You are here

അമേരിക്കയെ നടുക്കിയ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞു, തെറ്റുകൾ ഏറ്റുപറഞ്ഞ്​ ‘ഗോൾഡൻ സ്​റ്റേറ്റ്​ കില്ലർ’

  • 13 കൊലപാതകങ്ങളും ചെയ്​തത്​ താൻതന്നെയെന്ന്​ കുറ്റസമ്മതം

16:36 PM
30/06/2020
വിചാരണക്കായി ഹാജരാക്കിയ ഫോസഫ്​ ജെയിംസ്​ ഡീ ഏഞ്ചലൊ
സാൻഫ്രാൻസിസ്​കൊ: അമേരിക്കൻ സംസ്​ഥാനമായ കാലിഫോർണിയയെ നടുക്കിയ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞു. എല്ലാ കൊലപാതകങ്ങളും താൻ തന്നെയാണ്​ ചെയ്​തതെന്ന്​ പ്രതിയുടെ കുറ്റസമ്മതം. ​‘ഗോൾഡൻ സ്​റ്റേറ്റ്​ കില്ലർ’ എന്ന്​ അറിയപ്പെടുന്ന 74 കാരനായ ജോസഫ്​ ജെയിംസ്​ ഡീ ആഞ്ചലൊ ആണ്​ കുറ്റസമ്മതം നടത്തിയത്​. കൊലപാതകങ്ങൾക്കൊപ്പം നിരവധി ബലാത്സംഗങ്ങളും താൻ നടത്തിയതായും മുൻ പൊലീസ്​ ഒാഫീസർ കൂടിയായ ജോസഫ്​ സമ്മതിച്ചിട്ടുണ്ട്​. 1970 മുതൽ 80വരെ കാലയളവിലാണ്​ കാലിഫോർണിയയെ മുൾമുനയിൽ നിർത്തിയ തുടർ കൊലപാതകങ്ങൾ അരങ്ങേറിയത്​. ഇരുട്ടി​​െൻറ മറവിലായിരുന്നു ഇയാളുടെ ആക്രമണങ്ങൾ നടന്നിരുന്നത്​. മുഖംമൂടിയണിഞ്ഞ്​ ഒരു ടോർച്ചുമായി മറഞ്ഞിരിക്കുകയും ഇരകൾ അടു​ത്തെത്തു​േമ്പാൾ മുഖത്തേക്ക്​ ടോർച്ചടിച്ചുകൊണ്ട്​ പാഞ്ഞടുക്കുകയും ചെയ്യും. തലയിൽ തോക്കു ചൂണ്ടി അനുസരിപ്പിക്കുകയായിരുന്നു രീതി. ഇരകളിൽ കൂടുതലും സ്​ത്രീകളായിരുന്നു. 50ലധികം ബലാത്സംഗങ്ങൾ ഇയാൾ ചെയ്​തിട്ടുണ്ട്​. ‘ഇൗസ്​റ്റ്​ ഏരിയ റേപ്പിസ്​റ്റ്​’ എന്നായിരുന്നു ആദ്യ കാലത്ത്​ പൊലീസ്​ റെക്കോർഡുകളിൽ ജോസഫ്​ അറിഞ്ഞിരുന്നത്​. ഒരു കൊലപാതകത്തിനുശേഷം ഒരു കൗണ്ടിയിൽനിന്ന്​ മറ്റൊന്നിലേക്ക്​  കടന്നുകളയുകയായിരുന്നു ഇയാളുടെ രീതി. 1986 നുശേഷം കൊലപാതക പരമ്പര അവസാനിച്ചു. ​പൊലീസ്​ രേഖാചിത്രങ്ങൾ ഉണ്ടാക്കി അന്വേഷണം ഉൗർജിതമാക്കിയെങ്കിലും ശരീരഭാരം കുറച്ച ജോസഫ്​ പിടിക്കപ്പെടാതെ ഇരുട്ടിൽത​െന്ന തുടർന്നു. 2018 ഏപ്രിൽ 24നാണ്​ ജോസഫ്​ പിടിയിലാകുന്നത്​. കുറ്റാന്വേഷണത്തിലെ ആധുനിക രീതിയായ ഡി.എൻ.എ മാപ്പിങ്ങാണ്​ ഇയാളെ കുടുക്കിയത്​. വധശിക്ഷക്കുപകരം ഇയാളെ ആജീവനാന്തം തടവിലിടുമെന്നാണ്​ സൂചന.
Loading...
COMMENTS