ഉന്നത വിദ്യാഭ്യാസം: അവസരസമത്വം അജണ്ടയാവാത്തതെന്ത്?

കേരളത്തിലെ സർക്കാർ/എയ്ഡഡ്  കോളജുകളിൽ പുതിയ കോഴ്സുകൾ ഏതൊക്കെയാവണം, അവയുടെ ഘടന എങ്ങനെയാവണം എന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എം. ജി സർവകലാശാല വൈസ് ചാൻസലർ അധ്യക്ഷനായ സമിതിയെ സർക്കാർ ഈ മാസാദ്യം നിയമിക്കുകയും നിലവിലുള്ള കോഴ്സ്ഘടനയിൽ കാതലായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് സമിതി സമയബന്ധിതമായി സമർപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ റിപ്പോർട്ടി​​െൻറ വെളിച്ചത്തിൽ ഈ വർഷംതന്നെ 200 നൂതന കോഴ്സുകൾ അനുവദിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി  പ്രഖ്യാപിച്ചുകഴിഞ്ഞു. 

കാലത്തിന് അനുയോജ്യമായ, തൊഴിൽ സാധ്യതയുള്ള കോഴ്സുകളായിരിക്കണം പുതുതായി അനുവദിക്കേണ്ടത്, ബിരുദതലം മുതൽ ഗവേഷണതാൽപര്യം വളർത്തുന്ന പ്രോഗ്രാമുകൾ അനിവാര്യമാണ് തുടങ്ങിയ നിർദേശങ്ങൾ സ്വാഗതാർഹമാണ്. പരീക്ഷകളും മൂല്യനിർണയരീതികളും പരിഷ്കരിക്കണമെന്നും കൂടുതൽ വിദ്യാർഥി കേന്ദ്രീകൃതമാകണമെന്നുമുള്ള അഭിപ്രായങ്ങളും വളരെ പ്രസക്തമാണ്. 

പക്ഷേ, കേരളത്തിലെ ഉന്നത വിദ്യാഭ്യാസം ഏറെക്കാലമായി ചർച്ചചെയ്തുകൊണ്ടിരിക്കുന്ന, നിർഭാഗ്യവശാൽ ഇതുവരെ പരിഹാരം കാണാൻ പ്രത്യേക നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലാത്ത പ്രശ്നമാണ് കോളജുകളുടെയും കോഴ്സുകളുടെയും അസന്തുലിത വിതരണം. ഇതിനെ അഭിസംബോധന ചെയ്യാതെയാണ് ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ഗ്രോസ് എൻറോൾമ​െൻറിൽ അയൽസംസ്ഥാനമായ തമിഴ്നാട്ടിനേക്കാളും ഏറെ പിറകിലാണ് കേരളം എന്ന് റിപ്പോർട്ടിൽ ആവർത്തിച്ചുപറയുന്നത്​.

മാത്രവുമല്ല, ഓണേഴ്സ് ബിരുദത്തിനും ഇൻറഗ്രേറ്റഡ് പി.ജി കോഴ്സുകൾക്കും ‘നാക്​’ എ പ്ലസ് എന്ന നിബന്ധന മുന്നോട്ടുവെക്കുന്നത് വിചിത്രമായി തോന്നുന്നു. വൈവിധ്യമാർന്ന കൂടുതൽ കോഴ്സുകൾ ഇപ്പോൾതന്നെ ഉള്ളതിനാലാണ് ഈ കോളജുകൾക്ക് എ പ്ലസ് ലഭിച്ചത് എന്ന വസ്തുത സമിതി അംഗങ്ങൾ ആലോചിക്കാതെപോയത് എന്തുകൊണ്ടായിരിക്കും? ഉള്ളവർക്കുതന്നെ വീണ്ടും വീണ്ടും നൽകുന്ന ഇത്തരം മാനദണ്ഡങ്ങൾ നിശ്ചയിക്കുമ്പോൾ ചെറിയ കോളജുകളുള്ള വടക്കൻ ജില്ലകൾ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ കാലങ്ങളിൽ മാറിമാറി വന്ന  സർക്കാറുകൾ കോളജുകളും കോഴ്സുകളും അനുവദിച്ചത്  ഒരു ആസൂത്രണവുമില്ലാതെ, ഒരു പഠനവും നടത്താതെയായിരുന്നു എന്നതാണ് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ കാതൽ. അതോടൊപ്പം, മലബാറിൽ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് അടുത്ത കാലത്തുണ്ടായ വിപ്ലവകരമായ മുന്നേറ്റം ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുകയും ചെയ്തു. 

