സഖറിയാസ് മാര്‍ പോളികാര്‍പ്പോസിന് വിട
text_fieldsസഖറിയാസ് മാര്‍ പോളികാര്‍പോസ് മെത്രാപ്പോലീത്തയുടെ ഭൗതികശരീരം കബറടക്കത്തിന് കൊണ്ടുപോകുന്നു
കോട്ടയം: യാക്കോബായ സഭ മലബാര്‍ ഭദ്രാസന മുന്‍ മെത്രാപ്പോലീത്തയും മര്‍ത്തമറിയം വനിതസമാജം പ്രസിഡന്‍റുമായിരുന്ന സഖറിയാസ് മാര്‍ പോളികാര്‍പ്പോസിന് വിട. കുറിച്ചി സെന്‍റ് മേരീസ് സൂനോറോ പുത്തന്‍പള്ളിയില്‍ പ്രത്യേകം തയാറാക്കിയ കല്ലറയിൽ പോളികാര്‍പ്പോസ് മെത്രാപ്പോലീത്തയുടെ ഭൗതികശരീരം കബറടക്കി.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും കാതോലിക്ക അസിസ്റ്റന്‍റുമായ ജോസഫ് മാര്‍ ഗ്രീഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തീമോത്തിയോസ് ഉള്‍പ്പെടെ സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായി.
ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അനുശോചന സന്ദേശം ശുശ്രൂഷകൾക്കിടെ ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത വായിച്ചു. കബറടക്ക ശുശ്രൂഷയുടെ സമാപനത്തിന്‍റെ ഭാഗമായി വിടവാങ്ങല്‍ ശുശ്രൂഷക്കായി ഭൗതികശരീരം മദ്ബഹയിലേക്ക് എത്തിച്ചപ്പോള്‍ വിശ്വാസികളിൽ പലരും കണ്ണീരണിഞ്ഞു.
സഭയോടും വിശ്വാസികളോടും സമൂഹത്തോടും ബന്ധുമിത്രാദികളോടും വൈദികരോടും യാത്രചോദിക്കുന്ന ചടങ്ങ് ഏറെ വൈകാരികമായി. തുടര്‍ന്ന് വൈദികര്‍ ഭൗതികശരീരം നാല് ദിക്കുകളിലേക്കും മൂന്നുതവണ ഉയര്‍ത്തി ദേവാലയത്തോട് യാത്രചോദിച്ചു. തുടര്‍ന്ന് ദേവാലയത്തിന് ചുറ്റം ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടത്തി കബറിടത്തിലേക്ക് എത്തിച്ചു. പള്ളിയുടെ പുറത്ത് വടക്കുഭാഗത്തായി മദ്ബഹയോട് ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ കബറിടത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ത്തോമ സഭ സഫഗ്രന്‍ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്‍ണബാസ്, ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് മാര്‍ തോമസ് തറയില്‍, മന്ത്രി വി.എന്‍. വാസവന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എമാരായ ആന്‍റണി ജോണ്‍, ജോബ് മൈക്കിള്‍, തോമസ് കെ.തോമസ് തു ടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

