മുതൽ തിയറ്ററുകൾ വരെ
ബസ്​സ്​​​റ്റാൻഡിലും ​െറയിൽവേ സ്​റ്റേഷനിലും യാത്രക്കാർ പേര് രജിസ്​റ്റർ ചെയ്യണം. 50 ശതമാനം കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം. സീറ്റുകളും മറ്റും ഇടക്കിടെ അണുവിമുക്തമാക്കണം. നടന്നുള്ള കച്ചവടം പാടില്ല. ഇവിടെയും  
മാളുകളിലും മുകളിൽ പറഞ്ഞ ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

മാളുകൾക്കുള്ളിൽ റസ്​റ്റാറൻറ​ുകൾ, കളിസ്ഥലങ്ങൾ എന്നിവ പാടില്ല. സമയബന്ധിതമായി ആളുകളുടെ എണ്ണത്തിനനുസരിച്ചാവണം പ്രവേശനം. വിൽപന വസ്തുക്കൾ കൈകൊണ്ട് സ്പർശിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. വെറുതെ മാളുകളിൽ ചുറ്റിത്തിരിയരുത്.

മറ്റെല്ലാ സുരക്ഷാക്രമീകരണങ്ങളോടുമൊപ്പം സിനിമ തിയറ്ററുകളിൽ ഒന്നിടവിട്ട സീറ്റുകളിൽ മാത്രമേ ടിക്കറ്റ് നൽകാവൂ. എ.സിക്ക് പകരം എക്സ്ഹോസ്​റ്റ്​ ഫാനുകൾ അഭികാമ്യം. ഭക്ഷണപദാർഥങ്ങളുടെ വിൽപന പാടില്ല. ഓൺലൈൻ ബുക്കിങ്, ഡിജിറ്റൽ ധനവിനിയോഗം എന്നിവക്ക് പ്രോത്സാഹനം നൽകണം.

65 വയസ്സിനു മുകളിലുള്ളവർക്കും 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും പ്രവേശനമുണ്ടാവില്ല. ബസ്സുകളിൽ ഒന്നിടവിട്ട സീറ്റുകളിൽ മാത്രം യാത്രക്കാർ, മാസ്ക് - ഫേസ് ഷീൽഡ് ധരിച്ച കണ്ടക്ടർ, ഓരോ യാത്രാന്ത്യത്തിലും ശുചീകരണം എന്നീ നിബന്ധനകളോടൊപ്പം അടിസ്ഥാന ആരോഗ്യസുരക്ഷാക്രമീകരണങ്ങളും പാലിക്കപ്പെടണം.

പൊതുനിർദേശങ്ങളിൽ സാമൂഹിക അകലപാലനം, ഇടക്കിടെയുള്ള കൈകഴുകൽ/സാനിറ്റൈസറുകളുടെ ഉപയോഗം, മുഖാവരണങ്ങൾ (കഴുത്തിൽ തൂക്കിയിടുന്ന മാസ്​കുകൾ വലിയൊരു വിപത്തി​​െൻറ കേളികൊട്ടാണെന്ന് പലപ്പോഴും നാം മറന്നുപോവുന്നതാണ് ഖേദകരം) ആവശ്യമായ വായുസഞ്ചാരം, ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ എന്നിവക്കൊപ്പം ഇൻഫെക്​ഷൻ കൺട്രോൾ സൂപ്പർവൈസറുടെ സാന്നിധ്യവും വേണ്ടയിടങ്ങളിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

നിരന്തര ബോധവത്​കരണം, മികച്ച പൗരബോധരൂപവത്​കരണം, ആരോഗ്യസുരക്ഷ നിർദേശങ്ങളുടെ കൃത്യമായ പാലനം, കടകളിലെയും മറ്റും ജീവനക്കാർക്ക് നൽകേണ്ട ആരോഗ്യവിദ്യാഭ്യാസം, ശാസ്ത്രത്തെ ആത്മാർഥമായി പിൻപറ്റുന്നതിനുള്ള സന്നദ്ധത എന്നിവയൊക്കെ ഈ കൊറോണക്കാലം നമ്മോട്​ ആവശ്യപ്പെടുന്നു.

(ഐ.എം.എ നിയുക്ത സംസ്ഥാന വൈസ് പ്രസിഡൻറും കൊറോണ കൺട്രോൾ സെൽ വിദഗ്​ധസമിതി അംഗവുമാണ്​ ലേഖകൻ)

Loading...
COMMENTS