പത്തനംതിട്ട ജില്ലയിൽ ഈ വർഷം പ്ലസ്​ ടു പൂർത്തിയാക്കിയവരിൽ 42 ശതമാനം പേർക്ക് ഉപരിപഠനത്തിന് ജില്ലയിൽ അവസരമുണ്ടാകുമ്പോൾ മലപ്പുറം ജില്ലയിൽ അത് കേവലം 10 ശതമാനം മാത്രമാണ്. ശാസ്ത്രപഠനാവസരങ്ങളിൽ ഈ അന്തരം കൂടുതൽ മുഴച്ചുകാണാം. മലബാർ ജില്ലകളിൽ എല്ലായിടത്തും ശാസ്ത്രപഠന അവസരങ്ങൾ തെക്കൻ ജില്ലകളേക്കാൾ ബഹുദൂരം പിറകിലാണ്.

പ്ലസ് ടു കഴിഞ്ഞ് പുറത്തുവരുന്നവരിൽ ഏറ്റവും കൂടുതൽ പേർ സയൻസ് ഗ്രൂപ്പുകളിലൂടെയാവുമ്പോൾ തന്നെ സർക്കാർ കോളജുകളിൽ ഏറ്റവും കുറവ് ബിരുദസീറ്റുകളുള്ളത് ശാസ്ത്രവിഷയങ്ങൾക്കാണ്. സർക്കാർ കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് പ്രാദേശികാവശ്യങ്ങളോ കോളജി​​െൻറ ചുറ്റുഭാഗങ്ങളിലുള്ള  ഹയർ സെക്കൻഡറി കോഴ്സുകളോ ഒരിക്കലും പരിഗണിക്കപ്പെടാറില്ല.

ഇതിനാൽതന്നെ നൂതനമായതോ വ്യത്യസ്ത പാറ്റേണുകളിലുള്ളതോ ആയ കോഴ്സുകൾ സർക്കാർ കോളജുകളിൽ കാണാൻ കഴിയില്ല.  മുഖ്യപഠനവിഷയങ്ങൾക്ക്  കൂടുതൽ പ്രാധാന്യം ലഭിക്കുന്ന ഓണേഴ്സ് കോഴ്സുകൾ, മറ്റു സംസ്ഥാനങ്ങളിലും വികസിതരാജ്യങ്ങളിലും ഏറ്റവും പ്രചാരമുള്ള മൂന്നു വർഷംകൊണ്ട് ഒന്നിലേറെ വ്യത്യസ്ത വിഷയങ്ങളിൽ  ബിരുദം നേടി പുറത്തിറങ്ങാൻ പറ്റുന്ന കോഴ്സുകൾ തുടങ്ങിയവയൊന്നും കേരളത്തിലെ ഗവൺമ​െൻറ്​ കോളജുകളിൽ  കാണില്ല. 

മലബാറിലെ സർക്കാർ കോളജുകളുടെ ഭൗതികസാഹചര്യവും അത്യന്തം ശോചനീയമാണ്. സ്​കൂളുകൾ ഹൈടെക്​ ആക്കാൻ നടക്കുന്നതുപോലെയുള്ള ശ്രമങ്ങളൊന്നും കോളജുകൾ മെച്ചപ്പെടുത്താൻ നടക്കുന്നില്ല. നാലോ അഞ്ചോ ബാച്ചുകൾ പഠിച്ച് പുറത്തിറങ്ങിയിട്ടും വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗവ. കോളജുകൾ മലബാർ ജില്ലകളിൽ കാണാം. 

കോഴ്സുകളുടെ കാര്യത്തിൽ സമൂലമായ ഒരു പുനർവിന്യാസം അനിവാര്യമാണ്. ഇതിന് ഉപയോഗിക്കാവുന്ന ഏറ്റവും ഉചിതമായ ഏകകം നിയമസഭ മണ്ഡലങ്ങൾ ആണ്. നിയമസഭ മണ്ഡലങ്ങൾ ഏറക്കുറെ ജനസംഖ്യാനുപാതികമായിട്ടാണ് വിന്യസിച്ചിരിക്കുന്നത് എന്നതിനാൽ ഓരോ മണ്ഡലത്തിൽനിന്നും പ്ലസ് ടു പൂർത്തീകരിക്കുന്ന വിദ്യാർഥികൾ ഏറക്കുറെ തുല്യമായിരിക്കും.

ഇവർക്ക് പ്രവേശനം ലഭിക്കാനുതകുംവിധം മണ്ഡലങ്ങളിൽ കോഴ്സുകളും സീറ്റുകളും ഉണ്ടെന്ന്  അതത് എം.എൽ.എമാർ ഉറപ്പുവരുത്തുകയാണ് വേണ്ടത്. അതോടൊപ്പം എല്ലാ കോഴ്സുകളും ജില്ലയിൽ ഏതെങ്കിലും ഒരു കോളജിലെങ്കിലും നൽകപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്​താൽ കേരളത്തി​​െൻറ ​ഗ്രോസ്​ എൻറോൾമ​െൻറ്​ റേഷ്യോ (GER) വർധിപ്പിക്കാനും വിദ്യാർഥികളെ വൈവിധ്യമാർന്ന കോഴ്സുകൾ പൂർത്തീകരിച്ച് പുറത്തിറക്കാനും സാധിക്കും.

ആർട്ടിഫിഷ്യൽ ഇൻറലിജൻസി​​െൻറ ഈ കാലഘട്ടത്തിന് അനുയോജ്യമായ പുതുതലമുറ കോഴ്സുകൾക്കും അടിസ്ഥാന ശാസ്ത്ര വിഷയങ്ങൾക്കും സാമൂഹികശാസ്ത്രത്തിനും അർഹമായ പ്രാധാന്യം കൊടുക്കണം.  കാമ്പസുകളിൽനിന്ന് പുറത്തിറങ്ങുന്ന ഓരോരുത്തരും ഏതെങ്കിലും തൊഴിൽരംഗത്ത് എത്തിപ്പെടുന്നു എന്ന് ഉറപ്പു വരുത്താനും സാധിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസരംഗത്ത് വൻ മുന്നേറ്റമുണ്ടാക്കി എന്ന് സ്വയം അഭിമാനിക്കുന്ന കേരളം ഉന്നത വിദ്യാഭ്യാസത്തി​​െൻറ കാര്യത്തിൽ, (GERലും ഗുണനിലവാരത്തിലും) മറ്റു സംസ്ഥാനങ്ങളെക്കാൾ പിറകിലാണെന്ന വസ്തുത ഓർത്തുകൊണ്ട് സമഗ്രമായ പൊളിച്ചെഴുത്താണ് ആവശ്യം. ഉന്നത വിദ്യാഭ്യാസ കാര്യങ്ങൾക്കു മാത്രമായി ഒരു മന്ത്രി ഉണ്ടായിരിക്കുന്ന ഈ സർക്കാറിനുതന്നെയാണ് കേരളത്തിൽ എല്ലായിടത്തുമുള്ള വിദ്യാർഥികൾക്ക് പ്രാപ്യമാവുന്നവിധം ഉന്നത വിദ്യാഭ്യാസത്തെ വിപുലീകരിക്കാനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും കഴിയുക. ഇല്ലെങ്കിൽ വരുംവർഷങ്ങളിലും ഈ ചർച്ച ഇങ്ങനെ തുടരുകയും മലബാർ ജില്ലകളിലെ പതിനായിരക്കണക്കിന് മലയാളികൾ ഉപരിപഠന അവസരമില്ലാതെ ഓരോ വർഷവും പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുകയും  ചെയ്യും.

Loading...
COMMENTS